Friday, July 15, 2011

വന്‍ വീഴ്ച്ചകള്‍


റൂപര്‍ട്ട് മര്‍ഡോക്ക് മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണിനൊടൊപ്പം

വന്‍ വീഴ്ച്ചകള്‍ എന്ന് പറഞ്ഞാല്‍ ഇതാണ്. ഈ വീഴ്ച്ച എത്ര ആഴത്തിലേക്ക് എന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാലും രാജാവ് വിവസ്ത്രനാണ് എന്ന് വെളിവാക്കപ്പെട്ടിരിക്കുന്നു. റൂപര്‍ട്ട് മര്‍ഡോക്കിനെ പറ്റിയാവുമ്പോള്‍ ഇത്തരമൊരു വീഴ്ച അചിന്ത്യമായിരുന്നു ഏതാനും ദിവസം മുന്‍പ് വരെയും. ടിയാന്‍ ന്യൂസ്‌ ഓഫ് ദി വേള്‍ഡ് എന്ന തന്‍റെ വിഖ്യാത പത്രം കഴിഞ്ഞ ദിവസം അടച്ചു പൂട്ടി. വാര്‍ത്തകളും സ്കൂപും ഒപ്പിക്കാനായി രാഷ്ട്രീയക്കാരുടെയും, രാജ കുടുംബാംഗങ്ങളുടെയും അരമനകളിലേക്ക് വരെ "ചാരന്‍" മാരെ നിയോഗിച്ചതും ഫോണുകള്‍ ചോര്‍ത്തിയതും പുറത്തായതോടെ ഈ മാധ്യമശിങ്കം നിവൃത്തിയി
ല്ലാതെ ഇതിലുള്‍പ്പെട്ട തന്‍റെ പ്രധാന പ്രസാധനങ്ങളിലൊന്നിനു ദയാവധം അനുവദിക്കുകയായിരുന്നു.മര്‍ഡോക്ക് മുതലാളിയുടെ കാര്യമോര്‍ക്കുമ്പോള്‍ ഏഷ്യാനെറ്റും, ജോണ്‍ ബ്രിട്ടാസുമൊക്കെ ഇപ്പോള്‍ ഏതു മാനസികാവസ്ഥയിലായിരിക്കും എന്ന് അലോചിക്കുകയാവും പ്രേക്ഷകര്‍. കൈരളിയുടെ ചുവന്ന ഡസ്ക്കില്‍ ഇരുന്നു കൊണ്ട് നമ്മളുടെയെല്ലാം സിരകളില്‍ സാമ്രാജ്യത്വ വിരുദ്ധ - ചെറുത്തു നില്‍പ്പിന്‍റെ വിപ്ലവാഗ്നി കോരിയിട്ടു നക്ഷത്രമായ ഷെ-ഗുവേരയാണ് ബ്രിട്ടാസ്‌. പറഞ്ഞപ്പോള്‍ ഓര്‍മ്മ വരുന്നത് എന്‍റെ സുഹൃത്ത്‌ പറഞ്ഞ ഒരു സംഭവമാണ്. പ്രസ്തുത സുഹൃത്തും അയാളുടെയൊരു കൂട്ടുകാരനും കൂടി ഒരു ദിവസം അങ്ങാടിയിലേക്ക് നടക്കുകയായിരുന്നു. നല്ല വെയിലും ചൂടുമുള്ള നേരം. എതിരെ വന്ന മറ്റൊരു കൂട്ടുകാരന്‍റെ കയ്യില്‍ ബാഗില്‍ ഒരു വലിയ ബോട്ടില്‍ പെപ്സി അവര്‍ കണ്ടു. ഇത് കണ്ട പാടെ അവരിലെ ചെറുത്തു നില്‍പ്പ് രാഷ്ട്രീയം ഉണര്‍ന്നു. ആ കൂട്ടുകാരന് അവര്‍ വേണ്ട വിധം ക്ലാസ്സ്‌ എടുത്തു കൊടുക്കാന്‍ തുടങ്ങി.
വിശദമായ ചര്‍ച്ചയ്ക്കായി അവര്‍ റോഡില്‍ നിന്ന് മാറി അരികിലുള്ള മരത്തണലിലേക്ക് നിന്നു. കൂട്ടുകാരന്‍റെ മുഖത്ത് കുറ്റബോധം തെളിയുകയും കയ്യിലിരുന്ന പെപ്സിയെ അയാള്‍ വെറുപ്പോടെ നോക്കുകയും ചെയ്തു. പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധ സമര നായികയായ മയിലമ്മയെ തൊട്ടു ഇനി ഈ പാനീയം വാങ്ങില്ല എന്ന് അതോടെ ആ കൂട്ടുകാരന്‍ അവിടെ വെച്ച് സത്യം ചെയ്തു. അതിനു ശേഷം കയ്യിലിരുന്ന തണുത്ത പെപ്സി ദൂരെ കളയാന്‍ മുതിര്‍ന്ന അയാളെ ക്ലാസ്സ്‌ എടുത്തു കൊടുത്ത രണ്ടു പേരും ചേര്‍ന്ന് അതില്‍ നിന്ന് വിലക്കി. പണം കൊടുത്തു വാങ്ങിയ സാധനങ്ങള്‍ അങ്ങിനെ വെറുതെ കളയാന്‍ പാടില്ലെന്ന മറ്റൊരു ഉപദേശം കൂടി നല്‍കി. പിന്നെ എന്ത് ചെയ്യും എന്നായി അയാള്‍. അത് സാരമില്ല ഒരു സമരവീഥിയിലേക്ക് കാലെടുത്തു വെയ്ക്കുന്ന നിന്നെ ഈ കാര്യത്തില്‍ സഹായിച്ചില്ലെങ്കില്‍ ഞങ്ങള്‍ പിന്നെ എന്തോന്നു കാംറേഡ്സ് എന്ന് ഒരേ സ്വരത്തില്‍ പറഞ്ഞു കൊണ്ട് രണ്ടു കൂട്ടുകാരും അവന്‍റെ കയ്യില്‍ നിന്ന് ആ പെപ്സി ബോട്ടില്‍ വാങ്ങി പകുതി പകുതിയായി മാനത്തേക്ക് നോക്കി, പിന്നെ കണ്ണ് ചിമ്മി വായിലേക്ക് കമഴ്ത്തി. അത് കണ്ടു നവവിപ്ളവ വീര്യത്തില്‍ ദാഹം മറന്നു നിന്നു പെപ്സി വാങ്ങിയയാള്‍.

നമ്മുടെ ബ്രിട്ടാസ്‌ മര്‍ഡോക്കിന്‍റെ ചാനലില്‍ ഇരുന്നു കൊണ്ട് നമ്മള്‍ തമ്മില്‍ ഉള്ള കാര്യങ്ങള്‍ ഒക്കെ പറഞ്ഞു നമ്മെ നിര്‍ഭയം നിരന്തരം പരിഷ്ക്കരിക്കുമ്പോള്‍ നമ്മള്‍ അതെല്ലാം ചെവിക്കൊള്ളുകയും വിപ്ലവം ഒരു നിരന്തര പ്രക്രിയയാണെന്ന് പാര്‍ട്ടി നേതാവ് പറഞ്ഞത് ഓര്‍ക്കുകയും ചെയ്യുന്നുണ്ട്. ഓരോ വന്‍ വീഴ്ചകളും കണ്ടു തളര്‍ന്നാണ് നമ്മള്‍ ഓരോ ദിനാന്ത്യത്തിലും ഉറങ്ങാന്‍ പോവുന്നത്. എന്നാല്‍ മര്‍ഡോക്കിന്‍റെ ഈ വീഴ്ച ഭാവനയുടെ എല്ലാ സീമകളേയും ലംഘിക്കുന്നതായിപ്പോയി. ഏഷ്യാനെറ്റിലെ വന്‍വീഴ്ച്ചകളുടെ ക്യാമറയില്‍ മാര്‍ഡോക്കിന്‍റെ മുഖം തെളിയുമോ?

നവലിബറല്‍ നയങ്ങളില്‍ സര്‍ക്കാരുകളെല്ലാം പൊതുസ്ഥാപനങ്ങളുടെയും പൊതു സമ്പത്തിന്‍റെയും വില്‍പനാബ്രോക്കര്‍മാര്‍ മാത്രമായി ചുരുങ്ങുകായും, കംപ്യൂട്ടറിന്‍റെ വില താഴോട്ടും അരിയുടെ വില മേലോട്ടും ഇടതടവില്ലാതെ സഞ്ചരിക്കുകയും ചെയ്യുന്ന ഈ ദുരിതകാലത്തിന്‍റെ അടയാളങ്ങള്‍ മാത്രമാണ് ഈ മാര്‍ഡോക്കുമാരും, ദയാനിധിമാരന്‍മാരുമൊക്കെ. ഭരിക്കുന്നവരും ഇവരോടൊപ്പം ചേര്‍ന്ന് രാജ്യത്തിന്‍റെ സര്‍വ്വ വിഭവങ്ങളും വന്‍കിട കമ്പനികള്‍ക്ക് തീറെഴുതി കൊടുക്കുന്ന രാജകീയ കൊള്ളയില്‍ വ്യാപൃതരാവുമ്പോഴാണ് തിരസ്കൃത ജനതകള്‍ ദണ്ഡകാരണ്ണ്യ വനങ്ങളില്‍ ചെറുത്തുനില്‍പ്പിനണിചേരുന്നതും മാവോയിസ്റ്റുകള്‍ എന്ന മുദ്ര ചാര്‍ത്തി അവരുടെ ജീവനും കൂരകളും നമ്മള്‍ ചുട്ടെരിയ്ക്കുന്നതും. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് പൊതുജന ശ്രദ്ധയെ മറച്ചു പിടിയ്ക്കാന്‍ മര്‍ഡോക്ക് മോഡല്‍ മാധ്യമ പ്രവര്‍ത്തനത്തിലൂടെ സാധ്യമാവുന്നുണ്ട് എന്നതിനാല്‍ മര്‍ഡോക്കുമാരും രാഷ്ട്രീയക്കാരും തമ്മിലുള്ള ഈ തര്‍ക്കം ഒരു താത്ക്കാലിക കൊട്ടാര കലഹം മാത്രമാവാനെ തരമുള്ളൂ. എങ്കില്‍ പോലും സാധാരണ ജനത്തിന് ഇതില്‍ ചെറുതല്ലാത്ത ഒരു നിര്‍വൃതിയുണ്ട്.

34 comments:

 1. സംഗതി നമ്മുടെ മര്‍ഡോക്കിന്‍റെ കാര്യം നല്ല ഭേഷായിട്ടുണ്ട്. ഇനിയുമെന്തൊക്കെയോ അറിയാനിരിപ്പുണ്ടെന്നാണ് കേള്‍വി.

  പിന്നെ സലാം ജി, ഇത് പോലൊരു {പെപ്സി} കഥ എനിക്കുമുണ്ട് പറയാന്‍.
  അതിങ്ങനെയാണ്.... ഞങ്ങള്‍ രണ്ടു മൂന്നു പേരിങ്ങനെ കൂടിയിരുന്നു സംസാരിക്കുകയാണ്. വിഷയം, ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടതും അനാഥരാക്കപ്പെട്ടതുമായ ലക്ഷക്കണക്കിന്‌ ബാല്യങ്ങളെ കുറിച്ചാണ്. {അതിന്‍റെ ഏകദേശ കണക്ക് അന്നേ ദിവസത്തെ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു} ഈ വിഷയത്തിലെ നമ്മുടെ ശക്തമായ പ്രതിഷേധം നമുക്കറിയിക്കണം. കഴിയുമെങ്കില്‍, വൈകുന്നേരം കവലയില്‍ ഒരു സാമ്രാജ്യത്വ വിരുദ്ധ പ്രകടനവും നടത്തണം. എന്നൊക്കെ ചര്‍ച്ചയില്‍ തീരുമാനമായി. ശേഷം, ചര്‍ച്ചയില്‍ സജീവമായി ഇടപെട്ട ഒരു കൂട്ടുകാരന്‍ അവസാനം ചര്‍ച്ച അവസാനിപ്പിക്കുന്നത് എങ്ങനെയാ എന്നറിയണോ..? " കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയായ സ്ഥിതിക്ക് 'സാഗര്‍ ബേക്കറിയില്‍' നിന്നും നമുക്കോരോ 'പപ്സും പെപ്സിയും' കഴിച്ചു പിരിയാം." ഇദ്ദേഹവും ആളൊരു സാമ്രാജ്യത്വ വിരുദ്ധനത്രേ..!!

  ReplyDelete
 2. ഉദരനിമിത്തം .......................
  വിപ്ലവം കൊണ്ട് വയറു നിറയൂലല്ലോ !

  ReplyDelete
 3. ലോക മാധ്യമ ശ്രേണിയുടെ അധിപനായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ "വീഴ്ചയെ "പറ്റിയുള്ള ലേഖനം -അന്താരാഷ്ട്ര മാധ്യമ രംഗത്ത് നടക്കുന്ന സംഭവ വികാസങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് സഹായിച്ചു..ഈ കൊച്ചു കേരളത്തിലെ അടക്കം ദൃശ്യ-അച്ചടി മാധ്യമാങ്ങളിലേക്ക് പോലും കുത്തകകള്‍ കടന്ന്നു വരുന്ന ഇക്കാലത്തു ഒരു പത്രം അടച്ചു പൂട്ടിയത് കൊണ്ട് നമ്മള്‍ കരുതുന്നത് പോലെ ഒരു പരിവര്‍ത്തനം ഉണ്ടാക്കുമോ എന്ന് സംശയമാണ്..പ്രതിയ രൂപത്തിലും ഭാവത്തിലും ഇവന്‍ പുനര്‍ജനിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല..ഒരു രാജ്യം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വലിയ പത്രം എന്ന നിലയില്‍ അല്ല ഇപ്പോള്‍ ബ്രിട്ടനിലും അമേരിക്കയിലും ഒക്കെ ഈ വ്യവസായം..നമുക്കറിയാം ലോകവര്‍ത്തകള്‍ക്ക് ഇപ്പോള്‍ പ്രത്യേകിച്ച് ഒരു മാധ്യമത്തെ മാത്രം ആശ്രയിക്കേണ്ട ഒരു സാഹചര്യം ഇല്.പ്രാദേശിക വാര്‍ത്തകല്ല്കും പ്രാദേശിക എ ഡിഷനുകള്‍ക്കും പത്രങ്ങ ളും ചാനലുകളും വലിയ പ്രാധാന്യം കൊടുക്കുന്നത് കാണാം.അതാണ്‌ ഇപ്പോള്‍ ട്രെന്‍ഡ്.തൊട്ടടുത്ത അമേരിക്കയിലും ഉത്തര് പ്രദേശിലും എന്ത് നടക്കുന്നു എന്നരിയുന്നതിനേക്കാള്‍ ആളുകള്‍ക്ക് ഇപ്പോള്‍ താല്പര്യം സ്വന്തം പ്രദേശത്തു എന്ത് സംഭവിച്ചു എന്നറിയാനാണ് ..ആ അര്‍ത്ഥത്തില്‍ വലിയൊരു പത്രം നിന്ന് പോയാലും കൊച്ചു കൊച്ചു എഡിഷനുകളിലൂടെ മര്‍ഡോക്ക് മാര്‍ ശക്തി പ്രാപിക്കും എന്നത് എത്രയോ മാധ്യമ തന്ത്രങ്ങള്‍ കണ്ടും കൊണ്ടും അനുഭവിച്ചവരല്ലേ നമ്മള്‍,,

  ReplyDelete
 4. മര്‍ഡോക്ക് വീണുവോ എന്ന് പറയാറായിട്ടില്ല. നാണം കെട്ടവന്റെ...എന്നൊരു ചൊല്ലുണ്ടല്ലോ.

  ReplyDelete
 5. That Pepsi story is very interesting. But I personally feel that such a hypocrisy is prevailing in our daily life too, especially when it comes to the 'innovative' discussions of Imperialism and after effects..while we know that we are the real motivators and cultivators of it..:)

  Well written Article. Sincerely wish, the collapse of News Of the World would impart positive impacts in the way news media works nowadays. Let's hope, others would learn lessons from the fall of giant in the media world!

  ReplyDelete
 6. ഇവിടെ അറബികളിൽ ഒരാളും അമേരിക്കയെ കുറ്റം പറയാത്തവരില്ല. ആ സമയത്തും അവന്റെ കയ്യിൽ അമേരിക്കന്റെ പെപ്സി കാണും. കൊടും തണുപ്പത്തും ആദ്യം കുടിക്കുന്നതും പെപ്സി തന്നെ. ഇതില്ലാതെ ഇവർക്കൊരു ജീവിതമില്ല. നമ്മുടെ നാട്ടിലും ഇത്തരം ‘ഫാസ്റ്റ് ഫുഡ്’ സംസ്കാരം പടർന്നു പിടിക്കുകയാണല്ലൊ. പഴയതു പോലെ ‘പരിപ്പു വടയും ദിനേശ് ബീഡിയും’ കൊണ്ട് ഇന്ന് കാര്യം നടക്കില്ലെന്നറിയാമല്ലൊ...?!

  ReplyDelete
 7. ഒരു പത്രം പൂട്ടി എന്ന് വെച്ച് മര്‍ഡോക്ക് വീഴുമോ? കാത്തിരുന്നു കാണാം അല്ലെ ! ലേഖനം കൊള്ളാം സലാം ഭായ്

  ReplyDelete
 8. @ഒരു ദുബായിക്കാരന്‍

  താങ്കളുടെ നിരീക്ഷണം ശരിയാണ്. ഒരു പത്രം പൂട്ടിയത് കൊണ്ടൊന്നും മര്‍ഡോക്ക്‌ വീഴണം എന്നില്ല. അയാള്‍ ഏറ്റവും വലിയ മീഡിയ മുഗള്‍ ആയി തന്നെ നില കൊണ്ടേക്കാം.
  എന്നിരിയ്ക്കിലും ഈ സംഭവത്തിലൂടെ അയാള്‍ക്കുണ്ടായ loss of credibility ഒരു വന്‍ വീഴ്ച്ച തന്നെയല്ലേ? അത് പോലും അസാധ്യമായിരുന്നില്ലേ നമ്മുടെ ഭാവനയില്‍ തൊട്ടു മുന്‍പ് വരെ.

  ReplyDelete
 9. Let us see, what will happen! I do not believe that he will finish with it! Well said article.. congratulations

  ReplyDelete
 10. ഒന്നോ രണ്ടോ സ്ഥാപനങ്ങൾ പൂട്ടിയാലൊന്നും ലോക മാധ്യമ ശ്രേണിയുടെ അധിപനായ റൂപര്‍ട്ട് മര്‍ഡോക്ക് വീഴില്ല.എങ്കിലും,താങ്കൾ ഈ ലേഖനത്തിനു കൊടുത്ത ‘വൻ വീഴ്ചകൾ’ എന്ന തലക്കെട്ട് രസകരമായത്.

  ReplyDelete
 11. അതെ, നാണം കെട്ടവന്റെ മൂട്ടില്‍ ....അതില്‍ ഊഞ്ഞാല് കെട്ടി ആടുന്നു..അത്ര തന്നെ.

  ReplyDelete
 12. ഹൌ!
  കണ്ണൂരാന്‍ പേടിച്ചിരിക്കുവായിരുന്നു.
  ഇപ്പോഴാ സമാധാനമായത്.
  എന്റെ 'കല്ലിവല്ലി' മാസികയെങ്ങാന്‍ അങ്ങോര് വിലക്ക് വാങ്ങിയാല്‍ പിന്നെ കണ്ണൂരാന്റെ കഥ കഴിഞ്ഞില്ലേ!
  ഹെന്റമ്മോ!
  പടച്ചോന്‍ കാത്തു.
  അയാള്‍ വീണത് ഏതായാലും നന്നായി.

  **

  ReplyDelete
 13. ഇതിനേപ്പറ്റി എന്നെങ്കിലും ഒരു പോസ്റ്റ് ഇടണമെന്നു വിചാരിക്കുന്നതുകൊണ്ട് ഒരു നീണ്ട കമെന്റ് ഇവിടെ ഇടുന്നില്ല. പക്ഷേ ഒന്നു പറയാം. മര്‍ഡോക്കിനും അദ്ദേഹം നിയന്ത്രിക്കുന്ന മാധ്യമ സാമ്രാജ്യത്തിനും രാഷ്ട്രീയനിലപാടുകളെ വന്‍മുതലാളിമാര്‍ക്ക് അനുകൂലമാകും വിധം സ്വാധീനിക്കുക എന്ന പ്രഖ്യാപിതമായ പരിപാടിയുണ്ട്. അദ്ദേഹത്തിന് അനിഷ്ടമുണ്ടാകുന്ന തരത്തില്‍ പെരുമാറാതിരിക്കാന്‍ ബ്രിട്ടനിലെ മുതിര്‍ന്ന നേതാക്കന്‍മാര്‍ പോലും ശ്രദ്ധിച്ചിരുന്നു (അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള മീഡിയ ഒന്നടങ്കം അവരെ ഇനിയൊരു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കൊള്ളാത്ത വിധം നാറ്റിക്കും എന്നവര്‍ ഭയപ്പെട്ടിരുന്നു) എന്നതില്‍നിന്ന് പൊതുജനഹിതം എത്രത്തോളം നിസ്സാരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് നമുക്കു കാണാന്‍ കഴിയും.

  ഒരു രാജ്യത്തെ എല്ലാ വാര്‍ത്താമാധ്യമങ്ങളും വളരേ കുറച്ചുപേരുടെ മാത്രം നിയന്ത്രണത്തില്‍ വരുമ്പോള്‍, രാഷ്ട്രീയക്കാര്‍ അവരുടെ ഇലക്ടറേറ്റുമായി തങ്ങള്‍ക്കനുകൂലമാകുംവിധം സംവദിക്കാന്‍ ഇത്താരക്കാരെ ആശ്രയിക്കേണ്ടിവരുമ്പോള്‍ രാജ്യതാല്‍പര്യങ്ങള്‍ക്കുണ്ടാകുന്ന അപകടമാണ് ഈ സംഭവത്തില്‍നിന്ന് നാം പഠിക്കേണ്ടത്. ആ പ്രശ്നമാണ് ഫോണ്‍ ചോര്‍ത്തലിനേക്കാള്‍ വലിയ പ്രശ്നം. ഒരുപക്ഷേ രാജ്യദ്രോഹത്തോളം, ഭീകരവാദത്തോളം വലിയ പ്രശ്നം.

  ഒരു ശരാശരി ബുദ്ധിയെങ്കിലും ഉള്ള ഒറ്റയാളിന്റെ മനസ്സിലും മര്‍ഡോക്കിന്റെ മീഡിയായ്ക്ക് യാതൊരു ക്രെഡിബിലിറ്റിയും ഉണ്ടായിരുന്നില്ല. അയാള്‍ക്ക് അതൊരു പ്രശ്നവുമല്ല.

  ReplyDelete
 14. അങ്ങിനെയെങ്കില്‍ ഇവിടെ എന്തൊക്കെ അടച്ചു പൂട്ടണം.മാതൃഭൂമി പത്രത്തില്‍ കണ്ടു. 146 വര്‍ഷത്തെ പാരമ്പര്യമുള്ള പത്രം അടച്ചു പൂട്ടുന്നതിനെ പ്പറ്റി.

  ReplyDelete
 15. മാധ്യമങ്ങളും ഭരണ കൂടങ്ങളും എക്കാലത്തും
  സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഈ
  Telephone tapping മാര്‍ഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്...


  അദ്ദേഹത്തിന്റെ വലം കൈ ആയിരുന്ന
  റെബേക ബ്രൂക്സ് എന്ന ഉരുക്ക് വനിതയും
  ഇന്നലെ രാജി വെച്ചു. ഇരുപതാമത്തെ വയസ്സില്‍
  പത്ര പ്രവര്‍ത്തനം തുടങ്ങിയ അവര്‍ ആയിരുന്നു
  പബ്ലികേഷന്റെ ശക്തി സ്രോതസ്...


  ഈ മാധ്യമ ചിന്തക്ക് നന്ദി സലാം...പുതിയ അനുഭവങ്ങള്‍

  പങ്ക് വെച്ചു സലാമിന്റെ പോസ്റ്റുകള്‍ ഇനിയും വരട്ടെ...

  ReplyDelete
 16. ഇങ്ങനെ പലതും കൂപ്പുകുത്തി വീഴുകയും പുതിയതൊന്നു ഉടലെടുക്കുകയും ചെയ്യും.ഓരോന്നിന്റേയും നിയോഗങ്ങൾ അങ്ങിനെയാണ്‌.
  മദ്യം ആരോഗ്യത്തിന്‌ ഹാനികരമാണ്‌ പുകയിലയും.എന്നിട്ടും ഒരു മുന്നറിയിപ്പല്ലാതെ അത് നിരോധിക്കാൻ നമ്മുടെ ഭരണകർത്താക്കൾ മുതിരുന്നുണ്ടോ...?.എല്ലാവരുടേയും പ്രശ്നം ഉദരപൂരണമാണ്‌.
  ഒരു സംഘപരിവാർ സുഹൃത്ത് ഹാനികരമായ പാന്മസാല ഉപയോഗിക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു-‘അല്ല സഹോദരാ..താങ്കൾ ഒരു പ്രസ്ഥാനപ്രവർത്തകൻ,താങ്കളെ പോലുള്ളവർ ഇത്തരം ചെയ്തികൾ ചെയ്യാൻ പാടുണ്ടോ..? ഇതിനെതിരെ പോരാടേണ്ടവരല്ലേ നിങ്ങൾ..? നിങ്ങളുടെ ആസ്ഥാനത്തേക്ക് ഞാനൊരു എഴുത്തെഴുതട്ടേയോ..?’
  മറുപടി രസകരമായിരുന്നു-‘എന്റെ ചെങ്ങാതി ഞങ്ങളൂടെ ആസ്ഥാനൗപവിഷ്ടരിൽ പലരും ഇത് നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരാണ്‌’.

  അപ്പോൾ എവിടെയാണ്‌ പ്രശ്നം..?

  ReplyDelete
 17. പ്രീറ്യ സലാം...ഇത്തരം ഒരു ലേഖനം എഴുതിയതിന് നംസ്കാരം...രമേശ് അരൂരും,മറ്റുള്ളവരും പറഞ്ഞപോലെ മര്‍ഡോക്ക് വീഴില്ലാ.. വർഷങ്ങളുടെ പഴക്കമുള്ള ഒരു പത്രം നിർത്തിയതും അയ്യാളുടെ തന്ത്രമാണു...കുറേ ഓഹരിക്കാർ പണം തിരിച്ച് വങ്ങിയത് കൊണ്ടും,ഓഹരി വിള ഇടിഞ്ഞത്കൊണ്ടും അയ്യാൾക്ക് ഒന്നും വരാനില്ലാ...പുതിയ രൂപത്തിൽ,ഭാവത്തിൽ അയ്യാൾ മറ്റൊരു പത്രം തുടങ്ങും,ഏഷ്യാനെറ്റ് പൊളെയുള്ള പല മാദ്ധ്യമങ്ങളൂം അയ്യാൽ ഇനിയും വാങ്ങിച്ച്കൂട്ടും... ഈ വാർത്തകളുടെ ചൂരുഒന്ന് മാറിക്കോട്ടെ അപ്പോൾകാണാം...അതെ....രമേശ് പറഞ്ഞതു പോലെ കൊച്ചു കൊച്ചു എഡിഷനുകളിലൂടെ മര്‍ഡോക്ക് മാര്‍ ശക്തി പ്രാപിക്കും എന്നത് എത്രയോ മാധ്യമ തന്ത്രങ്ങള്‍ കണ്ടും കൊണ്ടും അനുഭവിച്ചവരല്ലേ നമ്മള്‍,.....

  ReplyDelete
 18. നല്ല ലേഖനം സലാം ഭായ്.

  സാമ്രാജ്യത്വ വിരുദ്ധ പ്രകടനങ്ങള്‍ നടത്തുന്ന സഖാക്കന്‍മാരുടെ മക്കള്‍ പലരും വിദേശത്ത് പഠനം നടത്തുന്നു.വരുമാനം ഇല്ലെങ്കിലും ഇവര്‍ക്ക് പഠിക്കാന്‍ വായ്പ കൊടുക്കാന്‍ നമ്മുടെ ബാങ്കുകള്‍ ഉണ്ടല്ലോ !

  അവര്‍ അവിടെ ന്യായമായിട്ടും ഈ തരം" കുത്തക മുതലാളിമാരുടെ " വസ്തുക്കള്‍ തന്നെ ഉപയോഗിക്കും! പറച്ചിലും പ്രവര്‍ത്തിയും രണ്ടു എന്നത് നമ്മുടെ രാഷ്ട്രീയക്കാരുടെ സ്ഥിരം പരിപാടി അല്ലെ ..

  ReplyDelete
 19. നമുക്ക് കാണാം മാണ്ടോക്ക് വീഴുമോ? ഇല്ലേ എന്ന്

  ReplyDelete
 20. ഒരു News of the World പൂട്ടിയതുകൊണ്ടൊന്നും മർഡോക്ക് എന്ന മാധ്യമഭീകരന്‌ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. News of the World ന്റെ ദിനപത്രം മാത്രമേ പൂട്ടിയിട്ടുള്ളൂ, അനുബന്ധപ്രസിദ്ധീകരണങ്ങളൊക്കെ ഇപ്പോഴും ഇറങ്ങുന്നുണ്ട്.

  'ഏഷ്യാനെറ്റിലെ വന്‍വീഴ്ച്ചകളുടെ ക്യാമറയില്‍ മാര്‍ഡോക്കിന്‍റെ മുഖം തെളിയുമോ?' - വളരെ പ്രസക്തമായ ചോദ്യം.

  ആശംസകൾ.
  satheeshharipad.blogspot.com

  ReplyDelete
 21. വീഴ്ചകളുടെ അമരത്തിരുന്നു മര്‍ഡോക്ക് മാര്‍ പരതുമ്പോള്‍ കാലത്തിറെ കച്ചിത്തുരുമ്പില്‍ പലതും തടയുമായിരിക്കും .
  എങ്കിലും ചരിത്ര സ്മാരകങ്ങള്‍ക്ക് കഥ പറയാന്‍ ന്യൂസ്‌ ഓഫ് ദി വേള്‍ഡ് എന്നാനാമം ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും !

  ReplyDelete
 22. തീര്‍ച്ചയായും വന്‍ വീഴ്ച തന്നെ. മര്ടോക്കിനെപ്പോലുള്ളവര്‍ നമ്മുടെ മലയാള മാധ്യമങ്ങള്‍ മുഴുവന്‍ തട്ടിയെടുക്കുന്നതിനു മുമ്പുള്ള ഇങ്ങനെയൊരു വീഴ്ച ഒരല്പം ആശ്വാസം പകരുന്നു.

  ReplyDelete
 23. അങ്ങനെയങ്ങ് വീഴുമോ? ഇനി ഇപ്പൊ വീണാലും നാല് കാലില്‍ നില്‍ക്കുമോ? കാത്തിരുന്നു കാണാം. ഏഷ്യാനെറ്റിന് വന്‍വീഴ്ചയില്‍ ഉള്‍പ്പെടുത്താം. കാരണം മര്‍ഡോക്കിന്‌ എന്റര്‍ടൈന്‍മെന്റ് ചാനലില്‍ മാത്രമല്ലേ പിടിയുള്ളൂ ? (കേട്ടറിഞ്ഞതു മാത്രമാണ് )

  ReplyDelete
 24. ഗൌരവമായ ലേഖനങ്ങൾ കൂടുതലും ഇവിടെ നിന്നാവും വായിച്ചതു.അതിൽ പലതും അറിയാത്തവയും,അറിഞ്ഞാൽ തന്നെ ചിന്തിക്കാത്ത തലങ്ങളിലുള്ളവയും.‘വൻ വീഴ്ചകളിൽ’ മർഡൊക്കിനെയും കാണാമെന്നു പ്രതീക്ഷിക്കാം.

  ReplyDelete
 25. ഗൌരവ വിഷയം കൈ കാര്യം ചെയ്യാന്‍ ഇച്ചിരി ധൈര്യം വേണം അല്ലേ.. :)
  ലേഖനം ഒരു ചര്‍ച്ചയിലേയ്ക്ക് വഴിമാറ്റുന്നത് എഴുത്തുക്കാരന്‍റെ മിടുക്കാണ്‍..ആശംസകള്‍.

  ReplyDelete
 26. വാക്കൊന്നും പ്രവർത്തി വേറൊന്നും...നല്ല ലേഖനം സലാമേട്ടാ

  ReplyDelete
 27. ലേഖനം നന്നായി. മര്‍ഡൊക്ക് മാപ് പറയാനുള്‍ല ആര്‍ജ്ജവമെങ്കിലും കാ‍ണിച്ചു. നമ്മുടെ നാട്ടിലോ..?ഓര്‍മ്മയില്ലെ ചാരക്കേസ്. മാപ്പ് പൊയിട്ട് ഒരു ക്ഷമാപണമെങ്കിലും നമ്മുടെ പത്രമുത്തശ്ശിമാര്‍ പറഞ്ഞിരുന്നോ?

  ReplyDelete
 28. ആ ഫോണ്‍ കോള്‍ ചോര്‍ത്തിയ പെണ്ണുംപിള്ളാനെ പോലീസ് അറസ്റ്റുചെയ്ത കൊണ്ട് പോകുന്ന വാര്‍ത്ത‍ മര്‍ഡോക് ചാനലില്‍ കണ്ടു ഒരു കട്ടന്‍ ചായയും കുടിച്ചു സിസ്റ്റം തുറന്നപ്പോഴാ ഈ പോസ്റ്റ്‌ കണ്ടത് ..

  പെപ്സിക്കഥ രസായിട്ടോ .....ഒരു ബിഗ്‌ ലൈക്ക്

  ReplyDelete
 29. ശരിയാണ് മര്‍ഡോക്ക് ഏറ്റവും വലിയ മീഡിയ മുഗള്‍ ആയി തന്നെ ഒരുപക്ഷെ നിലനിന്നെക്കാം.... പക്ഷെ ആ വിശ്വാസ്യത നഷ്ടമായത് വന്‍ വീഴ്ച്ച തന്നെയല്ലേ... നല്ല ലേഖനം സലാമിക്ക.

  ReplyDelete
 30. നല്ല ലേഖനം..ആശംസകള്‍

  ReplyDelete
 31. വെയ്റ്റ് & സീ. അത്രേള്ളൂ
  ലേഖനം കൊള്ളാം മാഷേ :)

  ReplyDelete
 32. സംഭവം ചളമായെങ്കിലും.. അണ്ണാ, മാർഡോക് എന്നത് ഒരു വ്യക്തിയുടെ നാമമാണെങ്കിലും പിന്നണിയിൽ ചില പൊളിറ്റിക്സ് കോക്കസുകളാണ് കളിക്കുന്നത്...

  ലോകത്ത് ഏത് ന്യൂസ് വരണമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണവർ... അതൊന്നും പൊളിഞ്ഞ് വീഴില്ല.

  ReplyDelete
 33. thankyou for this post.all the best

  ReplyDelete
 34. വെടക്കാക്കി തനിക്കാക്കലും, ആടിനെ പട്ടിയാക്കലും, പിന്നീട് ആ ആടിനെ തല്ലിക്കൊല്ലുന്നത് ആഘോഷമാക്കി അവതരിപ്പിക്കലും മുഖ്യ അജണ്ടയാക്കിയ ആധുനിക കാല മാധ്യമരാക്ഷസാവതാരത്തിന് ഏൽക്കുന്ന ചെറിയ മുറിവുപോലും മനുഷ്യപക്ഷത്ത് നിന്ന് നോക്കുന്നവർക്ക് സമാശ്വാസകരം.

  ഇതൊരു വൻ വീഴ്ചയുടെ നാന്ദിയായെങ്കിൽ.....

  കാര്യമാത്രപ്രസക്തമായി സംക്ഷിപ്തമായെഴുതിയ ഈ കുറിപ്പ് ചിന്തോദ്ദീപകമാണ്, അവസരോചിതമാണ്.

  ഏറെ നന്ദി.

  ReplyDelete