Friday, August 27, 2010

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്


പ്രമാദമായ സ്ഫോടനങ്ങളെല്ലാം നടന്നതിനു പിറകില്‍ കാവി ഭീകരസംഘങ്ങള്‍ ആണെന്ന വസ്തുത വെളിച്ചത്തായതോടെ (അന്വേഷണ റിപ്പോ ര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) പ്രതിരോധത്തിലായ സംഘുകാര്‍ ജനശ്രദ്ധ തിരിച്ചു വിടാനുള്ള വെപ്രാളപ്പാചിലില്‍ 10 കൊല്ലത്തോളം അവര്‍ തന്നെ തെളിവില്ലാതെ ജയിലിലിട്ടു എല്ലും തോലുമാക്കിയ നാസര്‍ മദനിയെ വീണ്ടും ഭീകരമുദ്ര ചാര്‍ത്തി ബംഗലൂരുവിലേക്ക് പൊക്കുമ്പോള്‍ അതിനു അവര്‍ക്കൊപ്പം വാക്കുകൊണ്ടോ വാചാല മൌനം കൊണ്ടോ ഹലെലുയ പാടാന്‍ കേരളത്തില്‍ നിന്ന് ആര്യാടന്‍ മുഹമദിനോപ്പം, കെ.എം ഷാജിയും, എം.കെ മുനീറും ഉണ്ടായിരുന്നു. ആര്യാടന്‍റെ കാര്യം പോവട്ടെ, അത് ഒരുവേറിട്ട കാഴ്ചയാണെന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാം. ഷാജിയും, മുനീറും ആര്‍ക്ക് വേണ്ടിയാണ് രാജാവിനെക്കാള്‍ വലിയ രാജഭക്തിയോടെ "ജന്മഭൂമി" പത്രത്തിന്‍റെ ഓഡിയോ വോയ്സ് ആയി നിലകൊള്ളുന്നത്? സ്വയം ഹനിക്കുന്ന ഈ ഹരാകിരി ഇത്രമേല്‍ സംതൃപ്തി നല്‍കുന്നതാണോ?


മുന്‍പ് മദനിയെ വിമര്‍ശിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതിനിശിതമായി തന്നെ വിമര്‍ശിച്ചയാളാണ് കുഞ്ഞാലിക്കുട്ടി. എന്നാല്‍ ഈ കര്‍ണാടക കോറസില്‍ അദ്ദേഹത്തെ നാം അങ്ങിനെ കാണുകയുണ്ടായില്ല. എന്തുകൊണ്ടായിരുന്നു അത്? എന്തൊക്കെ പറഞ്ഞാലും കുഞ്ഞാലിക്കുട്ടിക്ക് ഷാജിയെക്കളും മുനീറിനെകാളും സെന്‍സും, സെന്‍സിബിലിറ്റിയും പിന്നെ സെന്‍സിറ്റിവിറ്റിയും ഒക്കെയുണ്ട്. ജനങ്ങളുടെ പള്‍സ് തിരിച്ചറിയുക എന്നത് മുഖ്യമാണ്. ഇന്ത്യവിഷന്‍ അദേഹത്തെ രാഷ്ട്രീയ വനവാസത്തിനയച്ച ശേഷവും, അതിവേഗത്തില്‍ ടിയാന്‍ നേതൃത്വത്തില്‍ തിരിച്ചെത്തിയത് എങ്ങിനെ എന്ന് അത്ഭുതപ്പെട്ടവര്‍ക്കുള്ള ഉത്തരം ഇവിടെ കിട്ടും. മദനിയുടെ പോയ കാലത്തെ ഉന്മാദ ഭാഷണങ്ങള്‍ക്ക് നൈമിഷിക ആള്‍കൂട്ടങ്ങള്‍ക്കപ്പുറം ഒരു ശതമാനത്തിന്‍റെപോലും പിന്തുണ ഒരിക്കലും കിട്ടിയിട്ടില്ല. അത് പിണറായി വിജയന്പോലും ബോധ്യപ്പെട്ട കാര്യമാണ്‌.

കൂടുതല്‍ ദൂരം കിഴക്കോട്ടു സഞ്ചരിച്ചാല്‍ പടിഞ്ഞാറെത്തും എന്നാണല്ലോ പറഞ്ഞിട്ടുള്ളത്. അവിടേക്കാണ് ഇപ്പോള്‍ ഷാജിയും സംഘവും എത്തിക്കൊണ്ടിരിക്കുന്നത്. യാഥാര്‍ത്യങ്ങള്‍ക്ക് നേരെ കണ്ണടച്ചുകൊണ്ട്, തങ്ങളുടെ secular credentials തെളിയിക്കാന്‍ വേണ്ടിയോ അല്ലെങ്കില്‍ കസേര ഉറപ്പാക്കാന്‍ വേണ്ടിയോ ഈ ചുടുചോര്‍ മാന്തി നമ്മെ സ്തബ്ധരാക്കിയ പ്രമുഖര്‍ വേറെയും ഉണ്ട്. ഉദാ: ആന്‍റെണി (ടിയാന്‍ പറഞ്ഞത്, ന്യൂനപക്ഷങ്ങളും ഗള്‍ഫ്‌ പണവും ആണ് പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന കാരണം എന്ന ലൈനില്‍ ആയിരുന്നു. കേരളം രണ്ടു നേരം നേരാം വണ്ണം ഉണ്ണുന്നത് ഗള്‍ഫ് പണം കൊണ്ടാണെന്ന അടിസ്ഥാന വസ്തുത തന്നെ ഇദ്ദേഹം വിസ്മരിച്ചു പോയി.) മറ്റൊരാള്‍ വി.എസ്ആയിരുന്നു. ഒരു പ്രദേശത്തുകാര്‍ മൊത്തം കോപിയടിച്ചാണ് പരീക്ഷ പാസ്സാകുന്നത്എന്നായിരുന്നു ഇദേഹത്തിനു വന്നെത്തിയ വെളിപ്പാട്. പിന്നെ ഈയിടെ അദേഹത്തിന് വന്ന മറ്റൊരു വെളിപാട് ആരും മറന്നു കാണില്ല. ചുരുക്കത്തില്‍ മോഡിയാരാധകര്‍ക്കും അവരുടെ നേതൃത്വത്തിനും പ്രിയപെട്ടവരായി ഇവര്‍ നൊടിയിടയില്‍ മാറി. ഷാജിയും, മുനീറുമാണ് അവരുടെ പുതിയ താരങ്ങള്‍.

ഇന്ത്യ വിഷന്‍ തുടങ്ങാന്‍ വിയര്‍പ്പിന്‍റെ തുള്ളികള്‍ പകുത്തു നല്‍കിയവരെ മുനീര്‍ എങ്ങിനെ നിരാശപ്പെടുത്തിയോ അതിലും കൂടിയ അളവില്‍ സാധാരണക്കാരെ അദ്ദേഹം ഇന്ന് നിരാശരാക്കുന്നു. തീവ്രവാദം എതിര്‍ക്കപ്പെടണം എന്നതില്‍ രണ്ടു പക്ഷമില്ല, എന്നാല്‍ അത് വിഷയത്തെ അതിന്‍റെ ശരിയായ പരിപ്രേക് ഷ്യത്തില്‍ നിന്നു വിലയിരുത്തിക്കൊണ്ടല്ലെങ്കില്‍ ഉപരിപ്ലവും അന്തസാരശൂന്യവുമായിരിക്കും.

Saturday, August 21, 2010

ചാനലും, ചര്‍ച്ചയും പിന്നെ നമ്മള്‍ കഴുതകളും

മലയാള TV ചാനലുകള്‍ കേരളത്തെ കര്‍ണാടകമാക്കാന്‍ കരാറെടുത്തതിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ട് നാളേറെയായിരുന്നെങ്കിലും, അധ്യാപകന്‍റെ കൈവെട്ടു സംഭവത്തോടെ അത് ത്വരിതവേഗം കൈവരിക്കുകയും, മദനി അറസ്റ്റോടെ അത് ആഘോഷമാവുകയുമാണ്. ഏതെല്ലാം തരത്തിലുള്ള ചര്‍ച്ചകളാണ് മതേതര ജാനാധിപത്യത്തിന്‍റെ ഈ ഫോര്‍ത്ത് എസ്റ്റേറ്റ് കാവലാളുകള്‍ നമുക്ക് മുന്‍പില്‍ വിളമ്പിത്തരുന്നത്‌. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം എന്ന കാര്യം നിസ്തര്‍ക്കമാണ്. Law should take its course എന്ന നമ്മുടെ നേതാക്കളുടെ പ്രിയപ്പെട്ട പല്ലവിക്കുപരി Justice should take its course.

കൈവെട്ടികള്‍ ഉന്നം വെച്ചത് സാമുദായിക ദ്രുവീകരണം ആയിരുന്നുവെങ്കില്‍, അത് കുടുതല്‍ വേഗത്തിലും ആഴത്തിലും ആക്കിക്കൊടുക്കാന്‍ വേണ്ടി നമ്മുടെ എല്ലാ ചാനലുകളും മത്സരിക്കുകയാണ്. ഉദാഹരണത്തിന്, നമ്മുടെ പല ജനപ്രിയ ടോക്ക് ഷോ, ടിബേറ്റ് പരിപാടികളും ഈയിടെ കണ്ടവര്‍ ഒരു horror movie കണ്ട പ്രതീതിയില്‍ അന്തിച്ചിരിപ്പാവും. മൂന്നും, നാലും ഭാഗങ്ങളുള്ള മാസങ്ങള്‍ നീളുന്ന മെഗാ-ഭീകര-പരമ്പരകള്‍ ആയാണ് ഇവ മിനിസ്ക്രീനില്‍ നിറയുന്നത്. ടൈറ്റ്ല്‍സ്‌ കാണിക്കുമ്പോള്‍ തന്നെ എല്ലാം തികഞ്ഞ ഒരു Hollywood thriller ന്‍റെ ചടുല സംഗീതം പിന്നണിയില്‍ കേള്‍ക്കാം, ഇടയ്ക്ക് ഒരു ടൈറ്റാനിക് ഇഫെക്ടില്‍ ഒരു തരുണിയുടെ വിലാപനാദവും, പിന്നെ സ്വയം സേവകരും, ജിഹാദി പയ്യന്‍സും നിക്കറില്‍ നിന്ന് വടി ചുഴറ്റുന്നതും, ചിട്ടയില്‍ അടിവെക്കുന്നതുമൊക്കെ കാണിക്കും. ആകെക്കൂടി ഭീകരമയം. ചര്‍ച്ച തുടങ്ങിയാല്‍ പാനലില്‍ ഇരിക്കുന്ന ഓരോ പാര്‍ട്ടിക്കാരനും മറ്റവന് നേരെ വിരല്‍ ചൂണ്ടി blame-game ആരംഭിക്കുകയായി. ഇതിനിടെ ഓഡിയന്‍സിലെ ചില ഞരമ്പ്‌ രോഗികളും ഇതേ കലാപരിപാടി ഏറ്റെടുക്കുന്നു. ആകെ ബഹളമയം. ചര്‍ച്ചയെന്നുപേര്.

ഇനി ചില ഫ്ലാഷ് ബാക്കുകള്‍: ഇന്ത്യാമഹാരാജ്യത്ത് നമ്മള്‍ കേട്ട പരമ്പര സ്ഫോടനങ്ങള്‍ നിരവധി. എല്ലാറ്റിലും "പ്രതികള്‍" ഒരു വിഭാഗത്തില്‍ പെട്ട യുവാക്കള്‍ മാത്രമായിരുന്നു. ഓരോ പൊട്ടിത്തെറിക്കും പിറകെ അകത്താകുന്ന എണ്ണമറ്റ ചെറുപ്പക്കാര്‍, പാഴാകുന്ന അവരുടെ ജീവിതങ്ങള്‍, തകര്‍ന്നടിഞ്ഞ അവരുടെ കുടുംബങ്ങള്‍. എവിടെയുംഎത്താത്ത അന്വേഷണങ്ങള്‍. അന്നേ വിവേകമതികള്‍ പറഞ്ഞു, എവിടെയോ എന്തോ ചീഞ്ഞു നാറുന്നു എന്ന്. കപ്പലിനകത്ത് തന്നെ ഒരു കള്ളനുണ്ടെന്ന്. "മതേതര" മാധ്യമങ്ങള്‍ അതെല്ലാം അവഗണിച്ചു, ഭാവനാ വിലാസത്തില്‍ ഭീകരതയുടെ അപസര്‍പകകഥകള്‍ നെയ്തു വിട്ട മഹാപേനയുന്തികള്‍. സത്യത്തിന് എത്ര കാലം വിലങ്ങു തീര്‍ക്കാന്‍പറ്റും? മുറം പിടിച്ചു മറക്കാനൊക്കുമോ സൂര്യതേജസ്സിനെ? അങ്ങിനെ വരവായി കഥകള്‍ CBI തന്നെ കണ്ടെത്തിയ അനിഷേധ്യ തെളിവുകള്‍ പറയുന്ന ഞെട്ടിപ്പിക്കാത്ത കഥകള്‍‍. കാരണം ഗാന്ധിജിക്കെതിരെ ഉന്നമെടുത്ത ആ കൈകളുടെ ഉറവ അറിയുന്നവര്‍ക്ക് ഇവിടെ ഞെട്ടാന്‍ ഒന്നും ഇല്ല.

ഇങ്ങിനെ നിനച്ചിരിക്കാതെ നഗ്നത വെളിപ്പെട്ടു വെപ്പ്രാളമെടുത്ത ദേശസ്നേഹത്തിന്‍റെ മൊത്തക്കുത്തകക്കാര്‍, contingency period ല്‍ escape നു ശ്രമിക്കാന്‍ അവര്‍ ഒരു ബാലിയാടിനെ മുന്‍കൂട്ടിതന്നെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. അതായിരുന്നു മദനി. മൊസാദിയന്‍ തന്ത്രങ്ങള്‍ എന്നും അവര്‍ക്ക് പ്രിയപ്പെട്ടതാകുന്നു.

നമ്മുടെ TV ചാനല്‍ വിദ്വാന്‍മാരില്‍ ചിലര്‍ ഇത് അറിഞ്ഞുകൊണ്ടും സഹകരിച്ചുകൊണ്ടും, ചിലര്‍ അറിയാതെയും, ചിലര്‍ താടിക്ക് തീ പിടിക്കുമ്പോള്‍ ബീഡി കത്തിക്കാനുള്ള തിടുക്കത്തിലും പാടുന്ന വക്കാ വക്കാ വിളികളാല്‍ മുഖരിതമാണ് അന്തരീക്ഷം. എങ്കിലും നമുക്ക് പ്രതീക്ഷയുണ്ട്, നാട്ടിന്‍പുറത്തുകാരന്‍റെ നന്‍മയില്‍, സലീമിന്‍റെയും സഹദേവന്‍റെയും ഹൃദയ നൈര്‍മല്യത്തില്‍. ഒന്നും ഒന്നും രണ്ടാവില്ല. ബഷീറിന്‍റെ മജീദ്‌ പറഞ്ഞപോലെ മ്മിണി ബല്യ ഒന്ന് തന്നെയാവും. ആവണം.