Friday, July 29, 2011

വൃദ്ധ വിലാപങ്ങള്‍"എടുക്കുന്ന സാധനങ്ങള്‍ പിടി തരാതെ ചിലപ്പോള്‍ എന്‍റെ കയ്യില്‍ നിന്ന് വീണുടയാറുണ്ട്"

കുട്ടി പറഞ്ഞു.

"എനിക്കും പറ്റാറുണ്ട് അതൊക്കെ"

വൃദ്ധന്‍ കുട്ടിക്ക് സാന്ത്വനം പകര്‍ന്നു.

"ഞാന്‍ ചിലപ്പോള്‍ ഉറക്കത്തില്‍ മുള്ളാറുണ്ട്"

കുട്ടി വിഷാദത്തോടെ പകുതി മന്ത്രിച്ചു

"ഈയിടെയായി ഇത് എനിക്കും സംഭവിക്കാറുണ്ട്"

വൃദ്ധന്‍ ചിരിച്ചു.

"ഞാന്‍ ഇടയ്ക്കിടെ കരയാറുണ്ട്" കുട്ടി പരിദേവനം കൊണ്ടു.

"ഞാനും" വൃദ്ധന്‍ പ്രതിവചിച്ചു .

"പക്ഷെ ഏറ്റവും സങ്കടം എനിയ്ക്ക്", കുട്ടി ഗദ്ഗദ കണ്ഠനായി, " മുതിര്‍ന്നവര്‍ എന്നെ, ഞാന്‍ പറയുന്നതിനെ ഗൌനിക്കാത്തതിലാണ്"

വൃദ്ധന്‍ ദുര്‍ബലമായ തന്‍റെ കൈകള്‍ കൊണ്ട് കുട്ടിയെ അധികമായൊരാശ്ലേഷത്തിലമര്‍ത്തി.

"നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്"

വൃദ്ധന്‍റെ വാക്കുകള്‍ മുറിഞ്ഞു വീണു.

Friday, July 15, 2011

വന്‍ വീഴ്ച്ചകള്‍


റൂപര്‍ട്ട് മര്‍ഡോക്ക് മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണിനൊടൊപ്പം

വന്‍ വീഴ്ച്ചകള്‍ എന്ന് പറഞ്ഞാല്‍ ഇതാണ്. ഈ വീഴ്ച്ച എത്ര ആഴത്തിലേക്ക് എന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാലും രാജാവ് വിവസ്ത്രനാണ് എന്ന് വെളിവാക്കപ്പെട്ടിരിക്കുന്നു. റൂപര്‍ട്ട് മര്‍ഡോക്കിനെ പറ്റിയാവുമ്പോള്‍ ഇത്തരമൊരു വീഴ്ച അചിന്ത്യമായിരുന്നു ഏതാനും ദിവസം മുന്‍പ് വരെയും. ടിയാന്‍ ന്യൂസ്‌ ഓഫ് ദി വേള്‍ഡ് എന്ന തന്‍റെ വിഖ്യാത പത്രം കഴിഞ്ഞ ദിവസം അടച്ചു പൂട്ടി. വാര്‍ത്തകളും സ്കൂപും ഒപ്പിക്കാനായി രാഷ്ട്രീയക്കാരുടെയും, രാജ കുടുംബാംഗങ്ങളുടെയും അരമനകളിലേക്ക് വരെ "ചാരന്‍" മാരെ നിയോഗിച്ചതും ഫോണുകള്‍ ചോര്‍ത്തിയതും പുറത്തായതോടെ ഈ മാധ്യമശിങ്കം നിവൃത്തിയി
ല്ലാതെ ഇതിലുള്‍പ്പെട്ട തന്‍റെ പ്രധാന പ്രസാധനങ്ങളിലൊന്നിനു ദയാവധം അനുവദിക്കുകയായിരുന്നു.മര്‍ഡോക്ക് മുതലാളിയുടെ കാര്യമോര്‍ക്കുമ്പോള്‍ ഏഷ്യാനെറ്റും, ജോണ്‍ ബ്രിട്ടാസുമൊക്കെ ഇപ്പോള്‍ ഏതു മാനസികാവസ്ഥയിലായിരിക്കും എന്ന് അലോചിക്കുകയാവും പ്രേക്ഷകര്‍. കൈരളിയുടെ ചുവന്ന ഡസ്ക്കില്‍ ഇരുന്നു കൊണ്ട് നമ്മളുടെയെല്ലാം സിരകളില്‍ സാമ്രാജ്യത്വ വിരുദ്ധ - ചെറുത്തു നില്‍പ്പിന്‍റെ വിപ്ലവാഗ്നി കോരിയിട്ടു നക്ഷത്രമായ ഷെ-ഗുവേരയാണ് ബ്രിട്ടാസ്‌. പറഞ്ഞപ്പോള്‍ ഓര്‍മ്മ വരുന്നത് എന്‍റെ സുഹൃത്ത്‌ പറഞ്ഞ ഒരു സംഭവമാണ്. പ്രസ്തുത സുഹൃത്തും അയാളുടെയൊരു കൂട്ടുകാരനും കൂടി ഒരു ദിവസം അങ്ങാടിയിലേക്ക് നടക്കുകയായിരുന്നു. നല്ല വെയിലും ചൂടുമുള്ള നേരം. എതിരെ വന്ന മറ്റൊരു കൂട്ടുകാരന്‍റെ കയ്യില്‍ ബാഗില്‍ ഒരു വലിയ ബോട്ടില്‍ പെപ്സി അവര്‍ കണ്ടു. ഇത് കണ്ട പാടെ അവരിലെ ചെറുത്തു നില്‍പ്പ് രാഷ്ട്രീയം ഉണര്‍ന്നു. ആ കൂട്ടുകാരന് അവര്‍ വേണ്ട വിധം ക്ലാസ്സ്‌ എടുത്തു കൊടുക്കാന്‍ തുടങ്ങി.
വിശദമായ ചര്‍ച്ചയ്ക്കായി അവര്‍ റോഡില്‍ നിന്ന് മാറി അരികിലുള്ള മരത്തണലിലേക്ക് നിന്നു. കൂട്ടുകാരന്‍റെ മുഖത്ത് കുറ്റബോധം തെളിയുകയും കയ്യിലിരുന്ന പെപ്സിയെ അയാള്‍ വെറുപ്പോടെ നോക്കുകയും ചെയ്തു. പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധ സമര നായികയായ മയിലമ്മയെ തൊട്ടു ഇനി ഈ പാനീയം വാങ്ങില്ല എന്ന് അതോടെ ആ കൂട്ടുകാരന്‍ അവിടെ വെച്ച് സത്യം ചെയ്തു. അതിനു ശേഷം കയ്യിലിരുന്ന തണുത്ത പെപ്സി ദൂരെ കളയാന്‍ മുതിര്‍ന്ന അയാളെ ക്ലാസ്സ്‌ എടുത്തു കൊടുത്ത രണ്ടു പേരും ചേര്‍ന്ന് അതില്‍ നിന്ന് വിലക്കി. പണം കൊടുത്തു വാങ്ങിയ സാധനങ്ങള്‍ അങ്ങിനെ വെറുതെ കളയാന്‍ പാടില്ലെന്ന മറ്റൊരു ഉപദേശം കൂടി നല്‍കി. പിന്നെ എന്ത് ചെയ്യും എന്നായി അയാള്‍. അത് സാരമില്ല ഒരു സമരവീഥിയിലേക്ക് കാലെടുത്തു വെയ്ക്കുന്ന നിന്നെ ഈ കാര്യത്തില്‍ സഹായിച്ചില്ലെങ്കില്‍ ഞങ്ങള്‍ പിന്നെ എന്തോന്നു കാംറേഡ്സ് എന്ന് ഒരേ സ്വരത്തില്‍ പറഞ്ഞു കൊണ്ട് രണ്ടു കൂട്ടുകാരും അവന്‍റെ കയ്യില്‍ നിന്ന് ആ പെപ്സി ബോട്ടില്‍ വാങ്ങി പകുതി പകുതിയായി മാനത്തേക്ക് നോക്കി, പിന്നെ കണ്ണ് ചിമ്മി വായിലേക്ക് കമഴ്ത്തി. അത് കണ്ടു നവവിപ്ളവ വീര്യത്തില്‍ ദാഹം മറന്നു നിന്നു പെപ്സി വാങ്ങിയയാള്‍.

നമ്മുടെ ബ്രിട്ടാസ്‌ മര്‍ഡോക്കിന്‍റെ ചാനലില്‍ ഇരുന്നു കൊണ്ട് നമ്മള്‍ തമ്മില്‍ ഉള്ള കാര്യങ്ങള്‍ ഒക്കെ പറഞ്ഞു നമ്മെ നിര്‍ഭയം നിരന്തരം പരിഷ്ക്കരിക്കുമ്പോള്‍ നമ്മള്‍ അതെല്ലാം ചെവിക്കൊള്ളുകയും വിപ്ലവം ഒരു നിരന്തര പ്രക്രിയയാണെന്ന് പാര്‍ട്ടി നേതാവ് പറഞ്ഞത് ഓര്‍ക്കുകയും ചെയ്യുന്നുണ്ട്. ഓരോ വന്‍ വീഴ്ചകളും കണ്ടു തളര്‍ന്നാണ് നമ്മള്‍ ഓരോ ദിനാന്ത്യത്തിലും ഉറങ്ങാന്‍ പോവുന്നത്. എന്നാല്‍ മര്‍ഡോക്കിന്‍റെ ഈ വീഴ്ച ഭാവനയുടെ എല്ലാ സീമകളേയും ലംഘിക്കുന്നതായിപ്പോയി. ഏഷ്യാനെറ്റിലെ വന്‍വീഴ്ച്ചകളുടെ ക്യാമറയില്‍ മാര്‍ഡോക്കിന്‍റെ മുഖം തെളിയുമോ?

നവലിബറല്‍ നയങ്ങളില്‍ സര്‍ക്കാരുകളെല്ലാം പൊതുസ്ഥാപനങ്ങളുടെയും പൊതു സമ്പത്തിന്‍റെയും വില്‍പനാബ്രോക്കര്‍മാര്‍ മാത്രമായി ചുരുങ്ങുകായും, കംപ്യൂട്ടറിന്‍റെ വില താഴോട്ടും അരിയുടെ വില മേലോട്ടും ഇടതടവില്ലാതെ സഞ്ചരിക്കുകയും ചെയ്യുന്ന ഈ ദുരിതകാലത്തിന്‍റെ അടയാളങ്ങള്‍ മാത്രമാണ് ഈ മാര്‍ഡോക്കുമാരും, ദയാനിധിമാരന്‍മാരുമൊക്കെ. ഭരിക്കുന്നവരും ഇവരോടൊപ്പം ചേര്‍ന്ന് രാജ്യത്തിന്‍റെ സര്‍വ്വ വിഭവങ്ങളും വന്‍കിട കമ്പനികള്‍ക്ക് തീറെഴുതി കൊടുക്കുന്ന രാജകീയ കൊള്ളയില്‍ വ്യാപൃതരാവുമ്പോഴാണ് തിരസ്കൃത ജനതകള്‍ ദണ്ഡകാരണ്ണ്യ വനങ്ങളില്‍ ചെറുത്തുനില്‍പ്പിനണിചേരുന്നതും മാവോയിസ്റ്റുകള്‍ എന്ന മുദ്ര ചാര്‍ത്തി അവരുടെ ജീവനും കൂരകളും നമ്മള്‍ ചുട്ടെരിയ്ക്കുന്നതും. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് പൊതുജന ശ്രദ്ധയെ മറച്ചു പിടിയ്ക്കാന്‍ മര്‍ഡോക്ക് മോഡല്‍ മാധ്യമ പ്രവര്‍ത്തനത്തിലൂടെ സാധ്യമാവുന്നുണ്ട് എന്നതിനാല്‍ മര്‍ഡോക്കുമാരും രാഷ്ട്രീയക്കാരും തമ്മിലുള്ള ഈ തര്‍ക്കം ഒരു താത്ക്കാലിക കൊട്ടാര കലഹം മാത്രമാവാനെ തരമുള്ളൂ. എങ്കില്‍ പോലും സാധാരണ ജനത്തിന് ഇതില്‍ ചെറുതല്ലാത്ത ഒരു നിര്‍വൃതിയുണ്ട്.

Sunday, July 3, 2011

ഓര്‍മ്മകള്‍ മഴപോലെയാണ്ഓര്‍മ്മകള്‍
മഴപോലെയാണ്

ചിലപ്പോഴത് ചാറ്റല്‍ മഴപോലരിച്ചെത്തും

കണികകളായവ കാറ്റില്‍ ചെരിഞ്ഞു പറന്നെത്തും

കണ്ണുകളിലവ കരുണയോടെ പതിയ്ക്കും

സ്മൃതിയുടെ ചെറു നീര്‍മുത്തുകള്‍

അറ്റമില്ലാതെ പിറകോട്ടു പറക്കും

സൌമ്യസാന്ദ്രമാം ഋതുഭേദങ്ങളുടെ

ആരാമങ്ങളിലവയൊരു വേള പൂക്കളിറുക്കും

മിഴികള്‍ മുന്നോട്ടു ഗമിക്കുമ്പൊഴും

കാഴ്ചകള്‍ പിന്‍വെളിച്ചങ്ങളില്‍ രമിയ്ക്കും

മേഘ ശകലങ്ങള്‍‍ക്കിടയിലെ ചന്ദ്രമുഖം പോലെ

ഒളിഞ്ഞും തെളിഞ്ഞുമോര്‍മ്മകള്‍ മിന്നിമറയും.


ഓര്‍മ്മകള്‍ മഴപോലെയാണ്

ചിലപ്പോഴത് തുള്ളിക്കൊരു കുടം പേമാരിയാവും

കലങ്ങി മറിഞ്ഞവ കൂലം കുത്തിയൊഴുകിയെത്തും

കല്ലുകളും മുള്ളുകളും പരന്ന പാതയുടെ

പിന്‍ഗര്‍ത്തങ്ങളിലേക്കവ ചുഴറ്റിയെടുക്കും

തുഴഞ്ഞു കയറാന്‍ കരകളില്ലാത്ത

കരുണയേതുമില്ലാത്ത കയങ്ങളിലൂടെ

വിക്ഷുബ്ധമായിരമ്പും കടലിലേക്കവ

വന്യവേഗതയില്‍ വലിച്ചുകൊണ്ടു പോവും.