Monday, December 13, 2010

ഒരു വാക്ക്ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് രവിക്ക് ഡോക്ടറുടെ മുറിയിലേക്ക് കയറാന്‍ കഴിഞ്ഞത്. കാത്തിരിക്കുന്ന രോഗികളെ തോല്‍പ്പിച്ച് മെഡിക്കല്‍ റെപ്പുകള്‍ ഡോക്ടറുടെ അടുത്തേക്ക്‌ വലിയ ബാഗും തൂക്കിപ്പിടിച്ചു നുഴഞ്ഞു കയറുന്നു. ഇവരെ ഡോക്ടര്‍ക്കും വലിയ കാര്യമാണ് എന്നിടത്താണ് രോഗികള്‍ തോല്‍ക്കുന്നത്. ഡോക്ടറെ കാണാന്‍ കാശടച്ചു റ്റോക്കന്‍ എടുത്തവര്‍ വാ പൊളിച്ചു കാത്തിരിക്കുക തന്നെ.

സമീപത്തുള്ള കസേരയിലേക്ക് കൈകാണിച്ച് ഇരിക്കാന്‍ പറഞ്ഞു ഡോക്ടര്‍. താന്‍ പരിശോധനയ്ക്ക് വേണ്ടി വന്നതല്ലെന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ അയാളെ ചോദ്യരൂപത്തില്‍ നോക്കി. തിരക്കിന്‍റെ അസ്വസ്ഥത പടരുന്ന മുഖം. "ഞാന്‍ രാജന്‍റെ..." അയാള്‍ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഡോക്ടറുടെ മുഖം വിവര്‍ണ്ണമായി. ഒരു നിമിഷത്തെ മൌനത്തിനു ശേഷം തന്‍റെ സ്വര്‍ണ ഫ്രയിമിലുള്ള കണ്ണടയ്ക്കുള്ളില്‍ നിന്ന് ഡോക്ടറുടെ കണ്ണുകള്‍ അയാള്‍ക്ക്‌ നേരെ ഇളകി. പിന്നെ ഹൃദയജന്യ രോഗങ്ങളുടെ ആകസ്മികഭാവങ്ങളെപ്പറ്റി, അതിന്‍റെ പ്രവചനാതീത സ്വഭാവത്തെ പറ്റി എല്ലാം ഹൃസ്വമായി വിവരിക്കാന്‍ തുടങ്ങി. കുറ്റബോധത്തിന്‍റെ ലാഞ്ചന ആ മുഖത്ത് മിന്നിമറയുന്നുണ്ടോ എന്ന് രവി സൂക്ഷിച്ചു നോക്കി. പിന്നെ ഡോക്ടറെ പഴി ചാരാന്‍ പഴുത്‌ തേടുന്ന തന്‍റെ ദുര്‍ബല മനസ്സിനെ ശാസിച്ചു അടക്കിയിരുത്താന്‍ ശ്രമിച്ചു.

കാത്തു കിടക്കുന്ന രോഗികളുടെ കടലാസുകെട്ട് മെലിഞ്ഞു നീണ്ട ലേഡിനേഴ്സ് ഡോക്ടറുടെ പുതിയ മാക്‌ ലാപ്റ്റോപിനരികില്‍ വെച്ചു. തന്‍റെ തീരാതിരക്കിന്‍റെ കൂടുന്ന പള്‍സ് പിന്നെയും ഡോക്ടറുടെ മിഴികളില്‍ പ്രതിഫലിച്ചു. ഇനിയും അവിടെ ഇരിക്കുന്നതില്‍ കാര്യമില്ലെന്ന് കണ്ട് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉള്ളിലൊതുക്കി രവി വിട വാങ്ങി. കതകു തുറക്കുമ്പോള്‍ സോഫകളില്‍ നിറഞ്ഞ്, അവിടെയുമിവിടെയുമായി ചാഞ്ഞും ചെരിഞ്ഞും ഡോക്ടറെ കാണാന്‍ കാത്തു കിടക്കുന്നവര്‍‍. അടുത്ത് നില്‍ക്കുന്നയാളുടെ റ്റോക്കന്‍ നമ്പര്‍ അന്വേഷിക്കുന്നു ചിലര്‍. ക്യാഷ്‌ കൌണ്ടറിലെ തിരക്കിനെ തലോടി കനത്ത ചില്ല് വാതിലുകള്‍ തുറന്ന് പുറത്തിറങ്ങി അയാള്‍ ആശുപത്രി ഗേറ്റ് കടന്നു.

മെഡിക്കല്‍ ഷോപ്പിനു മുന്‍പില്‍ മരുന്ന് വാങ്ങാന്‍ നില്‍ക്കുന്നവരുടെ വരിയും വകഞ്ഞു മാറ്റി റോഡിലേക്കിറങ്ങുമ്പോള്‍ സാന്ത്വനമില്ലാത്ത കണ്ണുനീര്‍ പോലെ നേരിയ ചാറ്റല്‍ മഴ പരന്നു തുടങ്ങി. റോഡരികിലൂടെ അലസമായി നടന്നു നീങ്ങുന്ന ഒരു പറ്റം അറവുമാടുകള്‍. ഓരോട്ടോ പിടിക്കാനായി റോഡിനപ്പുറം കടക്കാന്‍ തിരക്കേറിയ ആ വഴിയില്‍ അയാള്‍ പിന്നെയും കാത്തു നിന്നു. യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ബസ്സുകളില്‍ കയറിപ്പറ്റാന്‍ മത്സരിച്ചോടുന്ന സ്കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍.

ആ ബഹളത്തിലും അയാളുടെ ഓര്‍മ്മകള്‍ പിറകോട്ടു പോയി. ഏതൊരു കഥയായാലും അതിന്‍റെ അന്ത്യത്തില്‍ ഒരു ട്വിസ്റ്റ്‌ വേണമെന്ന് ശഠിക്കുന്നയാളായിരുന്നു രാജന്‍. കഥയുടെ മധ്യത്തില്‍ ഒരു ട്വിസ്റ്റ്‌ ഉണ്ടായാല്‍ എങ്ങിനെയിരിക്കും എന്നുള്ളത് ആരും അധികം ഓര്‍ത്തു നോക്കാറില്ലെന്നു തോന്നുന്നു. ഉപജീവനത്തിനായി കടലിനപ്പുറം കടന്ന ലക്ഷങ്ങളില്‍ ഒരുവനായിരുന്നു രാജനും. തന്‍റെ ചെറിയ വീടിന്‍റെ പണി തുടങ്ങി വെച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. രണ്ടു വര്‍ഷം കൂടുമ്പോഴാണ് അവധിയ്ക്ക് വരിക. അപ്പോഴാണ്‌ വീട്പണിയുടെ ഓരോ ഘട്ടവും പുരോഗമിക്കുക. കിട്ടാനില്ലാത്ത പണിക്കാരെ ഓടിച്ചിട്ടു പിടിച്ചുകൊണ്ട് വരാന്‍ മാത്രം പണത്തിന്‍റെ ഗ്ലാമാറുള്ള ഒരു പ്രവാസിയായിരുന്നില്ല രാജന്‍. അവധിയ്ക്ക് വരുമ്പോള്‍ അണിയുന്ന പുതുവസ്ത്രങ്ങളുടെ മോഡിയില്‍ തന്‍റെ ദാരിദ്യം മറയ്ക്കുന്ന ഒരു ശരാശരി ഗള്‍ഫുകാരന്‍. രാജന്‍റെ വീടുപണി തുടങ്ങിയ ശേഷം തുടങ്ങിയ മറ്റുള്ള എത്രയോ രമ്യഹര്‍മങ്ങള്‍ പണി പൂര്‍ത്തിയായി താമസവും തുടങ്ങി. മൂന്ന് നാല് മാസത്തെ അവധിയില്‍ കഴിയുന്നത്ര പണികള്‍ തീര്‍ത്തിട്ട് വീണ്ടും ഗള്‍ഫിലേക്ക് മടങ്ങുകയാണ് രാജന്‍റെ പതിവ്. പിന്നെ രണ്ടു വര്‍ഷം മഴയും വെയിലുമേറ്റ് പണിതീരാത്ത ആ വീട് അങ്ങിനെ കിടക്കും.

ഞെങ്ങി ഞെരുങ്ങി, കടം വാങ്ങിയാണെങ്കിലും വീടിന്‍റെ ബാക്കി പണി തീര്‍ത്ത്‌ താമസം തുടങ്ങാം എന്ന സന്തോഷത്തിലാണ് രാജന്‍ ഇക്കുറി അവധിയില്‍ വന്നത്. തിരിച്ചു പോവാന്‍ ഒരു മാസം കൂടി ബാക്കിയുള്ള സമയമായപ്പോഴേക്ക് ഒരു വിധം പണിയെല്ലാം പൂര്‍ത്തിയായി.

രണ്ടു ദിവസം കഴിഞ്ഞു നടക്കാന്‍ പോവുന്ന വീട് കൂടല്‍ ചടങ്ങിനു ക്ഷണിക്കാന്‍ ഇന്നലെ രാവിലെയാണ് രവിയുടെ വീട്ടില്‍ രാജന്‍ കുടുംബസമേതം വന്നത്. മൂത്ത മകള്‍ പ്ലസ്‌റ്റുവിനു പഠിക്കുന്നു. മകന്‍ ആറാം ക്ലാസിലും. അധികനേരം തങ്ങിയില്ല. മറ്റുള്ള ബന്ധു-സുഹൃത് വീടുകളില്‍ എത്താന്‍ തിരക്കുള്ളതിനാല്‍ പെട്ടെന്ന് വിട പറഞ്ഞു. സാധാരണയായി ഏറെ നേരം സംസാരിച്ചിരിക്കുന്ന ആളാണ്‌.

അന്ന് ഉച്ചയ്ക്ക് ശേഷം അനുഭവപ്പെട്ട നെഞച് വേദനയാണ് രാജനെ ഡോക്ടര്‍ക്കരികിലെത്തിച്ചത്. പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ കുറിച്ച് കൊടുത്തത് ഗ്യാസ്‌ട്രബ്ളിനുള്ള ഗുളിക. അടുത്ത പുലരി വെളുക്കും മുന്‍പ് മോര്‍ച്ചറിയുടെ അതിശൈത്യത്തില്‍ മരവിച്ചു നിവര്‍ന്നു കിടന്നു അയാള്‍.

പേമാരിയുടെ വരവറിയിച്ചു കൊണ്ട് അന്തരീക്ഷം കൂടുതല്‍ ഇരുണ്ടു മൂടി. മഴത്തുള്ളികള്‍ക്ക് കനം വെച്ചു. ഭൂമിയുടെ പൊള്ളുന്ന നോവ്‌ പകര്‍ന്നു വാങ്ങി കാര്‍മേഘങ്ങള്‍ പെയ്തിറങ്ങി. കുണ്ടും കുഴികളും നിറഞ്ഞ പാതയില്‍ വെള്ളം കയറി മുന്നോട്ടുള്ള യാത്ര ദുര്‍ഘടമായപ്പോള്‍ ഇനി മുന്നോട്ടു പോവാനാവില്ലെന്ന് ഓട്ടോക്കാരന്‍ പറഞ്ഞു. നടക്കാവുന്ന ദൂരമേ ഇനി വീട്ടിലേക്കുള്ളൂ. ഓട്ടോക്കാരനെ പിരിച്ചു വിട്ട് കയ്യിലുണ്ടായിരുന്ന കുട നിവര്‍ത്തി രവി മെല്ലെ നടന്നു. കുടയുള്ളതും ഇല്ലാത്തതും ഒരുപോലെ തന്നെ. മുന്‍പോട്ടുള്ള കാഴ്ച അസാധ്യമാക്കും വിധം കോരിച്ചൊരിയുന്ന ആ മഴയില്‍, അതില്‍ നിറയുന്ന വന്യസംഗീതത്തിന്‍റെ ആദിവിഷാദത്തില്‍ അലിഞ്ഞു സ്വയം ഇല്ലാതാവാന്‍ ഒരു വേള അയാള്‍ മോഹിച്ചു.

"മൃത്യുവിന് ഒരു വാക്കെയുള്ളൂ: വരൂ"
എന്ന് പാടിയത് കവി അയ്യപ്പനാണോ?

രാജന്‍ അവസാനമായി അണിഞ്ഞിരുന്ന ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ രണ്ടു കടലാസു തുണ്ടുകള്‍ ഉണ്ടായിരുന്നു. ഒന്ന്, ഫര്‍ണീച്ചര്‍ കടയിലും, വീടിന്‍റെ കോണ്‍ട്രാക്ടര്‍ക്കും കൊടുത്ത് തീര്‍ക്കേണ്ട തുകയുടെ വിശദമായ കണക്ക്. പിന്നെ റിയാദിലേക്കുള്ള റികണ്‍ഫേം ചെയ്ത മടക്കവിമാനയാത്രാ ടിക്കറ്റും.

49 comments:

 1. ഡോക്ടര്‍ ദൈവത്തെപോലെ ആണെന്ന് പറയും എങ്കിലും ശരിക്കും അങ്ങനെ അല്ലല്ലോ . ഒരു ജീവനാണ് നഷ്ടം, വിധി എന്ന് പറയാനേ കഴിയു . നന്നായി കഥ പറഞ്ഞു.

  ReplyDelete
 2. അതെ നമ്മുടെ ഈ ജീവിത സാഹചര്യം വച്ച് അയാളുടെ വിധി എന്ന് പറഞ്ഞു സമാധാനിക്കാം .(

  ReplyDelete
 3. രംഗബോധമില്ലാത്ത കോമാളി ..
  :(

  ReplyDelete
 4. നല്ല കഥ. (അതോ അനുഭവമോ?)ഏതായാലും നന്നായി എഴുതിയിരിക്കുന്നു......പണി തീരാത്ത വീടുകളും അതിനായി ഓടി നടക്കുന്ന 'ശരാശരി' പ്രവാസികളും. ....

  ReplyDelete
 5. വായിച്ചപ്പോൾ മനസ്സിനു നൊംബരമായി ... പല തവണ കേട്ട വിഷയമാണെങ്കിലും അവതരണം കാരണം ഒരു പുതുമതോന്നി.. ഇവിടെ ആരെ പഴിചാരണം... രമേശ് സർ പറഞ്ഞപോലെ വിധിയ്ക്ക് വിട്ടു കൊടുക്കണൊ..ചിലർ അങ്ങിനെയാ തനിക്കും തന്റ്റെ വേണ്ടപ്പെട്ടവർക്കും അന്തിയുറങ്ങാൻ ഒരു വീടിനായി വേർപാടിന്റെ വേദന ഒതുക്കി വെച്ച് കഷ്ട്ടപ്പെടുന്നു.ചിലർ ഇനിയും ഇനിയും വെട്ടിപ്പിടിക്കണമെന്ന ആഗ്രഹവുമായി.. ജീവിതത്തിന്റെ നല്ല കാലം നഷ്ട്ടപ്പെടുത്തുന്നു അന്ത്യം ഇങ്ങനെയൊക്കെ ആയിത്തീരുന്നു..വായിച്ചു കഴിഞ്ഞപ്പോൾ എന്നിൽ മൌനം വാചാലം.. .. എങ്ങിനെയുള്ള ഡേക്ടർ ആണെങ്കിലും ഏല്ലാം തീരുമാനിക്കുന്ന ഒരു വലിയ ഡോക്ടർ ഇല്ലെ അവന്റെ കയ്യിലല്ലെ എല്ലാം.....നന്നായി കഥ പറഞ്ഞു ആശംസകൾ

  ReplyDelete
 6. ജീവിതത്തിലെ ട്വിസ്റ്റുകള്‍ എപ്പോഴും അപ്രതീക്ഷിതമാണ്. സ്വപ്നങ്ങള്‍ മനുഷ്യരെ മുന്നോട്ടു നയിക്കുമ്പോള്‍ സ്വപ്ന സാക്ഷാത്ക്കാരത്തിനും ജീവിതത്തിനുമിടയില്‍ മരണം പലപ്പോഴും വില്ലനായി കടന്നു വരുന്നു. വീട് കൂടലിന്റെ മൂന്നു ദിവസം മുമ്പ് നാട്ടിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ സുഹൃത്ത് ഹൃദയാഘാതം മൂലം ഗള്‍ഫില്‍ മരണപ്പെട്ട സംഭവം ഓര്‍മിപ്പിച്ചു ഈ കഥ. ജീവ സ്പര്‍ശമുള്ള പ്രമേയത്തിന് പുതുമയില്ലെങ്കിലും കഥ എഴുത്തിന്റെ നിലവാരം കൊണ്ട് മികച്ചതാക്കി. അഭിനന്ദനങ്ങള്‍.

  ReplyDelete
 7. മരണത്തിന് ഒറ്റ വാക്കേയുള്ളൂ വരു.......
  അതെ. കൂടുതൽ ഒന്നും ആവശ്യമില്ലല്ലോ.

  ReplyDelete
 8. അനുഭവം പോലെ തോന്നിയ കഥ മുഷിപ്പിച്ചതേയില്ല.

  ReplyDelete
 9. ഇത് ഒരു കഥയായി മാത്രം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.. രാജന്‍ മനസ്സിനെ നൊമ്പരപ്പെടുത്തിയ ഒരു കഥാപാത്രം..

  എന്‍റെ ഒരു സുഹൃത്തിനു ബ്രൈന്‍ റ്റ്യൂമര്‍ ആയിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് റേഡിയേഷന്‍ കഴിഞ്ഞ് ഗള്‍ഫിലേക്ക് തന്നെ തിരിച്ചു പോന്നു. പിന്നെ രണ്ട് വര്‍ഷം ചികിത്സ ഒന്നുമില്ലാതെ ഇവിടെ കഴിഞ്ഞു . അവധിക്ക് നാട്ടില്‍ പോയി. പുതിയ വീട്ടിലേക്ക് താമസം മാറി മൂന്നാം ദിവസം അവന്‍ മരണപ്പെട്ടു.. കഥ വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സു മുഴുവന്‍ അവാനാണ്.


  കഥ നന്നായി പറഞ്ഞു .. അവസാനം വരെ ഒരേ രീതിയില്‍ വായിച്ചു പോവാന്‍ കഴിഞ്ഞു.

  ReplyDelete
 10. "ഒരു വാക്കാണെങ്കിലും" മനസ്സിലാക്കാന്‍ ഒരു പാടുണ്ട് – ഭാവുകങ്ങള്‍

  ReplyDelete
 11. @sree
  അതെ, ഡോക്ടര്‍ ദൈവത്തെപോലെ ആണെന്ന് പറയും. വേറെ ഒരു വിധത്തില്‍ വിധി എന്നും പറയും. വായനയ്ക്കും വാക്കുകള്‍ക്കും നന്ദി.

  @രമേശ്‌അരൂര്‍
  അതിനെ കഴിയൂ. നന്ദി.

  @junaith
  Shakespeare had said it all.

  @ഹാഷിക്ക്
  കഥയില്‍ ഒന്നിലധികം അനുഭവങ്ങളുടെ ഒര്‍മകളുണ്ട്.
  thank you for reading.

  @ ഉമ്മുഅമ്മാർ
  അവതരണത്തില്‍ പുതുമ തോന്നി എന്ന് കേട്ടതില്‍ സന്തോഷം. അധികം പരിചയമുള്ള മേഖലയല്ല എനിക്കിത്. ഉന്നത രചനകളോട് താരതമ്മ്യം ചെയ്യാനാവില്ലെന്ന ബോധ്യമുണ്ട്. നന്ദി.

  @ഉമേഷ്‌ പിലിക്കൊട്
  @snow
  thanks for reading.

  ReplyDelete
 12. @Akbar
  അക്ബര്‍, welcome back.
  എന്‍റെ ഒരു അയല്‍വാസിയുടെ അനുഭവം, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതാണ്ടിതുപോലെ ഉണ്ടായി. ഡോക്ടര്‍ നിസ്സരമാക്കി വിട്ടതു "നിമിത്തം" പൊലിഞ്ഞുപോയ രണ്ടു പേര്‍ വേറെ. ഒന്ന് ഈയിടെ.
  ഇനി ഒരിക്കലും തിരിച്ചു വരാത്ത ഉടമയ്ക്ക് വേണ്ടി കാത്തിരിയ്ക്കുന്ന പണി തീരാത്ത വീട്, ഒന്നിലധികം എന്‍റെ ചുറ്റുവട്ടത്തിലുണ്ട്.
  thank you for the appreciation.

  Note: ചാലിയാറില്‍ ഓളങ്ങള്‍ ഒന്നും കാണാത്തത് കൊണ്ടാണ് നമ്മള്‍ ഈ സാഹസത്തിനു തുനിയുന്നത്. ഇത് കണ്ടെങ്കിലും കളത്തിലിറങ്ങുക.

  @Echmukutty
  yes, nothing more to be said.

  @സ്വപ്നസഖി
  അനുഭവ സ്പര്‍ശം തീര്‍ച്ചയായും ഉണ്ട്. thanks

  @ഹംസ
  തീര്‍ച്ചയായും. ഈ പ്രവാസി ഒരു universal experience ആണ്. എല്ലാവരുടെ അറിവിലും ഒന്നിലധികം പേര്‍ ഇങ്ങിനെ ഉണ്ടാവും.

  @ Anvar Vadakkangara
  thanks for the visit.

  ReplyDelete
 13. ഒരു നിമിഷം മതി എല്ലാം മാറി മറിയാന്‍..

  ReplyDelete
 14. മനസ്സിലൊരു നൊമ്പരം സൃഷ്ടിച്ച, ചിന്തകളെ ശല്യപ്പെടുത്തിയ ഒരു കഥ 'ഇഷ്ടപ്പെട്ടു' എന്ന് 'കമ്മെന്റ്' പറയാമോ എന്ന Confusion ലാണ് ഞാന്‍. 'ഹൃദയസ്പര്‍ശി' (യായ രചന) എന്ന 'വാക്ക്' ഉപയോഗിക്കാം എന്ന് തോന്നുന്നു.

  "...ഓട്ടോക്കാരനെ പിരിച്ചു വിട്ട് കയ്യിലുണ്ടായിരുന്ന കുട നിവര്‍ത്തി രവി മെല്ലെ നടന്നു. കുടയുള്ളതും ഇല്ലാത്തതും ഒരുപോലെ തന്നെ. മുന്‍പോട്ടുള്ള കാഴ്ച അസാധ്യമാക്കും വിധം കോരിച്ചൊരിയുന്ന ആ മഴയില്‍, അതില്‍ നിറയുന്ന വന്യസംഗീതത്തിന്‍റെ ആദിവിഷാദത്തില്‍ അലിഞ്ഞു സ്വയം ഇല്ലാതാവാന്‍ ഒരു വേള അയാള്‍ മോഹിച്ചു.
  "മൃത്യുവിന് ഒരു വാക്കെയുള്ളൂ: വരൂ"
  എന്ന് പാടിയത് കവി അയ്യപ്പനാണോ?"

  രവിയും മരിച്ചുവല്ലേ, സലാം?

  Non-fiction ന്‍റെ പതിവു രചനാ രീതിയില്‍ നിന്നും വ്യത്യസ്തമായി കാല്‍പനിക രചനയുടെ വിജയകരമായ പരീക്ഷണം സലാമിന്റെ ആവിഷ്കരണ വൈദഗ്ദ്യത്തിന്‍റെ ചക്രവാളത്തെ വിശാലമാക്കുന്നുവെന്നത് തീര്‍ച്ചയായും ആനന്ദദായകമാണ്. ഇനിയും എഴുതുക സലാം... അനുഗൃഹീതമായ ആ തൂലികാ മികവിന്‍റെ, അതിശയകരമായ മൌലിക ചിന്തകളുടെ, 'വാക്കുകള്‍' കണ്ടുപിടുത്തം പോലെ പുതുമയുണര്‍ത്തുന്ന ആ രചനാ വൈഭവത്തിന്റെ കൂടുതുറന്നുവിടുക. ആശംസകള്‍...

  ReplyDelete
 15. " വിധി " എന്നു പറഞ്ഞ് ആര്‍ക്ക് സമാധാനിക്കാം..? കണ്ടു നില്‍ക്കുന്നവര്‍ക്കല്ലേ... അനുഭവിക്കുന്നവര്‍ക്കെ അതിന്‍റെ ആഴം അറിയു.......നഷ്ടം നഷ്ടം തന്നെയാണ്......ഒരിക്കലും നികത്താന്‍ പറ്റാത്ത വിടവാണത് ...എല്ലാവരും ആഗ്രഹങ്ങള്‍ തീരാതെ പോകുന്നവരാണ് .........

  ReplyDelete
 16. @Noushad Kuniyil
  മഴയില്‍ നഷ്ടപ്പെടുന്ന രവിയെക്കുറിച്ചു പറയുമ്പോള്‍ നൌഷാദിനെപോലുള്ളവര്‍ ഖസാക്കിലെ, സര്‍പദംശനത്തിന്‍റെ കനിവിന് കാലു നീട്ടിക്കൊടുത്ത രവിയെ ഓര്‍ക്കുന്നുണ്ടാവും.

  ഈ രവിയുടെ വിഷാദത്തിനു മേല്‍ പെയ്തിറങ്ങുന്ന മഴയില്‍ അദ്ദേഹവും സമാനമായ ഒരു തൃഷ്ണയുടെ സാന്ത്വനം ഏറ്റുവാങ്ങിയേക്കാവുന്ന ചിത്രം അവസാന വരികളില്‍ തെളിയുന്നുണ്ട് എന്ന് എനിക്കും തോന്നിയത് താങ്കള്‍ സൂചിപ്പിച്ചപ്പോഴാണ്.

  ReplyDelete
 17. @priyadharshini
  The unpredictability of life is the beauty of it as well as the tragedy of it at the same time.

  ReplyDelete
 18. fantastic. our reality always stares at us with a pinch of unforseeable life.

  ReplyDelete
 19. കഥയായാലും അനുഭവമായാലും ടച്ചിങ്ങ് മാഷേ...

  ReplyDelete
 20. ഹൃദയത്തെ സ്പര്‍ശിച്ചു! പ്രമേയം നൂതനമല്ലെങ്കിലും രചനയില്‍ ഉചിതമായി തരപ്പെടുത്തിയ ഭാവപ്പകര്‍ച്ചകള്‍ അതിമോഹനമാക്കാമായിരുന്നു. കഥാന്ത്യത്തില്‍ നടത്തിയ അവതരണരീതി കൗതുകം ജനിപ്പിച്ചു. കഥയുടെ ഭാവവും പരിണാമഗുപ്തിയും കണ്ട്‌ ഇതൊരു സംഭവകഥയാണെന്നു തോന്നിപ്പോയി. ഒരുപക്ഷെ, ഇത്തരം സംഭവങ്ങള്‍ ധാരാളം കേട്ടറിഞ്ഞതിനാലാവണം ഈ തോന്നല്‍.
  "മൃത്യുവിന്‌ ഒരു വാക്കേയുള്ളൂ: വരൂ"
  എന്ന്‌ പാടിയത്‌ കവി അയ്യപ്പനാണോ?
  ഒരു സാമ്യപ്പെടുത്തലാണ്‌ ഇവിടെ ഉദ്ദേശിച്ചതെങ്കില്‍, ഫലിച്ചുവോ എന്ന ശങ്ക. എന്നാല്‍, ഇടയ്ക്കുള്ള ഈ ചൊരുതല്‍ ഇത്തരം കഥയുടെ തൊണ്ടയില്‍ ഒരു മുള്ളായി തടഞ്ഞ്‌ വികാരാര്‍ദ്രതയെ ഭംഗപ്പെടുത്തുകില്ലേ എന്നൊരു സംശയം.
  കൈവന്ന എഴുത്താണെന്നതില്‍ തര്‍ക്കമില്ല.

  ReplyDelete
 21. valare hridhyamayi anubhavappettu.... aashamsakal....

  ReplyDelete
 22. അതെ..ഹൃദയസ്പര്‍ശിയായ കഥ!

  ReplyDelete
 23. രവി കണ്ണില്‍ കാണുന്നതെല്ലാം വളരെ ശ്രദ്ധയോടെ പറഞ്ഞത് നന്നായിരിക്കുന്നു. ഡോക്ടറെ കാണുന്നതും തിരക്കും കാത്തിരിപ്പും അതിനിയില്‍ അവരുടെ താല്പര്യങ്ങളും എല്ലാം രസമായി ഭംഗിയോടെ അവതരിപ്പിച്ചു. അതിലൂടെ ഒരു പ്രവാസിയുടെ സാധാരണ മോഹങ്ങളും അതിന്റെ പ്രതീക്ഷയും അവസാനം അനുഭവിക്കാന്‍ യോഗമില്ലാതെ കടം മാത്രം ബാക്കിയാക്കി ഒരു ജീവിതം പൊലിയുന്ന നൊമ്പരം ബാക്കിയാക്കി അവസാനിക്കുമ്പോള്‍ മരണത്തിന് ഒറ്റ വാക്കെയുള്ളു....
  ഇഷ്ടപ്പെട്ടു.

  ReplyDelete
 24. ഡോക്ടര്‍മാരെയും ആശുപത്രികളെയും വിശ്വസിക്കാന്‍ പറ്റാത്ത ഒരു കാലഘട്ടത്തില്‍ ആണ് നമ്മളിപ്പോള്‍.ആത്മാര്‍ഥതയുള്ളവരാര്,,
  ഇല്ലാതവരാര് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ.

  കഥ മനസ്സില്‍ തട്ടി,

  ReplyDelete
 25. "മൃത്യുവിന് ഒരു വാക്കെയുള്ളൂ: വരൂ"
  പ്രവാസികളുടെ കര്‍ട്ടന്‍ പലപ്പോഴും പാതി വഴിയിയിലാണ് വീഴുന്നത്. അവര്‍ക്ക് കാണികള്‍ കുറവായതിനാല്‍ വലിയ ബഹളങ്ങള്‍ ഉണ്ടാവാറില്ല എന്ന് മാത്രം. സലാമിന്റെ ശൈലിയില്‍ നിന്നും വേറിട്ട ഒരു രചനയായി ഇത് തോന്നുന്നു.

  ReplyDelete
 26. ജനനത്തിനും മരണത്തിനും ഇടയില്‍ കുന്നിക്കുരു പോലെ ഒരു ജീവിതവും കുന്നു പോലെ പ്രാരാബ്ധങ്ങളും .....

  ReplyDelete
 27. ഹൃദയസ്പര്‍ശിയായ കഥ,,,

  ReplyDelete
 28. ജീവിതത്തിന്‍റെ കാറ്റിലും കോളിലും ഉലഞ്ഞാടി
  അക്കരപറ്റാന്‍ കഴിയാതെ മുങ്ങിത്താഴുന്ന
  എത്ര രവിമാര്‍... ആകാശത്തിനു ചുവട്ടില്‍
  എല്ലാം വിട്ട് ഭൂമിയുടെ മാറിടത്തിലേക്കുള്ള
  യാത്ര അപ്രതീക്ഷിതമാകാനാണ് ഏറെ സാധ്യത!.
  അപ്പോഴും കുമിഞ്ഞു നില്‍ക്കുന്ന പ്രതീക്ഷകളുടെ
  ഭാണ്ഡം നമ്മുടെ കയ്യിലുണ്ടാകും.

  As Emily Dickinson reminded:

  "Because I could not stop for Death,
  He kindly stopped for me;
  The carriage held but just ourselves
  And Immortality".

  ReplyDelete
 29. ഏതൊരു ചിന്തക്കും അതിന്റെതായ കാരണങ്ങളുണ്ടാവും ഇങ്ങിനെ ഒരു വ്യത്യസ്ഥമായ, ഹൃദയ സ്പർശിയായത് എഴുതാൻ പ്രചോദനം?

  ReplyDelete
 30. വ്യത്യസ്ഥ ശൈലി ആകര്‍ഷണീയമാണ്..
  മരണത്തിനു മറുവാക്കില്ലല്ലോ..അതോടെ തീരുന്നു എല്ലാം ...

  ReplyDelete
 31. @ yes,
  reality bites sometime.

  @ ശ്രീ
  thank you sree

  @V P Gangadharan, Sydney
  മിക്ക കഥകള്‍ക്കും ഒന്നോ ഏറെയോ സംഭവങ്ങളോട് ബന്ധമുണ്ടാവും. ഇതും അതെ.
  നിര്‍ദ്ദേശങ്ങള്‍ ഏറെ സ്വാഗതാര്‍ഹം. നന്ദി.

  @jayarajmurukkumpuzha, @jazmikkutty
  നന്ദി

  @പട്ടേപ്പാടം റാംജി
  കഥയെ അറിയുന്ന റാംജിയുടെ വാക്കുകള്‍ അമൂല്യമാണ്.

  @~ex-pravasini
  pravasiniയുടെ നര്‍മ്മമാണ് എനിക്കിഷ്ടം. പക്ഷെ നര്‍മമില്ലാത്ത കാഴ്ചകളാണ് ഏറെയും

  @ബഷീര്‍ Vallikkunnu
  "പ്രവാസികളുടെ കര്‍ട്ടന്‍ പലപ്പോഴും പാതി വഴിയിയിലാണ് വീഴുന്നത്. അവര്‍ക്ക് കാണികള്‍ കുറവായതിനാല്‍ വലിയ ബഹളങ്ങള്‍ ഉണ്ടാവാറില്ല എന്ന് മാത്രം."
  you said Basheer, better than me.

  @ഒറ്റയാന്‍
  മനോഹരമായി കവിതയില്‍ താങ്കള്‍ അത് പറഞ്ഞു.

  @Naushu
  നന്ദി

  @ MT Manaf
  Yes, Death is a sharp date keeper. he never fails to show up.

  @ബെഞ്ചാലി
  അതെ, മുന്നില്‍ വന്ന ചില കാഴ്ചകള്‍. ഇത് ഏതാണ്ട് എല്ലാവരുടെയും കാഴ്ചയാണ്.

  @സിദ്ധീക്ക
  പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.

  ReplyDelete
 32. "മൃത്യുവിന് ഒരു വാക്കെയുള്ളൂ: വരൂ".......

  ReplyDelete
 33. ഒരു ശരാശരി ഗള്‍ഫ് മലയാളിയുടെ കഥ ഹൃദ്യമായി പറഞ്ഞു സലാം..രോഗാതുരമായ പ്രവാസികളുടെ ചുറ്റുപാടുകള്‍ കാണാനുള്ള ഹൃദയമൊന്നും ഡോക്ട്ടര്‍ക്കോ കുടുംബത്തിനോ കാണില്ല...ആശംസകള്‍ !

  ReplyDelete
 34. ഹൃദയസ്പര്‍ശിയായ കഥ!

  ReplyDelete
 35. രചന സൂപ്പര്‍,,, നന്നായിട്ട് കല്‍പകഞ്ചേരിക്കാരാ.... ആദ്യമായിട്ടാണ് ഇവിടെ വരുന്നത്.... കൊട്ടക്കണക്കിനു വായിക്കാനുണ്ടല്ലോ???.. വായിക്കട്ടെ... കാണാം....

  എന്റെ ബ്ലോഗില്‍ വന്നതിന് നന്ദി.....

  വിരല്‍ത്തുമ്പ്.

  ReplyDelete
 36. തീര്‍ത്തും മനോഹരമായ രചന . കഥാ കഥന രീതി , ഭാഷ , ഭാഷയുടെ സംസ്കാരം എല്ലാം മാന്യമായ സ്ഥാനം വഹിക്കുന്നു . സര്‍ഗ്ഗ വൈഭവം തിരിതെളിഞ്ഞപ്പോള്‍ അക്ഷരങ്ങള്‍ അനുവാചകന്റെ നൊമ്പരമായി . അതാണ്‌ കഥാകാരന്റെ മിടുക്ക് . ആശംസകള്‍ .

  ReplyDelete
 37. കഥ വായിച്ചു. ചിലരുടെ അനുഭവം പോലെ തോന്നി. ദിനപത്രങ്ങളില്‍ വായിച്ച് “പാവം” എന്നൊരു കമന്റോടെ വായിച്ച് മറക്കുന്ന അനുഭവങ്ങള്‍ പോലെ.

  കഴിഞ്ഞ പോസ്റ്റിലെ കമന്റുകള്‍ക്ക് മറുപടി എഴുതിയത് വായിച്ചു. വളരെ നല്ല ക്ലാസിക് ഇംഗ്ലിഷ്. നല്ല വീക്ഷണവും. അഭിനന്ദനങ്ങള്‍. (പല വീക്ഷണങ്ങളിലും എന്റെയും നിലപാട് നിങ്ങളുടേതിനോട് യോജിക്കുന്നു എന്ന് ഞാന്‍ കണ്ടു)

  ReplyDelete
 38. ഹൃദയത്തിന്‍റെ കഥ.. ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.ആശംസകള്‍..

  ReplyDelete
 39. കഥയായിരിക്കട്ടെ.ആശംസകള്‍.

  ReplyDelete
 40. പുതുമയുള്ള അവതരണം. വായിച്ചുകഴിഞ്ഞാലും വിട്ടുപോകാത്ത നൊമ്പരം. ഇഷ്ടപ്പെട്ടു.

  ReplyDelete
 41. നല്ല ഒരു കഥ. വായിച്ചു തീര്‍ന്നപ്പോള്‍ പ്രവാസിയുടെ നോബരങ്ങള്‍ ബാക്കിയായി. ഇതുപോലെയുള്ള ഒരു പാട് അനുഭവങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നു..

  ReplyDelete
 42. ക്ഷണിക്കപ്പെടാതെ വരുന്ന അതിഥിയാണ്‌ മരണം. എന്നും വേദനയോടെ മാത്രം ഓര്‍ക്കാന്‍ പറ്റുന്ന ഒരു സത്യം. വേണ്ടപ്പെട്ടവരുടെ മരണം നമ്മില്‍ സൃഷ്ടിക്കുന്ന ആഘാതം അസഹനീയമാണ്‌.

  ഉമ്മുഅമ്മാര്‍ പറഞ്ഞതു പോലെ പലതവണ കേട്ട വിഷയമാണെങ്കിലും അവതരണം നന്നായി. പല കഥകളും. മുഖങ്ങളും മനസ്സിലുടെ കടന്നുപോയി.

  ReplyDelete
 43. ഈ കഥാപാത്രങ്ങളെ എവ്ടയോ വെച്ച് കണ്ട പോലെ,ഇതില്‍ ഏറ്റവും ഇഷ്ടമായ വാക്ക്യം "അവധിയ്ക്ക് വരുമ്പോള്‍ അണിയുന്ന പുതുവസ്ത്രങ്ങളുടെ മോഡിയില്‍ തന്‍റെ ദാരിദ്യം മറയ്ക്കുന്ന ഒരു ശരാശരി ഗള്‍ഫുകാരന്" , കണ്ടിരിക്കുന്നു ഇങ്ങനെ പലരെയും

  ReplyDelete
 44. A SIMPLE AND THOUGHT PROVOKING STORY.

  ReplyDelete
 45. ഒറ്റ വാക്കില്‍ പറയാം.
  പ്രവാസിയുടെ ചുണ്ടിലെ ചിരി മായ്ക്കുന്ന കഥ!
  സൂപ്പര്‍ .

  ReplyDelete
 46. @സലീം ഇ.പി.
  നന്ദി സലിം. ഡോക്ടറെ പൂര്‍ണമായി കുറ്റപ്പെടുത്താനും കഴിയില്ല.

  @lekshmi. lachu
  thank you

  @വിരല്‍ത്തുമ്പ്
  വിരല്‍ത്തുംബിലെ സൂര്യന്‍, വീണ്ടും വരിക

  @Abdulkader kodungallur
  നന്ദി, അബ്ദുല്‍ കാദര്‍, ഇനിയും വരിക

  @ajith
  അതെ ദിനപ്പത്രങ്ങളില്‍ വായിക്കുന്നപോലല്ല, കാര്യങ്ങള്‍ മുന്നില്‍ കാണുമ്പോള്‍.

  @ആറങ്ങോട്ടുകര മുഹമ്മദ്‌
  നന്ദി

  @കുസുമം ആര്‍ പുന്നപ്ര
  thanks, visit again

  @ചെറുവാടി
  ചെരുവാടിയുടെ ചാലിയാറിലെ ഓളങ്ങളിലൂടെ വായിച്ച കിക്കിലാണ് ഞാന്‍

  @Vayady
  അതെ, "വേണ്ടപ്പെട്ടവരുടെ മരണം നമ്മില്‍ സൃഷ്ടിക്കുന്ന ആഘാതം അസഹനീയമാണ്‌."

  @Aneesa
  thank you

  @nasarkapat
  nasar get connected and come often. and post something on your sakshi

  @ഇസ്മായില്‍ കുറുമ്പടി (തണല്‍)
  ഹൈക്കു വരികളുടെ ആശാനെ, you said it in a word, simply.

  ReplyDelete