Wednesday, August 31, 2011

ഓണവും, പെരുന്നാളും, ചില നുറുങ്ങുകള്‍
Chirag dil kay jalao kay eid ka din hai
Tharane jhoom ke gao kay eid ka din hai
Ghamon ko dilse bhulao ke eid ka din hai
Khushi se bazm sajaao ke eid ka din hai
Huzoor uske karo ab salaamathi ki dua
sabhi muraade hu poori har ek savaale ki
Dua ko haat utaao ke eid ka din hein...

 ഈദുല്‍ഫിത്വര്‍ ദിനമായി. തൊട്ടു പിറകെ ഓണവുമെത്തുന്നു. രണ്ടിന്‍റെയും സന്ദേശം സഹനത്തിന്‍റെയും സമാധാനത്തിന്‍റെയും തന്നെ. മനസ്സുകളിലെ നന്‍മകള്‍ എങ്ങിനെയൊക്കെ നഷ്ടമായാലും അതിന്‍റെയെല്ലാം ഒരു വീണ്ടെടുപ്പിനെ ത്വരിതപ്പെടുത്താന്‍ ഈ നാളുകള്‍ക്കാവും. കേവലമായ ആഘോഷങ്ങളുടെ പകിട്ട് മാത്രമായി കൊണ്ടാടപ്പെടുന്നതിലപ്പുറം ഈ ദിനങ്ങളുടെ പവിത്രമായ സന്ദേശങ്ങള്‍ പങ്കുവെയ്ക്കപ്പെടേണ്ടതുണ്ട്. നന്‍മകള്‍ നഷ്ടമായ ഒരു കാലത്തിലാണ് നാം ജീവിക്കുന്നത് എന്നു പൂര്‍ണ്ണമായൊരു വിഷാദപ്പകര്‍ച്ചയിലേക്ക് വഴുതി വീഴാതെ തന്നെ പോയ കാലത്തിന്‍റെ അമൂല്യമായ ചില നാമവിശേഷണങ്ങളെ സ്മൃതിപഥത്തില്‍ ഒന്ന് കൂടി മിനുക്കിയെടുക്കാന്‍ അല്‍പനേരം ചിലവഴിക്കാം. ടെലിവിഷനും നൈമിഷിക മേളങ്ങളുടെ കൃത്രിമ വര്‍ണ്ണക്കൊടിതോരണങ്ങളും നമ്മുടെ നാട്ടു ജീവിതത്തിന്‍റെ നൈസര്‍ഗികമായ ഉണ്‍മകളെ ഇല്ലായ്മ ചെയ്യുന്നതിനും മുന്‍പ്, പിറകോട്ട്, ചരിത്രത്തിന്‍റെ സ്നേഹസാന്ദ്രമായ നിഷ്കളങ്ക നൂറ്റാണ്ടുകളിലേക്ക് പരന്നു കിടക്കുന്ന മാനവികതയുടെ ഒരു സമ്പന്നഭൂതകാലം നമുക്കുണ്ട്.  സമ്പത്തെന്നാല്‍ ആദായ നികുതിക്കാരുടെ നോട്ടപ്പുള്ളിയാവും വിധം സ്വയം തടിച്ചു വീര്‍ക്കലാണെന്ന നവലിബറല്‍ മുതലാളിത്ത ദര്‍ശനം നമ്മുടെ ആത്മാവിനെ സാത്താനു പണയം വയ്ക്കുന്നതിനും മുന്‍പ്, മാവേലിയുടെ നന്മയുണരും നാടിനെ മനസ്സിലേറ്റിയ മലയാളത്തിന്‍റെ ഒരു ഭൂമികയുണ്ടായിരുന്നു. ഇന്നത്തെ ഏതു അളവുകോല്‍ വെച്ച് അളന്നു നോക്കിയാലും ഒരു വേള അന്നത്തെയാളുകള്‍ ദരിദ്രനാരായണന്‍മാരായി നമ്മുടെ മനസ്സിന്‍റെ പിന്നാംപുറങ്ങളില്‍ സഹതാപം കാത്തു കഴിയുന്ന ഏഴകളായി തോന്നിയേക്കാം. ജീവിതവിജയം എന്നത് പുറം മോടികളുടെ തിളക്കം കൂട്ടാന്‍ വേണ്ടിയുള്ള ഒരു നെട്ടോട്ടത്തിലപ്പുറം ഒന്നുമല്ലെന്ന "ആധുനിക ചിന്ത" മലയാളിയുടെ പൊതു ബോധത്തില്‍ അധിനിവേശം നടത്തിയതിന്‍റെ ദുരന്ത പരിണിതിയത്രേ അത്.

ആ കാലത്തിന്‍റെ നല്ല നേരങ്ങളില്‍ കുട്ടിക്കാലം ഓടിക്കളിച്ചതിന്‍റെ മധുരം മനസ്സില്‍ മരിക്കാന്‍ കൂട്ടാക്കാതെ യൌവ്വനം കൊള്ളുന്നവര്‍ ഓര്‍ത്തെടുക്കുന്നുണ്ട് ഇപ്പോഴും. ഓണത്തിനും പെരുന്നാളിനും പരസ്പരം ഇടപഴകി സ്നേഹമതത്തിന്‍റെ ശ്രീകോവിലുകളില്‍ സ്നേഹദൈവത്തെ ഒരേ മനസ്സാല്‍ നമിച്ചു, സായഹ്നങ്ങളില്‍ അസ്തമയം ഒന്നിച്ചാസ്വദിച്ച പച്ച മനുഷ്യര്‍. അവര്‍ പാടത്തെ പണിയില്‍ വിയര്‍പ്പൊഴുക്കിയതും ഒന്നിച്ച്, കൊയ്ത്തു കാലത്ത് കതിര്‍ കറ്റകള്‍ കൂട്ടിവെച്ചതും ഒരേ മനസ്സോടെ.  കൃഷിനാശത്തിന്‍റെയും, പ്രകൃതിക്ഷോഭങ്ങളുടേയും പരീക്ഷണ നാളുകളില്‍ ദാരിദ്ര്യത്തിന്‍റെ അന്നമില്ലാദിനങ്ങളിലും മനസ്സുകൊണ്ട് ദാരിദ്രരാവാത്ത അതിസമ്പന്നര്‍. വിഭിന്ന വിശ്വാസങ്ങളുടെയും, ജാതി വിടവുകളുടേയും എല്ലാ അസമത്വങ്ങളും പേറിയിരുന്നവര്‍ തന്നെയാണ് ആ തലമുറയും. ചില കാര്യങ്ങളില്‍ ഇന്നത്തേക്കാള്‍ ശോചനീയമായിരുന്നു അന്നത്തെ അവസ്ഥയെന്നതും തര്‍ക്കമറ്റ കാര്യം തന്നെ. എന്നിരുന്നാലും ഒരു നല്ല പുലര്‍ക്കാല സ്വപ്നത്തിന്‍റെ പങ്കുവെയ്പ്പ് പരസ്പരം സാധ്യമാവുന്ന ഒരു പുണ്ണ്യകാലത്തിലായിരുന്നു അവര്‍ ഉറങ്ങിയതും ഉണര്‍ന്നതും. അതുകൊണ്ടു തന്നെയാവാം ബഷീറിന്‍റെ ആനവാരി രാമന്‍ നായരും പൊന്‍ കുരിശു തോമ്മയും മണ്ടന്‍ മുത്തപ്പയും ഇന്നും നമുക്ക് പ്രിയതരമാവുന്നത്. ഓരോ കാലത്തെയും യഥാര്‍ത്ഥ സാഹിത്യം അതത് കാലത്തിന്‍റെ കണ്ണാടി തന്നെയാണ്. ആരാധനാലയങ്ങള്‍ കുറവായിരുന്നിട്ടും മനസ്സുകളിലെ സ്നേഹവെളിച്ചത്തിന് അന്ന് കൂടുതല്‍ തെളിച്ചമുണ്ടായിരുന്നു. മുക്കിനു മുക്കിനു വന്‍ കോണ്‍ക്രീറ്റ് സൌധങ്ങളില്‍ ദൈവത്തെ തടവിലിട്ടു പ്രചാരണം നടത്തുന്ന വര്‍ത്തമാനകാലത്ത് പക്ഷെ ദൈവത്തിനെന്തിനാ പൊന്‍കുരിശ് എന്ന് ചോദിക്കാനുള്ള നിഷ്കളങ്കത തോമ്മയ്ക്ക് കൈമോശം വന്നു പോയിരിക്കുന്നു. തോമ്മയ്ക്കും ആനവാരി രാമന്‍ നായര്‍ക്കും മുസ്തഫാക്കും അത് എവിടെയാണ് നഷ്ടമായത്.   

സമുദായ സേവനവും കച്ചവടവത്ക്കരിക്കപ്പെട്ട ഈ കാലത്ത് ധനാഗമമാര്‍ഗത്തിനുള്ള കുറുക്കുവഴികള്‍ തേടുന്ന സമുദായക്കുറുക്കന്‍മാരാണ് സ്ഥലത്തെ പ്രധാന സദാചാരക്കമ്മിറ്റികളുടെയെല്ലാം ചോദ്യം ചെയ്യപ്പെടരുതാത്ത അധികാര കേന്ദ്രങ്ങള്‍.
"ഗാന്ധിയന്‍" തുടര്‍ച്ചപ്പാര്‍ട്ടികള്‍ മുതല്‍ "വിപ്ലവപ്പാര്‍ട്ടികള്‍" വരെ അവരുടെ വരുതിയില്‍ തന്നെ. തീവ്ര വലതു പക്ഷക്കാര്‍ക്ക് പിന്നെ അത് എന്നും ജീവവായു തന്നെയാണ്. ഓരോരുത്തരും അവരവരുടെ ദൈവരാജ്യം വേലി കെട്ടിത്തിരിച്ചു മതിലുകള്‍ തീര്‍ക്കാന്‍  മത്സരിക്കുമ്പോള്‍ കുഞ്ഞാടിന്‍കൂട്ടങ്ങള്‍ കൂടി വരുന്നുണ്ട്. ഏതെങ്കിലും ഒരു കൂട്ടത്തിനോടൊട്ടി നില്‍ക്കാത്തവന്‍ പെരുവഴിയിലാണെന്നാണ് വെയ്പ്‌. ജാതി വേണ്ടെന്നു തീരുമാനിച്ചവനും സര്‍ക്കാര്‍ രേഖയില്‍ വല്ല നിലക്കും ഒപ്പ്‌ വെയ്ക്കേണ്ടി വരുമ്പോള്‍ ജാതി സ്വയം നിര്‍വചിച്ചേ പറ്റൂ. അല്ലെങ്കില്‍ അവന്‍ അനാഥനത്രേ. ഇത്തരത്തിലുള്ള കൃത്രിമ സാമൂഹിക വൈരുദ്ധ്യങ്ങള്‍ മനുഷ്യരെ മൊത്തം പിറകോട്ടു വലിക്കുമ്പോള്‍, അതിനെയൊക്കെ മറികടക്കാനുള്ള ഒരു തുടക്കം കുറിക്കാന്‍ ഓണം, പെരുന്നാള്‍ പോലുള്ള ആഘോഷവേളകള്‍ പ്രചോദനമാക്കാവുന്നതാണ്. ശരിയായ ദിശയിലുള്ള ദേശീയോദ്ഗ്രഥനം സാധ്യമാക്കാന്‍ ഈ അവസരങ്ങളെ വിനിയോഗിക്കാം. മത-സാമുദായിക നേതൃത്വം സ്വയം ഏറ്റെടുത്തവരില്‍ നിന്ന് ഇതിനുള്ള നേതൃത്വം പ്രതീക്ഷിക്കേണ്ട. സാധാരണക്കാരായ ജനങ്ങള്‍ ഇതിനായി മുന്നോട്ടു വരുന്നുണ്ട്. അവരോടു ഐക്യപ്പെടുക നമ്മളും. 

36 comments:

 1. "ഓരോ ഉത്സവങ്ങളും നമ്മെ ഒറ്റ ചെണ്ടയുടെ ജീവിത താളത്തില്‍ നിന്ന് സമൂഹതാളത്തിന്റെ മേള സമര്ദ്ധിയിലേക്ക് ആനയിക്കുന്നു എന്ന് ലളിതമായി പറഞ്ഞു..."

  നന്ദി.നന്മകള്‍.

  ReplyDelete
 2. മാറിപ്പോയ കാലത്തിനു നേരെ പിടിച്ച കണ്ണാടി പോലൊരു പോസ്റ്റ്‌.ജാതി, മത ഭേദമില്ലാതെ ,ജീവിക്കാന്‍ കഴിയുന്നത് ഏതു സാധാരണക്കാരന്റെയും സ്വപ്നമാണ്. അങ്ങനൊരു കാലം വന്നെത്താന്‍ ഈ ആഘോഷങ്ങള്‍ സഹായിചെങ്കില്‍...

  "ജീവിതവിജയം എന്നത് പുറം മോടികളുടെ തിളക്കം കൂട്ടാന്‍ വേണ്ടിയുള്ള ഒരു നെട്ടോട്ടത്തിലപ്പുറം ഒന്നുമല്ലെന്ന "ആധുനിക ചിന്ത" ... എത്ര സത്യസന്ധമായ കണ്ടെത്തല്‍.

  ReplyDelete
 3. ജാതി വേണ്ടെന്നു തീരുമാനിച്ചവനും സര്‍ക്കാര്‍ രേഖയില്‍ വല്ല നിലക്കും ഒപ്പ്‌ വെയ്ക്കേണ്ടി വരുമ്പോള്‍ ജാതി സ്വയം നിര്‍വചിച്ചേ പറ്റൂ. അല്ലെങ്കില്‍ അവന്‍ അനാഥനത്രേ. ഇത്തരത്തിലുള്ള കൃത്രിമ സാമൂഹിക വൈരുദ്ധ്യങ്ങള്‍ മനുഷ്യരെ മൊത്തം പിറകോട്ടു വലിക്കുമ്പോള്‍, അതിനെയൊക്കെ മറികടക്കാനുള്ള ഒരു തുടക്കം കുറിക്കാന്‍ ഓണം, പെരുന്നാള്‍ പോലുള്ള ആഘോഷവേളകള്‍ പ്രചോദനമാക്കാവുന്നതാണ്. ശരിയായ ദിശയിലുള്ള ദേശീയോദ്ഗ്രഥനം സാധ്യമാക്കാന്‍ ഈ അവസരങ്ങളെ വിനിയോഗിക്കാം. മത-സാമുദായിക നേതൃത്വം സ്വയം ഏറ്റെടുത്തവരില്‍ നിന്ന് ഇതിനുള്ള നേതൃത്വം പ്രതീക്ഷിക്കേണ്ട. സാധാരണക്കാരായ ജനങ്ങള്‍ ഇതിനായി മുന്നോട്ടു വരുന്നുണ്ട്. അവരോടു ഐക്യപ്പെടുക നമ്മളും. ...ഈ നല്ല എഴുത്തിന് എന്റെ കൂപ്പുകൈ....

  ReplyDelete
 4. നല്ല ലേഖനം..സമൂഹമെന്നു പറയുന്ന നമ്മൾ തന്നെ ഇതിനായ് മുന്നോട്ട് വരേണ്ടിയിരിക്കുന്നു...മനസ്സിലടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ നമ്മൾ തന്നെ കഴുകിക്കളയണം..അവനവനിൽ നിന്നും തുടങ്ങുന്ന ഈ വൃത്തിയാക്കൽ പതിയെ സമൂഹത്തെ ശുദ്ധിയാക്കും..

  “ഇനിയും വറ്റാത്ത സ്നേഹത്തിന്നുറവകൾ..
  തിരികെത്തരട്ടെ മാവേലിരാജ്യം... ”

  ഹൃദയം നിറഞ്ഞ പെരുന്നാൾ-ഓണാശംസകൾ

  ReplyDelete
 5. നല്ല ഒരു ലേഖനം..ചെറിയ പെരുന്നാള്‍, ഓണം ആശംസകള്‍.

  ReplyDelete
 6. Amazing clarity of thought and choice of words! ഒരു സമ്പൂര്‍ണ്ണ ലേഖനം. എഴുതിയതില്‍ കൂടുതലായി ഒന്നും പറയാനില്ല.

  സന്മനസ്സുള്ള ആരെങ്കിലും ഒരു ഉയര്‍ന്ന കോടതിയില്‍ ഒരു പെറ്റീഷന്‍ ഇട്ടാല്‍ അന്നു തീരും സര്‍ക്കാരിന്റെ ജാതിതിരിക്കലിന്റെ സൂക്കേട്. ഒരൊറ്റ സര്‍ട്ടിഫിക്കറ്റിലും ജാതിയും മതവും അടയാളപ്പെടുത്താന്‍ സര്‍ക്കാരിനെ അനുവദിക്കരുത്. സംവരണത്തിന്റെ ആവശ്യത്തിന് ജാതി നിജപ്പെടുത്തേണ്ടതുണ്ട്, പക്ഷേ അത് അതിനുവേണ്ടി മാത്രം തയ്യാറാക്കിയ രേഖയിലൂടെയാകാമല്ലോ. അപേക്ഷ പൂരിപ്പിക്കാന്‍ സംവരണത്തിന് അര്‍ഹനാണ്/അല്ല എന്ന വിവരം മാത്രമേ ആവശ്യപ്പെടാവൂ. ഇന്ന് വര്‍ഗ്ഗീയത നിലനിര്‍ത്തുന്ന ഏറ്റവും വലിയ പ്രസ്ഥാനം സര്‍ക്കാര്‍ തന്നെയാണ്.

  ReplyDelete
 7. റംസാന്‍ .ഓണം ആശംസകള്‍ ...:)

  ReplyDelete
 8. ന്‍റെ സലാം ബായ് ഇങ്ങള് ഏത് ദുനിയാവിലാ പണ്ടുള്ള ആളുകളുടെ രക്തം ഒരേ നിറം ഒരേ ഗുണം ഒരേ മണം ഇന്നിപ്പോള്‍ അങ്ങനെ ആണോ? മധുരം ഉള്ള രക്തം ഇല്ലാത്ത രക്തം ഇങ്ങനെ ആളുകള്‍ വിഭജിച്ചു നമ്മുടെ സംസ്കാരത്തെ തൂത്തെറിയുന്ന ഈ കാല ഘട്ടത്തില്‍ പ്ലാസ്ടിക്ക് പൂവ് വാങ്ങി അത്ത കളം ഇട്ടു പാകെറ്റിലെ പാലട വാങ്ങി ചൂടാക്കി ഒരു റെഡി മൈഡ് സ്നേഹം നല്‍കി ഒരു ഇന്സ്ടാന്റ്റ് ഓണം ആഘോഷിക്കും
  മനുഷ്യന് ഇന്നാവശ്യം മനസ്സിനുള്ളില്‍ ഒരു ദേവാലയമാണ്

  ReplyDelete
 9. ലേഖനങ്ങള്‍ വ്യത്യസ്തമാവുന്നത് അതിനെ സമീപ്പിക്കുന്ന രീതികൊണ്ടാണ്. ഒരു സാധാരണ പോസ്റ്റില്‍ നിന്നും ഇത് വ്യത്യസ്തമാവുന്നത് ഇത് സംസാരിച്ച ഭാഷ കൊണ്ടാണ്. പല കാലഘട്ടങ്ങളെ അടയാളപ്പെടുത്തി നല്ലൊരു ലേഖനം എന്ന് തന്നെ പറയാം.
  സന്തോഷമുണ്ട് ഇത് വായിച്ചപ്പോള്‍.
  നല്ല ചിന്ത, നല്ല ഓര്‍മ്മപ്പെടുത്തല്‍ .

  ReplyDelete
 10. നല്ലൊരു ലേഖനം. സലാമിക്ക ഇതില്‍ എഴുതിയതില്‍ കൂടുതല്‍ എന്ത് പറയാനാണ് !
  വര്‍ഗ്ഗീയത നിലനിര്‍ത്തുന്ന ഏറ്റവും വലിയ പ്രസ്ഥാനം സര്‍ക്കാര്‍ തന്നെയാണ്.. കൊച്ചു കൊച്ചീച്ചി പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.

  ReplyDelete
 11. "ഇന്നത്തെ ഏതു അളവുകോല്‍ വെച്ച് അളന്നു നോക്കിയാലും ഒരു വേള അന്നത്തെയാളുകള്‍ ദരിദ്രനാരായണന്‍മാരായി നമ്മുടെ മനസ്സിന്‍റെ പിന്നാംപുറങ്ങളില്‍ സഹതാപം കാത്തു കഴിയുന്ന ഏഴകളായി തോന്നിയേക്കാം. ജീവിതവിജയം എന്നത് പുറം മോടികളുടെ തിളക്കം കൂട്ടാന്‍ വേണ്ടിയുള്ള ഒരു നെട്ടോട്ടത്തിലപ്പുറം ഒന്നുമല്ലെന്ന "ആധുനിക ചിന്ത" മലയാളിയുടെ പൊതു ബോധത്തില്‍ അധിനിവേശം നടത്തിയതിന്‍റെ ദുരന്ത പരിണിതിയത്രേ അത്".

  ഈ വരികൾക്ക് എന്റെ വക ഇരട്ട അടിവര.

  ഇല്ലാത്ത “ഇഷ്യൂ”കൾ സാധാരണക്കാരന്റെ മുതുകത്ത് വെച്ചുകെട്ടി നാടിനേയും നാട്ടാരേയും വല്ലാത്ത കോലത്തിലാക്കിയത് രാഷ്ട്രീയ രംഗത്തും മതരംഗത്തും തമ്പടിച്ച് വേദികയ്യടക്കി വിരാജിക്കുന്ന പരാന്നഭോജികൾ തന്നെ. വർത്തമാനകാലത്തെ ആനവാരി രാമൻ നായരേയും പൊൻ കുറിശ് തോമായേയും മണ്ടൻ മുത്തപയേയും അവർ ദുഷ് പ്രചരണങ്ങളാൽ കറുപ്പ് തീറ്റിച്ച് സ്വത്വം നഷ്ടപ്പെട്ടവരും പരസ്പരം സംശയിക്കുന്ന അന്യരുമാക്കി.

  ഈദിനേയും ഓണത്തെയും ക്രിസ്മസ്സിനേയും അവയുടെ ആദിമവിശുദ്ധിയിൽ ഉള്ള് കൊണ്ട് ആഗിരണം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ഇ കുറിപ്പ് ഉയർത്തിപ്പിടിക്കുന്ന മാനുഷികതയുടെ വികാരത്തോട് ഐക്യപ്പെടുന്നു.

  ഉള്ളടക്കത്തിന്റേയും അവതരണത്തിന്റേയും മികവുകൊണ്ട് സലാമിന്റെ ഈ കുറിപ്പും ശ്രദ്ധേയമാകുന്നു.

  ReplyDelete
 12. നല്ല ലേഖനം. ഉള്‍ക്കാഴ്ച്ചയുള്ള വരികള്‍.നന്മകള്‍ പെരുകട്ടെ അല്ലേ...
  എല്ലാ ആശംസകളും..

  ReplyDelete
 13. പെരുന്നാളും ഓണവും നല്‍കുന്ന സന്ദേശങ്ങള്‍ സ്നേഹത്തിന്റെതും സഹനത്തിന്റെതും തന്നെ. പക്ഷെ അതങ്ങനെ തന്നെയായാല്‍ ഒരാള്‍ക്കും ഒന്നും മുതലെടുക്കാന്‍ പറ്റില്ല. അപ്പോള്‍ പിന്നെ എളുപ്പ മാര്‍ഗം ജനങ്ങളെ വര്‍ഗീയവത്കരിക്കുക തന്നെ. തമ്മിലടിപ്പിച്ചു ലാഭം കൊയ്യുന്നത് പഴയ ചെന്നായ തന്ത്രം തന്നെ. ഒരു ജാതിയോടോ ഒരു പ്രസ്ഥാനത്തോടോ ഒന്നും ചായ്‌വ് കാണിക്കാതെ ഇന്നത്തെ ചുറ്റു പാടില്‍ ജീവിക്കാന്‍ സാധിക്കില്ലെന്ന നിരീക്ഷണവും ശ്രദ്ധേയമാണ്. ‍എന്തൊരു നിസ്സഹായതയിലാണ് ഇന്നത്തെ ഓരോ മനുഷ്യ ജീവിയും.

  വളരെ പ്രസക്തമായ ലേഖനം.

  ReplyDelete
 14. താങ്കളുടെ പോസ്റ്റുകളെല്ലാം വളരെ ചിന്തനീയങ്ങളാണ്, നെറികെടുകള്‍ക്കെതിരെ ഇനിയും കഴിയുന്നപോലെ ആഞ്ഞടിക്കുക.

  ReplyDelete
 15. namukkidayil saahodaryam valaratte alle ikka

  ashamsakal

  raihan7.blogspot.com

  ReplyDelete
 16. മനസ്സില്‍ നന്മ കാത്തു സൂക്ഷിക്കുന്നവരുടെ പങ്കു വെക്കലുകളാണ് ഓരോ ആഘോഷങ്ങളും...
  ഭാവുകങ്ങള്‍!

  ReplyDelete
 17. കുറെയൊക്കെ മനസ്സിലായി..പെരുന്നാള്‍ ഓണം ആശംസകള്‍ ഇക്കാ..

  ReplyDelete
 18. മാനുഷേരെല്ലാരുമൊന്നുപോലെ..എന്ന് പറച്ചിൽ മാത്രം.

  ReplyDelete
 19. ഒരു കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ക്ക് അഭിമാനിക്കാം എന്ന് തോന്നുന്നു. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ നോക്കാതെ, വ്യത്യസ്ത മതക്കാരുടെ ആഘോഷങ്ങളില്‍ ഒരു പരിധി വരെ പങ്കെടുക്കുന്നു എന്ന കാര്യത്തില്‍ .

  പതിവ് പോലെ ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ്‌.

  ReplyDelete
 20. ലേഖനം നന്നായി.

  ReplyDelete
 21. എല്ലാ ആഘോഷങ്ങളൂം പരസ്പര സ്നേഹത്തിനും,സൌഹാർദ്ദത്തിനും പ്രചോദനമാകട്ടെ..

  ReplyDelete
 22. നല്ല ലേഖനം.
  നാട്ടിൽ ജാതിയുണ്ടാക്കുന്നതും ഓരോരുത്തരേയും തിരിച്ചു കാണുന്നതും സർക്കാർ തന്നെയാണ്. അത് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള പഴയ തന്ത്രം മാത്രമാണ്.
  നമ്മൾക്ക് ജാതി വേണ്ടെന്നു പറഞ്ഞാലും സർക്കാർ സമ്മതിക്കില്ല. തഹസീൽതാരുടെ കയ്യിൽ നിന്നും ജാതി സർട്ടിഫിക്കറ്റ് മേടിപ്പിച്ചിട്ടെ അടങ്ങുള്ളു.
  ആശംസകൾ...

  ReplyDelete
 23. മറ്റു മതസ്തരുടെ വിശ്വാസ ആചാരത്തെ നടുറോഡിൽ പരിഹസിക്കുന്ന ഒരു വിഭാഗം ഇസ്‌ലാമിന്റെ പേരിലും മറ്റ് മതങളിലും ഉടലെടുത്തതാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. കേരളത്തിൽ ഹിന്ദുവും മുസല്മാനും ക്രിസ്ത്യാനിയും വിശ്വാസന്ങൾ പലതാണെങ്കിലും പരസ്പരം സഹകരണത്തോടെ കഴിൻന്ഞിരുന്നു.

  മുസ്‌ലികളെ തന്നെ അവിശ്വാസികളും ബഹുദൈവ ആരാധകരുമായി ചിത്രീകരിച്ച് രംഗത്ത് വന്ന മുജാഹിദ് -ജമാഅത്തെ ഇസ്ലാമി ക്കാർ കേരളീയ സാഹചര്യത്തിൽ വിള്ളലുകൾ വീഴ്ത്താൻ ഇടയാക്കി. എം.എം. അക്ബർ, സകീർ നായിക് തുടന്ങിയ ഇവരുടെ അന്തരാഷ്ട നേതാക്കൾ മറ്റ് മതസ്തരുടെ ആചാരന്ങളെ ഇകഴ്ത്തിയാണ് ആളാവാൻ നോക്കുന്നത്. ഇവരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യുക.

  ReplyDelete
 24. കൃത്രിമ സാമൂഹിക വൈരുദ്ധ്യങ്ങള്‍ നമ്മുടെ ഭാഗമായിരിക്കുന്നു.. മനുഷ്യ ഹൃദയങ്ങളെ വേർതിരിച്ച് അതിവരമ്പുകൾ നിശ്ചയിച്ച് പോകറ്റുകളുണ്ടാക്കുക വഴി പരസ്പരം അറിയാനും മാനുഷിക മൂല്ല്യങ്ങൾ പകരാനും കഴിയാതാവുമ്പോൾ എങ്ങിനെയാണ് മനുഷ്യത്വം വളരുക.. ?

  നന്മകള്‍ വളരട്ടെ, എല്ലാ ആശംസകളും..

  ReplyDelete
 25. ആഘോഷമെന്നാല്‍ മദ്യവും കൂത്തും ആണെന്ന് ധരിച്ച സമൂഹവും
  തിരുത്തിനു തയ്യാറാവുമോ? ഒരു ശങ്ക!

  ReplyDelete
 26. പതിവ് ഓണക്കുറിപ്പുകളില്‍ നിന്നും വേറിട്ടൊരു ചിന്ത ,,ഇത്തവണയും സലാംക്കയുടെ ബ്ലോഗ്‌ വായിച്ചത് വെറുതെയായില്ല !!

  ReplyDelete
 27. സത്യസന്ധമായ നിരീക്ഷണം ചിന്തകള്‍ക്ക് ചൂടുപകരുന്നുണ്ട്.
  ഇനിയും ഇത്തരം വരികള്‍ പിറക്കട്ടെ.

  ആശംസകള്‍

  ReplyDelete
 28. നല്ല ആശംസകള്‍! ജീവനും ജീവിതവും.. വിശ്വാസവും ആദര്‍ശവും അങ്ങിനെ എല്ലാമെല്ലാം കച്ചവട വത്കരിക്കപെട്ട ഈ കാലത്ത്... നമുക്കൊര്‍ക്കാന്‍ ആ പഴയ കാലങ്ങളുടെ നന്മയുടെ പുല്‍മേടുകള്‍ മാത്രമേ ഉള്ളൂ.. നല്ല ലേഖനം.. ശുഭദിനാശംസകള്‍ ..

  ReplyDelete
 29. vaaikaan thamasichu!! nice..
  welcome to my blog
  nilaambari.blogspot.com
  if u like it follow and support me

  ReplyDelete
 30. ഞാന്‍ വായിക്കാതെ പോയ എല്ലാ പോസ്റ്റുകളും
  ഒന്നിച്ചു വായിച്ചു ....


  സമ കാലീക സംഭവങ്ങളെയും പ്രശ്നങ്ങളെയും വിശകലനം ചെയ്യുന്ന സലാമിന്റെ കാഴ്ചപ്പാടുകള്‍ ഓരോ
  പോസ്റ്റിലും നിറഞ്ഞു നില്‍ക്കുന്നു ..

  വസ്തു നിഷ്ടമായ ഈ വിലയിരുത്തലുകള്‍
  സലാമിന്റെ എഴുത്തിന്റെ ഭംഗിയും Sincerity യും തുറന്ന
  മനോഭാവവും വിളിച്ചു ഓതുന്നു ..

  എന്‍റെ എല്ലാ ആശംസകളും ...

  ReplyDelete
 31. വൈകിയ ആശംസകള്‍..

  ആ ഗാനവും കൊള്ളാം..
  “चिराग दिल के जलाओ के ईद का दिन है,
  तराने झूम के गाओ के ईद का दिन है,

  ग़मों को दिल से भुलाओ के ईद का दिन है,
  ख़ुशी से बज़्म सजाओ के ईद का दिन है,

  हुज़ूर उस की करो अब सलामती की दुआ,
  सर-ए-नमाज़ झुकाओ के ईद का दिन है,

  सभी मुरादें हों पूरी हर एक सवाली की,
  दुआ को हाथ उठाओ के ईद का दिन है..”
  (കോപി പേസ്റ്റാണെ!)

  ReplyDelete
 32. ആഘോഷങ്ങള്‍ക്കിടയിലെ ചിന്തകള്‍ നന്നായി..ആശംസകള്‍

  ReplyDelete