Sunday, July 3, 2011

ഓര്‍മ്മകള്‍ മഴപോലെയാണ്ഓര്‍മ്മകള്‍
മഴപോലെയാണ്

ചിലപ്പോഴത് ചാറ്റല്‍ മഴപോലരിച്ചെത്തും

കണികകളായവ കാറ്റില്‍ ചെരിഞ്ഞു പറന്നെത്തും

കണ്ണുകളിലവ കരുണയോടെ പതിയ്ക്കും

സ്മൃതിയുടെ ചെറു നീര്‍മുത്തുകള്‍

അറ്റമില്ലാതെ പിറകോട്ടു പറക്കും

സൌമ്യസാന്ദ്രമാം ഋതുഭേദങ്ങളുടെ

ആരാമങ്ങളിലവയൊരു വേള പൂക്കളിറുക്കും

മിഴികള്‍ മുന്നോട്ടു ഗമിക്കുമ്പൊഴും

കാഴ്ചകള്‍ പിന്‍വെളിച്ചങ്ങളില്‍ രമിയ്ക്കും

മേഘ ശകലങ്ങള്‍‍ക്കിടയിലെ ചന്ദ്രമുഖം പോലെ

ഒളിഞ്ഞും തെളിഞ്ഞുമോര്‍മ്മകള്‍ മിന്നിമറയും.


ഓര്‍മ്മകള്‍ മഴപോലെയാണ്

ചിലപ്പോഴത് തുള്ളിക്കൊരു കുടം പേമാരിയാവും

കലങ്ങി മറിഞ്ഞവ കൂലം കുത്തിയൊഴുകിയെത്തും

കല്ലുകളും മുള്ളുകളും പരന്ന പാതയുടെ

പിന്‍ഗര്‍ത്തങ്ങളിലേക്കവ ചുഴറ്റിയെടുക്കും

തുഴഞ്ഞു കയറാന്‍ കരകളില്ലാത്ത

കരുണയേതുമില്ലാത്ത കയങ്ങളിലൂടെ

വിക്ഷുബ്ധമായിരമ്പും കടലിലേക്കവ

വന്യവേഗതയില്‍ വലിച്ചുകൊണ്ടു പോവും.

37 comments:

 1. ഓര്‍മ്മകള്‍ മഴ പോലെയെത്തി മനസ്സിനെ നനച്ചും കുളുര്‍പ്പിച്ചും ചിലപ്പോള്‍ കരയിച്ചും.....

  വേണ്ട ഞാനെന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഈ മനോഹരരചനയുടെ അഴക് നഷ്ടമാകും..


  ഓര്‍മ്മകള്‍ക്കെന്തെന്ത് റോളുകള്‍..!!!!

  ReplyDelete
 2. മഴപോലെ കുളിരുള്ള കവിത.. ലാളിത്യം തുളുമ്പുന്ന വരികള്‍..
  എനിക്ക് ഇഷ്ടായി... :)

  ReplyDelete
 3. മഴയുടെ വിവിധ ഭാവങ്ങള്‍
  ജീവിത വീഥിയില്‍ തെളിക്കുന്ന
  ചാലുകള്‍ വളരെ മന്ഹോരം ആയി എഴുതി സലാം ..ചിലപ്പോള്‍ തെളി നീരായി,ചിലപ്പോള്‍ കലങ്ങി മറിഞ്ഞ ചെളിക്കൊപ്പം
  അല്ലെ ....ആശംസകള്‍ ....

  ReplyDelete
 4. ഓർമ്മകൾ അങ്ങനെയാണ്. പലപ്പോഴും തുള്ളിക്കൊരു കുടം പോലെ.. അങ്ങനെയുള്ള ഓർമ്മകൾ മാത്രമെയുള്ളു.
  കൊള്ളാം നന്നായിട്ടുണ്ട് സലാം.ഓർമ്മകളിലൂടെ ഇപ്പോൾ ഒരുതുള്ളി കൂടി അടർന്നു വീണു.

  ReplyDelete
 5. മഴപോലെ മനോഹരം!

  ReplyDelete
 6. കുളിര് കോരിയിടുന്ന അക്ഷരക്കൂട്ടം. ശരിക്കും തണുത്തു......

  ReplyDelete
 7. ശരിയാണ് മഴയുടെ പല ഭാവങ്ങള്‍ , നല്ലതും ചീത്തതുമായ പല ഓര്‍മകളെപ്പോലെ... നല്ല കവിത...

  ReplyDelete
 8. മനസ്സില്‍ ഓര്‍മ്മകളുടെ പെരുമഴ പെയ്തിറങ്ങിയ പ്രതീതി. നമ്മുടെ ഏകാന്തതയെ ആട്ടിയോടിക്കുന്ന മഴ.. നിനച്ചിരിക്കാതെ ഏതു നിമിഷവും അതു പെയ്തിറങ്ങാം. ചില സമയത്ത് നമ്മെ ചെറുതായെന്നു ഉലയ്ക്കും. ചിലപ്പോള്‍ കൊടുകാറ്റിനോടൊപ്പം ശക്തമായി ആര്‍‌ത്തലച്ചു പെയ്യും. എന്നിട്ടൊടുവില്‍ വേദനകളും യാതനകളും മാത്രം സമ്മാനിച്ച് കടന്നു പോകും. മറ്റു ചിലപ്പോള്‍ സുഖമുള്ള തണുത്ത കാറ്റിനോടൊപ്പം പതുങ്ങി വന്ന് മനസ്സിനെ കുളിരണിയിപ്പിക്കും.

  നല്ല കവിത. ഇഷ്ടമായി. ആശംസകള്‍.

  ReplyDelete
 9. മനോഹരവും ലളിതവുമായ വരികള്‍.മഴപോലെ മനോഹരം

  ReplyDelete
 10. നല്ല വരികള്‍. എന്നും ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ. ഓര്‍മ്മകള്‍ മാഞ്ഞു പോകുന്ന ഒരുകാലത്തെ പറ്റി ആലോചിക്കാനേ വയ്യ.

  ReplyDelete
 11. ഓര്‍മ്മകളുടെ ഈ മഴസ്പര്‍ശം ഹൃദയഹാരിയായ ഒരനുഭവമായി.തുള്ളികളായി പെയ്തിറങ്ങിയ വരികളില്‍ ഉള്‍ക്കാഴ്ച്ച്ചകളുടെ ഒരു നദീപ്രവാഹം.ഒഴുകട്ടെ ഇനിയും അതങ്ങിനെ അനര്‍ഗളമായി..
  അഭിനന്ദനങള്‍ ..

  ReplyDelete
 12. ഓർമ്മകളുടെ ചാറ്റലും പേമാരിയും കൂലം കുത്തിയൊഴുക്കുമെല്ലാം നല്ല വാക്കുകളിൽ പറഞ്ഞു..മനസ്സിലൊരു കുളിർമ്മയായി പെയ്തിറങ്ങിയ കവിത

  ReplyDelete
 13. ഓര്‍മ്മകള്‍ ശരിക്കും മഴ പോലെതന്നെ ആണ് അല്ലേ നല്ലൊരു ആശയം

  ReplyDelete
 14. മഴ എനിക്കേറേ പ്രിയപ്പെട്ടതാണ്...ഓർമകളും അങ്ങനെ തന്നെ. ആശ്വസിപ്പിക്കുന്ന ചാറൽമഴ... നിനച്ചിരിക്കാതെ പെയ്യുന്ന പെരുമഴ... മനസ്സിനെയാകെ കലക്കി മറിക്കുന്ന ഓർമകൾ പോലെ ചിലപ്പോൾ.കൂടെച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന ,സന്തോഷിപ്പിക്കുന്ന മഴ. കരുണയില്ലാത്ത കയങ്ങളിലേക്ക് തള്ളിയിടുന്ന ഓർമകൾ പോലെ മഴ...കവിത മനോഹരം .

  ReplyDelete
 15. എത്ര ശരി...ഓര്‍മ്മകള്‍ മഴപോലെയാണ് ...പ്രീയ സലാം..ഈ നല്ല കവിതക്ക് എന്റെ നമസ്കാരം.....

  ReplyDelete
 16. ഇതിലെ ഓരോ വരിയും ഉഗ്രന്‍.അസാധാരണവും അസൂയാവഹുമായ രചനാശൈലി.
  പക്ഷെ ഇത് കവിതയായി തോന്നിയില്ല എന്നത് എന്റെ കുഴപ്പമാകാം.
  ആശംസകള്‍

  ReplyDelete
 17. മനുഷ്യനുമായി അവന്‍റെ മനോവിചാരവുമായി ഏറെ അടുത്തു നില്‍ക്കുന്ന ഒരു നല്ല ബിംബമാണ് പോലും മഴ.
  സലാം ജി, അത് വളരെ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു. കൂലം കുത്തിയൊഴുകുന്ന ഒരു മഴവെള്ളപ്പാച്ചില്‍ പോലെ ഓര്‍മ്മകളുടെ കുത്തൊഴുക്കിനെ മഴയിലൂടെ അടയാളപ്പെടുത്താനൊരു ശ്രമം. ഇപ്പോള്‍ ഞാന്‍ മറ്റൊന്നുകൂടെ ഓര്‍ക്കുന്നു: " മരവികള്‍ക്ക് മേല്‍ ഓര്‍മ്മകള്‍ നടത്തുന്ന സമരമാണത്രെ സ്വാതന്ത്ര്യത്തിലേക്കുള്ള എളുപ്പത്തെ സഹായിക്കുന്നത്" ആ അര്‍ത്ഥത്തില്‍ ഈ സമര വിളംബരത്തിനഭിവാദനങ്ങള്‍..!

  ReplyDelete
 18. സ്നേഹം അന്യമായിരിയ്ക്കാം..
  എന്നാല്‍ മഴയും ഓര്‍മ്മകളും അന്യമല്ലാ..
  ഓരോ പാതിരാ കാറ്റിലും മണക്കുന്ന ഉണര്‍വ്വല്ലേ.. നനവല്ലേ...
  ഒര്‍മ്മകള്‍..!

  ReplyDelete
 19. മഴകവിത ഇഷ്ടപെട്ടു

  വരികളും നല്ലത്

  ആശംസകള്‍ :)

  ReplyDelete
 20. ഓർമ്മകൾക്ക് ഒരു പുതുമഴയുടെ സുഗന്ധവുമുണ്ടാകും ചിലപ്പോൾ !

  ReplyDelete
 21. കവിത കൊള്ളാം.....ആശംസകള്‍..

  ReplyDelete
 22. ആഹ്..നല്ല മഴക്കവിത.

  ReplyDelete
 23. മനോഹരമെന്നെ പറയാവൂ !
  അല്ലെങ്കില്‍ വാക്കുകള്‍ വെറുതെയാകുമല്ലോ!
  ഓര്‍മ്മകള്‍ ഉണ്ടായിടുകില്‍ ഇങ്ങനെയാകും നിശ്ചയം !
  പരമാര്‍ത്ഥം ചൊന്നതല്ലേ...!
  അനുമോദനങ്ങള്‍ ..

  ReplyDelete
 24. മനസ്സൊരു മരീചിക...! മനോഹരമായിരിക്കുന്നു കവിത.... ആശംസകൾ....

  ReplyDelete
 25. നല്ല നല്ല വാക്കുകള്‍കൊണ്ടൊരു മായാജാലം, നല്ല ചിന്തകള്‍ സലാം ഭായ്.

  ReplyDelete
 26. ശൂന്യാകാശത്തിന്റെ ചെരുവില്‍ അതിമനോഹരമായി വിരിഞ്ഞു നില്‍ക്കുന്ന വാര്‍മഴവില്ല് പോലെ മനോഹരം ഇതിലെ വരികള്‍ . മണ്ണിളക്കി മനമിളക്കി, വനമിളക്കി വരും മദയാനയുടെ ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന രചനാപാടവം .ആശംസകള്‍ ഹൃദയത്തില്‍ നിന്നും .
  എന്‍റെ മഴക്കവിതയില്‍ നിന്നും അവസാനത്തെ രണ്ടു വരികള്‍ :-
  മഴ ,
  മായാ വ്യാധിയായാധിയായ് സര്‍വ്വസംഹാരിയായ്
  മഹാപ്രവാഹമായ് മരണമാരണങ്ങള്‍ പെയ്യും പെരുമഴ.

  ReplyDelete
 27. ഇഷ്ടായി ...കവിതയായത് കൊണ്ട് ചാടിക്കേറി ഒരഭിപ്രായം പറയാന്‍ ഞാനാളല്ലേ ....

  ReplyDelete
 28. ഭംഗിയായി എഴുതി. ആശംസകൾ.

  ReplyDelete
 29. വരികള്‍ നന്നായി, അപൂര്‍ണ്ണമെന്ന് തോന്നിപ്പിക്കുന്നു-അവസാനഭാഗത്ത്.

  ReplyDelete
 30. ചിന്തയില്‍ ദീപം പ്രകാശിപ്പിച്ചുകൊണ്ട് താങ്കള്‍ സഞ്ചരിക്കുന്നു.
  (മനുഷ്യനും പ്രകൃതിയും തമ്മിലുള്ള) പരസ്പരപ്രവര്‍ത്തനത്തിന്റെ ഫലമായി സവിശേഷരൂപം ആര്ജ്ജികുന്നതാണ് കവിത.
  ഈ കവിത ഒരു സവിശേഷരൂപം തന്നെ.
  ഭാവുകങ്ങള്‍

  ReplyDelete
 31. മഴ മിഴാവുകൊട്ടുമ്പോൾ
  മനസ്സിൽ
  ഓർമ്മകളുടെ ഓളം.

  നന്നായി.

  ReplyDelete
 32. മഴപോലെയൊരു അനുഭവം സൃഷ്ടിക്കും ഈ കവിത കൊള്ളാം.. ആശംസകള്‍

  ReplyDelete