Wednesday, August 31, 2011

ഓണവും, പെരുന്നാളും, ചില നുറുങ്ങുകള്‍
Chirag dil kay jalao kay eid ka din hai
Tharane jhoom ke gao kay eid ka din hai
Ghamon ko dilse bhulao ke eid ka din hai
Khushi se bazm sajaao ke eid ka din hai
Huzoor uske karo ab salaamathi ki dua
sabhi muraade hu poori har ek savaale ki
Dua ko haat utaao ke eid ka din hein...

 ഈദുല്‍ഫിത്വര്‍ ദിനമായി. തൊട്ടു പിറകെ ഓണവുമെത്തുന്നു. രണ്ടിന്‍റെയും സന്ദേശം സഹനത്തിന്‍റെയും സമാധാനത്തിന്‍റെയും തന്നെ. മനസ്സുകളിലെ നന്‍മകള്‍ എങ്ങിനെയൊക്കെ നഷ്ടമായാലും അതിന്‍റെയെല്ലാം ഒരു വീണ്ടെടുപ്പിനെ ത്വരിതപ്പെടുത്താന്‍ ഈ നാളുകള്‍ക്കാവും. കേവലമായ ആഘോഷങ്ങളുടെ പകിട്ട് മാത്രമായി കൊണ്ടാടപ്പെടുന്നതിലപ്പുറം ഈ ദിനങ്ങളുടെ പവിത്രമായ സന്ദേശങ്ങള്‍ പങ്കുവെയ്ക്കപ്പെടേണ്ടതുണ്ട്. നന്‍മകള്‍ നഷ്ടമായ ഒരു കാലത്തിലാണ് നാം ജീവിക്കുന്നത് എന്നു പൂര്‍ണ്ണമായൊരു വിഷാദപ്പകര്‍ച്ചയിലേക്ക് വഴുതി വീഴാതെ തന്നെ പോയ കാലത്തിന്‍റെ അമൂല്യമായ ചില നാമവിശേഷണങ്ങളെ സ്മൃതിപഥത്തില്‍ ഒന്ന് കൂടി മിനുക്കിയെടുക്കാന്‍ അല്‍പനേരം ചിലവഴിക്കാം. ടെലിവിഷനും നൈമിഷിക മേളങ്ങളുടെ കൃത്രിമ വര്‍ണ്ണക്കൊടിതോരണങ്ങളും നമ്മുടെ നാട്ടു ജീവിതത്തിന്‍റെ നൈസര്‍ഗികമായ ഉണ്‍മകളെ ഇല്ലായ്മ ചെയ്യുന്നതിനും മുന്‍പ്, പിറകോട്ട്, ചരിത്രത്തിന്‍റെ സ്നേഹസാന്ദ്രമായ നിഷ്കളങ്ക നൂറ്റാണ്ടുകളിലേക്ക് പരന്നു കിടക്കുന്ന മാനവികതയുടെ ഒരു സമ്പന്നഭൂതകാലം നമുക്കുണ്ട്.  സമ്പത്തെന്നാല്‍ ആദായ നികുതിക്കാരുടെ നോട്ടപ്പുള്ളിയാവും വിധം സ്വയം തടിച്ചു വീര്‍ക്കലാണെന്ന നവലിബറല്‍ മുതലാളിത്ത ദര്‍ശനം നമ്മുടെ ആത്മാവിനെ സാത്താനു പണയം വയ്ക്കുന്നതിനും മുന്‍പ്, മാവേലിയുടെ നന്മയുണരും നാടിനെ മനസ്സിലേറ്റിയ മലയാളത്തിന്‍റെ ഒരു ഭൂമികയുണ്ടായിരുന്നു. ഇന്നത്തെ ഏതു അളവുകോല്‍ വെച്ച് അളന്നു നോക്കിയാലും ഒരു വേള അന്നത്തെയാളുകള്‍ ദരിദ്രനാരായണന്‍മാരായി നമ്മുടെ മനസ്സിന്‍റെ പിന്നാംപുറങ്ങളില്‍ സഹതാപം കാത്തു കഴിയുന്ന ഏഴകളായി തോന്നിയേക്കാം. ജീവിതവിജയം എന്നത് പുറം മോടികളുടെ തിളക്കം കൂട്ടാന്‍ വേണ്ടിയുള്ള ഒരു നെട്ടോട്ടത്തിലപ്പുറം ഒന്നുമല്ലെന്ന "ആധുനിക ചിന്ത" മലയാളിയുടെ പൊതു ബോധത്തില്‍ അധിനിവേശം നടത്തിയതിന്‍റെ ദുരന്ത പരിണിതിയത്രേ അത്.

ആ കാലത്തിന്‍റെ നല്ല നേരങ്ങളില്‍ കുട്ടിക്കാലം ഓടിക്കളിച്ചതിന്‍റെ മധുരം മനസ്സില്‍ മരിക്കാന്‍ കൂട്ടാക്കാതെ യൌവ്വനം കൊള്ളുന്നവര്‍ ഓര്‍ത്തെടുക്കുന്നുണ്ട് ഇപ്പോഴും. ഓണത്തിനും പെരുന്നാളിനും പരസ്പരം ഇടപഴകി സ്നേഹമതത്തിന്‍റെ ശ്രീകോവിലുകളില്‍ സ്നേഹദൈവത്തെ ഒരേ മനസ്സാല്‍ നമിച്ചു, സായഹ്നങ്ങളില്‍ അസ്തമയം ഒന്നിച്ചാസ്വദിച്ച പച്ച മനുഷ്യര്‍. അവര്‍ പാടത്തെ പണിയില്‍ വിയര്‍പ്പൊഴുക്കിയതും ഒന്നിച്ച്, കൊയ്ത്തു കാലത്ത് കതിര്‍ കറ്റകള്‍ കൂട്ടിവെച്ചതും ഒരേ മനസ്സോടെ.  കൃഷിനാശത്തിന്‍റെയും, പ്രകൃതിക്ഷോഭങ്ങളുടേയും പരീക്ഷണ നാളുകളില്‍ ദാരിദ്ര്യത്തിന്‍റെ അന്നമില്ലാദിനങ്ങളിലും മനസ്സുകൊണ്ട് ദാരിദ്രരാവാത്ത അതിസമ്പന്നര്‍. വിഭിന്ന വിശ്വാസങ്ങളുടെയും, ജാതി വിടവുകളുടേയും എല്ലാ അസമത്വങ്ങളും പേറിയിരുന്നവര്‍ തന്നെയാണ് ആ തലമുറയും. ചില കാര്യങ്ങളില്‍ ഇന്നത്തേക്കാള്‍ ശോചനീയമായിരുന്നു അന്നത്തെ അവസ്ഥയെന്നതും തര്‍ക്കമറ്റ കാര്യം തന്നെ. എന്നിരുന്നാലും ഒരു നല്ല പുലര്‍ക്കാല സ്വപ്നത്തിന്‍റെ പങ്കുവെയ്പ്പ് പരസ്പരം സാധ്യമാവുന്ന ഒരു പുണ്ണ്യകാലത്തിലായിരുന്നു അവര്‍ ഉറങ്ങിയതും ഉണര്‍ന്നതും. അതുകൊണ്ടു തന്നെയാവാം ബഷീറിന്‍റെ ആനവാരി രാമന്‍ നായരും പൊന്‍ കുരിശു തോമ്മയും മണ്ടന്‍ മുത്തപ്പയും ഇന്നും നമുക്ക് പ്രിയതരമാവുന്നത്. ഓരോ കാലത്തെയും യഥാര്‍ത്ഥ സാഹിത്യം അതത് കാലത്തിന്‍റെ കണ്ണാടി തന്നെയാണ്. ആരാധനാലയങ്ങള്‍ കുറവായിരുന്നിട്ടും മനസ്സുകളിലെ സ്നേഹവെളിച്ചത്തിന് അന്ന് കൂടുതല്‍ തെളിച്ചമുണ്ടായിരുന്നു. മുക്കിനു മുക്കിനു വന്‍ കോണ്‍ക്രീറ്റ് സൌധങ്ങളില്‍ ദൈവത്തെ തടവിലിട്ടു പ്രചാരണം നടത്തുന്ന വര്‍ത്തമാനകാലത്ത് പക്ഷെ ദൈവത്തിനെന്തിനാ പൊന്‍കുരിശ് എന്ന് ചോദിക്കാനുള്ള നിഷ്കളങ്കത തോമ്മയ്ക്ക് കൈമോശം വന്നു പോയിരിക്കുന്നു. തോമ്മയ്ക്കും ആനവാരി രാമന്‍ നായര്‍ക്കും മുസ്തഫാക്കും അത് എവിടെയാണ് നഷ്ടമായത്.   

സമുദായ സേവനവും കച്ചവടവത്ക്കരിക്കപ്പെട്ട ഈ കാലത്ത് ധനാഗമമാര്‍ഗത്തിനുള്ള കുറുക്കുവഴികള്‍ തേടുന്ന സമുദായക്കുറുക്കന്‍മാരാണ് സ്ഥലത്തെ പ്രധാന സദാചാരക്കമ്മിറ്റികളുടെയെല്ലാം ചോദ്യം ചെയ്യപ്പെടരുതാത്ത അധികാര കേന്ദ്രങ്ങള്‍.
"ഗാന്ധിയന്‍" തുടര്‍ച്ചപ്പാര്‍ട്ടികള്‍ മുതല്‍ "വിപ്ലവപ്പാര്‍ട്ടികള്‍" വരെ അവരുടെ വരുതിയില്‍ തന്നെ. തീവ്ര വലതു പക്ഷക്കാര്‍ക്ക് പിന്നെ അത് എന്നും ജീവവായു തന്നെയാണ്. ഓരോരുത്തരും അവരവരുടെ ദൈവരാജ്യം വേലി കെട്ടിത്തിരിച്ചു മതിലുകള്‍ തീര്‍ക്കാന്‍  മത്സരിക്കുമ്പോള്‍ കുഞ്ഞാടിന്‍കൂട്ടങ്ങള്‍ കൂടി വരുന്നുണ്ട്. ഏതെങ്കിലും ഒരു കൂട്ടത്തിനോടൊട്ടി നില്‍ക്കാത്തവന്‍ പെരുവഴിയിലാണെന്നാണ് വെയ്പ്‌. ജാതി വേണ്ടെന്നു തീരുമാനിച്ചവനും സര്‍ക്കാര്‍ രേഖയില്‍ വല്ല നിലക്കും ഒപ്പ്‌ വെയ്ക്കേണ്ടി വരുമ്പോള്‍ ജാതി സ്വയം നിര്‍വചിച്ചേ പറ്റൂ. അല്ലെങ്കില്‍ അവന്‍ അനാഥനത്രേ. ഇത്തരത്തിലുള്ള കൃത്രിമ സാമൂഹിക വൈരുദ്ധ്യങ്ങള്‍ മനുഷ്യരെ മൊത്തം പിറകോട്ടു വലിക്കുമ്പോള്‍, അതിനെയൊക്കെ മറികടക്കാനുള്ള ഒരു തുടക്കം കുറിക്കാന്‍ ഓണം, പെരുന്നാള്‍ പോലുള്ള ആഘോഷവേളകള്‍ പ്രചോദനമാക്കാവുന്നതാണ്. ശരിയായ ദിശയിലുള്ള ദേശീയോദ്ഗ്രഥനം സാധ്യമാക്കാന്‍ ഈ അവസരങ്ങളെ വിനിയോഗിക്കാം. മത-സാമുദായിക നേതൃത്വം സ്വയം ഏറ്റെടുത്തവരില്‍ നിന്ന് ഇതിനുള്ള നേതൃത്വം പ്രതീക്ഷിക്കേണ്ട. സാധാരണക്കാരായ ജനങ്ങള്‍ ഇതിനായി മുന്നോട്ടു വരുന്നുണ്ട്. അവരോടു ഐക്യപ്പെടുക നമ്മളും. 

Sunday, August 14, 2011

വാഷിംഗ്ടണില്‍ ഒരു മാന്ദ്യകാലത്ത്

(യുദ്ധത്തിന്‍റെ എല്ലാ ഭീകരതയും വിളിച്ചോതുന്ന ലോക പ്രശസ്തമായ ചിത്രം. അമേരിക്ക വിയറ്റ്നാമില്‍ നാപാം ബോംബ്‌ വര്‍ഷിച്ച സമയത്ത് ക്യാമറയില്‍ പതിഞ്ഞത്. ഇത് കണ്ട ആരുടേയും മനസ്സില്‍ യുദ്ധം എന്ന് കേള്‍ക്കുമ്പോള്‍ ഈ ബിംബങ്ങള്‍ ഓടിയെത്താതിരിക്കില്ല)

ബൌദ്ധിക മാന്ദ്യം ഉണ്ടാകുന്നത്

 ജോര്‍ജ് ഡബ്ല്യു ബുഷിന്‍റെ അച്ഛന്‍ ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ്‌ പ്രസിഡന്‍റായിരുന്ന കാലത്തുള്ള (1989–93) ഒരു തമാശക്കഥയുണ്ട്. അദ്ദേഹം റഷ്യന്‍ പ്രസിഡന്‍റ് മിഖായേല്‍ ഗോര്‍ബച്ചേവിനെ സന്ദര്‍ശിക്കാനായി ക്രംലിനില്‍ എത്തുന്നു. രണ്ടു പേരും തനിച്ചായ ഒരു സമയത്ത് ബുഷ്‌  ഗോര്‍ബച്ചേവിനോട് പറഞ്ഞു. "ഗോര്‍ബി, എന്നെ ഒരു പ്രശ്നത്തില്‍ ഒന്ന് സഹായിക്കുമോ? എന്‍റെ സഹപ്രവര്‍ത്തകരില്‍ ഒരാളെ പറ്റി എനിക്ക് തീരെ മതിപ്പു പോരാ. ഒരാള്‍ നല്ല ബുദ്ധിമാനും സമര്‍ത്ഥനും ആണെന്ന് ആദ്യം തന്നെ മനസ്സിലാക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ? "

ഗോര്‍ബി പറഞ്ഞു: ഞാന്‍ എഡ്വാര്‍ഡ്‌ ഷെവര്‍നാദ്സെയെ (അന്നത്തെ റഷ്യന്‍ വിദേശ കാര്യ മന്ത്രി) മന്ത്രിയായി നിയമിക്കുന്നതിനു മുന്‍പ് ഇന്‍റര്‍വ്യൂ ചെയ്യുമ്പോള്‍ ബുദ്ധി പരിശോധിക്കാന്‍ വേണ്ടി അയാളോട് ഇങ്ങിനെ ചോദിച്ചു ;  'എഡ്വാര്‍ഡ്, നിന്‍റെ സഹോദരന്‍ അല്ലാത്ത നിന്‍റെ അച്ഛന്‍റെ മകന്‍ ആരാണ്?'
"അയാള്‍ എന്ത് പറഞ്ഞു?" ബുഷ്‌ ചോദിച്ചു.
"അയാള്‍ പറഞ്ഞു, 'അത് ഞാന്‍ തന്നെ'
അങ്ങിനെ ഞാന്‍ അയാളെ മന്ത്രിയാക്കി. "
ബുഷ്‌ ഗോര്‍ബിയെ ആരാധനയോടെ തൊട്ടുകൊണ്ട് പറഞ്ഞു.  "അത് നല്ലൊരു സൂത്രം തന്നെ ബുദ്ധിയളക്കാന്‍."

തിരിച്ചു വാഷിംഗ്ടണില്‍ എത്തിയപാടെ ബുഷ്‌ തന്‍റെ വൈസ്‌ പ്രസിഡണ്ട്‌ ഡാന്‍ ക്വയലിനെ വൈറ്റ് ഹൌസിലേക്ക് വിളിപ്പിച്ചിട്ട് പറഞ്ഞു. "ഡാന്‍ " ഒരു ചോദ്യമുണ്ട്. "നിന്‍റെ സഹോദരന്‍ അല്ലാത്ത നിന്‍റെ അച്ഛന്‍റെ മകന്‍ ആരാണ്?"

ഡാന്‍ ഒരു നിമിഷം മിഴിച്ചു നിന്നു. "ഉത്തരം നാളെ പറഞ്ഞാല്‍ മതിയോ മിസ്റ്റര്‍ പ്രസിഡന്‍റ്?" ഡാന്‍ ചോദിച്ചു.  അതിനു ശേഷം വീട്ടിലെത്തി ഡാന്‍ കുറെ ആലോചിച്ചു നോക്കി. ഒരു പിടിയും കിട്ടുന്നില്ല. പഴയ വിദേശ കാര്യമന്ത്രി ഹെന്റി കിസ്സിന്ജര്‍ വലിയ ബുദ്ധിമാനാണെന്നു എല്ലാവരും പറയുന്നത് ഡാന്‍ പെട്ടെന്ന് ഓര്‍ത്തു. ഉടനെ തന്നെ കിസ്സിഞ്ജറെ ഫോണില്‍ വിളിച്ചു. "കിസ്സി, ഒരു ചോദ്യം ചോദിയ്ക്കട്ടെ. താങ്കളുടെ സഹോദരന്‍ അല്ലാത്ത താങ്കളുടെ അച്ഛന്‍റെ മകന്‍ ആരാണ്?"

"അത് ഞാന്‍ തന്നെയായിരിക്കുമല്ലോ" കിസ്സിഞ്ജര്‍ പറഞ്ഞു.

ഡാന്‍ ആശ്വാസത്തോടെ പുഞ്ചിരിച്ചു. "നന്ദി കിസ്സി, ഈ ഉപകാരം ഞാന്‍ ഒരിയ്ക്കലും മറക്കില്ല." എന്ന് പറഞ്ഞിട്ട് ഡാന്‍ നേരെ വൈറ്റ് ഹൌസിലേക്കോടി, ബുഷിനരികില്‍ ചെന്നു. "മിസ്റ്റര്‍ പ്രസിഡന്‍റ്, ഉത്തരം എനിക്കറിയാം.
"ഓക്കേ, ഡാന്‍, നിന്‍റെ സഹോദരന്‍ അല്ലാത്ത നിന്‍റെ അച്ഛന്‍റെ മകന്‍ ആരാണ്?" ബുഷ്‌ ചോദിച്ചു.
"അത് ഹെന്റി കിസ്സിഞ്ജറാണ്."  ഡാന്‍ പറഞ്ഞു.

"അല്ല.........,  അത് ഷെവര്‍നാദ്സെയാണ്." നെറ്റി ചുളിച്ചുകൊണ്ട് ബുഷ്‌ പ്രതിവചിച്ചു.

മന്ദ ബുദ്ധികളായ പ്രജാപതികളെ ഒന്ന് കേരിക്കേച്ചറൈസ്‌ ചെയ്യാനായി ഇങ്ങിനെ പല കഥകളും പ്രചാരത്തില്‍ കാണും. എന്നാല്‍ പല കാര്യങ്ങളും കാണുമ്പോള്‍ ഇതൊന്നും വെറുതെ പറയുകയല്ലെന്നു നമ്മള്‍ തിരിച്ചറിയുന്ന ചരിത്ര മുഹൂര്‍ത്തങ്ങളുമുണ്ട്. ലക്ഷക്കണക്കിന് നിരപരാധികളെ മരണത്തിലേക്ക് തള്ളുകയും അതിലേറെ ലക്ഷം ആളുകളെ അഭയാര്‍ഥികളാക്കുകയും ചെയ്ത ജൂനിയര്‍ ബുഷിനെ ലോകം മൊത്തം അവജ്ഞയോടെ നോക്കിക്കാണുന്ന കാലത്ത്‌ അദ്ദേഹത്തെ വൈറ്റ് ഹൌസില്‍ വെച്ച് കെട്ടിപ്പിടിച്ചു കൊണ്ട് "ഞങ്ങള്‍ ഇന്ത്യക്കാര്‍ താങ്കളെ അഗാധമായി സ്നേഹിക്കുന്നു" എന്ന് മാന്‍മോഹന്‍ സിംഗ് ബുഷിനോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക.

സാമ്പത്തിക മാന്ദ്യം ഉണ്ടാകുന്നത് 

ഡോളറിന്‍റെ തിരിച്ചു വരാനാവാത്ത തകര്‍ച്ചയെ കേവലമായ ഒരു വിപണി-ഓഹരി വാര്‍ത്തയായി മാത്രമാണ് നമ്മള്‍ വിലയിരുത്തുന്നതെങ്കില്‍ അത് നമ്മുടെ ഭാവനയും യുക്തിയും കൂട് വിട്ടു പറന്നു പോയതിന്‍റെ പ്രതിഫലനമാവാനെ തരമുള്ളൂ. ഹിരോഷിമയിലും നാഗസാക്കിയിലും സര്‍വ്വ സംഹാരിണിയായ അണുബോംബുകള്‍ വര്‍ഷിച്ചുകൊണ്ട് ലക്ഷങ്ങളെ ക്ഷണമാത്രയില്‍ കുരുതി കൊടുത്തും,  അതിലേറെ ലക്ഷങ്ങളെ ഭാവി തലമുറകളിലേക്കു കൊന്നൊടുക്കിക്കൊണ്ടുമായിരുന്നു അമേരിക്ക എന്ന "ലോക ശക്തി" യുടെ ഉദയം. അവിടുന്നിങ്ങോട്ടു അമേരിക്ക തന്നെയാണ് ലോകത്തെ നയിച്ചത് എന്നതും നിസ്തര്‍ക്കമായ സംഗതിയാണ്. ശാസ്ത്ര പുരോഗതിയുടെയും, തുറന്ന ചിന്തകളുടെയും വളര്‍ച്ചയുടെ പടവുകള്‍ ലോകം കയറിയതില്‍ അമേരിക്ക വഹിച്ച പങ്ക് വളരെ വലുത് തന്നെയായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന അനീതികള്‍ക്കും ആ രാജ്യം തന്നെ മുന്‍കയ്യെടുത്തപ്പോള്‍ ലോകജനത ശ്വാസത്തിന്‍റെ ഒരു പകുതിയില്‍ അമേരിക്കയെ സ്നേഹിക്കുകയും മറുപകുതിയില്‍ അതിനെ അതിലേറെ വെറുക്കുകയും ചെയ്യുകയെന്ന ഒരു വിരോധാഭാസത്തിലൂടെ കടന്നു പോവാന്‍ തുടങ്ങി.

ഇറാക്കും അഫ്ഘാനിസ്ഥാനും അമേരിക്ക ഇടപെട്ടു നശിപ്പിക്കുന്ന ആദ്യത്തെ രാജ്യങ്ങള്‍ ആയിരുന്നില്ല. പക്ഷെ അവസാനത്തേത് ആവുന്നതിന്‍റെ എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു വരുന്നതാണ് സമീപകാല സംഭവവികാസങ്ങള്‍. സാമ്രാജ്യങ്ങളുടെ ശ്മശാനഭൂമിയാണ് എന്നും അഫ്ഘാനിസ്ഥാനെന്ന കാര്യം പണ്ടേക്കു പണ്ടേ പഠിച്ചറിഞ്ഞതാണ്. ഏറ്റവും അവസാനം അവിടെ തകര്‍ന്നു വീണത് സോവിയറ്റ്‌ "കമ്മ്യുണിസ്റ്റ്‌" സാമ്രാജ്യം ആയിരുന്നു, അത് പുതിയ ചരിത്രം. സൂര്യനസ്തമിക്കാന്‍ മടിച്ചിരുന്ന ബ്രിട്ടീഷ്‌ സാമ്രാജ്യം പത്തൊമ്പതാം നൂറ്റാണ്ടില്‍ അഫ്ഘാന്‍ കീഴടക്കാന്‍ പോയി അതിന്‍റെ സൈന്യത്തെ മുഴുവന്‍ കുരുതി കൊടുത്ത് കുത്തുപാളയെടുത്തതിന്‍റെ ചരിത്രമറിയാന്‍ ഇന്റര്‍നെറ്റിലൂടെ കറങ്ങി നടക്കുമ്പോള്‍ ആ വിക്കീ പീടികയില്‍ ഒന്ന് കയറിയാല്‍ മാത്രം മതി.

യുദ്ധങ്ങളുടെ മുന്നണിപ്പടയിലേക്ക് കൊല്ലാനും കൊല്ലപ്പെടാനുമായി എല്ലാ കാലത്തും എല്ലാ രാജ്യത്തും തിരഞ്ഞെടുത്തയക്കുന്നത് അതത് രാജ്യത്തെ പാവപ്പെട്ടവന്‍റെ മക്കളെയാണ്. ഇതര ദേശീയതകള്‍ക്ക് മേല്‍ നഗ്നമായ അധിനിവേശം നടത്തി കീഴ്പ്പെടുത്തി വെടക്കാക്കി തനിക്കാക്കുന്നതിനെ രാജ്യസ്നേഹം എന്ന വിശുദ്ധ പതാകയില്‍ ഒളിപ്പിച്ചു പ്രജകളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി വികാരം കൊള്ളിക്കുക എന്നതാണ് പതിവ് രീതി.  അമേരിക്ക ഈ കൃത്യം ഇത്ര നാളും അതിന്‍റെ എല്ലാ വക്രതയും പരമാവധി മിനുക്കിയെടുത്ത് നിര്‍വഹിച്ചു നിരവധി നാടുകളെ നടുവൊടിച്ചിട്ടു. ചിലതിനെ നേരിട്ടുള്ള ആക്രമണത്തിലൂടെ, ചിലതിനെ ഉപരോധത്തിന്‍റെ മുഷ്ക്കിലൂടെ, ചിലതിനെ രണ്ടും സമാസമം ചേര്‍ത്തുകൊണ്ട്. അതിനിരയായവരുടെ അപൂര്‍ണമായ ഒരു ലിസ്റ്റ് ഇങ്ങിനെ വായിക്കാം. ചിലി, ഹെയ്തി, നിക്കരാഗ്വാ, പാനമ, ക്യൂബ, വിയറ്റ്നാം, ഇറാന്‍, ഇറാക്ക്, അഫ്ഘാനിസ്ഥാന്‍....

പക്ഷെ, ചരിത്രം കണിശക്കാരനായ ഒരു കണക്കപ്പിള്ളയാണെന്ന കാര്യം അഹന്തയുടെ നിലയ്ക്കാത്ത ഓളങ്ങളില്‍ വന്‍ശക്തികളുടെ തലയിലേക്ക് ഒരിയ്ക്കലും കയറാറില്ല. അതിനൂതനമായ യുദ്ധവിദ്യകള്‍ കൊണ്ട് പോലും പിടിച്ചു നില്‍ക്കാനാവാതെ അഫ്ഘാനില്‍ യുദ്ധം തോറ്റുകൊണ്ടിരിക്കുകയും, സാധാരണ അമേരിക്കക്കാരന്‍റെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ചിലവഴിക്കേണ്ട നികുതിപ്പണം വ്യര്‍ത്ഥമായ യുദ്ധമുഖങ്ങളില്‍ ധൂര്‍ത്തടിച്ചും അമേരിക്കയുടെ കടബാധ്യത മറികടക്കാനാവാത്ത വിധം കുതിച്ചുയരുകയുമാണ്.   അമേരിക്കയുടെ ദേശീയകടം 15 ലക്ഷം കോടി ഡോളറിലേക്ക് നീങ്ങവെ അവര്‍ കടപ്പത്രങ്ങളിലൂടെ മറ്റ് രാജ്യങ്ങള്‍ക്ക് കൊടുത്തുതീര്‍ക്കേണ്ട ബാധ്യത 4.5 ലക്ഷം കോടി ഡോളറാണ്. അമേരിക്കയില്‍നിന്ന് ഏറ്റവും കൂടുതല്‍ കടപ്പത്രം വാങ്ങിക്കൂട്ടുന്നത് ചൈനയാണ്. 1.15 ലക്ഷം കോടി ഡോളറിന്റെ കടപ്പത്രമാണ് അവര്‍ വാങ്ങിയിട്ടുള്ളത്. 4100 കോടി ഡോളറിന്റെ (1.83 ലക്ഷം കോടി രൂപ) കടപ്പത്രം വാങ്ങിയിട്ടുള്ള ഇന്ത്യയുടെ സ്ഥാനം 14ാമതാണ്. എന്ന് വെച്ചാല്‍ പാവപ്പെട്ട ഇന്ത്യക്ക് പോലും അമേരിക്ക 1.83 ലക്ഷം കോടി രൂപ കടക്കാരന്‍ ആയി മാറി എന്ന് സാരം.

അങ്കിള്‍ സാമിന്‍റെ സാമ്രാജ്യത്വ അഹന്തകള്‍ക്ക് മേല്‍ ചരിത്രം അതിന്‍റെ കാവ്യ നീതി നിര്‍വഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിന്‍റെ ഫലമായി ലോകമാകെ തന്നെ കൂടുതല്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ് എന്നാണ് വിദഗ്ധ മതം. എന്തെന്നാല്‍ നമ്മളെല്ലാം കൂടുതലും നിക്ഷേപം നടത്തിയിരിക്കുന്നത് ഡോളറിലത്രെ. വന്‍മരങ്ങള്‍ കട പുഴകി വീഴുമ്പോള്‍ ചെറു ചെടികള്‍ അതിനടിയില്‍ പെട്ട് ചതഞ്ഞു പോവുമെന്നുള്ള പ്രകൃതിനിയമത്തിന് എല്ലാവരും കീഴടങ്ങുകയല്ലാതെ വേറെ വഴിയില്ലല്ലോ.

ഭീകരത, മതഭീകരതയായാലും ഭരണകൂട ഭീകരതയായാലും അത് മനുഷ്യവിരുദ്ധമാണെന്നും അതര്‍ഹിക്കുന്ന വിനാശം കാലം അതിനു വേണ്ടി നിണമണിഞ്ഞ അതിന്‍റെ  വഴിത്താരയില്‍ തന്നെ കരുതി വെച്ചിട്ടുണ്ടാവുമെന്നുമുള്ള ചരിത്രപാഠം ഒരിയ്ക്കല്‍ക്കൂടി ആ കാലത്തിന്‍റെ ചുവരില്‍ തന്നെ രക്തലിപികളില്‍ തെളിഞ്ഞു വരുന്നതിനാണ് നാം സാക്ഷികളാവുന്നത്. ചരിത്രത്തിന്‍റെ വലിയൊരു അടയാളപ്പെടുത്തല്‍ പ്രക്രിയ അരങ്ങേറുന്ന ഈ മുഹൂര്‍ത്തത്തെ അറിയാതെ പോവുന്നത് ആയുസ്സിന്‍റെ തന്നെ നഷ്ടമായിരിക്കും.