Tuesday, July 27, 2010

എല്ലാവരും സ്മാര്‍ട്ടായല്ലോ


ഇ മെയിലിന്‍റെയും, എസ് എം എസ് ന്‍റെയും സൈബര്‍ വീഥിയില്‍
എവിടെയോ ബന്ധങ്ങളുടെ ജീവന്‍ പൊലിഞ്ഞു പോയി.
മോര്‍ച്ചറിയില്‍ കിടത്തിയ ഈ അനാഥ പ്രേതത്തിനു
അവകാശികളാരും ഇല്ലാതെ പോയി.
അതുകൊണ്ട് നമുക്കിനി അതെല്ലാം മറക്കാം,
പകരം, ഷെയര്‍ മാര്‍ക്കെറ്റിലെ ഓഹരി സൂചികയില്‍
നമ്മുടെ മനസ്സുറപ്പിച്ചു, നേട്ടം കൊയ്തെടുക്കാം.

Saturday, July 10, 2010

വഴിയറിയാതെ

കൈവഴികള്‍ പിരിയുന്നിടത്ത്
സന്ദേഹിയായ് അയാള്‍ നിന്നു
ഇതിലെയെന്നൊരു കൂട്ടര്‍
അല്ലിതിലെയെന്ന് മറുകൂട്ടര്‍
മുന്നിലിരുളില്‍ അയാള്‍ കണ്ടു
നിണമണിഞ്ഞുകിടക്കും പാഥേയങ്ങള്‍
അവരുടെ നിഴലിന്‍ പിറകില്‍ കഠാരകള്‍
ദൈവത്തിന്‍ ശ്രീകോവില്‍ പിശാചിന്‍ പ്രതിഷ്ഠ
പങ്കുവെയ്പ്പിന്‍ ഗുണിതങ്ങളോരോ മിഴിയിലും
കുഞ്ഞാടിന്‍ കൂട്ടങ്ങള്‍ ജാഥയായ് നീങ്ങുന്നു
അറവു ശാലയെ ആഘോഷമാക്കുവാന്‍
ഉയരുന്നു ആരവം, അടയുന്നു കാതുകള്‍
നിറയുന്നു ധൂളികള്‍, അടയുന്നു നയനങ്ങള്‍
എവിടെ വെളിച്ചം, എവിടെ നേര്‍വഴി?

Friday, July 2, 2010

ജനാധിപത്യത്തിന്‍റെ കൂട്ടിക്കൊടുപ്പുകാര്‍

അങ്ങിനെ നാമമാത്ര നഷ്ടപരിഹാരതുക മാത്രം നല്‍കി യൂണിയന്‍കാര്‍ബൈഡ് കമ്പനി ഭോപാല്‍ വിഷ വാതക ദുരന്ത കേസില്‍ നിന്ന് അനായാസം തടിയൂരിയിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ നെടും തൂണുകള്‍ ആയ എക്സിക്യുട്ടിവും നിയമനിര്‍മാണ സഭയും കോടതിയും ഇതില്‍ കമ്പനിക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്തു കൊടുത്തു. ദുരന്തത്തിന്‍റെ ഇരകള്‍ അതിഭീകരമാം വിധം കബളിപ്പിക്കപ്പെടാന്‍ അവര്‍ തെല്ലൊന്നുമല്ല സായ്പിനെ സഹായിച്ചു കൊടുത്തത്.

കമ്പനി ഉടമ വാറന്‍ ആന്റെഴ്സനെ ദുരന്തം നടന്ന ഉടനെ ഒളിപ്പിച്ച് അമേരിക്കയിലേക്ക് കടത്താന്‍ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി അര്‍ജുന്‍സിംഗ് മുതല്‍ അന്നത്തെ പ്രധാന മന്ത്രി രാജീവ്ഗാന്ധി വരെ ഒത്താശ ചെയ്തുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നു. ബി ജെ പി മുന്നണിയും കോണ്‍ഗ്രസ്‌ മുന്നണിയും ഒരുപോലെ നഗ്നരായി നില്‍കുന്നതാണ് സമകാലികകാഴ്ച.

കമ്പനിക്കെതിരെ അമേരിക്കയില്‍ ഫയില്‍ ചെയ്യപ്പെട്ട കേസില്‍ ഇന്ത്യന്‍ വക്കീല്‍ ആയ നാനി പാല്‍കി വാല ഇടപെട്ട് കമ്പനിയെ അവിടത്തെ കേസില്‍ നിന്ന് ഊരാന്‍ വേണ്ട വിധം സഹായിച്ചു കൊടുത്തു എന്നാണ് വാര്‍ത്തകള്‍. അമേരിക്കന്‍ കോടതിയില്‍ കേസ് വിചാരണ ചെയ്യപ്പെട്ടിരുന്നെങ്ങില്‍ ഈ കമ്പനി കുത്തുപാളയെടുക്കാന്‍ മാത്രം നഷ്ട്ടപരിഹാരത്തുക വിധിക്കുമായിരുന്നു എന്ന് നിയമവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ദുരന്തത്തിന്‍റെ
ഇരകളുടെ ശവങ്ങള്‍ വിറ്റ വകയില്‍ പോക്കറ്റില്‍ വന്ന വന്‍തുക വെച്ച് വിലസാത്തവര്‍ നമ്മുടെ ജനാധിപത്യത്തിന്‍റെ നെടുംതൂണുകളില്‍ ആരുണ്ട്‌ എന്ന ചോദ്യത്തിന്‍റെ ഉത്തരത്തില്‍ നാം നമ്മുടെ ജനാധിപത്ത്യത്തിന്‍റെ വളര്‍ച്ച ദര്‍ശിക്കുക.

ചുരുക്കത്തില്‍
, പണക്കാരന് ഒരു നിയമവും പാവപ്പെട്ടവന് വേറെ ഒരു നിയമവും എന്ന വസ്തുതക്ക് വീണ്ടും അടിവരയിടുക. സ്വാതന്ത്ര്യത്തിന്‍റെ 60 വര്‍ഷം പിന്നിടുമ്പോഴും രണ്ടു തരം പൌരന്‍മാര്‍മാരുടെ സമൂഹമായി ഇന്ത്യ നിലകൊള്ളുന്നു.ഭോപാല്‍ ദുരന്തത്തിന്‍റെ നാള്‍വഴികള്‍:
Dec.3 1984: കമ്പനിയുടെ ഫാക്ടറിയില്‍ നിന്ന് വിഷവാദക ചോര്‍ച്ച ആരംഭിക്കുന്നു.
പ്രദേശ
വാസികളില്‍ 15000 പേര്‍ ഉടനെ മരിക്കുന്നു.
5 ലക്ഷം പേര്‍ ഗുരുതരാവസ്ഥയില്‍
അതില്‍
എത്രയോ മടങ്ങ്‌ ലക്ഷം ജനങ്ങള്‍ വിഷവായു ശ്ര്വസിച്ച് ആജീവനാന്തം നരകജീവിതത്തിലേക്ക്, തലമുറയില്‍ നിന്ന് തലമുറയിലേക്കു പടരുന്ന ജനിതക തകരാറുകള്‍ ദൃശ്യമാവുന്നു.

കമ്പനി
ഉടമ വാറന്‍ ആന്റെഴ്സന്‍ അടക്കം ഉത്തരവാദികളായ 9 പേര്‍ ഗവണ്മെന്റിന്‍റെ സഹായത്തോടെ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടുന്നു.

യൂണിയന്‍
കാര്‍ബൈടിനെതിരെ നഷ്ട പരിഹാരത്തിന് ഇന്ത്യ ഗവണ്മെന്റിന്‍റെ കേസ്.

February 1989: വാറന്‍ ആന്റെഴ്സന് എതിരെ ജാമ്യമില്ലാവാറണ്ട്

Feb 1989: നഷ്ട പരിഹാരമായി 470 മില്യന്‍ അമേരിക്കന്‍ ഡോളര്‍ നല്‍കാം എന്ന വ്യവസ്ഥയില്‍ ഇരുകൂട്ടരും രാജിയാവുന്നു.

1992: പണത്തിന്‍റെ ചെറിയ ഒരംശം ഇരകള്‍ക്ക് വിതരണം ചെയ്യപ്പെടുന്നു.

February 1992: സമന്‍സില്‍ നിരന്തരം ഹാജരാവതിരിക്കുന്ന വാറന്‍ ആന്റെഴ്സനെ പിടികിട്ടാപുള്ളിയായി കോടതി പ്രഖ്യാപിക്കുന്നു.

1999: International environment watchdog Greenpeace ഭോപാലില്‍ അവരുടെ പരിശോധനയില്‍ ദുരന്ത കാരണമായി സംഭവിച്ച ഞെട്ടിക്കുന്ന പാരിസ്ഥിതിക ആഘാധങ്ങള്‍ വെളിപ്പെടുത്തുന്നു: കുടിയോഗ്യമാല്ലതായിത്തീര്‍ന്ന പ്രദേശത്തെ ജലസ്രോതസ്സുകള്‍, കൃഷിയോഗ്യമാല്ലതായിത്തീര്‍ന്ന മണ്ണ്.

October 25, 2004: ബാക്കി നഷ്ടപരിഹാരത്തുക വിതരണംചെയ്യണമെന്നു ദുരന്തത്തിനു ഇരകളായവര്‍ ഇന്ത്യന്‍ ഗവന്മേന്റിനോട് ആവശ്യപ്പെടുന്നു.

June 7, 2010: കമ്പനിയുടെ ചെയര്‍മാന്‍ കേശു മഹിന്ദ്രയടക്കം കുറ്റം ചുമത്തപ്പെട്ട 8 പേരും കുറ്റവാളികളാണെന്ന് കോടതിവിധിക്കുന്നു. അതോടൊപ്പം ഇവര്‍ക്കെല്ലാം 25,000 രൂപയുടെ ജാമ്യവും അനുവദിക്കുന്നു.