Thursday, February 17, 2011

പഥികന്‍റെ പരോള്‍ വര്‍ത്ത‍മാനങ്ങള്‍അതിജീവനത്തിന്‍റെ അഗ്നിവഴികളില്‍
അതിരുകള്‍ താണ്ടിയലകള്‍ താണ്ടി
തടവറ തുല്യമാമൊരു ജീവിതത്തെ
സ്വയംവരം ചെയ്തവന്‍ പ്രവാസി

പാസ്പോര്‍ട്ടിന്നുള്‍താളുകളില്‍
വര്‍‍ഷാ വര്‍‍ഷാവധിയാം പരോളിന്‍
പോക്ക് വരവുകളുടെ പ്രേതരൂപങ്ങളായ്
ചുവപ്പും കറുപ്പും മുദ്രണങ്ങള്‍

അവന്‍റെ ശിഥിലമാമോര്‍മ്മ‍കളില്‍‍
ഓരോ അവധിക്കാലോല്ലാസത്തിന്‍
ക്ഷണിക നിമിഷപ്പുലരിയിലും
തിരിച്ചു പോക്കിന്‍ തിയതികള്‍ കണിശമായ്
തിരക്കിയറിഞ്ഞ പ്രിയരാമുടയവര്‍
കലണ്ടറിലെ ഉത്സാഹം കൊല്ലിയാമക്കങ്ങള്‍‍
കൊത്തി വലിച്ചിട്ടു സുസ്മിതം തൂകുന്നു

ഒരാണ്ടറുതിയുടെ കൊടും വേനലില്‍‍
വ്യഥകളില്‍‍ കോര്‍ത്തെടുത്തോരവധിയില്‍
ഹൃസ്വനിശ്വാസങ്ങള്‍ തന്നാലിംഗനങ്ങളില്‍
ഉഷ്ണ മഴയായ് കരിയുന്ന ജീവിതം

എയര്‍പോര്‍ട്ടില്‍, ചില്ല് വാതിലും കടന്നു
പിന്നെയും മരുഭൂവിന്‍ വന്യതയിലണയുമ്പോള്‍
മിഴിയിണകളിറുക്കെ ചിമ്മിയടയ്ക്കുന്നത്
ചുടുമണല്‍ കാറ്റിന്‍ ചുഴലിയിലോ,
കനലായെരിയുന്ന കരളിന്‍റെ നോവിലോ?

56 comments:

 1. പ്രവാസികളുടെ മാനസിക വ്യാപാരങ്ങള്‍ തുടിക്കുന്ന കവിത ...:)
  തരക്കേടില്ലാതെ എഴുതിയിട്ടുണ്ട് ,,:)

  ReplyDelete
 2. എല്ലാ പ്രവാസികള്‍ക്കും....

  ReplyDelete
 3. ഉഷ്ണ മഴയായ് കരിയുന്ന ജീവിതം..
  ഉള്ളില്‍ തട്ടുന്ന വരികള്‍ -നന്നായി

  ReplyDelete
 4. പാഥേയമായെന്റെ കൈവശം,
  പായാരമല്ലാതെ ഒന്നുമില്ലാ...!!

  നല്ലവര്‍ത്തമാനത്തിന് ഭാവുകങ്ങള്‍.

  ReplyDelete
 5. എല്ലാ പരോളുകാര്‍ക്കും ഒരേ വിശേഷം തന്നെ!

  ReplyDelete
 6. >>ഹൃസ്വനിശ്വാസങ്ങള്‍ തന്നാലിംഗനങ്ങളില്‍
  ഉഷ്ണ മഴയായ് കരിയുന്ന ജീവിതം<<

  പൊള്ളുന്ന വരികള്‍ സലാം ഭായി. ഇത് അതിഭാവുകത്വം അല്ല. യാഥാര്‍ത്ഥ്യം മാത്രം.

  അഗ്നി പരീക്ഷകളുടെ ഈ കര്‍മ്മകാണ്ഡത്തില്‍ ജീവിതത്തിനു ഊടും പാവും നെയ്യാന്‍ ഒരു പിടി സ്വപ്നവുമായി കടല്‍ കടക്കുമ്പോള്‍ പലര്‍ക്കും അത് നാട്ടില്‍ നിന്നുള്ള രക്ഷപ്പെടലായി തോന്നാം. രക്ഷപ്പെടുകയായിരുന്നില്ല പകരം കുരുക്കില്‍ അകപ്പെടുകയായിരുന്നു എന്ന് തിരിച്ചറിവുണ്ടാകുംബോഴേക്കും ആയുസ്സിന്റെ നല്ലൊരു ഭാഗം തീര്‍ന്നിരിക്കും.

  എലിയെ പേടിച്ചു ഊര് വിട്ടവന്‍ പുലിയോട് മല്ലിടുന്ന പോലെയാണു പ്രവാസിയുടെ അവസ്ഥ. ജന്മനാട്ടില്‍ പ്രകൃതി കൈകുമ്പിളില്‍ വെച്ച് നീട്ടിയ സൌഭാഗ്യങ്ങള്‍ ഉപേക്ഷിച്ചു കടല്‍ കടന്നവര്‍ വ്യത്യസ്ത ഭൂപ്രകൃതിയിലും കാലാവസ്ഥയിലും പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതാന്‍ നിര്‍ബന്ധിതരാകുന്നു. പ്രവാസികളെ പ്രവാസികള്‍ക് മാത്രമേ മനസ്സിലാകൂ.

  .

  ReplyDelete
 7. പരോളിനായി കാത്തിരിക്കുന്നവര്‍.
  ഓരോ പ്രവാസിയുടെയും മനസ്സ്‌....

  ReplyDelete
 8. മസ്തിഷ്കവും യൗവ്വനവും കയറ്റിയയക്കുന്ന ഒരു ഇടമായി മാറിയിരിക്കുന്നു നമ്മുടെ നാട്. ശേഷം, ഒരു വൃദ്ധ സദനം കണക്കെ നമ്മുടെ നാടവരെ സ്വീകരിക്കുന്നു...!!

  ReplyDelete
 9. താളമുള്ള രചന.... നന്നായി

  ReplyDelete
 10. കൊള്ളാം കവിത..പ്രവാസികളും ഒരു കണക്കിന്
  പരോളില്‍ ഇറങ്ങുന്നു..നന്നായി മാഷേ ..പ്രവാസ ജീവിതത്തെ
  കവിതയിലൂടെ കാണിച്ചത്..

  ReplyDelete
 11. പരോളിന് പോകാന്‍ തയ്യാറാകുന്ന പ്രവാസിയെന്ന തടവ്‌പുള്ളിയുടെ ഉള്ളിലെ നൊമ്പരങ്ങള്‍..നന്നായി സലാം ഭായ്.. എന്തെ പോക്ക് ഉറപ്പിച്ചോ...? പരോള്‍കാലം കാത്തു കഴിയുന്ന എല്ലാവര്‍ക്കും ആശംസകള്‍...

  ReplyDelete
 12. എയര്‍പോര്‍ട്ടില്‍, ചില്ല് വാതിലും കടന്നു
  പിന്നെയും മരുഭൂവിന്‍ വന്യതയിലണയുമ്പോള്‍
  മിഴിയിണകളിറുക്കെ ചിമ്മിയടയ്ക്കുന്നത്
  ചുടുമണല്‍ കാറ്റിന്‍ ചുഴലിയിലോ,
  കനലായെരിയുന്ന കരളിന്‍റെ നോവിലോ?


  അതെ കവിത പറഞ്ഞതത്രയും ശെരി പക്ഷേ ആരാണിവന്റെ നൊമ്പര മറിയാന്‍ എഴുതുന്നു പറയുന്നു എല്ലാം നമ്മുടെ മനസിന്റെ അല്പാശ്വാസത്ത്തിനു മാത്രം

  ReplyDelete
 13. മരുഭൂമിയില്‍ പയ്യുന്ന മഴത്തുള്ളികള്‍ പോലെ
  പ്രവസികല്‍പ്പം ആശ്വാസം പകരാന്‍ ഇന്ന്
  ബ്ലോഗ്ഗും ഈമെയിലും
  പ്രിയതമയെയുംമക്കളെയും ഇടക്കൊക്കെ കാണാന്‍ വെബ്‌ ക്യാമറയും
  ഇന്ന് ആശ്വസിക്കാന്‍ ഇങ്ങനെ കൊച്ചു കൊച്ചു സൂത്രങ്ങള്‍ ഉണ്ട്

  ReplyDelete
 14. അടുത്തുവരുന്നൊരു പരോളെനിക്കുമീയാണ്ടിൽ..
  മഴയുള്ളൊരു നാളിൽ ചെന്നിറങ്ങണമെനിക്കന്ന്..
  നടക്കണം മഴവെള്ളമൊഴുകുമാ ചാലുകളിൽ..
  കുടയില്ലാതെ നനഞ്ഞൊട്ടി നിർവൃതിയടയണം...

  ആശംസകൾ...

  ReplyDelete
 15. ലോകത്തെ മികച്ച സാഹിത്യ കൃതികള്‍ എടുത്തുനോക്കു-ദുഃഖം,വിരഹം,മറ്റുള്ളവര്‍ക്ക് വേണ്ടി സ്വജീവിതം ഉഴിഞ്ഞു വെക്കുന്നവരുടെ ത്യാഗങ്ങള്‍ ,എല്ലാം നഷ്ടപ്പെടുന്നവന്റെ ആത്മവിലാപങ്ങള്‍ ,പെരുകി വരുന്ന നോവ്‌ കുറയ്ക്കാന്‍ വഴിയന്വേഷിചു ഉഴറുന്നവന്റെ ആത്മസംഘര്‍ഷങ്ങള്‍ .....അങ്ങനെ പോവും അവയിലെ കഥകളും കഥാപാത്രങ്ങളും.

  ഇവയെല്ലാം ഒന്നിച്ചു വിരുന്നു വരുന്ന ഒരു ജീവിതാവസ്ഥ ഒരു പക്ഷെ പ്രവാസം മാത്രമായിരിക്കും.

  അതുകൊണ്ടാവാം ഓരോ പ്രവാസിയും വെറുതെ കുറിക്കുന്ന വരികള്‍ പോലും ഇത്ര തീക്ഷ്ണമായി മാറുന്നതും പ്രവാസികള്‍ തന്നെയായ അനുവാചകര്‍ അവ അതേ അര്‍ത്ഥത്തില്‍ ഏറ്റുവാങ്ങുന്നതും.

  മറ്റാരെക്കാളും അവര്‍ ബ്ലോഗിനെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്നതും അതുകൊണ്ട് തന്നെ.
  സംശയം വേണ്ട-ബ്ലോഗ്‌ പ്രവാസിയുടെതാണ്.മറ്റൊരു മാധ്യമവും വെട്ടിത്തിരുത്താതെ അവനെ ഉള്‍ക്കൊള്ളില്ല. (എന്‍ എസ് മാധവനെ പോലുള്ളവര്‍ക്ക് പോലും അതു മനസ്സിലാക്കാന്‍ കഴിയുന്നില്ല)

  സലാം..! സലാം ഭായീ.
  ഓരോ വാക്കും ഉള്ളം പൊള്ളിക്കുന്നു.

  ഈയുള്ളോനെ സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും പ്രത്യേകം നന്ദി..

  ReplyDelete
 16. പരമ സത്യം.......

  ReplyDelete
 17. പ്രവാസ കവിത വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 18. പ്രവാസത്തെ പറ്റി എന്ത് എപ്പോൾ എഴുതിയാലും അതിൽ പൊള്ളുന്ന യാഥാർത്യമുണ്ടാകും . മനസ്സിനെ നൊംബരപ്പെടുത്തുന്ന ഓർമ്മകളുണ്ടാകും.ആകുലതകൾക്കും തേങ്ങലുകൾക്കുമിടയിലും സ്വന്തം വേദനകൾ ഉള്ളിലമർത്തി മറ്റുള്ളവരുടെ പ്രയാസങ്ങൾ ദുരീകരിക്കാൻ മുന്നിട്ടിറങ്ങുന്നു അവൻ, അവന്റെ അവധിക്കാലം ക്ഷണികമാകും മടുപ്പിക്കുന്ന പ്രവാസ ജീവിതത്തിൽ ,ചുടുകാറ്റിന്റെ ആവിയിൽ വെന്തുരുകുമ്പോഴും തണുപ്പിൽ വിറങ്ങലിച്ച് പല്ലുകൾ കൂട്ടിയിടിക്കുമ്പോഴും അതി ജീവനത്തിനത്തിന്റെ പാതയിൽ അവൻ എല്ലാം മറക്കുന്നു. ശേഷിച്ച കാലം കുടുംബത്തോടൊപ്പം കഴിയാൻ ജോലിയെല്ലാം മതിയാക്കി നാട്ടിലെത്തൊയാലോ അവൻ ഒറ്റപ്പെടലിന്റ്റെ വേദനയിൽ കാലം കഴിക്കേണ്ടി വരുന്നു. സമർപ്പിത ജീവിതത്തിന്റെ ഉടമയാണ് പ്രവാസി .പ്രവാസി=പ്രയാസി.. നല്ല വരികൾക്ക് ആശംസകൾ..

  ReplyDelete
 19. ചുടു മണല്‍ക്കാറ്റിന്‍ ചുഴിയി -
  ലുഴറിയുഴറി നീയെത്തിടുമ്പോള്‍
  ഈ നാടിന്നന്തരാളത്തില്‍
  ഉയരുന്ന തീയതിന്‍ കൊടും
  ചൂടില്‍ കാക്കാനാകുമോ സോദരാ
  നിന്നെ നിശ്ചയമില്ലൊട്ടുമെന്നാലും
  എന്‍ ദുര്‍ബ്ബല കരങ്ങളന്നും സജ്ജ -
  മാകുമല്പമാശ്വസമതേകുവനെവ്വിധവും.

  ReplyDelete
 20. പ്രവാസിയുടെ , പ്രത്യേകിച്ചും ഗള്‍ഫുകാരന്റെ ജീവിതം ഇപ്പോഴും ഒരുക്കി വച്ചിരിക്കുന്ന suitcase പോലെ ആണെന്ന് എഴുതിയത് ഓര്‍ക്കുന്നു. നാട്ടിലെക്കെത്താനുള്ള കാത്തിരിപ്പ്‌.പെട്ടി ഒഴിഞ്ഞാല്‍ വീണ്ടും നിറയ്ക്കാനായി മരുഭൂമിയിലേക്കുള്ള യാത്ര.പ്രതീക്ഷകളും ആകുലതകളും മാറി മാറി തെളിയുന്ന വഴികള്‍ , അല്ലെ ?

  ReplyDelete
 21. പ്രവാസം നന്മയും ചെയ്തു.

  ReplyDelete
 22. ഉള്ളിലെ കനലുകള്‍ അണയ്ക്കാന്‍ ഒരു ചാറ്റല്‍ മഴയ്ക്കായ് പ്രാര്‍ത്ഥിയ്ക്കുന്നൂ....നന്നായിരിയ്ക്കുന്നൂ ട്ടൊ.

  ReplyDelete
 23. നന്നായി എഴുതി...പ്രവാസിയുടെ ആത്മാവിലെ നൊമ്പരം ഒട്ടും ചോരാതെ അവതരിപ്പിച്ചു....

  ReplyDelete
 24. എടോ പ്രവാസീ,
  എല്ലാ പ്രവാസികളുടെയും,
  ആത്മ നൊമ്പരങ്ങള്‍, വളരെ
  ആത്മാര്‍ഥമായിട്ടു അവതരിപ്പിച്ചു,
  അഭിനന്ദനങ്ങള്‍!

  ReplyDelete
 25. പ്രവാസിയല്ലാത്തത് കൊണ്ട് ഈ വിഷയത്തെ കുറിച്ച് കൂടുതലൊന്നും അറിയില്ല..കവിത നന്നായി എഴുതി..
  ടിവിയില്‍ ഡിഎസ്എഫ്‌ പോലുള്ള പരിപാടികള്‍ കാണുമ്പോള്‍ തോന്നാറുണ്ട് പ്രവാസികള്‍ ഭാഗ്യവാന്മാരാണല്ലോ എന്ന്...അതൊന്നും യാഥാര്‍ത്ഥ്യമല്ല അല്ലെ..?

  ReplyDelete
 26. പ്രവാസത്തിനു ഒരു കവിത കൂടി ....അല്ലെ നന്നായി ..പരോലുകാരന്റെ ജീവിതം

  ReplyDelete
 27. നന്നായിരിക്കുന്നു.
  ആശംസകൾ

  ReplyDelete
 28. ഞാന്‍ ഒരു കവിത വിലയിരുത്തല്‍ അത് എനിക്ക് എത്ര മാത്രം മനസ്സിലാവുന്നു എന്നു നോക്കിയാണ്..എനിക്ക് നല്ലവണ്ണം മനസ്സിലായാല്‍ അത് നല്ല കവിത ഇല്ലെങ്കില്‍ ..........{എന്‍റെ മാത്രം വിലയിരുത്തല്‍}..

  ഈ കവിത വളരെ നന്നായിരിക്കുന്നു ...ചെറുപ്പം മുതലേ കാണുന്നത് പ്രവാസികളെ അല്ലെ ....എന്ത് ചെയ്യാന്‍ ഇപ്പോഴും ആള്‍ക്കാര്‍ ഈ മരുഭുമിയിലേക്ക് വരുന്നു ........എത്ര പറഞ്ഞാലും ആര്‍ക്കും മനസ്സിലാവില്ല ...!

  ReplyDelete
 29. ഓരോരോ വാടകവീട്ടിലും
  ആത്മാവ് പങ്കു വെച്ച് പ്രവാസി..
  സ്വന്തം വീട്ടില്‍ ആത്മാവ് പോലും
  കളഞ്ഞു പോയ പ്രയാസി

  ReplyDelete
 30. ഇതെന്താ ഈ ഗള്‍ഫുകാര്‍ക്കൊക്കെ ജീവിതം ഭയങ്കര ദുസ്സഹമാണോ?

  എന്റെ നാട്ടില്‍നിന്നുള്ള ഒരു ഡോക്ടര്‍ ദുബായില്‍ ജോലി ചെയ്യുന്നുണ്ട്. പുള്ളീയ്ക്ക് അവിടെനിന്നു വരണമെന്നേയില്ല. ഞാനും ഒരു പ്രവാസിയാണ് -ഗള്‍ഫിലല്ലെങ്കിലും. എനിക്കും പ്രവാസജീവിതത്തോട് ഒട്ടും പരാതിയില്ല. To each, their own അല്ലേ.

  ReplyDelete
 31. കവിത വീണ്ടുമെന്നെ പഴയൊരു പേക്കിനാവിലൂടെ കൈപ്പിടിച്ച്
  നടത്തുന്നു..
  കവിതയൊരു ചുഴലിയായി ഓര്‍മ്മകള്‍ക്കൊപ്പം കറക്കുന്നു..

  ReplyDelete
 32. പ്രവാസിയുടെ പ്രയാസം പ്രതിഫലിപ്പെച്ചെഴുതിയ കവിത.

  ReplyDelete
 33. ഒരാണ്ടറുതിയുടെ കൊടും വേനലില്‍‍
  വ്യഥകളില്‍‍ കോര്‍ത്തെടുത്തോരവധിയില്‍
  ഹൃസ്വനിശ്വാസങ്ങള്‍ തന്നാലിംഗനങ്ങളില്‍
  ഉഷ്ണ മഴയായ് കരിയുന്ന ജീവിതം

  ശരിയാണു സലാം.അർത്തവത്തായ വരികൾ.
  പ്രവാസി,ചുറ്റും വെട്ടം പരത്തി സ്വയം അലിഞ്ഞു തീരുന്ന ഒരു മെഴുകുതിരി ജന്മം.

  ReplyDelete
 34. രചന നന്നായി .നന്നാക്കാന്‍ ഇനിയും ശ്രമിക്കാം .ആശംസകള്‍

  ReplyDelete
 35. പൗര സ്വാതന്ത്ര്യവും സുഭിക്ഷതയും ആര്‍ഭാടവും ആത്മബലവും ആത്മാഭിമാനവും നിയമാനുവര്‍ത്തിത്വവും മറ്റും എന്തെന്നറിഞ്ഞുകൊണ്ടും, സഹാനുഭൂതിയിലും പരസഹായത്തിലും മാനുഷികമൂല്യങ്ങളിലും വിശ്വാസമര്‍പ്പിച്ചും, സ്വയം നന്നാവാന്‍ പരമാവധി ശ്രമിച്ചുകൊണ്ടും തന്നെ, (എല്ലാറ്റിനും മുന്‍പേ, സ്വയം നന്നാവണം സാറേ, എന്ന്‌ ബൂലോകത്തില്‍ നിന്നാരോ എന്നോട്‌ ഉപദേശിച്ചത്‌ ചെവിയില്‍ ഇന്നും മാറ്റൊലിക്കൊള്ളുന്നു...) പ്രവാസജീവിതം ഏറിയ സന്തുഷ്ടിയോടെ തുടര്‍ന്നുപോരുന്ന ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ഈ കവിത ഒരു അപവാദം- ഇതു വിശ്വസിച്ചാലും, ഇല്ലെങ്കിലും....
  എന്റെ ജീവിതഗതി, ഞാന്‍ തന്നെ നിയന്ത്രിക്കുന്നു, അല്ലെങ്കില്‍ അതിനു ശ്രമിക്കുന്നു, ശ്രമാതീതമെങ്കില്‍ പരസഹായം തേടുന്നു (ഒരുപക്ഷെ, ദൈവസഹായം ആവാം തേടുന്നത്‌), എന്ന് ചുരുക്കെഴുത്ത്‌.
  കവിതാശൈലി ആകൃഷ്ടമായിത്തോന്നി, പ്രവാസ ജീവിതം മണലാരണ്യത്തില്‍ മാത്രമാണെന്നു തീര്‍പ്പുകല്‍പ്പിച്ചുകൊണ്ടുള്ള പ്രമേയത്തോട്‌ യോജിക്കാവതല്ലെന്നിരിക്കിലും.

  ReplyDelete
 36. നന്നായിരിക്കുന്നു...........തുടരുക....
  ആശംസകള്‍.........

  ReplyDelete
 37. പ്രവാസിയുടെ നാട്ടില്‍ പോക്ക് തന്നെയാണ് പരോള്‍ പ്രവാസിയുടെ പരോള്‍ മരു ഭൂമിയില്‍ പെയ്യുന്ന മഴ പോലെ യാണ് വളരെ നന്നായി

  ReplyDelete
 38. കവിതയും നന്നായ് വഴങ്ങുന്നുണ്ട് താങ്കള്‍ക്ക്. ആശംസകള്‍

  ReplyDelete
 39. കൊള്ളാം കവിത...

  ReplyDelete
 40. പരോള്‍ കിട്ടി നാട്ടില്‍ എത്തുമ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നും
  എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

  ReplyDelete
 41. ഞാന്‍ രണ്ടു ദിവസം ഇവിടെത്തന്നെ ജാമ്യം
  എടുത്തു ഷോപ്പിംഗ്‌ ഫെസ്ടിവല്‍ കാണാന്‍
  പോയി .അതാ വരാന്‍ താമസിച്ചത്.
  .പ്രവാസിയുടെ വേദന തീവ്രമായ പ്രസവ വേദന
  മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ശ്രമിക്കുന്നത് പോലെ
  ആണ് .ആര്‍കും പൂര്‍ണമായ അര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍
  ആവില്ല .എല്ലാവരും കുട്ടിയുടെ മുഖം കണ്ടു ചാരിതാര്‍ത്ഥ്യം
  അടയാന്‍ മനപ്പൂര്‍വം ശ്രമിക്കുന്നവര് ആണ് .... അഭിനദ്നങ്ങള്‍ സലാം ... എഴുത്തിനു ...പങ്ക്
  ചേരുന്നത് വേദനയിലും ...

  ReplyDelete
 42. പ്രസക്തമായ കാര്യങ്ങള്‍ നന്നായിട്ട് എഴുതി.
  വേദനകള്‍ക്കിടയിലും ഈ പരോളിനെ കുറിച്ചുള്ള മധുര സ്മരണകള്‍ ഒരു ജീവനോര്‍ജ്ജം തന്നെയാണ് പ്രവാസിക്ക്.

  ReplyDelete
 43. ഒരു ദീര്‍ഘ നിശ്വാസം!

  ReplyDelete
 44. നാടിന്റെ ഭംഗിയും അതിനോടുള്ള സ്നേഹവും അറിയണമെങ്കിൽ പ്രവാസിയാകണമെന്നു തോന്നുന്നു. ഇവിടെ ഈ നാടിനെക്കുറിച്ചു പറയാനും മറ്റും നാട്ടുകാർക്കു ഒന്നുമുണ്ടാകില്ല.സ്ഥിരമായി ഇവിടെ നിൽക്കുമ്പോൾ , ഇവിടുത്തെ സംഭവങ്ങളൊക്കെ കാണുമ്പോൾ ഈ നാട് വിട്ടു ഓടിപ്പോയാലോന്നു തോന്നും.കവിത ഇഷ്ട്ടമായി.( കവിത വായിച്ചപ്പോൾ ‘റൺവേ‘ എന്ന ഫിലിം ഓർമ വന്നു. അതിൽ നായകൻ ജയിലിൽനിന്നു വരുന്നതു ‘ഗൽഫിൽ’ നിന്നും വരുന്നു എന്നു നുണ പറഞ്ഞല്ലേ).

  ReplyDelete
 45. പ്രവാസത്തെ കുറിച്ച് ഒരു പ്രവാസിക്ക് മാത്രമേ അറിയൂ..
  മറ്റുള്ളവര്‍ക്ക് ആ അവസ്ഥ, പറഞ്ഞാലും തിരിയില്ല,
  കണ്ടാലും തിരിയില്ല,
  പറഞ്ഞു മനസ്സിലാക്കി കൊടുത്താലും തിരിയായ്കതന്നെ ബാക്കിയാകും.
  പ്രവസത്തെമനസ്സിലാക്കാന്‍,,
  പ്രവാസിയെ മനസ്സിലാക്കാന്‍
  പ്രവാസി മാത്രം.

  ReplyDelete
 46. പ്രവാസിയുടെ കാഴ്ചകള്‍ കവിതയായി ആദ്യം വായിക്കുകയാണ് എന്ന് തോന്നുന്നു.
  പരിചിതമായ വിഷയമായതിനാല്‍ കവിത ആസ്വാദനം എളുപ്പമായി.
  നന്നായി ട്ടോ . ആശംസകള്‍

  ReplyDelete
 47. pravasiyude nombarangal...... hridhyamayi paranju..... abhinandanangal.....

  ReplyDelete
 48. "എയര്‍പോര്‍ട്ടില്‍, ചില്ല് വാതിലും കടന്നു
  പിന്നെയും മരുഭൂവിന്‍ വന്യതയിലണയുമ്പോള്‍
  മിഴിയിണകളിറുക്കെ ചിമ്മിയടയ്ക്കുന്നത്
  ചുടുമണല്‍ കാറ്റിന്‍ ചുഴലിയിലോ,
  കനലായെരിയുന്ന കരളിന്‍റെ നോവിലോ?"

  എത്ര തന്മയത്തത്തോടെയാണ് സലാം താങ്കള്‍ 'പരോള്‍' കഴിഞ്ഞു 'ജയിലി'ലേക്ക് തിരിച്ചു ചെല്ലുന്ന പഥികന്റെ മാനസികാവസ്ഥയെ വിലയിരുത്തിയിരിക്കുന്നത്! പ്രവാസത്തിന്‍റെ ഉള്ളം നീറുന്ന സ്പന്ദനങ്ങളെ എത്രമാത്രം തീക്ഷ്ണമായിട്ടാണ് താങ്കള്‍ വരച്ചിട്ടിരിക്കുന്നത്! ആവിഷ്കാര വൈഭവത്തിന് അനുഭവത്തിന്റെ സാക്ഷി മൊഴികള്‍ അലങ്കാരം തീര്‍ക്കുമ്പോള്‍ ആ വാക്കുകള്‍ക്കു നേരിന്‍റെ സുഗന്ധമുണ്ടാകുന്നു. ആ അക്ഷരങ്ങള്‍ ഹൃദയദ്രവീകരണക്ഷമമാകുന്നത് അങ്ങനെയാണ് - അകം പൊള്ളിക്കുന്നതും! നന്ദി സലാം.

  പ്രവാസിയുടെ നാട്ടിലേക്കും തിരിച്ചുമുള്ള ആഗമന-നിര്‍ഗമന നിമിഷങ്ങളെ വികാര വായ്പോടെ ചിത്രീകരിച്ച മനസ്സില്‍ പതിഞ്ഞ ഒരു വായന ഓര്‍മ്മ വരുന്നു... കരിപ്പൂര്‍ എയര്‍പോര്‍ട്ട് ആണ് രംഗം. മകന്‍റെ മൂര്‍ധാവില്‍ ചുംബിച്ച് നെഞ്ചിലേക്ക് ചാഞ്ഞു സന്തോഷക്കണ്ണീര്‍ പൊഴിക്കുന്ന ഉമ്മയെ ഇത്തവണയും കണ്ടു. സാരിയുടുത്തിട്ടും മുതിരാത്ത, ഇപ്പോള്‍ തട്ടിത്തടഞ്ഞു വീഴും എന്ന നിലയിലുള്ള പെണ്‍കുട്ടി ആ ഉമ്മയോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്, ഒന്ന് മാറൂ, ആ നെഞ്ചിന്റെ യഥാര്‍ഥ അവകാശി ഞാനാണെന്ന് നിശബ്ദയായി മുദ്രാവാക്യം വിളിച്ചുകൊണ്ട്. ചെറുപ്പക്കാരന്‍ ഈ നെഞ്ചു നിനക്കുള്ളത് തന്നെയാണെന്ന് കടക്കണ്ണാലെഴുതുന്നു. നാട്ടില്‍ പോകുമ്പോഴൊക്കെയും ഇതുപോലെയോ, ഇതിനു സമാനമായതോ ആയ രംഗങ്ങള്‍ക്ക് സാക്ഷിയാവുന്നു. ഇവരൊക്കെ ഈ വിമാനത്താവളത്തിലെ പുറത്തേക്കുള്ള വഴിയിലെ സ്ഥിര താമസക്കാരോ എന്ന്പോലും തോന്നിപ്പോകും. നമ്മുടെ ശില്പികളാരും ഇത് ശ്രദ്ധിച്ചിരിക്കില്ല. അല്ലെങ്കില്‍ വികാരത്തിന്‍റെ ഞരമ്പ് പൊട്ടി ചോരയൊലിക്കുന്ന ഈ രംഗം ഒരിക്കല്‍ പോലും അവര്‍ പകര്‍ത്താതെ പോയതെന്ത്? (contd.)

  ReplyDelete
 49. ******
  ഇമിഗ്രേഷന്‍ കഴിഞ്ഞു ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ ഇരിക്കുമ്പോള്‍ മഴ പെയ്തു തുടങ്ങി. പതിനൊന്നു വര്‍ഷമായി കേരളത്തിലെ മഴക്കാലം കണ്ടിട്ട്. ജൂണ്‍ അഞ്ചിന് മടങ്ങിയിട്ടും ഇക്കുറിയും മഴക്കാലത്ത് നനയാനായില്ല. ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെ ചില്ലുപാളികള്‍ മഴ കാട്ടിത്തന്നു. അതത്ര ശക്തമായിരുന്നില്ല. തൊടാന്‍ ഒരു നിവൃത്തിയുമില്ല. മഴയില്‍ കുളിക്കുന്ന തെങ്ങോലകളെയും കണ്ടു. എയറോ ബ്രിഡ്‌ജിലൂടെ വിമാനത്തിനകത്തേക്ക് കടക്കുമ്പോള്‍ എവിടെനിന്നെങ്കിലും ഒരു തുള്ളി മഴ മൂര്‍ധാവില്‍ പതിക്കുമെന്ന് വൃഥാ മോഹിച്ചു. ഉണ്ടായില്ല. എല്ലാ സീറ്റുകളും നിറഞ്ഞു കവിഞ്ഞ വിമാനത്തില്‍ ഒറ്റക്കാണെന്ന് തോന്നി. .. റണ്‍ വെ നനഞ്ഞു കിടന്നു.. ആ നനവിലേക്ക് ഒരു പിടി വിത്തെറിയാന്‍ മോഹിച്ചു.

  ReplyDelete
 50. കവിതയും കൂടെ കുനിയിലിന്റെ കമന്റും ജോറ്!!

  ReplyDelete
 51. 'ഒരാണ്ടറുതിയുടെ കൊടും വേനലില്‍‍
  വ്യഥകളില്‍‍ കോര്‍ത്തെടുത്തോരവധിയില്‍
  ഹൃസ്വനിശ്വാസങ്ങള്‍ തന്നാലിംഗനങ്ങളില്‍
  ഉഷ്ണ മഴയായ് കരിയുന്ന ജീവിതം..'
  നല്ല കവിത !
  പ്രവാസിയുടെ ദുഃഖങ്ങള്‍ ഉള്‍ക്കൊണ്ടു!
  അഭിനന്ദനങ്ങള്‍ .........

  ReplyDelete
 52. അടുത്ത പരോളിന് ഇനി ഒരു മാസമേ ഉള്ളു.

  ReplyDelete
 53. എയര്‍പോര്‍ട്ടില്‍, ചില്ല് വാതിലും കടന്നു
  പിന്നെയും മരുഭൂവിന്‍ വന്യതയിലണയുമ്പോള്‍
  മിഴിയിണകളിറുക്കെ ചിമ്മിയടയ്ക്കുന്നത്
  ചുടുമണല്‍ കാറ്റിന്‍ ചുഴലിയിലോ,
  കനലായെരിയുന്ന കരളിന്‍റെ നോവിലോ?

  ഈ ഒരു കാര്യം തന്നെയാണ് വല്ലാത്ത കഷ്ടം..
  കരളിന്റെ നോവുകള്‍ പ്രവാസിയോളം മറ്റാര്‍ക്ക്
  മനസ്സിലാവും?

  ReplyDelete