Thursday, May 19, 2011

നിനക്കോര്‍മ്മയുണ്ടോ ഗംഗാനദീ?


മഴ കനത്തു തടിച്ചപ്പോള്‍ വന്യമായ ആവേഗത്തിലാണ് നദി ഒഴുകിയത്. കടലിന്‍റെ ആഴങ്ങളില്‍ ചെന്ന് ഒരു കണികയായി അലിയുവാനായുള്ള ഈ നിതാന്ത യാത്ര കാലങ്ങള്‍‍ക്കപ്പുറത്തു നിന്ന്, ജന്മാന്തരങ്ങള്‍ക്കപ്പുറത്തു നിന്ന് തുടങ്ങിയതായിരുന്നു. പിന്നീട്, വേനലിന്‍റെ വറുതിയില്‍ ഒഴുക്ക് നിലയ്ക്കുമ്പോള്‍ അറ്റുപോയ കര്‍മ ബന്ധങ്ങളുടെ പുനര്‍ജനി തേടി തപസ്സു ചെയ്തിട്ടുണ്ട്.
നീരുറവയുടെ കനിവിനു കാത്തു ശിലയായി നിദ്ര കൊണ്ടിട്ടുണ്ട്. മറ്റൊരു വര്‍ഷ നിറവില്‍ പിന്നെയും ഉണരുകയും സുരതാവേഗത്തിന്‍റെ ഉന്മാദമുള്‍കൊണ്ട് കവിഞ്ഞൊഴുകുകയും ചെയ്തിട്ടുണ്ട്.

മന്വന്തരങ്ങള്‍ക്കക്കരെ തുടങ്ങിയ തേട്ടമാണ്‌. ഗുരു പരമ്പരകള്‍, താപസ
മുനിമാര്‍ പ്രപഞ്ചദര്‍ശനം കൊണ്ട തീര്‍ത്ഥമാണ്. കാളിന്ദീ തീരങ്ങളില്‍ രാധ കാതോര്‍ത്തു നിന്ന വേണു നാദത്തിലും നിറഞ്ഞ ഈണമാണ്.


ai ab-e-rud-e-ganga wo din hai yad tujh ko
utare tere kinare jab karwan hamara

ഹേ, ഗംഗാ നദിയിലെ ഓളങ്ങളെ, നിങ്ങള്‍ക്കോര്‍മയുണ്ടോ?
ഞങ്ങളുടെ സാര്‍ത്ഥ വാഹകസംഘം നിന്‍റെ തീരത്ത്‌ വന്നണഞ്ഞ ദിനങ്ങളെ, നിനക്കോര്‍മയുണ്ടോ ഗംഗാനദീ?
അല്ലാമാ ഇഖ്ബാല്‍ ഗംഗാ നദിയിലെ ഓളങ്ങളോട് ചോദിച്ച ഈ ചോദ്യം സംവദിച്ചത് കാലത്തോടാണ്. നദി കാലമാണ്. കാലം നദിയാണ്. നദി അനാദിയാണ്.

ഈ നീരുറവയുടെ കരുണയിലാണ് വനവും വന്യമൃഗങ്ങളും ഉയിര്‍ കൊണ്ടതും മാനവരാശിയുടെ നാഗരികതകള്‍ ഉദയമാര്‍ന്നതും. എത്രയെത്ര സംസ്കാരങ്ങളാ
ണ്, ജനതതികളാണ് നൈല്‍ നദീ തടങ്ങളിലും, ഗംഗാ, യമുനാ, ടൈഗ്രീസ് തീരങ്ങളിലും പിച്ചവെച്ചു വളര്‍ന്നു വേരുറച്ചു പടര്‍ന്നത്. എല്ലാവര്‍ക്കും ‍ കനിവ് നല്‍കി, കനവു നല്‍കി, കാടും മേടും കടന്നു പിന്നെയും ഒഴുകി അത് കടലിന്‍റെ മാറില്‍ ചെന്നു മുത്തമിട്ടു. ദീര്‍ഘമായ കാത്തിരിപ്പിന്‍റെയും യാത്രയുടെയും ഒടുക്കം സംഗമത്തിന്‍റെ നിര്‍വൃതിയില്‍ ലയിച്ചു ചേര്‍ന്നു, ഒരു ജീവിത വൃത്തം പൂര്‍ത്തിയാവുമ്പോള്‍ ഭൂമിയെ തളിരണിയിക്കാനായി പിന്നെയും നീരാവിയായി വിണ്ണിലുയര്‍ന്നു മേഘങ്ങളില്‍ ഘനീഭവിച്ചു കനിവായ് ഭൂമിയുടെ ഊഷരതയിലേക്ക് പെയ്തിറങ്ങി പിന്നെയും നിദ്ര കൊള്ളുന്ന നീര്‍ചാലുകള്‍ക്ക് ജീവന്‍ കൊടുത്തു യാത്ര തുടര്‍ന്നു. ജീവന്‍റെ പ്രവാഹത്തിന് തുടര്‍ച്ച നല്‍കാന്‍ വൃത്താന്തവൃത്തം ഒഴുകി.

ഇരുകാലികള്‍ നിബിഡ വനങ്ങളെ ഇല്ലായ്മ ചെയ്യാനാരംഭിക്കുകയും, പകരം കോണ്‍ക്രീറ്റു വനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങിയ കാലത്താണ് നദിയുടെ യാത്രാ പഥങ്ങള്‍ ദുര്‍ഘടമായി തുടങ്ങിയത്. ഇരിക്കുന്ന മരക്കൊമ്പ് മുറിക്കുന്നവനെ മരമണ്ടനായിട്ടാണ് മനുഷ്യര്‍ ഗണിക്കുന്നത്. ഒഴുകുന്ന നദിയുടെ ഉടലും തലയും അറുത്തു പച്ചപ്പിന്‍റെ അവസാന തുരുത്തിലും
കോണ്‍ക്രീറ്റു പാകി ചുട്ടു പൊള്ളുമ്പോള്‍, നമുക്ക് അണുനിലയം പണിത് അതിന്‍റെ ഊര്‍ജ്ജത്തില്‍ നിന്ന് ശീതീകരണ യന്ത്രം പ്രവര്‍ത്തിപ്പിച്ചു ചൂടകറ്റാം എന്നു പുരോഗമന പരമായി ചിന്തിക്കുന്ന ആധുനിക മനുഷ്യന്‍റെ കരവിരുതുകളില്‍ പിടഞ്ഞു തീരുന്നു ഈ നദി, എങ്കിലും അവനെ അതു വെറുക്കുന്നില്ല, അതിനാല്‍ ഈ നദി പറയുന്നതെന്തെന്നാല്‍, നിങ്ങള്‍ മനുഷ്യര്‍ അവലംബിക്കുന്ന ചില മാനദണ്ഡങ്ങളോടു നീതി പുലര്‍ത്തിക്കൊണ്ട്, ഈ നദി വികസന വിരോധിയും പുതിയ കാലത്തെ ഉള്‍കൊള്ളാനാവാത്ത പഴഞ്ചനുമായിരുന്നുവെന്ന് നിങ്ങള്‍ വരും തലമുറയെ പഠിപ്പിക്കുക. അര്‍ഹതയുള്ളത് അവശേഷിക്കും (survival of the fittest) എന്ന നിങ്ങളുടെ വിപ്ലവ ദര്‍ശനം ഇവിടെ ശരിക്ക് സമാസമം ചേര്‍ത്താല്‍ മതി. ആ കാലത്തെ കുരുന്നുകള്‍ക്ക് നിങ്ങള്‍ ഭൂമിയില്‍ പണ്ട് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ദിനോസറുകളുടെയും നദികളുടെയും കഥകള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ ഇതെല്ലാം അവരെ ബോധ്യപ്പെടുത്തുക. എന്തുകൊണ്ടെന്നാല്‍ കെട്ടുകഥളാല്‍ സമ്പന്നമായ നിങ്ങളുടെ ചരിത്രത്തിന്‍റെ തുടര്‍ച്ച‍ക്കും മുന്നോട്ടുള്ള പ്രയാണത്തിനും ഇത്തരം കൊച്ചു കള്ളങ്ങള്‍ അനിവാര്യമാവുന്നു. മറിച്ചായാല്‍ നിങ്ങളുടെ മക്കള്‍, പേരമക്കള്‍ നിങ്ങളോട് പൊറുക്കാതിരുന്നാലോ!

52 comments:

 1. മനുഷ്യന്റെ കയ്യിലിരിപ്പുകൊണ്ട് ചരിത്രത്താളുകളിലേക്ക് മറഞ്ഞുപോകുന്ന നദികള്‍.. അല്ലേ?...

  'ai ab-e-rud-e-ganga wo din hai yad tujh ko
  utare tere kinare jab karwan hamara'

  എത്ര ആഴമുള്ള വരികള്‍... ഹൃദയത്തില്‍ നിന്നുമുള്ള വരികള്‍ രചിക്കാന്‍ ഉര്‍ദുവാണ് ഏറ്റവും അഭികാമ്യമായ ഭാഷ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

  ആശംസകള്‍

  ReplyDelete
 2. നമ്മള്‍ ഇപ്പോഴേ പറഞ്ഞു തുടങ്ങിയിരിക്കുന്നു, ഇവിടെ ഒരു നദി ഉണ്ടായിരുന്നു എന്ന്. മനുഷ്യന്‍ അങ്ങിനെയാണ്. എല്ലാ നന്മകളെയും അവന്‍ തച്ചുടക്കും. പകരം തിന്മകളെ കൊണ്ടവന്‍ തന്റെ തോട്ടം അലങ്കരിക്കും. മഹാമേരുക്കള്‍ പെരുമാറി പിന്നെയും പിന്നെയും മരണത്തിന്റെ മാറാപ്പുമായി നമുക്കിടയില്‍ ചുറ്റിത്തിരിയുന്നത് അവന്‍ കാണില്ല. തിരിച്ചറിവിന്റെ ഇന്ദ്രിയം നമുക്കെന്നോ നഷ്ട്ടപ്പെട്ടിരിക്കുന്നു. വരും തലമുറകള്‍ക്ക് വേണ്ടി നാം സന്പാദ്യം ഒരുക്കി വെക്കുന്നു. പക്ഷെ, ആ വരും തലമുറക്ക് ജീവിക്കാന്‍ ഒരു ഭൂമി നാം ബാകി വെക്കുന്നില്ല.
  ഒരു പ്രവാചക വചനം ഓര്മ വരുന്നു. ഭൂമിയെ നിങ്ങള്‍ സൂക്ഷിക്കുക. കാരണം ഭൂമി നിങ്ങളുടെ അമ്മയാണ്. ഭൂമി നിങ്ങള്‍ ചെയ്യുന്നതെല്ലാം കാണുന്നുണ്ട്. സുനാമികലുണ്ടാകുമ്പോള്‍ ഭൂമിയും ദൈവത്തെയുമൊക്കെ കുറ്റം പറയുന്ന നമ്മള്‍ ആ ഭൂമിയെ പച്ചക്ക് തിന്നുന്നത് നാമറിയുന്നില്ല. വരും തലമുറയോട് നമുക്ക് പറയാം. ഇവിടെ ഒരു നീരോഴുക്കുണ്ടായിരുന്നു എന്ന്.
  സലാം ഭായ്, നല്ല പോസ്റ്റ്‌. ഈ പോസ്റ്റിനു എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

  ReplyDelete
 3. നദികള്‍ എപ്പോഴും കണ്ണീര്‍ പേറുന്നവയാണ്‌..പണ്ട് ഇവിടെയൊരു പുഴയുണ്ടായിരുന്നുവെന്നു ഗദ്ഗദത്തോടെ പറയാന്‍ വിധിക്കപ്പെട്ട മാനവരാശികള്‍...
  പോസ്റ്റ്‌ വളരെ നന്നായി........

  ReplyDelete
 4. ഗംഗമാത്രമല്ല, ഇങ്ങ് കേരളക്കരയിൽ ഭാരതപ്പുഴയും പമ്പയുമെല്ലാം ഇതുതന്നെ പറയുഞ്ഞുതരുന്നു, “നദി കാലമാണ്. കാലം നദിയാണ്“... പക്ഷെ, എല്ലാത്തിനും മീതെ പണത്തിന്റെ കാഴ്ചമാത്രം കാണാൻ ശീലിച്ച മനുഷ്യൻ ചെയ്തു വയ്ക്കുന്നതോ... പുഴകൾക്കു കഥപറയാൻ കഴിഞ്ഞെങ്കിൽ, നാവ് ഉണ്ടായിരുന്നെങ്കിൽ, സ്വയം ദിശ നിർണ്ണയിച്ച് ഒഴുകാൻ കഴിഞ്ഞെങ്കിൽ, എല്ലാം തകർത്തെറിഞ്ഞേനെ.അതിനൊന്നും കഴിയാതെ സ്നേഹം മാത്രം നിറച്ച് എത്രകാലമായി ഈ ഒഴുക്ക്.മരിക്കുന്ന, കൊല്ലപ്പെടുന്ന ,നദികൾ. മനോഹരമായ പോസ്റ്റ്.

  ReplyDelete
 5. ഭൂമിയുടെ ശ്വാസകോശങ്ങളാണ്‌ നമ്മുടെ വനങ്ങൾ ,അനുസ്യൂതം തന്റെ മുലചുരന്ന് മക്കളെ ഊട്ടുന്ന നമ്മുടെ അമ്മ, ഭൂമീദേവി....പക്ഷെ സ്വയം കാർന്നുതിന്നുന്ന അർബുദം പോലെ മനുഷ്യൻ തന്റെ ക്ഷണികമായ സുഖ ഭോഗങ്ങൾക്ക് വേണ്ടി,പകയോടെ നരഭോജികളായി മാറുമ്പോൾ....നഷ്ടമാകുന...്ന നമ്മുടെ പുഴകളും,കുളങ്ങളും....ജൈവസ മൃദ്ധ്മായ കാവുകളും തീണ്ടപ്പെടുമ്പെടുകയാണ്‌...എന്നോ കുറിക്കപ്പെട്ട ഒരു ചരമഗീതം ആഗ്രഹിക്കാതെയാണെങ്കിലും നമ്മുടെ കർൺപുടങ്ങളെ അലോസരപ്പെടുത്തുന്നു...

  അഭിനന്ദനങ്ങൾ ചങ്ങാതീ..ഈ സൂചകത്തിന്‌..

  ReplyDelete
 6. നദി അനന്ത മായാ ജലകണികകള്‍ ആയിരുന്നു ഇന്ന് നദി അനാഥമായി മാറിയിരിക്കുന്നു

  ReplyDelete
 7. കാലോചിതവും, അവസരോജിതവുമായ വാക്കുകൾ വാക്യങ്ങളായി കണ്ടപ്പോൾ അതിയായ സന്തോഷം “ഇരിക്കുന്ന മരക്കൊമ്പ് മുറിക്കുന്നവനെ മരമണ്ടനായിട്ടാണ് മനുഷ്യര്‍.... അവൻ ഈ നാടിനെ എവിടെക്കോണ്ട് എത്തിക്കുമെന്നറിയില്ലാ... ഈ വരികൾക്ക് എല്ലാ ഭാവുകങ്ങളും

  ReplyDelete
 8. വിലപ്പെട്ട ഒരു നല്ല പോസ്റ്റ്.അഭിനന്ദനങ്ങൾ

  ReplyDelete
 9. മരണത്തെ പൃറിയും മാരണത്തിനു വഴങ്ങിയും നശിച്ചു കൊണ്ടിരിക്കുകയാണ്‌.
  കാലീകബുദ്ധിയോടെ എഴുതിയിരിക്കുന്നു.

  ReplyDelete
 10. ഇപ്പഴത്തെ കുട്ടികള്‍ക്കിതു വല്ലതും അറിയണോ.. നദിയും പുഴയും പാടവും പറമ്പും കാടും കരയിലയും എല്ലാം അന്യമായിക്കൊണ്ടിരിയ്ക്കുന്നു. അവരില്‍ നിന്നും.ഇനിയെങ്ങനെ അവരുടെ മനസ്സിലേയ്ക്ക് ഇതെല്ലാം തിരിച്ചു കൊണ്ടുവരും എന്നുവേണം ചിന്തിയ്ക്കാന്.നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍

  ReplyDelete
 11. അപ്പപ്പോഴത്തെ സുഖത്തിനു വേണ്ടി നശിപ്പിക്കുന്ന നന്മകളെ പിന്നീട് തിരിച്ചെടുക്കാന്‍ കഴിയാതെ വെവലാധിപ്പെടുന്ന ഒരു ജനത അധികം വിദൂരത്തല്ല.
  വളരെ നന്നായിരിക്കുന്നു സലാം ഭായി.

  ReplyDelete
 12. >>നദി കാലമാണ്. കാലം നദിയാണ്. നദി അനാദിയാണ്.<<

  ഒക്കെ സമ്മതിച്ചു. കണ്ണൂരാന്‍ കല്ലിവല്ലിയാണ് എന്ന് പറയാതിരുന്നത് എന്റെ ഭാഗ്യം.

  @ തിരിചിലാന്‍:

  >> ഹൃദയത്തില്‍ നിന്നുമുള്ള വരികള്‍ രചിക്കാന്‍ ഉര്‍ദുവാണ് ഏറ്റവും അഭികാമ്യമായ ഭാഷ <<

  അത് നേരാ. പട്ടാണികളോട് കാശ് ചോദിയ്ക്കാന്‍ പറ്റിയത് ഉര്‍ദു തന്നെ!

  **

  ReplyDelete
 13. മരിക്കുന്ന പുഴകള്‍ ഒരു യഥാര്‍ത്ഥ പ്രകൃതി സ്നേഹിയുടെ വ്യാകുലത തന്നെ.

  നല്ല പോസ്റ്റ്‌..

  ആശംസകള്‍ ഭായ് ..

  ReplyDelete
 14. നദികള്‍ ഇല്ലാതായാല്‍ അതോടൊപ്പം മഹത്തായ ജനതതി കളുടെ മഹത്തായ സംസ്കാരങ്ങളും പൈതൃകങ്ങളും മണ്ണ് അടിയും ..
  സലാമിന്റെത് സന്ദര്‍ഭത്തിനു അനുസൃതമായ ചിന്ത തന്നെ .

  ReplyDelete
 15. പ്രകൃതി മനുഷ്യന്റെ അമിതമായ കടന്നുകയറ്റത്തിന് ഇരയാവുമ്പോള് ചോദ്യം ചെയ്യപ്പെടുന്നത് മനുഷ്യന്റെ തന്നെ നിലനില്‍പ്പാണ്. നാം ഓരോരുത്തരും അറിഞ്ഞോ അറിയാതെയോ അതില്‍ പങ്കാളികളാകുന്നു.
  നല്ല പോസ്റ്റ്‌... തിരികെ എത്തിയോ?

  ReplyDelete
 16. ഇങ്ങനെ എത്രെ എത്ര പുഴകള്‍... നശിപ്പിക്കുന്നതും നമ്മള്‍ വിലപിക്കുന്നതും നമ്മള്‍ (നിങ്ങളെ ഉദ്യേശിച്ചു പറഞ്ഞതല്ല കേട്ടോ..പൊതുവില്‍ പറഞ്ഞതാ)! പ്രകൃതിയുടെ സന്തുലനാവസ്ഥയെ തകിടം മറിച്ചു പുഴകളെ നശിപിച്ച നമ്മെ നോക്കി, ആ പുഴകളുടെ മണല്‍ തിട്ടകള്‍ കൂറ്റന്‍ ബംഗ്ലാവ്കളുടെ ഭിത്തിയില്‍ ഭദ്രമായിരുന്നു ചിരിക്കുന്നില്ലേ..? വര്‍ഷങ്ങള്‍ മുമ്പ് ഞാനും ഒന്ന് വിലപിച്ചിരുന്നു ..എന്റെ ജന്മ നാട്ടിലെ ഒരു പുഴയെ ഓര്‍ത്തു.. ഇപ്പൊ ആ പുഴയുടെ അവസ്ഥ എന്താണെന്ന് പോലും എനിക്കറിയില്ല ..!
  നല്ല പോസ്റ്റ്‌.. ആശംസകള്‍!

  ReplyDelete
 17. ' എങ്കിലും അവനെ അതു വെറുക്കുന്നില്ല, അതിനാല്‍ ഈ നദി പറയുന്നതെന്തെന്നാല്‍, നിങ്ങള്‍ മനുഷ്യര്‍ അവലംബിക്കുന്ന ചില മാനദണ്ഡങ്ങളോടു നീതി പുലര്‍ത്തിക്കൊണ്ട്, ഈ നദി വികസന വിരോധിയും പുതിയ കാലത്തെ ഉള്‍കൊള്ളാനാവാത്ത പഴഞ്ചനുമായിരുന്നുവെന്ന് നിങ്ങള്‍ വരും തലമുറയെ പഠിപ്പിക്കുക...'

  ക്ഷമയുടെ നെല്ലിപലക കണ്ടിട്ടും നദി എങ്ങനെ ഇങ്ങനെ സഹിക്കുന്നു !
  ആക്ഷേപത്തിന്റെ മുന നന്നായി കൊളുത്തിയിട്ടുണ്ട് !
  അഭിനന്ദനങ്ങള്‍ .........

  ReplyDelete
 18. എത്ര നദികളും പുഴകളുമാണ് ഇങ്ങനെ മരിച്ചു മറന്നു പോകുന്നത്...

  ReplyDelete
 19. പുഴക്കൊരു ചരമഗീതം

  ReplyDelete
 20. മരിച്ചു കൊണ്ടിരിക്കുന്ന മഹാ നദികള്‍ക്ക് വേണ്ടി....
  നല്ലൊരു പോസ്റ്റ്‌ . ആശംസകള്‍

  ReplyDelete
 21. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം..!!

  ReplyDelete
 22. ആശങ്കയുണര്‍ത്തുന്ന ചിന്തകള്‍. നദികള്‍ ഭൂമിയുടെ ജീവനാഡികളെന്ന് തിരിച്ചറിയുമ്പോഴേയ്ക്കും സമയം അതിക്രമിച്ചുപോകുമോ? സിംഗപ്പൂര്‍ സിറ്റിയുടെ നടുവേ ഒരു ചെറു നദി ഒഴുകുന്നുണ്ട്. ഒന്ന് കാണേണ്ടത് തന്നെ ആ നദിയെ അവര്‍ പരിപാലിക്കുന്നത്. ചെന്നൈയില്‍ ഒരു കൂവം നദിയുണ്ട്. അതും കാണേണ്ടത് തന്നെ. കണ്ണില്ലാത്തവര്‍ക്ക് മൂക്കുകൊണ്ടറിയാം കൂവത്തിനടുത്തെത്തിയെന്ന്. എന്തിന് ഏറെ പറയുന്നു? ശുചീന്ദ്രന്മാരുടെ നാടായ കേരളമോ? കക്കൂസ് മാലിന്യം തള്ളാനും, കോഴിക്കടയുടെ വേസ്റ്റ് തള്ളാനും ഫാക്ടറികളുടെ മാലിന്യം ഒഴുക്കിവിടാനും ഒരു ഓട. മാലിന്യസംസ്കരണം ഒരു സംസ്കാരമാണ്. ഒരു ജനതയുടെയും നാടിന്റെയും സംസ്കാരമാണ് അത് വാക്കും ഭാഷണവുമില്ലാതെ വെളിപ്പെടുത്തുന്നത്. നമ്മുടെ നാടിന്റെ സംസ്കാരം മറ്റുള്ളവര്‍ വായിക്കുന്നതെങ്ങിനെയായിരിക്കും? ഓരം ഇടിച്ച് മണ്ണെടുക്കുവാനും കൊള്ളയടിക്കുവാനും മണ്ണ് മാഫിയ എന്ന പുതിയൊരവതാരവും. ഒരു റിട്ടയേര്‍ഡ് അദ്ധ്യാപകനെ മണ്ണ് മാഫിയ വീട്ടില്‍ കയറി തല്ലി കാലൊടിച്ച് വിട്ട വാര്‍ത്ത “നീഹാരബിന്ദുക്കള്‍” സാബുവിന്റെ ബ്ലോഗില്‍ കണ്ടിരുന്നു. ദൈവത്തിന്റെ സ്വന്തം നാട്!!!!

  ReplyDelete
 23. നൂറ്റിയിരുപത്തിയഞ്ചുകോടി ജനങ്ങളുടെ ഉപഭോഗസംസ്ക്കാരത്തെ താങ്ങാനുള്ള ഭൂവിഭവങ്ങളൊന്നും ഇന്ത്യയിലില്ല, സുഹൃത്തേ.

  ഒന്നുകില്‍ ഉപഭോഗം കുറയണം, അല്ലെങ്കില്‍ മനുഷ്യര്‍ കുറയണം. ഇന്നത്തെ സ്ഥിതിക്കാണെങ്കില്‍ ഇതുരണ്ടും ഏറെ കുറയണം, എന്നാലേ രക്ഷയുള്ളൂ. അങ്ങനൊക്കെ പറയുന്നത് മനുഷ്യത്വമില്ലായ്മയാണോ, എന്തോ....

  ReplyDelete
 24. പ്രകൃതി നിരന്തരം ചൂഷണത്തിന് വിധേയമായി കൊണ്ടിരിക്കുന്നു. മനുഷ്യരാശിയുടെത് മാത്രമല്ല, ഭൂമിയിലുള്ള സകല ചരാചരങ്ങളുടെയും നിലനില്‍‌പ്പിനെ തന്നെ ബാധിക്കുന്ന ഒരു പ്രശ്നമാണിത്. ഇങ്ങിനെ പോയാല്‍ വരും തലമുറയ്ക്ക് കൈമാറാന്‍ നമ്മുടെ കയ്യില്‍ വരണ്ടുണങ്ങിയ ഭൂമി മാത്രമേയുണ്ടാകൂ.

  നല്ല പോസ്റ്റ്. വളരെ നന്നായി എഴുതി. ആശംസകള്‍.

  ഈ പോസ്റ്റ് വായിച്ചപ്പോള്‍ മുരുകന്‍ കാട്ടാക്കടയുടേ "തിരികെയാത്ര" എന്ന കവിത ഓര്‍മ്മ വന്നു.

  ReplyDelete
 25. "ഇരുകാലികള്‍ നിബിഡ വനങ്ങളെ ഇല്ലായ്മ ചെയ്യാനാരംഭിക്കുകയും, പകരം കോണ്‍ക്രീറ്റു വനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങിയ കാലത്താണ് നദിയുടെ യാത്രാ പഥങ്ങള്‍ ദുര്‍ഘടമായി തുടങ്ങിയത്..."

  യാത്രകളാണ് പ്രകൃതിയേയും ജീവജാലങ്ങളേയും പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നതെന്ന സത്യം കാണിച്ചു തരുന്നുണ്ട് ഈ ലേഖനം.എല്ലാ യാത്രകളും ഒരുതരത്തില്‍ സത്യാന്വേഷണങ്ങള്‍ തന്നെയാണ്..അത് കാട്ടില്‍ നിന്ന് കടലിലേക്കുള്ള നദികളുടെ ഒഴുക്കായാലും,ആകാശത്തുനിന്നും ഭൂമിയിലേക്കുള്ള മേഘങ്ങളുടെ യാത്രയായാലും,പാപങ്ങളില്‍ നിന്നും പുണ്യങ്ങളിലേക്കുള്ള മനുഷ്യരുടെ തീര്‍ഥയാത്രകളായാലും ഒരേ മഹത്വം തന്നെ. അത് തടയുന്നതാകട്ടെ കിരാതത്വവും.
  വിലപ്പെട്ട ചിന്തകള്‍ പകരുന്നുണ്ട് താങ്കളുടെ ആശയങ്ങള്‍ ..
  അഭിനന്ദങ്ങള്‍

  ReplyDelete
 26. ദുര നുരയുന്ന മനസ്സുകൾ നിലനിൽ‌പ്പിന്റെ നിദാനങ്ങളോട് നീതി പുലർത്താതെ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനെതിരെ വരികളിൽ നിറയുന്ന വികാരങ്ങളോട് ഹ്ര്‌ദയം കൊണ്ട് ഐക്യപ്പെടുന്നു.

  പതിവു പോലെ ഈ പോസ്റ്റിലും വിളങ്ങുന്ന ആറ്റിക്കുറുക്കിയ സമ്മോഹനമായ സലാമിയൻ ശൈലിക്കൊരു ഹാറ്റ്സ് ഓഫ്.

  ReplyDelete
 27. നല്ല ഭാഷയില്‍ വരാല്‍ പോകുന്ന വിപത്ത് ചൂണ്ടി കാട്ടി.ആശംസകള്‍.

  ReplyDelete
 28. सिधि साध्ये सतामस्तः प्रसादतस्य धूर्जटे
  जाह्नवी फ़ेन् लेखेव एन मूर्धनि शशिन कला!

  ReplyDelete
 29. വീണ്ടും വളരെ ശക്തമായ ഒരു പോസ്റ്റ്‌...ചിന്തിപ്പിക്കുന്നത്....ശക്തമായ ഭാഷാ മലയാളം...
  ആത്യന്തികമായി സുഖം ശരീരത്തിനല്ല, മനസ്സിനാണ്‌ വേണ്ടതെന്ന്‌, കുഴിയിലേക്ക് പോകുമ്പോള്‍ മാത്രമാണ് മനുഷ്യര്‍ മനസ്സിലാക്കുന്നത്!!!

  ReplyDelete
 30. പുഴ മരിക്കുന്നു.. അല്ല കൊല്ലുന്നു... മനുഷ്യരാശി ആത്മഹത്യക്കു തെയ്യാറെടുക്കുന്നു...!!!

  ReplyDelete
 31. നാം തന്നെയാവുന്നു നമ്മുടെ നാശത്തിലേക്കുള്ള പാതയോരുക്കുന്നവര്‍.

  ReplyDelete
 32. ഭക്തിയും സൌന്ദര്യവും കുടി കൊളളുന്ന തീരങ്ങള്‍ മലീമസം ആവുമ്പോള്‍ കണ്ണ്
  അടച്ചു ഇരുട്ടാക്കുന്നവര്‍ സ്വാര്ധര്‍ ..അവര്‍ക്ക്
  രൂപ ഭേദം ഇല്ല . .സാമ്യം മാത്രം നന്മയെ കാര്‍ന്നു തിന്നുന്ന മനസ്സിന്റെ സ്വാര്‍ഥത ...


  ഉറുമി എന്ന സിനിമയില്‍ ഇതിന്റെ ഒരു പുതിയ
  മുഖം നന്നായി വരച്ചു കാണിച്ചിട്ടുണ്ട്...
  ഒന്നും ചെയ്യാന്‍ ആവുന്നില്ലെങ്കിലും ഈ എഴുത്ത്
  അല്‍പ നേരം ചിന്തിപ്പിക്കുന്നു സലാം ..പലതും..
  പുഴയിലെ മണ്ണ് വാരുന്നതിന് എതിരെ പരാതിപ്പെട്ട
  മനുഷ്യന്റെ കാലു രണ്ടും തല്ലി ഒടിക്കുന്ന 'മാന്യന്മാരെ'
  എങ്കിലും ഓര്‍ത്തു സഹതപിക്കാന്‍ നമ്മുടെ തലമുറകള്‍ക്ക് ആവുമോ ?

  ReplyDelete
 33. ഇക്കാ എനിക്ക് എന്തോകെയോ പറയണമെന്നുണ്ട് ,പക്ഷെ ,അതൊന്നും ഇങ്ങോട്ട വരുന്നില്ല..എനിക്കിഷ്ടമായി ഒരുപാട് ..

  ReplyDelete
 34. മനുഷ്യൻ അവന്റെ സുഖലോലുപതയ്ക്ക് പിന്നാലെയുള്ള ഓട്ടത്തിലാണ്...അതിനിടയിൽ അവൻ നശിപ്പിക്കുന്ന പ്രകൃതി അവന്റെ തന്നെ വിനാശത്തിനു കാരണമാകുന്നുവെന്നറിയുന്നില്ലാ..സംസ്കാരങ്ങളുടലെടുത്തത് നദീതീരത്താണെന്ന സത്യം വിസ്മരിക്കപ്പെടുന്നു...നദിയുടെ നാശം അത് കാലത്തിന്റെ നാശം

  ReplyDelete
 35. കുടിവെള്ളത്തിനു വേണ്ടിയുള്ള യുദ്ധത്തിനും നാം സാക്ഷിയാകേണ്ടി വരും...

  ReplyDelete
 36. വീണ്ടും ശക്തമായ ഒരു പോസ്റ്റ്‌, അഭിനന്ദനങ്ങള്‍.

  ReplyDelete
 37. പുഴകള്‍ വരണ്ടുണങ്ങുമ്പോള്‍ പ്രകൃതിയുടെ തണുത്ത തലോടല്‍ ഇല്ലാതാകുന്നു.
  പിന്നെ....മനസ്സില്‍ കനിവു വറ്റിയ മനുഷ്യന്‍ മാത്രം ബാക്കിയാവും!

  ReplyDelete
 38. പുഴകള്‍ക്കു ചരമഗീതങ്ങള്‍ കുറിച്ചുകൊണ്ടിരിക്കാം നമുക്ക്.

  ReplyDelete
 39. കാവ്യാത്മകമായ വരികളോടെ ഒരു ലേഖനം. പരിസ്ഥിതി നശീകരണവും മാനവരാശിയുടെ തന്നെ ചരിത്രവും വിഷയമാക്കി നന്നായി വിശദീകരിച്ചിരിക്കുന്നു. വിജ്ഞാനപ്രദമായ ലേഖനം.
  ആശംസകള്‍.

  ReplyDelete
 40. എത്താന്‍ വൈകിപ്പോയി... നല്ല പോസ്റ്റ്‌ ... ചന്തുവേട്ടന്‍ പറഞ്ഞപോലെ ഇരിക്കുന്ന കൊമ്പ് തന്നെ മുറിച്ചുകൊണ്ടിരിക്കുന്ന മനുഷ്യര്‍ !

  ReplyDelete
 41. മമ്മാ ..എന്താണ് പുഴ എന്ന് പറഞ്ഞാല്‍ ?
  മോളു ..നമുക്ക്‌ ഈ ഭൂമിയില്‍ ദൈവം നല്‍കിയ ഏറ്റ്വും വലിയ വരദാനം ..ശുദ്ധ ജലം ശുദ്ധ വായു ഇതൊക്കെ ഇതില്‍ പെടും ..
  ഇത് ഇപ്പോള്‍ എവടെ കാണാന്‍ പറ്റും മാ ?
  ലൈവ് ആയി ഇനി ഇത് നമുക്ക്‌ കാണാന്‍ പറ്റില്ല മോളു .ഇപ്പോള്‍ അതൊന്നും ഇല്ല ...എല്ലാം മനുഷ്യരായി നശിപ്പിച്ചു ..
  ആട്ടെ ഇപ്പോള്‍ മോളു ഇത് ചോദിയ്ക്കാന്‍ കാരണം ?
  നാളെ നദി എന്താണെന്നു പത്തു വാക്കില്‍ കവിയാതെ അസയിന്മേന്റ്റ്‌ ചെയ്യാന്‍ മിസ്സ്‌ പറഞ്ഞു....
  നദികള്‍ ഉള്ഭവികുന്നത് പര്‍വതനിരകളില്‍ നിന്നാണ് .മഴവെള്ളവും മണ്ണും കുത്തിയൊലിചോഴുകുമ്പോള്‍ നദികള്‍ ഉണ്ടാകുന്നു ?
  എന്താ മമ്മാ മഴ ?
  മോളു ഷവര്‍ കണ്ടിട്ടില്ലേ? ....അതില്‍ നിന്ന് വെള്ളം എങ്ങിനെയാ ഉറ്റുന്നു ..അത് പോലെ ആകാശത്തില്‍ നിന്നും പണ്ട് മമ്മയുടെ കുട്ടി കാലത്ത് ഇടക്കിടെ ജലം ആകാശത്ത്‌ നിന്നും പെയ്യാരുണ്ടായിരുന്നു ..
  ഈ മമ്മ യുടെ ഒരു കാര്യം ...അത് യൂടുബില്‍ ഞാന്‍ കണ്ട മാജിക്‌ അല്ലേ ? ലോജിക് ആയ വല്ലതും പറഞ്ഞുതാ മമ്മാ ...ഐ കാണ്ട് ബെലീവ്‌ ദിസ്‌
  (വരും തലമുറ ഇങ്ങെനെയും ചോദിക്കാം സലാംക്ക )

  ReplyDelete
 42. നല്ല പോസ്റ്റ്.കാലിക പ്രസക്തം.
  ടൈറ്റില്‍ കണ്ടപ്പോള്‍ ഗംഗാതീരത്ത എത്തിയോ എന്നു കരുതിപ്പോയ്.

  ആശംസകളോടേ

  ReplyDelete
 43. നദിയോടുള്ള സ്നേഹം രാഷ്ട്രീയ ആവശ്യങ്ങൾക്ക് മാത്രം ഇന്നു ഇഷ്യുവാക്കപെടുന്നു...

  ReplyDelete
 44. ദൈവം നമുക്ക് വരദാനമായി തന്ന പ്രക്രതിയിലെ സകലതിലും നാം കൈ കടത്തുന്നു.. ആരുകളെല്ലാം കര കവിഞ്ഞൊഴുകിയ ഒരു നല്ല കാലമുണ്ടായിരുന്നു മണല്‍ക്കൊള്ള വരുന്നതിനു മുന്പ് ..കാനനമെല്ലാം തിങ്ങി നിറഞ്ഞൊരു കാലമുണ്ടായിരുന്നു മനുഷ്യന്‍ പ്രക്ര്തിയെ പിച്ചി ചീന്തുന്നതിനു മുന്പ് ..ഇന്നതെല്ലാം ഓർമ്മയിൽ മാത്രം .. പോസ്റ്റ് വളരെ ന്നായി സാഹിത്യസമ്പുഷ്ട്ടമായ ഒരെഴുത്തുകൂടി വായനക്കാർക്ക് സമ്മാനിച്ചതിനു നന്ദി...

  ReplyDelete
 45. എന്‍റെയും മനസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്ന പോസ്റ്റ്‌.
  ഇന്ന് ഓരോ നദികളും പാടുന്നത് ഓരോ വിലാപ ഗീതമാണ്‌.
  ചാലിയാറിന്‍റെയും ഇരുവഴിഞ്ഞിയുടെയും തീരത്തുള്ള ഞാന്‍ ആ ഗാനം കേള്‍ക്കാറുണ്ട്.
  അല്ലാമാ ഇഖ്ബാലിന്‍റെ വരികളുടെ അതെ ഭംഗിയോടെ എല്ലാ നദികളും ഒഴുകട്ടെ.
  ഞാനെത്താന്‍ ഇത്തിരി വൈകി. അതായത് ഒരു മികച്ച പോസ്റ്റ്‌ വായിക്കാന്‍ വൈകി.

  ReplyDelete
 46. നന്മ ചെയ്യുന്ന നദികള്‍ .....അവരറിഞ്ഞിരുന്നില്ല....കാലം അവരെ മായിച്ചു കളയുമെന്ന്

  ReplyDelete
 47. ഗംഗ നദി കാലയവനികക്കുള്ളില്‍ മാഞ്ഞുപോവുമ്പോള്‍ അത് ചരിത്രത്തിനു ഒരു പുതിയ ഇതള്‍ കൂടി സമ്മാനിക്കുന്നു. ജീവിച്ചു കൊതിതീരാത്തത്തിന്റെ മുന്ബെ കാലം സമ്മാനിച്ച മുറിവിന്റെ വേദനയില്‍ തീര്‍ത്ത ഒരു ഇതള്‍. എല്ലാത്തിനും കാലം സാക്ഷി..വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്ക് ഇങ്ങനെയും ഒരു കഥ പറഞ്ഞുകൊടുക്കാം. . പണ്ട് പണ്ട് ഗംഗ എന്ന് പേരുള്ള ഒരു നദി..............................,

  വളരെ നന്നായിടുണ്ട്, നന്ദി. .. സലാം ഭായ് ഇനിയും........

  ReplyDelete
 48. പോസ്റ്റ് വളരെ നന്നായി. അഭിനന്ദനങ്ങൾ.

  ReplyDelete
 49. ഇവിടെ വന്നു വായിച്ചു അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും വളരെ നന്ദി.

  ReplyDelete
 50. ഇത്രയും പരന്ന, ഗൗരവതരമായ എഴുത്തിനെ സമീപിക്കുന്ന ഒരാളെ കണ്ടുമുട്ടിയതിൽ വളരെ സന്തോഷം. ഉള്ളടക്കത്തിന്റെ പ്രസക്തിയെ മറച്ചു പിടിക്കുകയല്ല,ഈ അസൂയാവഹമായ ആഖ്യാന ശൈലിയെക്കുറിച്ച് പറയുവാനാണ്‌ എനിക്ക് കൂടുതൽ തോന്നുന്നത്. വായനക്കാരന്റെ നെഞ്ചിലൊരു ചാൽ വെട്ടി അതിലേക്ക് നദിയെ വഴിതിരിച്ചുവിടുന്നു ലേഖകൻ.

  എല്ലാ ആശംസകളും.
  satheeshharipad.blogspot.com

  ReplyDelete
 51. നന്നായി

  ReplyDelete