Thursday, May 19, 2011

നിനക്കോര്‍മ്മയുണ്ടോ ഗംഗാനദീ?


മഴ കനത്തു തടിച്ചപ്പോള്‍ വന്യമായ ആവേഗത്തിലാണ് നദി ഒഴുകിയത്. കടലിന്‍റെ ആഴങ്ങളില്‍ ചെന്ന് ഒരു കണികയായി അലിയുവാനായുള്ള ഈ നിതാന്ത യാത്ര കാലങ്ങള്‍‍ക്കപ്പുറത്തു നിന്ന്, ജന്മാന്തരങ്ങള്‍ക്കപ്പുറത്തു നിന്ന് തുടങ്ങിയതായിരുന്നു. പിന്നീട്, വേനലിന്‍റെ വറുതിയില്‍ ഒഴുക്ക് നിലയ്ക്കുമ്പോള്‍ അറ്റുപോയ കര്‍മ ബന്ധങ്ങളുടെ പുനര്‍ജനി തേടി തപസ്സു ചെയ്തിട്ടുണ്ട്.
നീരുറവയുടെ കനിവിനു കാത്തു ശിലയായി നിദ്ര കൊണ്ടിട്ടുണ്ട്. മറ്റൊരു വര്‍ഷ നിറവില്‍ പിന്നെയും ഉണരുകയും സുരതാവേഗത്തിന്‍റെ ഉന്മാദമുള്‍കൊണ്ട് കവിഞ്ഞൊഴുകുകയും ചെയ്തിട്ടുണ്ട്.

മന്വന്തരങ്ങള്‍ക്കക്കരെ തുടങ്ങിയ തേട്ടമാണ്‌. ഗുരു പരമ്പരകള്‍, താപസ
മുനിമാര്‍ പ്രപഞ്ചദര്‍ശനം കൊണ്ട തീര്‍ത്ഥമാണ്. കാളിന്ദീ തീരങ്ങളില്‍ രാധ കാതോര്‍ത്തു നിന്ന വേണു നാദത്തിലും നിറഞ്ഞ ഈണമാണ്.


ai ab-e-rud-e-ganga wo din hai yad tujh ko
utare tere kinare jab karwan hamara

ഹേ, ഗംഗാ നദിയിലെ ഓളങ്ങളെ, നിങ്ങള്‍ക്കോര്‍മയുണ്ടോ?
ഞങ്ങളുടെ സാര്‍ത്ഥ വാഹകസംഘം നിന്‍റെ തീരത്ത്‌ വന്നണഞ്ഞ ദിനങ്ങളെ, നിനക്കോര്‍മയുണ്ടോ ഗംഗാനദീ?
അല്ലാമാ ഇഖ്ബാല്‍ ഗംഗാ നദിയിലെ ഓളങ്ങളോട് ചോദിച്ച ഈ ചോദ്യം സംവദിച്ചത് കാലത്തോടാണ്. നദി കാലമാണ്. കാലം നദിയാണ്. നദി അനാദിയാണ്.

ഈ നീരുറവയുടെ കരുണയിലാണ് വനവും വന്യമൃഗങ്ങളും ഉയിര്‍ കൊണ്ടതും മാനവരാശിയുടെ നാഗരികതകള്‍ ഉദയമാര്‍ന്നതും. എത്രയെത്ര സംസ്കാരങ്ങളാ
ണ്, ജനതതികളാണ് നൈല്‍ നദീ തടങ്ങളിലും, ഗംഗാ, യമുനാ, ടൈഗ്രീസ് തീരങ്ങളിലും പിച്ചവെച്ചു വളര്‍ന്നു വേരുറച്ചു പടര്‍ന്നത്. എല്ലാവര്‍ക്കും ‍ കനിവ് നല്‍കി, കനവു നല്‍കി, കാടും മേടും കടന്നു പിന്നെയും ഒഴുകി അത് കടലിന്‍റെ മാറില്‍ ചെന്നു മുത്തമിട്ടു. ദീര്‍ഘമായ കാത്തിരിപ്പിന്‍റെയും യാത്രയുടെയും ഒടുക്കം സംഗമത്തിന്‍റെ നിര്‍വൃതിയില്‍ ലയിച്ചു ചേര്‍ന്നു, ഒരു ജീവിത വൃത്തം പൂര്‍ത്തിയാവുമ്പോള്‍ ഭൂമിയെ തളിരണിയിക്കാനായി പിന്നെയും നീരാവിയായി വിണ്ണിലുയര്‍ന്നു മേഘങ്ങളില്‍ ഘനീഭവിച്ചു കനിവായ് ഭൂമിയുടെ ഊഷരതയിലേക്ക് പെയ്തിറങ്ങി പിന്നെയും നിദ്ര കൊള്ളുന്ന നീര്‍ചാലുകള്‍ക്ക് ജീവന്‍ കൊടുത്തു യാത്ര തുടര്‍ന്നു. ജീവന്‍റെ പ്രവാഹത്തിന് തുടര്‍ച്ച നല്‍കാന്‍ വൃത്താന്തവൃത്തം ഒഴുകി.

ഇരുകാലികള്‍ നിബിഡ വനങ്ങളെ ഇല്ലായ്മ ചെയ്യാനാരംഭിക്കുകയും, പകരം കോണ്‍ക്രീറ്റു വനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങിയ കാലത്താണ് നദിയുടെ യാത്രാ പഥങ്ങള്‍ ദുര്‍ഘടമായി തുടങ്ങിയത്. ഇരിക്കുന്ന മരക്കൊമ്പ് മുറിക്കുന്നവനെ മരമണ്ടനായിട്ടാണ് മനുഷ്യര്‍ ഗണിക്കുന്നത്. ഒഴുകുന്ന നദിയുടെ ഉടലും തലയും അറുത്തു പച്ചപ്പിന്‍റെ അവസാന തുരുത്തിലും
കോണ്‍ക്രീറ്റു പാകി ചുട്ടു പൊള്ളുമ്പോള്‍, നമുക്ക് അണുനിലയം പണിത് അതിന്‍റെ ഊര്‍ജ്ജത്തില്‍ നിന്ന് ശീതീകരണ യന്ത്രം പ്രവര്‍ത്തിപ്പിച്ചു ചൂടകറ്റാം എന്നു പുരോഗമന പരമായി ചിന്തിക്കുന്ന ആധുനിക മനുഷ്യന്‍റെ കരവിരുതുകളില്‍ പിടഞ്ഞു തീരുന്നു ഈ നദി, എങ്കിലും അവനെ അതു വെറുക്കുന്നില്ല, അതിനാല്‍ ഈ നദി പറയുന്നതെന്തെന്നാല്‍, നിങ്ങള്‍ മനുഷ്യര്‍ അവലംബിക്കുന്ന ചില മാനദണ്ഡങ്ങളോടു നീതി പുലര്‍ത്തിക്കൊണ്ട്, ഈ നദി വികസന വിരോധിയും പുതിയ കാലത്തെ ഉള്‍കൊള്ളാനാവാത്ത പഴഞ്ചനുമായിരുന്നുവെന്ന് നിങ്ങള്‍ വരും തലമുറയെ പഠിപ്പിക്കുക. അര്‍ഹതയുള്ളത് അവശേഷിക്കും (survival of the fittest) എന്ന നിങ്ങളുടെ വിപ്ലവ ദര്‍ശനം ഇവിടെ ശരിക്ക് സമാസമം ചേര്‍ത്താല്‍ മതി. ആ കാലത്തെ കുരുന്നുകള്‍ക്ക് നിങ്ങള്‍ ഭൂമിയില്‍ പണ്ട് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ദിനോസറുകളുടെയും നദികളുടെയും കഥകള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ ഇതെല്ലാം അവരെ ബോധ്യപ്പെടുത്തുക. എന്തുകൊണ്ടെന്നാല്‍ കെട്ടുകഥളാല്‍ സമ്പന്നമായ നിങ്ങളുടെ ചരിത്രത്തിന്‍റെ തുടര്‍ച്ച‍ക്കും മുന്നോട്ടുള്ള പ്രയാണത്തിനും ഇത്തരം കൊച്ചു കള്ളങ്ങള്‍ അനിവാര്യമാവുന്നു. മറിച്ചായാല്‍ നിങ്ങളുടെ മക്കള്‍, പേരമക്കള്‍ നിങ്ങളോട് പൊറുക്കാതിരുന്നാലോ!

Sunday, May 8, 2011

ലോകാ സമസ്താ സുഖിനോ ഭവന്തു


വധിക്കപ്പെട്ട താടിക്കാരനായ വൃദ്ധന്‍ ഒരു കാലത്ത് നയിച്ച ഭീകരതയുടെ വേലിയേറ്റത്തില്‍ Sept/11/2001 ല്‍ ന്യൂയോര്‍ക്കിലെ ലോക വ്യാപാര സമുച്ചയം തകര്‍ന്നു വീണപ്പോള്‍ കൊല്ലപ്പെട്ട മുവായിരം നിരപരാധികളും, അമേരിക്കയുടെ ഭീകര വിരുദ്ധ യുദ്ധത്തിന്‍റെ ഫലമായി ഇറാഖിലും മറ്റു വിവിധയിടങ്ങളിലുമായി കൊല്ലപ്പെട്ട പത്തു ലക്ഷം നിരപരാധികളും പരലോകത്ത് വെച്ച് കണ്ടു മുട്ടുകയും തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് കാര്യങ്ങളെ ഒരിക്കല്‍ കൂടി അവലോകനം ചെയ്യാനായി സമ്മേളിക്കുകയുമുണ്ടായി. (ഇറാഖില്‍ കൊല്ലപ്പെട്ടത് അഞ്ചു ലക്ഷത്തിനും പത്തിനും ഇടയിലെന്നാണ് വേറെ ഒരു കണക്ക്)

ഇഹലോകത്തു നിന്ന് കാലമെത്തും മുന്‍പേ പരലോകത്തേക്കുള്ള തങ്ങളുടെ ദുരിത പ്രയാണത്തിനിടയാക്കിയതിനും ദശലക്ഷക്കണക്കിനാളുകളെ ഭൂമിക്കുമേല്‍ മൃതപ്രായരാക്കിയിതിനുമെല്ലാം കാരണം സാമുവല്‍ ഹണ്‍ടിംഗ്ടന്‍ പറഞ്ഞതുപോലെയുള്ള നാഗരികതകളുടെ സംഘട്ടനമല്ലെന്നും, മറിച്ച് പെട്രോള്‍ പാടങ്ങളുടെ നിയന്ത്രണം സ്വന്തം കൈകളില്‍ ലോകാവസാനം വരെ ഭദ്രമാക്കാന്‍ മത്സരിക്കുന്നവരുടെ കുത്സിത തന്ത്രങ്ങളുടെ ഫലമാണെന്നുമുള്ള സത്യത്തെ അവര്‍ ഒരിക്കല്‍ കൂടി ഖേദത്തോടെ
അയവിറക്കി. ശീതയുദ്ധ കാലത്ത് അഫ്ഘാനിസ്ഥാനിലെ ഖൈബര്‍ ചുരങ്ങളുടെ ഉള്‍പിരിവുകളിലും, തോറാ ബോറായുടെ തുറസ്സുകളിലുമായി അന്ന് യുവാവായിരുന്ന വൃദ്ധനെയും കൂട്ടാളികളെയും സോവിയറ്റ്‌ അധിനിവേശക്കാര്‍ക്കെതിരെ ആളും അര്‍ത്ഥവും, ആയുധവും അനുഭവവും നല്‍കി പരിശീലിപ്പിച്ചെടുത്തവര്‍ തന്നെയാണല്ലോ ഇന്ന് ധര്‍മയുദ്ധത്തെ പറ്റി വാചാലരാവുന്നത് എന്ന വൈരുദ്ധ്യം ഉള്‍ക്കൊള്ളാന്‍ അവര്‍ ഇതിനകം തന്നെ പഠിച്ചു കഴിഞ്ഞിരുന്നു. സോവിയറ്റ്‌‌ അധിനിവേശം പൊറുക്കപ്പെടരുതാത്ത ആപത്തും യാങ്കി അധിനിവേശം സ്വാതന്ത്ര്യത്തിന്‍റെ സ്വര്‍ഗത്തിലേക്ക് തുറക്കുന്ന വിശാലമായ വാതായനമാവുന്നു എന്നതായിരുന്നു അതിന്‍റെ യുക്തി.


തങ്ങളെല്ലാവരും ഭൂമിയില്‍ കഴിഞ്ഞ കാലത്ത് "
മദ" ങ്ങളുടെ സങ്കുചിതമായ മതില്‍കെട്ടിനകത്തിരുന്നു ലോകത്തെ വീക്ഷിച്ചത്‌ മണ്ടത്തരമായിരുന്നു വെന്നും, ചില ഇസങ്ങളുടെ പ്രാഗ്`രൂപങ്ങളില്‍ സ്വയം തളച്ചിട്ടത് അബദ്ധമായിരുന്നുവെന്നും അവര്‍ വിഷാദം കൊണ്ടു. ദേശീയതയുടെ കൊടിവര്‍ണ്ണങ്ങളില്‍ തുടികൊട്ടി കൃത്രിമ ആവേശങ്ങളില്‍ മുഴുകി വിയോജിക്കുന്നവരുടെ കഴുത്തറുത്തത് മാപര്‍ഹിക്കാത്ത പാതകമായിരുന്നുവെന്ന് വ്യസനപ്പെട്ടു. സത്കര്‍മ്മങ്ങളിലൂടെയും സ്നേഹത്തിലൂടെയും സായൂജ്യം തേടേണ്ട മനുഷ്യര്‍ ഇവ്വിധം സ്വയം നഷ്ടത്തിലാവുന്നത് എങ്ങിനെയാണെന്ന് കൂലങ്കൂഷമായി ചിന്തിച്ചു നോക്കുകയും, ഗീതയുടെയും ബൈബിളിന്‍റെയും ഖുര്‍ആന്‍റെയും ആഴത്തിലുള്ള അടിസ്ഥാനസത്ത ഒരേ ഒരു സത്യമാണെന്ന അറിവില്‍ അവര്‍ വിനയാന്വിതരാവുകയും ചെയ്തു. ചെറിയ വിടവുകളെ പെരുപ്പിക്കുന്നവര്‍ക്ക് കാര്യമറിയാതെ ചെവികൊടുത്തതില്‍ നിന്നാണ് വന്‍പിളര്‍പ്പുകള്‍ രൂപം കൊണ്ടതെന്ന ഉള്‍വിളി അവര്‍ക്ക് പുത്തനായിരുന്നില്ല.

ഭൂമിക്കു മേല്‍ ജീവിച്ചിരിക്കുന്ന തങ്ങളുടെ ബാക്കിയുള്ളവര്‍ അവിടെ പല വലിപ്പങ്ങളില്‍ പല ദിക്കുകളില്‍ അതിര്‍ത്തികള്‍ വരച്ചു അപ്പുറവും ഇപ്പുറവും ഇരുന്ന്‌ സര്‍വ്വ സംഹാരിയായ അണുബോംബ് ഉണ്ടാക്കി പരസ്പരം ചാരമാക്കിക്കളയും എന്ന് കൂടെക്കൂടെ വീമ്പു പറയുന്ന വിഷയം ചര്‍ച്ചക്ക് വന്നപാടെ അതിര്‍ത്തികളില്ലാതെ പരലോകത്ത് ഒത്തുകൂടിയ അവര്‍ അനാദിയായ എല്ലാ വിഷാദങ്ങളും വിസ്മരിച്ച് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഭൂമിയില്‍ വെച്ചു നഷ്ടപ്പെട്ടു പോയിരുന്ന തങ്ങളുടെ നൈസര്‍ഗികമായ നിഷ്ക്കളങ്ക ഭാവങ്ങള്‍ അതിര്‍ത്തികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ചോദിക്കാതെ, അവരറിയാതെ അവരില്‍ പിന്നെയും പിറവി കൊള്ളുകയായിരുന്നു.