Saturday, January 22, 2011

പാലപ്പൂമണം കാറ്റില്‍ പരന്ന നാള്‍


ഇന്‍ബോക്സില്‍ പുതുതായി വന്നു കിടക്കുന്ന ഒരു ഇ-മെയില്‍, അയച്ച ആളുടെ പേരിനു താഴെ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരാളുടെ പേര്. അവാച്യമായ ഒരനുഭൂതി അത് നല്‍കുന്നു. അത് കൊണ്ടു വരുന്ന വാര്‍ത്ത സന്തോഷത്തിന്‍റെതാവാം സന്താപത്തിന്‍റെതാവാം. പക്ഷെ, വന്നു കിടക്കുന്ന കുറിമാനത്തിന് ജീവന്‍ തുടിയ്ക്കുന്ന ഒരാത്മാവുണ്ട്.

അത് അങ്ങിനെയായിരുന്നു, അന്നും, അത് കടലാസില്‍ ചുരുണ്ട് കൂടി വിവിധ വര്‍ണ്ണങ്ങളുടെ കുപ്പായമണിഞ്ഞു വന്ന കാലത്തും. അല്ല, അന്ന് ഇതിലേറെ വശ്യമായിരുന്നു അതിന്‍റെ അകംപുറ കാഴ്ചകള്‍. അന്ന് നിങ്ങള്‍ അതിനെ തൊട്ടു താലോടിയറിഞ്ഞിരുന്നു. ചിലപ്പോഴത് സുഗന്ധവാഹിയായി, മറ്റു ചിലപ്പോള്‍ സല്ലാപം ചൊരിയുന്ന സുഹൃത്തായി, സാന്ത്വനമായി.

ഓരോരുത്തരുടെ കത്തുകള്‍ക്കും അവരവരുടെ മുഖങ്ങള്‍ പോലെ വ്യത്യസ്തമായ കയ്യക്ഷരങ്ങള്‍ പകരുന്ന ഒരു ജീവന്‍ ഉണ്ടായിരുന്നു. ‍അതിലെ ഒരു കുത്തും കോമയും വരെ അത് എഴുതിയ വ്യക്തിയെ ഒരു കണ്ണാടിയിലെന്ന പോലെ പ്രതിഫലിപ്പിച്ചു. മൈക്രോസോഫ്റ്റ്‌ നല്‍കുന്ന മനോഹര(!) ലിപികള്‍കൊണ്ട് അതിനു പകരം വെയ്ക്കാനാവുമോ?

കാത്തിരിക്കാറുണ്ടായിരുന്നു നിങ്ങള്‍, കാക്കിയണിഞ്ഞു കുട ചൂടി വരുന്ന ആ ചെറുപ്പാക്കാരനെ, അതെ, ചിലപ്പോള്‍ വയസ്സനെ. ഇടവഴിയില്‍, റോഡില്‍, കവലയില്‍, പാടവരമ്പില്‍, പ്രത്യക്ഷപ്പെടുന്നത് കാണാന്‍, കുന്നിറങ്ങി വരുന്നത് കാണാന്‍, കുറിമാനത്തിന്‍റെ കെട്ടുകള്‍ അടുക്കി വെച്ച ബാഗുമായി.

വെയിലില്‍, കുളിരില്‍, മഴയില്‍, മഞ്ഞില്‍, മിഴികള്‍ തുറന്നു നിങ്ങള്‍ എത്ര കാത്തു നിന്നില്ല! അങ്ങകലെ, പുഴക്കടവിറങ്ങി, അവന്‍റെ രൂപം തെളിഞ്ഞു വരുന്ന നിമിഷം നിങ്ങളുടെ ഹൃദയത്തില്‍ തുടികൊട്ടുകള്‍ എത്ര ഉയര്‍ന്നില്ല! അതെ, ചിലപ്പോഴത് സന്ദേഹങ്ങളുടെ പെരുമഴക്കാറായ്‍ നിറഞ്ഞു.

അത് അങ്ങിനെയായിരുന്നു. ഒരു വിരലമര്‍ത്തലിന്‍റെ ദൂരത്ത് പ്രിയപ്പെട്ടവര്‍ വിശേഷങ്ങള്‍ കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്യാന്‍ തുടങ്ങുന്ന കാലത്തിനും മുന്‍പ്, ഈ മനോഹരമായ ടാറിട്ട റോഡുകള്‍ അതിനു മുന്‍പ് ചെമ്മണ്‍ പാതകളായി രൂപപരിണാമം പ്രാപിയ്ക്കും മുന്‍പ്, അതിന്‍റെ ആദിരൂപമായ ഇടവഴികള്‍ അനാദിയായ സര്‍പ്പങ്ങളെപോലെ, ഗ്രാമമേനിയിലെ ജീവരക്ത വാഹിനികളായ നാഡി ഞരമ്പുകള്‍ പോലെ വളഞ്ഞു പുളഞ്ഞു കിടന്ന കാലം. കുണ്ടനിടവഴികളില്‍ കൈവഴികള്‍ പിരിയുന്നിടങ്ങളില്‍ പാമ്പുകള്‍ ഇണ ചേര്‍ന്ന കാലം‍, വഴിയരികില്‍ പൂത്തു പടര്‍ന്നു മാദക സുഗന്ധം പരത്തിയ പാലമരക്കൊമ്പില്‍ യക്ഷികള്‍ കുടി പാര്‍ത്ത കാലം, അതും കഴിഞ്ഞുള്ള നാലും കൂടിയ തിരിവില്‍ ജിന്നുകള്‍ പതിയിരുന്ന് മന്ത്രിച്ചു വിളിച്ച കാലം, അവരോടു കലഹിച്ചും, പിന്നെ കഥ പറഞ്ഞും നിങ്ങള്‍ കൂടണഞ്ഞ കാലം.

കാലവര്‍ഷം കൂലം കുത്തിയൊഴുകി വന്ന നടവഴികളിലെ നീര്‍ച്ചാലുകള്‍ നീന്തി, ഇരുപുറവും നിറഞ്ഞ പറക്കെട്ടിനാല്‍, വൃക്ഷലതാതികളാല്‍ ഇരുട്ട് വീണ, തണുത്തുറഞ്ഞ കല്ലുവെട്ടിടവഴികളും കടന്നു, നടക്കാന്‍ പേടിയാവുന്ന തങ്ങളുപ്പാപാന്‍റെ ഇടവഴിയും അതിനപ്പുറത്തെ സര്‍പ്പക്കാവും ചുറ്റി, എല്ലാ ദുര്‍ഘട വഴികളും താണ്ടി അവന്‍ വന്നു, തന്‍റെ കുറിമാനക്കെട്ടുകളുമായി, നിങ്ങളുടെ ഊരും പേരും പരതി.

അവന്‍ വന്നു, വീട്ടമ്മയുടെ കാതങ്ങള്‍ക്കകലെയുള്ള, കടലുകള്‍ക്കക്കരെയുള്ള വീട്ടുകാരന്‍റെ
വിശേഷങ്ങളുമായി, അവന്‍റെ ആത്മാവില്‍നിന്നുയിര്‍കൊണ്ട വാക്കുകളുമായി, പേനയില്‍ നിണം നിറച്ചെഴുതിയ അക്ഷര ദൂതുമായി. അതിനു വിയര്‍പ്പിന്‍റെ ഗന്ധമുണ്ടായിരുന്നു, നിരാശയുടെ നനവുണ്ടായിരുന്നു, ആശയുടെ കനവുണ്ടായിരുന്നു, വിരഹത്തിന്‍റെ വേദനയുണ്ടായിരുന്നു.

അത് വായിച്ചു, വീണ്ടും വായിച്ചു അണ പൊട്ടിയ അവളുടെ മിഴിനീര്‍ കടലാസില്‍ പകര്‍ന്നു മഷി കലങ്ങുമ്പോള്‍ അവളുടെ കൈ പിടിച്ചു താഴെ നിന്നൊരു ബാലന്‍ സീമാതീതമായൊരു സങ്കടത്തില്‍ തന്‍റെ കുഞ്ഞു കൈകള്‍ കൊണ്ടവളെ ആലിംഗനം ചെയ്തിരുന്നു. ആപ്പോള്‍ അവളുടെ മിഴികളില്‍ നിന്നടര്‍ന്നു അവന്‍റെ മൂര്‍ദ്ധാവില്‍ വീണ കണങ്ങള്‍ക്ക് ഉഷ്ണമഴയുടെ ചൂടുണ്ടായിരുന്നു.

കാലങ്ങള്‍ കഴിഞ്ഞു, പിന്നെ കലാലയവീഥിയുടെ തണല്‍മരച്ചുവട്ടില്‍ നിങ്ങളുടെ പ്രിയ കൂട്ടുകാരി തന്‍റെ പുസ്തകത്തിലെ പൂവിന്‍ദളങ്ങളമര്‍ത്തി കാത്തുവെയ്ക്കുന്ന പേജ് തുറന്ന് കവറില്ലാതെ മടക്കി വെച്ച കടലാസില്‍ ആദ്യമായ് തന്ന പ്രണയലേഖനത്തിന് ചെമ്പകപ്പൂവിന്‍റെ മണമുണ്ടായിരുന്നു.

പിന്നെ, ഒരു ഇടവ മാസത്തിലെ മഴക്കാലത്ത്, ഇറയത്ത്‌ വരിയൊപ്പിച്ചു വീഴുന്ന മഴനൂലിഴകള്‍ നോക്കി അറിയാത്തൊരു ശോകത്തില്‍ ലയിച്ചിരിക്കെ പോസ്റ്റ്‌ മാന്‍ കുട ചൂടി വന്നു പാതി നനഞ്ഞൊരു കവറില്‍ കൊണ്ടു വന്ന ജോലി നിയമന ഉത്തരവ്, കടലിനക്കരെ നിന്ന് വന്നെത്തിയ വിസയുടെ ഒരു കടലാസ്.

കൂകിപ്പായുന്ന തീവണ്ടിയില്‍ സമാന്തരമായി അറ്റമില്ലാതെ നീണ്ടു കിടക്കുന്ന റെയില്‍പാളങ്ങള്‍ക്കൊപ്പം സഞ്ചരിച്ചും , ലോഹച്ചിറകില്‍ വിണ്ണിലുയര്‍ന്ന് അനന്തവിശാലതയില്‍ പറന്നും, ദേശാന്തര പ്രയാണങ്ങളില്‍, വീണേടം വിഷ്ണുലോകം തീര്‍ക്കുമ്പോഴും നാടിന്‍റെ സ്പന്ദനങ്ങള്‍ നിങ്ങള്‍ പങ്കു വെച്ചത് ഈ കടലാസിലായിരുന്നു. നിങ്ങളുടെ സന്തോഷവും സല്ലാപവും, സങ്കടവും സാന്ത്വനവും, ആശയും നിരാശയും അന്ന് ആ പോസ്റ്റുമാന്‍റെ ബാഗിനകത്ത്‌ ഒരുമയോടെ തൊട്ടുരുമ്മിക്കിടന്നു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് അധികം അകലമില്ലാത്ത പോലെ.

പിന്നീട് മാറി മറിഞ്ഞ ഭൂമിശാസ്ത്രങ്ങള്‍, കാലം കൊണ്ടു വന്ന മാറിയ കുറിമാന കാഴ്ചകള്‍, ഇലക്ട്രോണിക് മെയില്‍, മൊബൈല്‍ എസ്.എം എസ് എന്നിങ്ങിനെ. പഴയ പോസ്റ്റ്മാന്‍ ആ ഇടവഴിയോടൊപ്പം, ആ ജിന്നുകള്‍ക്കും യക്ഷികള്‍ക്കുമൊപ്പം കാലത്തിന്‍റെ വിസ്മൃതിയില്‍ എവിടെയോ ലയിച്ചു ചേര്‍ന്നു. ഇന്ന് ആരും അതേ ആകാംഷയില്‍ അവനെ കണ്മിഴിച്ചു കാത്തിരിക്കാറില്ല.

പക്ഷെ, ഇന്നും വന്നു കിടക്കുന്നൊരു ഇ-മെയിലില്‍ ഹൃദയത്തിലുള്ളൊരാളുടെ പേര് കാണുമ്പോള്‍, അങ്ങിനെയുള്ളൊരു എസ്.എം.എസ് കാണുമ്പോള്‍ നിങ്ങള്‍ ഇതെല്ലാം ഇങ്ങിനെ വെറുതെ ഓര്‍ത്തു പോവും. അത് അയച്ച ആളുടെ അന്ന് പരിചയമുണ്ടായിരുന്ന ആ കയ്യക്ഷരം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു നോക്കും. പണ്ട് കണ്ടു മറന്ന ഒരാളുടെ മുഖം ഓര്‍മയില്‍ വീണ്ടും പരതി തെളിയിച്ചെടുക്കാന്‍ വെറുതെ ശ്രമിക്കുംപോലെ.

വെറുതെ!

Images: Google

60 comments:

 1. ഓര്‍മ്മകളിലോ ഉണര്‍വുകളിലോ നാം ഉത്സാഹം തേടേണ്ടിയിരിക്കുന്നു.
  -കടമ്മനിട്ട

  ReplyDelete
 2. ഓരോരുത്തരുടെ കത്തുകള്‍ക്കും അവരവരുടെ മുഖങ്ങള്‍ പോലെ വ്യത്യസ്തമായ കയ്യക്ഷരങ്ങള്‍ പകരുന്ന ഒരു ജീവന്‍ ഉണ്ടായിരുന്നു. ‍അതിലെ ഒരു കുത്തും കോമയും വരെ അത് എഴുതിയ വ്യക്തിയെ ഒരു കണ്ണാടിയിലെന്ന പോലെ പ്രതിഫലിപ്പിച്ചു. മൈക്രോസോഫ്റ്റ്‌ നല്‍കുന്ന മനോഹര(!) ലിപികള്‍കൊണ്ട് അതിനു പകരം വെയ്ക്കാനാവുമോ?


  ഒരിക്കലുമില്ല സലാംക്ക ...അതൊരു കാലമായിരുന്നു ..ഇത് പോലെയുള്ള ഒരു വിഷയം എഴുതിയതിനു സ്പെഷല്‍ താങ്ക്സ്

  ReplyDelete
 3. പോസ്റ്റുമാന്‍ വിസ്മൃതിയിലേക്കു മറയാന്‍ ഒത്തിരി നാള്‍ കാത്തിരിക്കേണ്ടി വരില്ല. പണ്ടൊക്കെ ഒരു കത്തു കയ്യില്‍ കിട്ടിയാല്‍, മേല്‍വിലാസം എഴുതിയ കയ്യക്ഷരം നോക്കി, ആളെ തിട്ടപ്പെടുത്തിയിട്ടു കൌതുകത്തോടെ ആയിരുന്നു, കത്തു പൊട്ടിച്ചു വായിച്ചിരുന്നത്. പലരും ഓര്‍ത്തിരിക്കാത്ത ഒരു കാര്യം കൂടിയുണ്ട്. അക്ഷരാഭ്യാസം കുറവുണ്ടായിരുന്ന കാലഘട്ടങ്ങളില്‍, കത്തു വായിച്ചു കേള്‍പ്പിക്കലും, അതിനു മറുപടി എഴുതലും, പോസ്റ്റുമാന്റെ സേവനമായിരുന്നു. പഴയ കാലത്തിന്റെ ഒരു നല്ല ഓര്‍മ്മപ്പെടുത്തല്‍ അനുഭവപ്പെട്ടു.
  അഭിനന്ദനങ്ങള്‍!

  ReplyDelete
 4. മനോഹരമായിരിക്കുന്നു..നമ്മള്‍ മറവി വിട്ടുകൊടുത്ത നാട്ടിന്‍പുറത്തെ കഥാപാത്രങ്ങള്‍..
  ഓര്‍ത്തെടുക്കുമ്പോള്‍ അവര്‍ക്ക്‌ സമ്മാനിക്കാന്‍ ഒരു നെടു വീര്‍പ്പ് മാത്രം.. വി.ആര്‍.സുധീഷിന്റെ പോസ്റ്മാനെ കുറിച്ചുള്ള മനോഹരമായ ഒരു കഥയുണ്ട്..(പേര് ഓര്‍മയില്ല)..അത് കൂടി ചേര്‍ത്ത് (നിങ്ങളുടെ വിഷയമായി ബന്ധമുണ്ടെന്നു പറയുകയല്ല)വായിക്കുമ്പോള്‍ ഇത് ഒരു വേദനയായി മാറും...

  ReplyDelete
 5. നോവുകള്‍ക്ക് ഹൃദയാക്ഷരം പകര്‍ന്ന എഴുത്ത്. ഒരു പോസ്ടല്‍ കവറിലൂടെ ഗ്രാമത്തിന്‍ നന്മ പൂക്കുന്ന ഈടുവഴികളിലൂടെയും പ്രിയപ്പെട്ടവരുടെ ഹൃദയവഴികളിലൂടെയും കടന്നു പോയി. ഏറെ നേരം ഈ അക്ഷരങ്ങള്‍ക്കൊപ്പം വെറുതെ ഇങ്ങനെ നടക്കാന്‍ തോന്നി. വായിച്ചു തീര്‍ന്നപ്പോള്‍ ഹൃദയത്തിലുള്ള ഒരാളുടെ സ്നേഹത്തിന്‍ ചൂട് പകരുന്ന ഒരു കുറിമാനം വായിച്ച പോലെ ....അഭിനന്ദനങ്ങള്‍ !

  ReplyDelete
 6. ഇന്നിപ്പോള്‍ സര്‍ക്കാര്‍ രേഖകള്‍ കൈമാറാന്‍ മാത്രമായി പോസ്റ്റ്‌ ഓഫീസും പോസ്റ്റുമാനും ..

  ReplyDelete
 7. എല്ലാ മാസവും വീട്ടില്‍ നിന്നുള്ള വരുന്ന മണി ഓര്‍ഡറും കൊണ്ട് വരുന്ന പോസ്റ്റ്മാനെ കാത്തിരുന്ന ക്യാംപസ് കാലം ഓര്‍മയിലേക്ക് വരുന്നു.ഇന്നത് ATM കാര്‍ഡുകള്‍ക്ക് വഴിമാറിയില്ലേ? എല്ലാം കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളായി കാണാം.

  നന്ദി സലാം ഈ ഓര്‍മ്മപെടുത്തലുകള്‍ക്ക്.....

  ReplyDelete
 8. ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ .....

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. അഭിനന്ദനങ്ങള്‍ ....

  ReplyDelete
 11. മനോഹരമായിരിക്കുന്നു.!
  ഈ അക്ഷരങ്ങള്‍ക്കൊപ്പം കാലത്തിന്റെ ഒരു നല്ല ഓര്‍മ്മപ്പെടുത്തല്‍ .
  അഭിനന്ദനങ്ങള്‍...

  ReplyDelete
 12. കാലവും കാലാവസ്ഥയും കഥയും മാറുന്നു. പോസ്റ്റാഫീസ്സുകള്‍ പണമിടപാട് സ്ഥാപനങ്ങളായും പഴയ വായനശാലകള്‍ ഇന്റര്‍നെറ്റ് കഫകളായും കാലത്തിന്റെ കുത്തൊഴുക്കില്‍ അതിജീവനത്തിന്റെ നൂതന മാര്‍ഗ്ഗങ്ങള്‍ തേടുന്നു. നാട്ടു വഴികളിലൂടെ നടുവേ ഓടി ഹൃദയവികാരങ്ങളുടെ അക്ഷരപ്പൂക്കള്‍ കൈമാറിയിരുന്ന അഞ്ചല്‍കാരന്‍ നാടോടുമ്പോള്‍ നടുവേ ഓടാന്‍ കഴിയാതെ എങ്ങോ നടുവൊടിഞ്ഞു വിസ്മൃതിയുടെ കിടക്കപ്പായയില്‍ ചുരുണ്ട് അപ്രത്യക്ഷമാവുകയായി. കത്തുകളില്ലാതെ പട്ടിണിയിലായ തപാല്‍ പെട്ടികള്‍ ആളൊഴിഞ്ഞ കവലയില്‍ ദയാവധം കത്ത് കഴിയുന്നു. കാലത്തിന്റെ ദശാസന്ധിയിലെ അവസ്ഥാന്തരങ്ങളുടെ, വിസ്മയകരമായ വേഷപ്പകര്‍ച്ചകളുടെ ഈ സാക്ഷിമൊഴികളില്‍ അന്യമായിക്കൊണ്ടിരിക്കുന്ന ഗതകാല മധുര സ്മൃതികളുടെ നെടുവീര്‍പ്പുകള്‍ അനുവാചകര്‍ക്കു കേള്‍ക്കാം. നന്നായിരിക്കുന്നു സലാം ജി. ഈ അവതരണ മികവിന് അഭിനന്ദനങ്ങള്‍.

  ReplyDelete
 13. എനിക്കുമുണ്ടായിരുന്നു കത്തെഴുത്തിന്‍റെ ഒരു സുവര്‍ണകാലം!!
  അതിനെകുറിച്ച് ഞാനും ഒരു കുഞ്ഞു പോസ്റ്റിട്ടിരുന്നു,(കത്തെഴുത്തിന്റെ "മ"ശാസ്ത്രം)

  ഏതായാലും ഈ പോസ്റ്റ്‌ നടത്തികൊണ്ട് പോവാത്ത വഴികളില്ല..
  കുണ്ടനിടവഴികളും..കല്ലുവെട്ടിക്കുഴികളും താണ്ടി പള്ളിത്തൊടിയുടെ അരികിലൂടെയുള്ള നടവഴിയിലൂടെ..നടന്ന് ,അപ്പക്കാടുകളും പുല്ലാനികളും നിറഞ്ഞ പാറകളും കടന്ന് പാലമരച്ചുവട്ടില്‍ പാലപ്പൂവിന്റെ മണവുമാസ്വദിച്ചു..
  പോസ്റ്റുമാന്റെ സൈക്കിളിന്റെ മണിയടി ശബ്ദവും കേട്ട്,,ഞാന്‍ നടത്തം തുടരുന്നു..

  ReplyDelete
 14. കാക്കി പോസ്റ്റുമാനെ കാത്തിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. പ്രിയപ്പെട്ടവരുടെ എഴുത്തുകള്‍ കൈ അക്ഷരം നോക്കി മനസ്സിലാക്കുന്ന സമയം. പ്രതീക്ഷിക്കാതെ ഒരെഴുത്ത് കിട്ടുംമ്പോള്‍ ഉണ്ടാകുന്ന സന്തോഷം. ഇന്ന് ഇന്റെര്‍നെറ്റിന് വഴിമാറി എല്ലാം. അന്നത്തെ ആ അനുഭൂതി ഇന്ന് നമുക്ക് കിട്ടുന്നില്ലാ.

  ഓര്‍മകളെ അയവിറക്കി നല്ലൊരു പോസ്റ്റ്‌, സലാംജിക്ക് ആശംസകള്‍..

  ReplyDelete
 15. രമേശേട്ടന്‍ പറഞ്ഞതുപോലെ സര്‍ക്കാര്‍ രേഖകള്‍ കൈമാറാന്‍ മാത്രമായി മാരിയിരിക്കുന്ന്നു...‍

  ReplyDelete
 16. ആദ്യം തന്നെ നന്ദി പറയട്ടെ .. ഈ സുന്ദരമായ പോസ്റ്റിന്‌.
  ഒരു കാലത്തെ, കാത്തിരിപ്പിനെ, എല്ലാം മനോഹരമായി സന്നിവേശിപ്പിച്ച രചന.
  മനോഹരമായ കയ്യക്ഷരത്തില്‍ എഴുതിയ ഒരു കത്ത് കിട്ടാന്‍ കൊതിയായിപ്പോയി.
  ജീവന്നില്ലാതെ ഇലക്ട്രോണിക് അക്ഷരങ്ങളേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നതും താലോലിക്കുന്നതും ഈ ഓര്‍മ്മകള്‍ ആണ്.
  ആശംസകള്‍

  ReplyDelete
 17. കൊള്ളാം നല്ല ഓര്‍മ്മപ്പെടുത്തലുകള്‍...

  ReplyDelete
 18. മനസ്സിനെ ആട്ടിത്തെളിച്ച് ഓര്‍മ്മകളില്‍ മേയാന്‍ വിട്ടതിന് അഭിനന്ദനങ്ങള്‍.
  പോസ്റ്റ്മാന്‍റെ സൈക്കിള്‍ കാണുമ്പോള്‍ നെഞ്ചിടിപ്പ് തുടങ്ങും..അയച്ച കവിതയോ കഥയോ അച്ചടിമഷിപുരണ്ട് തിരിച്ചു വരുന്നുണ്ടോ, അല്ലെങ്കില്‍ പത്രാധിപരതു തിരിച്ചയച്ചോ എന്നൊക്കെ അറിയാനുള്ള ഉല്‍ക്കണ്ഠ..
  കിട്ടുന്നതൊരു ബുക്പോസ്റ്റ്‌ ഉണ്ടാകുന്ന ആ ആത്മനിര്‍വൃതി..അതെഴുവാന്‍ അക്ഷരങ്ങള്‍ പോര..

  ReplyDelete
 19. ടർക്കിഷ് ബ്ലൂ നിറം നിറച്ച പേന കൊണ്ട് ഞാനെഴുതുന്ന കത്തുകൾക്ക് ചരിഞ്ഞ അക്ഷരങ്ങൾ കൊണ്ട് ഒരു കുറിമാനം. എല്ലാം വെളിപ്പെടുന്ന പോസ്റ്റുകാർഡുകളിലെത്തുന്ന കുറിപ്പുകൾ. കത്തുകളിൾ ഹൃദയത്തിന്റെ ഭാരം മുഴുവൻ ഇറക്കിവച്ച് നാം നെടുവീർപ്പിടുന്ന ദിനങ്ങൾ,എല്ലാം പോയ്‌മറഞ്ഞിരിക്കുന്നു. എത്രയെത്ര കത്തുകൾ. ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. നൂറുകണക്കിനു കത്തുകൾ. പഴയ കാലത്തെ തിരികെവിളിക്കാൻ. കത്തെഴുത്ത് എന്നെന്നേയ്യ്ക്കുമായി നിന്നപ്പോൾ തീർന്നു പോയ അകന്നുപോയ എത്ര സൌഹൃദങ്ങൾ. വിലാസം മറഞ്ഞു പോയതിനാൽ ബന്ധപ്പെടാൻ കഴിയാതെ പോകുന്ന നൂല്പാലങ്ങൾ. ഒക്കെ ഓർമ്മിപ്പിച്ചു. ചിലപ്പോൾ ഗൃഹാതുരത്വം നല്ല ഒരു നിലപാടാണ്.

  ReplyDelete
 20. മനോഹരമായി എഴുതി.സാഹിത്യഭംഗിയോടെ..
  കത്തും ഇന്നൊരു ഗൃഹാതുരത്വം പിടിച്ച
  ഓര്‍മ്മയായി മാറിക്കഴിഞ്ഞല്ലോ..പോസ്റ്റ്മാനെ
  കണ്ടാല്‍ ഇപ്പോഴും ഒരു കുളിര് വരും..നമുക്കുള്ളതു
  വല്ലതും ഉണ്ടോ എന്നറിയാനുള്ള ആകാംഷ.
  അല്ലെങ്കിലും സാങ്കേതിക വിദ്യയുടെ പുരോഗതി
  കാരണം നമുക്കു കുറേ സംതൃപ്തികള്‍
  നഷ്ടപ്പെടുന്നുണ്ട്..

  ReplyDelete
 21. വിരഹത്തിന്റെ നാളുകളില്‍ പ്രിയന്‍ അയച്ച മോഹങ്ങള്‍ അടച്ച് പൂട്ടിയ കവറുമായി എത്തുന്ന പോസ്റ്റുമാന്‍
  എന്ത് സന്തോഷമായിരുന്നു ആ കാലം ഓര്‍ത്തു പോയി ഒരിക്കല്‍ കൂടി അന്ന് ഇന്‍റെര്‍ നെറ്റ് കൊണ്ടുള്ള ദുരുപയോഗങ്ങളും കുറവായിരുന്നു.

  ഇനിയില്ല ആ കാലം ഇന്ന് കലികാലം തിമിര്‍ത്തു ആടുകയല്ലേ..
  വേറിട്ടൊരു പോസ്റ്റ്‌

  ReplyDelete
 22. ആര്‍ക്കും കത്തെഴുതാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലാ... അതോണ്ട് തന്നെ അതിന്റെ ത്രില്ലറിയാനും പറ്റിയിട്ടില്ലാ
  ഈ-മെയില്‍ അയക്കാറുണ്ട് കിട്ടാറുണ്ട്, അതിലെ ത്രില്ല് തിരിച്ചറിഞ്ഞിട്ടുമുണ്ട്

  വീട്ടിലെക്ക് ഇപ്പോളും പോസ്റ്റ് മാന്‍ വരാറുണ്ട്
  മാസികകളും പുസ്തകങ്ങളുമായി, പണ്ടത്തെ പോലെ തന്നെ

  ReplyDelete
 23. ഹൃദയത്തിന്റെ മുനകൊണ്ട് സ്നേഹാക്ഷരങ്ങള്‍ കുത്തിക്കുറിച്ച്
  പ്രിയപ്പെട്ടവര്‍ക്ക് ഒരു കത്തയച്ചാല്‍, സന്തോഷങ്ങളും, ദുഃഖങ്ങളും, സ്വപ്നങ്ങളും കൈമാറുമ്പോഴുമുണ്ടാകുന്ന അനുഭൂതി മറ്റൊന്നു കൊണ്ടും ലഭിക്കില്ല...മനസ്സില്‍ ഒരുപാട് പഴയ ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്നു.സലാം ഭായ് ...മനോഹരമായ പോസ്റ്റ്...

  ReplyDelete
 24. നന്നായ് സലാംജി ഈ ഓര്‍മ്മപ്പെടുത്തലിന്.
  ഒരു കത്ത് വായിക്കുമ്പോഴുള്ള സുഖം ഇമെയില്‍ വായിക്കുമ്പോള്‍ ഇല്ല.കത്തെഴുതുന്നതും ഒരു കലയാണു.വിശേഷങ്ങളൊക്കെ ഇങ്ങനെ അടുക്കിപ്പെറുക്കി വെച്ച്,കുഞ്ഞു കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളുമായ് ഒരു കത്ത് കിട്ടുമ്പോഴുള്ള സുഖം!!വായിച്ചിട്ടും വായ്ച്ചിട്ടും മതിയാവാതെ തലയണക്കടിയില്‍ വെച്ക് ഉറങ്ങിപ്പോകാറുള്ളത്...
  ആശംസകള്‍.

  ReplyDelete
 25. This comment has been removed by the author.

  ReplyDelete
 26. എത്രയും പ്രിയപ്പെട്ട........


  ഞാന്‍ ഈ എഴുത്ത് എഴുതുന്നത്‌ എന്താണെന്നു വെച്ചാല്‍ ഈ പോസ്റ്റ്‌ കുറേ വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ നമ്മളെ കൊണ്ടെത്തിച്ചു , എനിക്കും ഓര്‍മ്മ ഉണ്ട്, കുറേ മുമ്പ് ഉമ്മാമ പറഞ്ഞിട്ട് കത്തെഴുതിയത്, ഉമംമക്ക് എഴുതാന്‍ പിടിയില്ലാത്തത് കൊണ്ടു എന്നെ കൊണ്ടാണ് എഴുതിപിക്കാര് , പിന്നെ ഉപ്പാക്ക് വേണ്ടി എഴുതിയതും ഓര്‍ക്കുന്നു, ഒരിക്കല്‍ pen friendship വേണമെന്ന് പറഞ്ഞു എനിക്കൊരു കത്ത് കിട്ടിയതും, വീട്ടില്‍ വരുന്ന ഗള്‍ഫ്‌ കത്തുകളിലെയും സ്റ്റാമ്പ്‌ പറിച്ചു സൂക്ഷിക്കാരുണ്ടയിരുന്നു

  പിന്നെ പ്രണയലേഖനം, കിട്ടിയിട്ടിലെങ്കിലും വേറെ പലര്‍ക്കും കിട്ടിയവ വായിച്ചിട്ടുണ്ട്, ....അപ്പൊ ഇത്രയും എഴുതി ഞാന്‍ നിര്‍ത്തട്ടെ "

  -- എന്ന് ...അനീസ

  ReplyDelete
 27. ഞാനും എത്രയോ നാളുകൾ പോസ്റ്റുമാനെ കാത്തിരുന്നിട്ടുണ്ട് ഇ ഗൾഫിൽ...?! നാട്ടിൽ ഞാൻ പോസ്റ്റുമാന്റെ ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഒരു കത്തൊ,മണിയോർഡറൊ കിട്ടുമ്പോൾ ആ മുഖങ്ങളിലുണ്ടാകുന്ന,വികാരം ഞാൻ ഒരുപാട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ചിലർ എന്തൊരു ബഹുമാനത്തോടെയാണെന്നോ പിന്നീട് കാണുമ്പോൾ... !! ആശംസകൾ...

  ReplyDelete
 28. ഒരിക്കലും തിരിച്ചുവരാത്ത എത്ര എത്ര കാര്യങ്ങള്‍ നമുക്ക് നഷ്ടപ്പെട്ടു!
  ഇപ്പോഴുള്ളത് ഇനി എത്ര നഷ്ടപ്പെടാനിരിക്കുന്നു!പക്ഷെ ഇന്നത്‌ നമുക്ക് മുന്നില്‍ തെളിയുന്നില്ല എന്ന് മാത്രം.
  (താങ്കളുടെ ഭാഷ എത്രമേല്‍ വശ്യമാണ്)

  ReplyDelete
 29. എത്രയും പ്രിയമുള്ള സലാം വായിച്ചറിയുന്നതിന്,

  നിന്റെ പോസ്റ്റ് കിട്ടി, വായിച്ച് വളരെ സന്തോഷമായി. നല്ല വടിവൊത്ത അക്ഷരങ്ങള്‍. വായിക്കാന്‍ കണ്ണിനൊരു തത്രപ്പാടുമില്ല. എന്നാലും മുമ്പ് നീ എഴുതിയ ആ ഡോക്ടറുടെ കുറിപ്പടിയെഴുത്ത് പോലെ നീലമഷിയില്‍ കടലാസിലെഴുതി അയച്ച് ഇത് “മാധവന്‍ പോസ്റ്റ് മാന്‍” കൊണ്ടു തന്നിരുന്നെങ്കില്‍ ഇനിയുമധികം സന്തോഷമായേനെ. നീ കൈ കൊണ്ടെഴുതിയതാണെങ്കില്‍ അതില്‍ നിന്റെ സ്പര്‍ശവും നിന്റെ ഗന്ധവും എല്ലമെനിക്കൊന്ന് തൊട്ടറിയാമായിരുന്നല്ലോ കൂട്ടുകാരാ. നിനക്കൊരു കഥ കേള്‍ക്കണോ? 26 വയസ്സില്‍ മൂന്ന് വര്‍ഷത്തെ പ്രണയഭാജനത്തെ വിട്ട് സിംഗപ്പൂരില്‍ ജോലിക്ക് പോയി കമ്പനിയുടെ ഫ്ലാറ്റില്‍ കഴിഞ്ഞപ്പോള്‍ പതിനൊന്നാം ദിവസം അവളുടെ കത്ത് വന്നു. പക്ഷെ എങ്ങിനെ വായിക്കും? ഫ്ലാറ്റിന്റെ താക്കോല്‍ തന്ന കൂട്ടത്തില്‍ തന്ന പോസ്റ്റ് ബോക്സിന്റെ കീ മാറിപ്പോയി. അഴിയിട്ട പോസ്റ്റ് ബോക്സിലെ കുഞ്ഞു സുഷിരത്തിലൂടെ എനിക്ക് പരിചിതമായ ആ കയ്യക്ഷരം കണ്ട് വീര്‍പ്പുമുട്ടിയിരുന്ന രണ്ടാഴ്ച്ച. കമ്പനിയിലെ സാറന്മാര്‍ക്ക് നമ്മുടെ ഈ മരണവേദന വല്ലതുമറിയുമോ? സര്‍ക്കാര്‍ കാര്യം മുറപോലെ 24-ആം ദിവസം പെട്ടി പൊട്ടിച്ചപ്പോള്‍ “പിങ്ക്” കവറിലെ കത്തുകള്‍ മാത്രം 7 എണ്ണം. പിന്നെ പോസ്റ്റ്മാന്റെ വരവും നോക്കിയിരുന്ന രണ്ടു വര്‍ഷങ്ങള്‍. എന്തായാലും നിന്റെ ഈ കത്ത് ഓര്‍മ്മകളെ ഉണര്‍ത്തി. പറഞ്ഞുകൊണ്ടിരുന്നാല്‍ കത്തിന് നീളം കൂടും. അതു കൊണ്ട് തല്‍ക്കാലം നിറുത്തട്ടെ.

  N:B. പിന്നെ ഒരു കാര്യം പറയാന്‍ മറന്നു, ഇപ്പോള്‍ പിള്ളേര്‍ക്ക് കത്തെഴുതാനൊന്നും അറിഞ്ഞുകൂടാത്രെ. അവര്‍ക്ക് കമ്പ്യൂട്ടറും മൊബൈലും ചാറ്റിങ്ങുമൊക്കെയാണിഷ്ടം. ചിലപ്പോള്‍ നമ്മുടെയൊക്കെ കാലം തീരുമ്പോളേയ്ക്കും കത്ത് വെറും പുരാവസ്തു ആയിപ്പോകുമായിരിക്കും അല്ലേ? വീട്ടിലെല്ലാവര്‍ക്കും, പ്രത്യേകിച്ച് നിന്റെ കുഞ്ഞുങ്ങള്‍ക്കും എന്റെ സലാം പറയുമല്ലോ,

  ദൈവം അനുവദിച്ചാല്‍ നമുക്ക് ഉടനെ തന്നെ നേരില്‍ കാണാം,

  സ്നേഹത്തോടെ,
  സ്വന്തം അജിത്ത്.

  ReplyDelete
 30. ഇപ്പോൾ പോസ്റ്റ്മാനെ കാത്തിരിക്കുന്നതു സർവീസ് സംബന്ധമായ വിവരങ്ങൾക്കു മാത്രം,പിന്നെ കുറെ മാഗസിനുകളും. ഒന്നു രണ്ട് കത്തുകൾ മാത്രം ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട്.കുറെ നാൾ കാർഡുകളുടെ രൂപത്തിലെങ്കിലും അവ വരുമായിരുന്നു.എഴുതിയ അക്ഷരങ്ങളിൽ സ്നേഹം നിറഞ്ഞു നിന്നിരുന്നു.ഈ പോസ്റ്റ് വായിച്ചപ്പോൾ മാത്രമാണു ഇവയെക്കുറിച്ചു ചിന്തിച്ചത്.നന്നായി.പുതുമയുള്ള വിഷയങ്ങൾ .

  ReplyDelete
 31. കോളേജില്‍ കൂട്ടുകാര്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതിക്കൊടുക്കുന്ന ജോലി എനിക്കായിരുന്നു. ഒന്ന് വൃത്തിയുള്ള കയ്യക്ഷരം. പിന്നെ മുടിഞ്ഞ സാഹിത്യം!

  പിന്നെ, പ്രധാനമായും കത്തുകള്‍ അയച്ചിരുന്നത് എഴുത്തുകാര്‍ക്കായിരുന്നു. അവര്‍ എന്റെ കത്തുകള്‍ക്ക് കൃത്യമായി മറുപടി അയച്ചു.

  ഇപ്പോള്‍ ആര്‍ക്കുവേണ്ടിയും കത്തെഴുതാറില്ല. 'കത്തെഴുത്ത്' മറന്നുപോയെന്നാ തോന്നണെ..!

  ReplyDelete
 32. ശരിയാണ്.എഴുത്തുകള്‍ പോസ്റ്റുമാന്‍ കൊണ്ടു തന്ന് അതു വായിക്കുന്നതിന്‍റ സുഖം ഒന്നു വേറെ
  തന്നെയായിരുന്നു

  ReplyDelete
 33. സലാം
  കല്പകഞ്ചേരി ക്രോണിക്കിള്‍സ്

  ജയിംസ് സണ്ണി
  പാറ്റൂര്‍

  എത്രയും പ്രിയപ്പെട്ട സലാം
  ഇന്നാണു് താങ്കളുടെ എഴുത്ത്
  കണ്ടത്. അതാണു് മറുപടി അല്പം വൈകിയത്.
  എഴുത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം പൂര്‍ണ്ണമായും ശരിയാണു്. എന്നാലും നാടോ
  ടുമ്പോള്‍ നമുക്കു നടുവേ ഓടാതിരിക്കാനാകുമോ.
  ശേഷം നേരില്‍ പറയാം
  സസ്നേഹം
  ജയിംസ് സണ്ണി
  PS.ടി.എന്‍. ഗോപിനാഥന്‍ നായരുടെ
  വൈതരണി എന്ന നാടകം ഓര്‍മ്മയില്‍
  തെളിഞ്ഞു

  ReplyDelete
 34. കത്തെഴുത്തുമായി ഈ അടുത്ത കാലം വരെ പിടിച്ചു നിന്ന ആളാണ്‌ ഞാന്‍. അതിന്‍റെ വിവിധ വികാരങ്ങള്‍ താങ്കള്‍ വിവരിച്ച പോലെ ആസ്വദിച്ചിരുന്നു. അത് കൊണ്ട് തന്നെ ഈ പോസ്റ്റ്‌ വളരെ ഹൃദ്യമായി തോന്നി.

  ReplyDelete
 35. പഴയ കാലത്തിലെ ഒരു പാട് ഓര്‍മ്മകളിലേക്ക് വലിച്ചിഴച്ചു.
  എനിക്ക് ഇത് വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്നത് എന്റെ മകള്‍ (ഇപ്പോള്‍ പതിനൊന്നു വയസ്സ്) നാല് കൊല്ലം മുന്‍പ്‌ ഒരു സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ അതില്‍ ഒരു പോസ്റ്റുമാന്‍ കാലന്‍കുടയും സൈക്കിളും കുറെ കത്തുകളുമായി ഒരു വീട്ടിലേക്ക്‌ പോകുന്നത് കണ്ടു. സിനിമയല്ലേ,വീട്ടില്‍ തിരിച്ചിറങ്ങി വരുന്ന അയാള്‍ക്ക്‌ തോളില്‍ കുട ഇല്ലായിരുന്നു.
  "അതെന്താച്ചാ ഇപ്പോള്‍ ആ കാലന്‍ കുട ഇല്ലാത്തെ എന്ന്"
  ആ കുട അത്രമേല്‍ എല്ലാരിലും ഒരുപോലെ സ്വാധീനം ചെലുത്തിയിരുന്നു എന്ന് വളരെ വ്യക്തം.
  ചില അടയാളങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത് കാലത്തിന്റെ മാറ്റങ്ങള്‍ നമ്മെ ബോധിപ്പിക്കാനാനെന്നു തോന്നിപ്പോകുന്നു.
  ഭംഗിയുള്ള എഴുത്ത്‌.

  ReplyDelete
 36. മാറ്റം അനിവാര്യമല്ലേ....ഇപ്പോള്‍ കാത്തിരിപ്പില്ലല്ലോ എല്ലാം നമ്മുടെ കൈയെത്തും ദൂരത്തല്ലേ....നന്നായിട്ടുണ്ട്....പുതുമയുള്ള വിഷയം....

  ReplyDelete
 37. "എരിപിരി കൊള്ളുന്ന മാനസത്തിലേക്ക് സ്വാന്തനത്തിന്‍റെ തീര്‍ത്തക്കുളില്‍ പകര്‍ന്നുകൊണ്ടെത്തിയിരുന്ന കത്തുകള്‍ വിരഹത്തിന്‍റെ വിതുമ്പലുകളും കണ്ണീരുണങ്ങാത്ത അക്ഷരങ്ങളുമായെത്തിയിരുന്ന പ്രിയപ്പെട്ടവരുടെ വരികള്‍ കണ്ണുകളെ ഈറനാക്കുമ്പോള്‍ കാരണം നേത്രരോഗമെന്നു പറഞ്ഞ് സ്വകാര്യ ദുഃഖങ്ങള്‍ ഹൃത്തിലോളിപ്പിച്ചിരുന്നവര്‍ ഞങ്ങള്‍ പക്ഷെ ഇന്ന് കത്തുകളുടെ സ്ഥാനം ഫോണ്‍ വിളികളായി പരിണമിച്ചതിനാല്‍ മനസ്സിന്‍റെ അകത്തളങ്ങളില്‍ അക്ഷരങ്ങള്‍ ഒട്ടിപ്പിടിക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്ന ഹൃദയത്തിന്‍റെ കുതിപ്പും ആത്മാവിന്‍റെ തുടിപ്പും ഓര്‍മ്മകളായി മാറിയിരിക്കുന്നു."
  ഈ വരികള്‍ എന്റെ വീതമെന്ന ബ്ലോഗിലെ ഒരു പോസ്റ്റില്‍ നിന്നാണ് ..കത്തുകളെ ക്കുറിച്ച് വായിച്ചപ്പോള്‍ ഇതിവിടെ കുറിക്കണമെന്ന് തോന്നി ..
  എഴുത്ത് വളരെ നന്നായി സലാം ..

  ReplyDelete
 38. എഴുത്തുകൾ നൽകുന്ന ശക്തി വേറെതന്നെ. അത് ഇന്നത്തെ തലമുറക്കറിയില്ല. ഒരു കത്തിനായി കാത്തിരിക്കുന്ന സ്നേഹത്തിന്റെ, പ്രതീക്ഷയുടെ വല്ലാത്തൊരൂ മാനസിക അവസ്ഥ ഇന്നത്തെ തലമുറക്ക് അറിയാതെ പോയി. തോന്നുന്നതപ്പോൾ വിരൽതുമ്പിലൂടെ പറയാൻ കഴിയുമ്പോ ‘കാത്തിരിപ്പ്‘ ഇല്ലാതെയായി. കത്തിനായിയുള്ള കാത്തിരിപ്പിന്റെ മാനസികാവസ്ഥയും ദിവസങ്ങൾക്ക് ശേഷം അത് കയ്യിൽ കിട്ടുമ്പോഴുള്ള അനുഭൂതിയും ആർക്കെങ്കിലും വിവരിച്ച് നൽകാനൊക്കുമൊ?

  ReplyDelete
 39. കവിതപോലൊരു കഥ,,സലാംജി അഭിനന്ദനങ്ങള്‍.

  ReplyDelete
 40. പാല പൂമണം കാറ്റില്‍ പരന്ന നാള്‍
  വായിച്ചപോള്‍ ചെരുപ്പ കാലത്തേക്ക് ഒന്ന് കൂടെ തിരിച്ചു പോയി കാരണം ഇടവഴികളിലെ കോണുകളില്‍
  പാമ്പുകള്‍ എണ ചേരുന്നത് അത് പോലെ യുള്ള കഥയില്‍ അടങിയ തങ്ങള്‍ ഉപ്പാപാന്റെ ഇടവഴി യിലൂടെ നടക്കുന്നത് എല്ലാം
  തന്നെ കഥ എഴുതിയ ആളിന്റെ കൂടെ (ബാല്യ കാല സുഹ്രത് ) പോസ്റ്മാന്‍ ഉണ്ണി ചിന്നംപടി പീടിക കോലായില്‍ ഇരുന്നു ദുബായ് കതുകാരുടെ വിലാസം വായിച്ചിരുന്നത് അങ്ങിനെയുള്ള അനുഭവങ്ങള്‍ അന്ന് അനുഭവിച്ചത് വീണ്ടും ഒരിക്കല്‍ കൂടി
  ഈ പ്രവാസ ജീവിതത്തില്‍ മധുരമുള്ള ഓര്‍മയായി ഓര്‍കാന്‍ ഇങ്ങിനെ ഒരു കഥയിലൂടെ അവസരം ഉണ്ടാക്കിയ
  എന്റെ ചങ്ങാതി സലാമിന് ഞാന്‍ ആദ്യമായി നന്ദി പറയുന്നു പിന്നെ എല്ലാ വിധ ആശംസകളും നേരുന്നു നമ്മുടെ
  കുട്ടി കാലത്തെ ഓര്‍മിക്കുന്ന ഇത് പോലെയുള്ള കഥകള്‍ വീണ്ടും പ്രതീക്തിച്ചു കൊണ്ട് നിറുത്തുന്നു

  ReplyDelete
 41. സലാം പ്രിയപ്പെട്ടവരുടെ ഹൃദ്യമായ ഒരു കത്ത് വായിക്കുന്ന സുഖത്തോടെ വായിച്ചു ...ഒര്മപെടുതലുകള്‍ക്ക് നന്ദി ...

  ഇപ്പോഴത്തെ തലമുറയ്ക്ക് അത് മനസ്സിലാകില്ല.എന്‍റെ മോന്
  ഞാന്‍ ഒരിക്കല്‍ പോസ്റ്റുമാന്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുത്തപ്പോള്‍
  അവനൊരു ചോദ്യം..അപ്പൊ നിങ്ങള്ക്ക് ഒരു കാര്യം ചോദിച്ചാല്‍ മറുപടി കിട്ടണം എങ്കില്‍ എത്ര കാലം കാത്തിരിക്കണം ആയിരുന്നു
  എന്ന്...അതിന്റെ സുഖവും ദുഖവും അവനെ പറഞ്ഞു മനസ്സിലാകാന്‍ കഴിഞ്ഞില്ലെങ്കിലും ഞാന്‍ പറഞ്ഞു കുറച്ചു ദിവസം കാത്തിരിക്കണം... അവന്‍ പറഞ്ഞു.. കഷ്ടം തന്നെ..(അവന്‍ പറഞ്ഞതും വളരെ
  വിഷമത്തോടെ...... മനസ്സിലാക്കി തന്നെ....ഞാന്‍ പറഞ്ഞതും വളരെ
  വിഷമത്തോടെ...മനസ്സിലാക്കി തന്നെ....പക്ഷെ ഞങള്‍ രണ്ടും രണ്ടു
  ലോകത്ത് ആയിരുന്നു എന്ന് മാത്രം..)

  ReplyDelete
 42. പോസ്റ്റ് നന്നായി.

  ReplyDelete
 43. കത്തുകള്‍ എഴുതിയിട്ടുണ്ട് ,മറുപടിക്കായ് കാത്തിരുന്നിട്ടുമുണ്ട് .പിന്നെ മലയാളം രണ്ടാം പേപ്പറിന്റെ പരീക്ഷക്ക് കത്തെഴുത്ത് ഒരു പത്തുമാര്‍ക്കിനുള്ള എളുപ്പവഴിയുമായിരുന്നല്ലോ .അന്നത്തെ സുഖം .
  എല്ലാം എല്ലാകാലത്തും ഒരുപോലെ നില്‍ക്കണമെന്ന് കരുതാന്‍ കഴിയാതെയാകുമ്പോള്‍ കാലത്തിനൊത്ത് ഒഴുകിക്കൊണ്ടിരിക്കയാവും നാം .

  ReplyDelete
 44. കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

  ReplyDelete
 45. ഇവിടെ വന്നു വായിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്ത എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.
  faisu madeena , appachanozhakkal, മുസ്തഫ പെരുമ്പറമ്പത്ത്, zuhail , രമേശ്‌അരൂര്‍ , ഹാഷിക്ക്, pushpamgad , Akbar , ~ex-pravasini*,ചെറുവാടി,ആറങ്ങോട്ടുകര മുഹമ്മദ്‌ , എന്‍.ബി.സുരേഷ്, Muneer N.P , സാബിബാവ,കൂതറHashimܓ ,മുല്ല , അനീസ , വീ കെ ,ഇസ്മായില്‍ കുറുമ്പടി (തണല്‍), ajith ,sreee,K@nn(())raan കണ്ണൂരാന്‍...,കുസുമം ആര്‍ പുന്നപ്ര,ജയിംസ് സണ്ണി പാറ്റൂര്‍,Shukoor , പട്ടേപ്പാടം റാംജി ,മഞ്ഞുതുള്ളി (priyadharsini),സിദ്ധീക്ക..,ബെഞ്ചാലി, muthu , ente lokam ,ജീവി കരിവെള്ളൂര്‍

  എന്നിങ്ങിനെ വിശദമായി കമന്ടിട്ടവര്‍ക്ക് വേറെ വേറെ reply തരാന്‍ സമയം അനുവദിക്കാത്തത് കൊണ്ടാണ്. നിങ്ങളുടെ വിലപ്പെട്ട സമയത്തിനും വായനക്കും അഭിപ്രായത്തിനും പ്രത്യേക നന്ദി.

  ReplyDelete
 46. രാവിലെ തന്നെ പാലപ്പൂ മണം മനസ്സിന്റെ ഒന്നു കുളിര്‍പ്പിച്ചു, നല്ല വായന

  ReplyDelete
 47. ചാര നിറത്തിലുള്ള വക്കു കീറിയ പഴയ ലതര്‍ബാഗ് കക്ഷത്തിലിറുക്കി ചുമരുകള്‍ക്ക് വിള്ളല്‍ വീണ
  പഴയ കെട്ടിടത്തിന്‍റെ ചാരത്തുള്ള പാതി പൊട്ടിയ ചേറ്റുപടിയില്‍ ഇരിക്കുന്ന 'ശിപ്പായി' മുഹമ്മദ്‌കുട്ടിക്ക എന്‍റെ മനസ്സില്‍ മായാതെ നില്‍പ്പുണ്ട്.
  കുപ്പായക്കോളറില്‍ പിറകോട്ടു തൂക്കിയിട്ട കാലന്‍ കുടയെടുത്ത് മൂലയില് ചാരിവെക്കും. വഴി താണ്ടി വന്നതിന്‍റെ സൂചകമായി വടിച്ചു മിനുക്കിയ മീശയുടെ ഭാഗത്ത്‌ വിയര്‍പ്പു പൊടിഞ്ഞിട്ടുണ്ടാകും.
  പിന്നെ, ചുറ്റും തടിച്ചു കൂടുന്ന ജനത്തിന്‍റെ
  നിശബ്ദതതയില്‍ ഗംഭീര്യത്തില്‍ കലര്‍ന്ന പേരുവിളി.
  വിരഹവും വിഹ്വലതയും വിഷാദവും വിജയത്തിന്‍റെ
  മധുരവും ചാലിച്ച കവറുകളുടെ കൈമാറ്റം!
  ഓര്‍മ്മയുടെ വല്ലാത്ത എടു തന്നെ
  നന്നായി സലാം സാബ്.

  ReplyDelete
 48. വളരെയേറെ ഇഷ്ടപ്പെട്ടു :)
  മാഞ്ഞുമറഞ്ഞു പോവുന്ന ആ നല്ല ഓര്‍മ്മകളെ തൊട്ടുണര്‍ത്തിയതിന്, ഒരു സ്പെഷ്യല്‍ താങ്ക്സ്!

  വായിക്കാന്‍ സുഖമുള്ള അങ്ങയുടെ ഈ എഴുത്തിന്‍റെ മികവിന് എന്‍റെ കൂപ്പുകൈ!!

  ReplyDelete
 49. പ്രിയ സലാമിന് പ്രിയത്തില്‍ സലാം,
  കത്ത് ഇന്നാണ് കിട്ടിയത്. ഓരോ വരികളും ആസ്വദിച്ച് വായിച്ചു. ഒരിക്കലും തിരിച്ചു വരാത്ത ആ കത്തുകളുടെ കാലം, ആ കാത്തിരിപ്പ്, പകരം വെക്കാനില്ലാത്ത പഴമയുടെ ഒരു പിടി സ്മരണകളുടെ കൂടെ പാരറിയകന്നു വിസ്മൃതിയില്‍ ലയിച്ചു. ഇതേ നൊമ്പരങ്ങളുടെ അക്ഷരക്കൂട്ടുകള്‍ ഞാനും ഒരിക്കല്‍ ബ്ലോഗില്‍ കുത്തി കുറിക്കുകയുണ്ടായി.

  കഴിഞ്ഞ വെക്കെഷനില്‍ ഐക്കരപ്പടിയുള്ള പോസ്റ്റ്‌ ഓഫീസില്‍ എന്റെ എ.ടി.എം.കരടിന് വേണ്ടി പല വട്ടം കയറി ഇറങ്ങി. അവസാനം ബാങ്കില്‍ ആളെ കാണാതെ തിരിച്ചു വന്ന കത്ത് കണ്ടപ്പോള്‍ ദുഃഖം തോന്നി. ക്ട്രുത്യമായ അദ്ദ്രെസ്സുള്ളവരെ പോലും പരിഗണിക്കാത്ത നിലയിലേക്ക് പോസ്റ്റ്‌ ഓഫീസ് സംവിധാനം കുത്തഴിഞ്ഞിരിക്കുന്നു.

  പതിവ് പോലെ, മനോഹരമായ വരികള്‍ കൊണ്ട് പോയ കാലത്തെ മുത്തുമാല പോലെ കോര്‍ത്തിണക്കിയിരിക്കുന്നു. ആശംസകള്‍ !

  ReplyDelete
 50. എഴുത്ത് മറന്ന കാലത്ത്‌ കത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന മനോഹരമായ ഒരു പോസ്റ്റ്‌.

  ReplyDelete
 51. ഓർമ്മകളുടെ ഓരത്തു കൂടി ഒരു യാത്ര ..പോസ്റ്റ് മാനെ കാത്തിരുന്ന വിരഹിണിയായ ഉമ്മമാരേയും ഭാര്യമാരേയും ഇതിൽ കാണാൻ കഴിഞ്ഞു.. എഴുത്തിലൂടെ കമാറുന്ന വേദനകൾ പരിഭവങ്ങൾ സന്തോഷങ്ങൾ..എല്ലാം ഈ പോസ്റ്റിലൂടെ വർണ്ണിച്ചിരിക്കുന്നു..അവതരണ ശൈലി വളരെ നന്നായി.. ആ പോസ്റ്റ്മാനെ പോലെ ഞാനും സഞ്ചരിച്ചു ആഊടുവഴികളിലൂടെ..പുഴക്കടവിലൂടെ ..ചെമ്മൺ പാദയിലൂടെ ചെംബകത്തിൻ ചോട്ടിലൂടെ അങ്ങ് ദൂരേക്ക്... ഓർമ്മയുടെ ഏതോ ഒരറ്റത്തേക്ക്.. അവസാനം ഇന്നിന്റെ യാഥാർത്യത്തിലേക്ക് തിരിച്ചു കൊണ്ടു വന്നിരിക്കുന്നു... വളരെ നന്നായി പറഞ്ഞിരിക്കുന്നു.. ആശംസകൾ..

  ReplyDelete
 52. നല്ല പോസ്റ്റ്‌. ശെരിയാണ് പോസ്റ്റുമാന്‍ വരുന്നതും നോക്കി,

  പോസ്റ്റുമാന്റെ സൈക്കിള്‍ ബെല്ലടി ശ്രദ്ധിച്ചു നടന്ന കാലങ്ങള്‍..

  അതൊന്നും ഒരിക്കലും ഇനി തിരികെ ലഭിക്കില്ല.എത്ര മെയില്‍ അയച്ചാലും

  ഒരു കത്ത് കയ്യില്‍ കിട്ടുന്ന സുഖം അതിനില്ല.

  ReplyDelete
 53. ഇടവഴികള്‍ താണ്ടി ദൂതുമായെത്തിയിരുന്ന പോസ്റ്റ്മാനെയും അതിനു മുമ്പത്തെ തലമുറയില്‍ നിന്ന് കേട്ടറിവുള്ള അഞ്ചലോട്ടക്കാരനേയുമൊക്കെ ഗൃഹാതുരതയോടെ ഓര്ക്കാന്‍ നിമിത്തമായ പോസ്റ്റ്. ഒപ്പം, ഗ്രോസറിസ്റ്റോറുകളുടെ മുന്നില്‍ ഘടിപ്പിച്ച 'കത്തുപെട്ടിയില്‍' കുത്തിനിറച്ച കുറിമാനങ്ങള്‍ക്കിടയില്‍ ചിരപരിചിതമായ കൈപ്പട തിരഞ്ഞു തിരഞ്ഞുനിന്നോരു കഴിഞ്ഞകാലവും (ഗള്‍ഫ്) ഓര്ത്തുപോയി. വശ്യമായ ശൈലിയിലെഴുതപ്പെട്ട ഈ പോസ്റ്റും നല്ലൊരു വായനാനുഭവമായി. നന്ദി.

  ReplyDelete
 54. വളരെ നല്ലൊരു പോസ്റ്റ്. ഓര്‍മ്മകളുടെ നറുമണം ചാലിച്ചെഴുതിയത് വായിച്ചപ്പോള്‍ മനസ്സ് പഴയകാലത്തേക്കു പോയി. ഇന്നാര്‍ക്കും കത്തെഴുതാന്‍ നേരമില്ല. എഴുതാനിരിക്കുന്ന സമയം കൊണ്ട് ഒന്നു ഫോണ്‍ വിളിച്ചുകളയാമെന്നു വിചാരിക്കുന്നവരാ ഈ ഞാനടക്കം.

  ReplyDelete
 55. വേണ്ട സലാം ഭായ് . ഒരു കത്തുകിട്ടാനും മണിയോര്‍ടര്‍ വാങ്ങാനും ഒന്ന് ഫോണ്‍ ചെയ്യാനുമൊക്കെ ഈ പറഞ്ഞ സര്‍ക്കാരാപ്പീസിനു മുന്‍പില്‍ നാണംകെട്ടു നിന്ന കാലവും ഓര്‍ക്കണം. ബോംബെയില്‍ ഉണ്ടായിരുന്ന കാലത്ത് പോസ്റ്റ്‌മാനും, കമ്പിയാപ്പീസുകാരനും, ടെലിഫോണ്‍ കാരനും ദീപാവലി സമയത്ത് വേറെ വേറെ വരും ബക്ഷീഷ് വാങ്ങാന്‍. നാട്ടില്‍പ്പോലും കൃത്യ സമയത്ത് മണിയോര്‍ടര്‍ കയ്യില്‍ കിട്ടാന്‍ ഇവര്‍ക്കൊക്കെ കൈക്കൂലി കൊടുക്കേണ്ടി വന്നിരുന്നത് ഓര്‍ക്കുന്നില്ലേ.

  സര്‍ക്കാരിന്റെയും അവരുടെ ബ്യുറോക്രസിയുടെയും പിടിയില്‍നിന്നു എത്രകണ്ട് തലയൂരാന്‍ സാധിക്കുമോ, അത്രയും നന്ന്.

  ReplyDelete
 56. തിരഞ്ഞെടുത്ത് അവതരിപ്പിച്ച വിഷയം കൊള്ളാം നാടോടുമ്പോള്‍ വടുവേ ഓടേണ്ടത് കൊണ്ട് നമുക്ക് മൂന്ന് തോലാക്കും ചൊല്ലി മൊഴി ചൊല്ലി പിരിക്കാം ഈ മോന്ജത്തിയെ അല്ലാതെ നിര്‍വാഹമില്ല ഒട്ടകപുരത്തു ഹജ്ജിനു പോരാന്‍ ആരെങ്കിലും തയ്യാറാവുമോ? ഇല്ല അതുപോലെ ആണ്‍ ഈ വൈകി എത്തുന്ന വിവരം ഏതായാലും ജിന്നും ചെയ്താനും ഇണ പാമ്പും തങ്ങള്‍ പാപ്പ്പന്റെ ഇട വഴിയും കേമമായി അവതരിപ്പിച്ചു

  ReplyDelete
 57. പണ്ട് മനോരമ വാരികയിൽ ഒരു കഥ വന്നിരുന്നു. ഗൾഫിലെ ഭർത്താവിന്റെ കുറിമാനവുമായി ചെന്ന അഞ്ചൽകാരനെ പരിസരം മറന്ന് പുണർന്ന കഥ.
  നാമെല്ലാം ഒരാഴ്ചയിൽ ഓരോ കത്ത് വീതം എഴുതിയാൽ അന്യം നിന്ന കത്തെഴുത്തും തപാൽ സർവീസും രക്ഷപ്പെടും.

  ReplyDelete
 58. ഇത് വായിച്ചു കൊണ്ടിരിക്കെ... കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ പൊയപ്പോള്‍ ഉമ്മാടെ മേശയും അലമാരയും ഒക്കെ ഒന്ന് വൃത്തിയാക്കാന്‍ കൂടെ സഹായിച്ചു. ആ സംഭവത്തെയാണ് എനിക്ക് ഓര്‍മ്മ വരുന്നത്.
  ഓരോന്നും എടുത്തു തരം തിരിച്ചു വെക്കുന്ന കൂട്ടത്തില്‍ ബസ് ടിക്കറ്റ്, മരുന്നു ചീട്ട്‌ , പറ്റു ബുക്ക്, അങ്ങനെ എന്തൊക്കെയോ പഴയതിനെ ഉമ്മ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇന്നും അതൊന്നും നശിപ്പിക്കാന്‍ ഉമ്മ കൂട്ടാക്കിയതുമില്ലാ...

  അതിന്നിടയില്‍, ഉമ്മ ഒരു കവര്‍ പിറകോട്ടു മാറ്റുന്നതിനെ എന്‍റെ ശ്രദ്ധയില്‍ പെട്ടു.
  എത്ര തന്നെ തിരക്കിയിട്ടും ഉമ്മ കാര്യം പറയുന്നില്ലാ... അതിനുള്ളിലുള്ളതിനെ കാണിക്കാന്‍ പറഞ്ഞിട്ട് ഉമ്മ കൂട്ടാക്കുന്നുമില്ലാ... അവസാനം അല്പം ബലം പ്രയോഗിച്ചു തന്നെ ഞാന്‍ അതിനെ മേടിച്ചു... എന്നിട്ട് ഞാന്‍ അതിനെ തുറന്നു നോക്കി.. അപ്പോഴല്ലേ കാണുന്നത്. കുറഞ്ഞത്‌ ഇരുപതു വര്ഷം വരെ പഴക്കമുള്ള ഒരുപാട് എഴുത്തുകള്‍... ഓരോ വിശേഷങ്ങളും അറിയിച്ചു കൊണ്ട് ഉമ്മ ഉപ്പാക്ക് എഴുതിയ കത്തുകള്‍.. അതിന്‍റെ മറുപടി കത്തുകള്‍... ഉപ്പാക്ക് ലഭിച്ച കത്തുകളും ഉമ്മാടെ ശേഖരത്തിലുണ്ട്. എല്ലാം ഒന്ന് മറ്റൊന്നിനെ കെട്ടിപ്പിടിച്ചു അങ്ങനെ കിടക്കുന്നു...

  കുറെ സമയം എടുത്തു എല്ലാത്തിനെയും വായിച്ചു തീര്‍ക്കാന്‍...
  അപ്പോഴേക്കും, അനിയത്തിമാരും വന്നു അതിനെ കേള്‍ക്കാന്‍
  അങ്ങനെ ഞങ്ങളുടെ ഇരുപതു വര്‍ഷത്തെ ഇന്നലെകളെ ഞങ്ങള്‍ കുറഞ്ഞ മണിക്കൂറില്‍ വായിച്ചു തീര്‍ത്തു ... വ്യത്യസ്തമായ ധാരാളം ജീവിത മുഹൂര്‍ത്തങ്ങള്‍, അനുഭവങ്ങള്‍, എല്ലാം അതിലൂടെ ഒരു ഓര്‍മ്മപ്പെടുത്തലായി ഞങ്ങളില്‍ വന്നു മൂടി..

  അവസാനം ഒന്ന് ചിരിക്കാന്‍ പോലുമാവാതെ ഞങ്ങള്‍ മക്കള്‍ എല്ലാ പേരും മുഖത്തോടു മുഖം നോക്കി ഇരുന്നു... മുന്നില്‍ ഇരിക്കുന്നവരെ ശരിക്കും കാണാനാവാത്ത തരത്തില്‍ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.... ആ സമയം എല്ലാപേരും അവിടെ നിന്നും വേഗം എണീറ്റ്‌ പോയി അവരവരുടെ സ്വകാര്യതകളിലേക്ക്

  പിന്നീട് ഇടക്ക് ഒക്കെ ഞങ്ങള്‍ അതിനെ പറഞ്ഞു പരസ്പരം പരിഹസിച്ചു സംസാരിച്ചിട്ടുണ്ട്.... ആ കാലത്തേക്ക് ഒരിക്കല്‍ കൂടെ എന്നെ തിരിച്ചു കൊണ്ട് പോയതിനു നന്ദി അറിയിക്കട്ടെ..!

  ReplyDelete
 59. കത്തുകള്‍ കാത്തിരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് കത്തെഴുതിയവര്‍ ആരും ഇന്നെഴുതാറില്ല. ഞാന്‍ തന്നെയും. പക്ഷെ ഇന്നും ഇന്‍ബോക്സില്‍ പ്രിയപെട്ടവരുടെ മെയില്‍ ഉണ്ടോ എന്ന് ചെക്ക്‌ ചെയ്യാറുണ്ട്. ബ്ലോഗില്‍ എനിക്കേറ്റവും പ്രിയപ്പെട്ട കൂട്ടുകാര്‍ കമന്റ്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ടോ എന്ന് ആഗ്രഹിക്കാറുണ്ട്. കത്തുകളുടെ കാലം സന്തോഷത്തിന്റേത്‌ മാത്രമല്ല , തീവ്രമായ വേദനകളുടെയും കൂടി കാലമാണ്. നല്ല പോസ്റ്റ്‌.

  ReplyDelete