Thursday, September 22, 2011

മരീന പാര്‍ക്കിലെ സുവര്‍ണ്ണ നക്ഷത്രം

അതികാലത്തെഴുന്നേറ്റിട്ടുള്ള ഒരു മണിക്കൂര്‍ നടത്തം ബക്കര്‍ ഒരിയ്ക്കലും മുടക്കാറില്ല. ആഗസ്റ്റ് മാസം കഴിഞ്ഞിട്ടും ചൂടിനൊരു കുറവുമില്ലെന്ന് കരുതിയിരിക്കുകയായിരുന്നു. എന്നാല്‍ അന്ന്  രാവിലെ തണുപ്പ് വരുന്നതിന്‍റെ ലക്ഷണങ്ങള്‍  അന്തരീക്ഷത്തില്‍ ശരിക്കും അനുഭവപ്പെട്ടു. റോഡും കടന്നു പാര്‍ക്കിനു ചുറ്റുമുള്ള വിശാലമായ നടപ്പാതയിലേക്ക് കടന്നപ്പോഴേക്കും നടത്തത്തിനു താളവും വേഗവും കൈവന്നു തുടങ്ങി. വെച്ച് പിടിപ്പിച്ചതെങ്കിലും നിറഞ്ഞു നില്‍ക്കുന്ന ഈ മരങ്ങള്‍ക്കിടയിലൂടെ ഇങ്ങിനെ നടക്കാന്‍ വല്ലാത്ത സുഖമാണ്. 

രണ്ടു വര്‍ഷം മുന്‍പാണ് ഈ നടത്തം പതിവാക്കിയത്. ഡോക്ടര്‍ കണിശമായിത്തന്നെയാണ് അക്കാര്യം ഉണര്‍ത്തിയത്. ജോലിക്കിടെ ഒരു തളര്‍ച്ച വന്നതേ ഓര്‍മയുള്ളൂ. പിന്നെ ബോധം തെളിയുമ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ ആയിരുന്നു. വീടിനും ഓഫീസിനും ഇടയിലുള്ള ദൂരം കാറില്‍ ഓടിത്തീര്‍ത്ത് ഒരേ ഇരുപ്പിലുള്ള ജോലിയില്‍ ആയുസ്സിന്‍റെ നല്ല ഭാഗം കലണ്ടറിലെ അക്കങ്ങള്‍ക്കൊപ്പം സ്മരണയാവുമ്പോള്‍ മനസ്സില്‍  ഇടയ്ക്കിടെ ഉയര്‍ന്ന വ്യായമാക്കുറവിന്‍റെ അപകടങ്ങളെ അവഗണിക്കുകയായിരുന്നു മുന്‍പൊക്കെ. ഇനി ഏതായാലും അത് പാടില്ല എന്ന് ഡോക്ടര്‍ പറഞ്ഞത് താന്‍ മറന്നാലും കാലത്തെ വിളിച്ചുണര്‍ത്തി തന്നെ അത് ഓര്‍മിപ്പിക്കാന്‍ തന്‍റെ നല്ല പാതി ഒരു ദിവസവും മറക്കാറില്ലായുരുന്നു. 

നാട്  വിട്ടുള്ള ജീവിതമായിരുന്നു ആയുസ്സിന്‍റെ ഏറിയ പങ്ക് എങ്കിലും കുടുംബം കൂടെത്തന്നെയുണ്ടായിരുന്നു എന്നതായിരുന്നു അയാള്‍ ഏറ്റവും വലിയ സമ്പാദ്യമായി കണ്ടത്. ജൈവശാസ്ത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദമെടുത്തിരുന്ന മൂത്ത മകള്‍ നല്ല നിലയില്‍ ജോലി നോക്കുന്നു. അവളുടെ വിവാഹക്കാര്യം മാത്രമായിരുന്നു അയാളെ ഈയിടെയായി അലട്ടിയ പ്രധാനവിഷയം. പഠിപ്പിലും ബുദ്ധിയിലും സ്വയം പര്യാപ്തയാണെന്നു ആത്മ വിശ്വാസം സ്ഫുരിക്കുന്ന ഓരോ ചലനത്തിലും വിളിച്ചോതിയ മകളെ വിവാഹത്തിനു സമ്മതിപ്പിക്കാന്‍ ഒരു പിതാവിന്‍റെ പതിവു രീതികളെ അവലംബിക്കാനാവില്ലെന്നു അയാള്‍ക്ക്‌ നന്നായി അറിയാമായിരുന്നു.  രണ്ടു ആണ്‍ മക്കളില്‍ മൂത്തവന്‍ എന്‍ജിനീയറിംഗിനും ഇളയവന്‍ സ്കൂള്‍ ഫൈനലിലും പഠിക്കുന്നു.   

പ്രായം അമ്പത്തഞ്ചോട് അടുത്തുവെങ്കിലും മനസ്സ് കൊണ്ട് യുവാവായിരുന്ന അയാളുടെ മൂളിപ്പാട്ടുകളിലും നിറഞ്ഞു നിന്നത് ദേവാനന്ദ് ചിത്രങ്ങളിലെ പ്രണയാതുരഗാനങ്ങളായിരുന്നു. അതികാലത്തെ അധികമാരും നടക്കനിറങ്ങാത്തത് കൊണ്ട് വഴികള്‍ ശൂന്യമായിരുന്നു. കുറഞ്ഞ വേതനത്തില്‍ മുനിസിപ്പാലിറ്റി ജോലി ചെയ്യുന്ന ഓവറോള്‍ മഞ്ഞയുടുപ്പിട്ട ബംഗാളികളും നേപാളികളും  നിരത്തുകള്‍ വൃത്തിയാക്കി അവിടെയും ഇവിടെയും നില്‍ക്കുന്നത് കാണാമായിരുന്നു. 

പുതുതായി വീണ ഇലകള്‍ മാത്രം അങ്ങിങ്ങായി കിടക്കുന്ന, വൃത്തിയായി സിമന്‍റ്-റ്റൈല്‍സ് പാകിയ നടപ്പാതയിലൂടെ അയാള്‍ നടന്നു.  ഈ നടത്തത്തിനിടെ ഗതകാല സ്മരണകളിലേക്ക് ഇടയ്ക്കിടെ അറിയാതെ ഊളിയിടുക എന്നത് അയാളുടെ ഒരു ശീലമായി മാറിയിട്ടുണ്ടായിരുന്നു ഈയിടെ. സുഭാഷ്‌ ചന്ദ്ര ബോസിനെ പറ്റി തലേ  ദിവസം ടീവിയില്‍ കണ്ട ഒരു പരിപാടിയെ പറ്റിയാണ് അയാളപ്പോള്‍ ഓര്‍ത്തത്.  നേതാജി ഓര്‍മ്മ വെച്ച കുഞ്ഞുനാളുകളില്‍ തന്നെ എങ്ങിനെയോക്കെയോ എവിടെയൊക്കെയോ വെച്ചു ഹൃദയത്തില്‍ കയറിക്കൂടിയ തന്‍റെ ആദ്യ നായകനാണ്. അന്തമാന്‍ ദ്വീപിലെ ഒരു കന്‍റോണ്‍മെന്‍റ്  സ്കൂളിലായിരുന്നു നാലാം ക്ലാസ്സ്‌ വരെ അയാള്‍ പഠിച്ചത്. അവിടെ വൈദ്യുതി വകുപ്പില്‍ ഗസറ്റഡ് ഓഫീസറായിരുന്നു ബാപ. ഉമ്മയും തന്‍റെ താഴെ മൂന്നു സഹോദരിമാരും ബാപ്പയും ചേര്‍ന്ന അന്തമാനിലെ ആ വീട്ടില്‍ നിന്നാണ് ബക്കറിന് ഓര്‍മ്മകളുടെ ഒരു വന്‍കര തുടങ്ങുന്നത്. അന്ന് താനടക്കം കുറെ കുട്ടികള്‍ക്ക് കണക്കിനും ഹിന്ദിക്കും ട്യൂഷന്‍ എടുത്തിരുന്ന ശര്‍മ്മാജി എന്ന പേരുള്ള ഒരു മാഷുണ്ടായിരുന്നു. സര്‍ജി എന്നാണു കുട്ടികള്‍ ശര്‍മ്മാജിയെ വിളിച്ചിരുന്നത്‌.  സന്തത സഹചാരിയായ ഒരു സൈക്കിളിലായിരുന്നു സര്‍ജിയുടെ സഞ്ചാരമെല്ലാം. ആ സൈക്കിളിന് പിറകില്‍ ഒരു മരപ്പെട്ടി (ട്രങ്ക്) എപ്പോഴും കാണും. പഠിപ്പിക്കാനെത്തുമ്പോള്‍ സര്‍ജി തന്‍റെ സൈക്കില്‍ ഒരു ചെയിന്‍ കൊണ്ട് കെട്ടിയിട്ട ശേഷം അതിലിരിക്കുന്ന ട്രങ്ക് എടുത്തു ക്ലാസ്സിലേക്ക് വരും. ആ പെട്ടി കുട്ടികള്‍ക്ക് എന്നും ഒരു വിസ്മയ പേടകമായിരുന്നു. അത് തുറന്നാല്‍ എല്ലാ കണ്ണുകളും പിന്നെ അതിലേക്കാണ്. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ  നേതാക്കളുടെ വര്‍ണ്ണ ഫോട്ടോകള്‍, ഉപയോഗ ശൂന്യമായ ഫൌണ്ടന്‍ പേനകള്‍, കൂടാതെ ശരിക്കും എന്തൊക്കെ അത്ഭുതങ്ങളാണ് അതിനകത്ത് ഉള്ളതെന്ന് മുഴുവനായി കുട്ടികള്‍ക്ക്  നിശ്ചയമില്ലായിരുന്നു.. മധ്യവയസ്ക്കനും നല്ല ആകാര സൌഷ്ടവമുള്ളവനുമായിരുന്ന സര്‍ജി പക്ഷെ അവിവാഹിതനായിരുന്നു. ഹാഫ്‌ ട്രൌസറും കള്ളി കുപ്പായവും ഒരു നേതാജി തൊപ്പിയുമായിരുന്നു പതിവു വേഷം.     

ഓര്‍മ്മകള്‍ ഉറക്കമില്ലാത്ത രാത്രിയില്‍ ഇടവിട്ടണയുന്ന പാതിമയക്കത്തിലെ സ്വപ്‌നങ്ങള്‍പോലെയാണ്. ജീവിതത്തിന്‍റെ ഏടുകള്‍ അടുക്കും ചിട്ടയുമില്ലാത്ത ഒരു തുടര്‍ച്ചയില്‍ മുന്‍പോട്ടും പിറകോട്ടും മാറി മാറി മറിക്കും അത്. അപ്പോള്‍ തെളിയുന്ന ചിത്രങ്ങളില്‍ ചിലപ്പോള്‍ ചോര പടരുന്നതും, വിടരുന്ന പൂക്കളില്‍ നിന്ന് സൌരഭം പരക്കുന്നതും മനസ്സിനെ വിഭ്രമിപ്പിക്കും. അയാള്‍  തന്നെ അറിയാതെ അന്ന് അയാളുടെ മനസ്സ് സഞ്ചരിച്ചത് തന്‍റെ പ്രാഥമികവിദ്യാലയത്തിലെ രണ്ടാം ക്ലാസ്സിലുള്ള ഇരിപ്പിടത്തിലേക്കായിരുന്നു.

അന്നത്തെ അവസാന ബെല്ലും അടിക്കുന്ന ശബ്ദം കേട്ട് കുട്ടികള്‍ ആരവത്തോടെ പുറത്തേക്ക് ഓടുകയാണ്, വീട്ടിലെത്തിയെ ആ ഓട്ടം നിലയ്ക്കൂ. ബക്കര്‍ ആ ഓട്ടക്കൂട്ടത്തില്‍ ഒരിയ്ക്കലും അംഗമാവാറില്ല. ശ്രമിച്ചു നോക്കാഞ്ഞിട്ടല്ല. ഇത് വരെ കഴിഞ്ഞിട്ടില്ല. പ്രായം കൊണ്ട് നാലാം ക്ലാസ്സില്‍ ഇരിയ്ക്കേണ്ടയാളാണ്‌. സാഹചര്യങ്ങളുടെ ചില ഗതിമാറ്റങ്ങളില്‍ അന്തമാനിലെ കന്‍റോണ്‍മെന്‍റ്  സ്കൂളില്‍ നിന്ന് നാട്ടിലുള്ള തന്‍റെ ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്കൂളിലേക്ക് പറിച്ചു നടേണ്ടി വന്നു പഠനം. മലയാളം കാര്യമായി അറിയാത്ത കുട്ടിയെ അങ്ങിനെയാണ് വീണ്ടും രണ്ടാം ക്ലാസ്സില്‍ ഇരുത്തേണ്ടി വന്നത്. 1960 കളിലെ ആ ഗ്രാമീണ വിദ്യാലയത്തില്‍ രണ്ടാം ക്ലാസ്സില്‍ പാന്‍റും കുപ്പായവുമൊക്കെ അണിഞ്ഞു വന്ന അവന്‍ ഒരു വേറിട്ട കാഴ്ച തന്നെയായിരു. ഇതെല്ലാം ചേര്‍ന്ന് ബക്കര്‍ എപ്പോഴും എവിടെയും പിറകില്‍ വരുന്ന ഒരു കൌതുകമായാണ് കുട്ടികള്‍ കണ്ടത്. എന്നാലും വീടിനും സ്കൂളിനും ഇടയില്‍ നടന്നു തീര്‍ക്കേണ്ട ആ തെളിനീരൊഴുകുന്ന വഴിയിലൂടെ ഒഴുക്കിനൊപ്പം സ്കൂളിലേക്കും വൈകീട്ട് സ്കൂള്‍ വിട്ടു ഒഴുക്കിനെതിരെ വീട്ടിലേക്കും നടക്കാന്‍ അവനു വലിയ ഇഷ്ടമായിരുന്നു.

 അന്നും യാതൊരു തിരക്കുമില്ലാതെയാണ് പരന്നൊലിച്ചു വരുന്ന വെള്ളം കാലുകൊണ്ട് അടിച്ചു തെറിപ്പിച്ചു കളിച്ച് അവന്‍ വീട്ടിലേക്കു നടന്നത്. മറ്റു കുട്ടികള്‍ അധികവും അവനു മുന്‍പേ പറന്നു പോയിക്കഴിഞ്ഞിരുന്നു. പെണ്‍കുട്ടികളുടെ കലപില ശബ്ദം മാത്രമാണ് പിന്നെ അവനു പിറകില്‍ കേട്ടു കൊണ്ടിരുന്നത്. കോങ്കണ്ണന്‍ അദ്നാന്‍  അവനെ ഗൌനിക്കാതെ വെള്ളം തെറിപ്പിച്ചുകൊണ്ട് അതി വേഗത്തില്‍ നടന്നു നീങ്ങുന്നത് അവന്‍ കണ്ടു. ക്ലാസ്സിലെ ഏക മിത്രവും ശത്രുവും അദ്നാന്‍ തന്നെയായിരുന്നു.  അവന്‍ ഒരു ദിവസം ഒരു കാരണവുമില്ലാതെ തന്‍റെ മുഖത്തടിച്ചത് മറക്കാനാവില്ല. അവന്‍റെ നോട്ടം കണ്ടപ്പോള്‍ തൊട്ടടുത്ത് നിന്ന വേറെ ഒരു കുട്ടിയെയാണ് അടിക്കുന്നത് എന്നാണു കരുതിയത്‌. അത് കാരണം അടി വരുമ്പോള്‍ മാറാന്‍ പോലും പറ്റിയില്ല. കോങ്കണ്ണുള്ളയാളുടെ അടി വീണ ശേഷമേ ആര്‍ക്കുള്ളതായിരുന്നു അതെന്നു തീരിച്ചറിയാനാവൂ എന്ന പാഠം അന്ന് പഠിച്ചു. ഇടയ്ക്ക് അവന്‍ തന്നോട് കാണിക്കുന്ന ഇഷ്ടവും അതിനിടെ കയറി വരുന്ന വിരോധവും എന്തായിരുന്നുവെന്ന് ഇന്നും അറിയില്ല.

തെളിവെള്ളത്തില്‍ ചാഞ്ഞും ചെരിഞ്ഞും ചന്തത്തില്‍ നീന്തിയെത്തുന്ന ഇളം മഞ്ഞ നിറമുള്ള പരല്‍ മീനുകളെ കാണാനായി താഴേക്കു മിഴികളൂന്നി നടക്കവേയാണ് ഒഴുകി വരുന്ന ആ വര്‍ണ്ണ ചിത്രം ബക്കറിന്‍റെ കണ്ണില്‍ പെട്ടത്. നല്ല പരിചയമുള്ള ചിത്രമാണല്ലോ അത്. അടുത്തെത്തിയ പാടെ നനഞ്ഞു കുതിര്‍ന്നതെങ്കിലും തെളിഞ്ഞു നില്‍ക്കുന്ന ആ ചിത്രം കയ്യിലെടുത്തു. സുഭാഷ്‌ ചന്ദ്ര ബോസ്, അതെ തെന്‍റെ പ്രിയപ്പെട്ട നേതാജി തന്നെ.  തൊപ്പിയണിഞ്ഞു കണ്ണട വെച്ച വിഖ്യാതമായ ആ മനോഹര ചിത്രം. പെട്ടെന്നാണ് ഒരു ഉള്‍ക്കിടിലമുണ്ടായത്. ഉടനെ തന്നെ തന്‍റെ മലയാളം ടെക്സ്റ്റ്‌ ബുക്കിന്‍റെ നടുവിലെ പേജ് തുറന്നു നോക്കി. ഇല്ല അവിടെ അത് ഉണ്ടായിരുന്നില്ല. ഹൃദയത്തിനുള്ളില്‍ ചില്ലിട്ടു വെച്ചതില്‍ പിന്നെ ഭദ്രമായി തന്‍റെ പുസ്തകത്തില്‍ മാണിക്യക്കല്ല് പോലെ സൂക്ഷിച്ചു കൊണ്ട് നടന്നിരുന്ന ബോസിന്‍റെ ആ പടം. പുതിയ ശീലമല്ല. അന്തമാനില്‍ പഠിക്കുമ്പോഴേ തന്‍റെ ഹൃദയത്തില്‍ കുടിയിരുത്തിയതാണ് നേതാജിയെ. അതില്‍ പിന്നെ നിധി കാക്കുന്ന ഭൂതത്തെപ്പോലെയാണ് അത് കൊണ്ട് നടന്നത്. എവിടെ നിന്നാണ് ആ ചിത്രം കിട്ടിയതെന്ന് കൃത്യമായി ഒര്‍ക്കുന്നില്ല. നേതാജിയുടെ വിവിധ ഭാവങ്ങളിലുള്ള വര്‍ണ്ണ ചിത്രങ്ങളുടെ ഒരു ശേഖരം തന്നെയുണ്ടായിരുന്ന തന്‍റെ സര്‍ജിയില്‍ നിന്നായിരിക്കാം. പ്രിയപ്പെട്ട ആ  രൂപമിതാ നനഞ്ഞു കുതിര്‍ന്നു തന്‍റെ കയ്യിലിരിക്കുന്നു. എങ്ങിനെ? പെട്ടെന്നാണ് എല്ലാം മനസ്സിലായത്. അദ്നാന്‍, അവന്‍ ഇന്ന് ഒരിക്കല്‍ തന്‍റെ പുസ്തകം എടുത്തു നോക്കുന്നത് കണ്ടിരുന്നു. അവന്‍ മനപ്പൂര്‍വ്വം ചെയ്തതാണ്. താന്‍ കാണാന്‍ വേണ്ടി അവന്‍ മുന്‍പേ ഓടിച്ചെന്ന് വെള്ളത്തില്‍ ഒഴുക്കി വിട്ടതാണ്. കരള്‍ നുറുങ്ങുന്നപോലെ തോന്നി. എന്നാലും വെള്ളം തുടച്ചെടുത്ത് ഉണക്കിയെടുത്താല്‍ വലിയ കേടുപാട് കൂടാതെ നേതാജിയെ രക്ഷിച്ചെടുക്കാം എന്ന ചിന്ത തെല്ല് ആശ്വാസം പകര്‍ന്നു.

ഓര്‍മകളുടെ സാഗരത്തില്‍ പിന്നെയും തിരയിളകി. അടിയന്തിരാവസ്ഥ കഴിഞ്ഞ ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇന്ദിരാ ഗാന്ധിയെ പാഠം പഠിപ്പിച്ചു മൊറാര്‍ജി ദേശായി പ്രധാന മന്ത്രിയായ കാലം. ബാപ റിട്ടയര്‍മെന്‍റിനോട് അടുത്തിരുന്ന ആ കാലത്താണ്
കോളേജും കഴിഞ്ഞു ആയാള്‍ ജോലി തേടി വീണ്ടും ദ്വീപിലെത്തുന്നത്. എം.എ ബക്കര്‍, സണ്‍ ഓഫ് എം.കെ മൊയതു, അസി.എഞ്ജിനീയര്‍, പോര്‍ട്ട്‌ ബ്ലയര്‍ എന്ന വിലാസത്തിന്‍റെ മികവ് കൊണ്ട് തന്നെയാണ് താമസിയാതെ ജോലി തരപ്പെട്ടതും. ഓള്‍-ഇന്ത്യ റേഡിയോയുടെ ഓഫീസില്‍ പേ-റോള്‍ വിഭാഗത്തില്‍ താല്‍ക്കാലിക ഒഴിവിലായിരുന്നു നിയമനം. യൌവ്വനത്തിന്‍റെ പ്രസരിപ്പിലും ദ്വീപിലെ പ്രശാന്തസുന്ദരമായ കാഴ്ച്ചകളിലും മുഴുകി നടന്ന സുവര്‍ണ്ണ ദിനങ്ങള്‍. ആ ദിനങ്ങളിലൊന്നിലാണ് ബക്കറിന് ഒരു ആയുസ്സിന്‍റെ ആനന്ദം നല്‍കുന്ന ആ അറിയിപ്പ്  വന്നത്.  സര്‍ക്കാരിന്‍റെ വകയായി ദ്വീപിലെ കടലോരത്തെ ജിംഖാന ഗ്രൌണ്ടില്‍ (ഇന്ന് മറീനാ പാര്‍ക്ക്) സുഭാഷ്‌ ചന്ദ്രബോസിന്‍റെ ഒരു പൂര്‍ണ്ണകായപ്രതിമ അനാച്ഛാദനം ചെയ്യപ്പെടാന്‍ പോവുന്നു. പങ്കെടുക്കുന്നവരില്‍ പ്രധാനികള്‍ എല്ലാം നേതാജിയുടെ ഐ. എന്‍. എ വിപ്ലവ സേനയില്‍ സായുധ പോരാട്ടത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികള്‍. തനിക്ക് വേണ്ടിയാണ് ആ ചടങ്ങ് അവിടെ നടത്തപ്പെടുന്നതെന്നും അത് തന്‍റെ ജീവിതപ്പുസ്തകത്തില്‍ പണ്ടേ കുറിക്കപ്പെട്ടതാണെന്നും അയാള്‍ക്കറിയാമായിരുന്നു. അങ്ങിനെ കാത്തിരുന്ന ആ ദിനവും വന്നെത്തി. പരിപാടിയുടെ തുടക്കം മുതലേ പങ്കെടുക്കാനായി  ബക്കര്‍ നേരത്തെ തന്നെ അവിടെ സന്നഹിതനായിരുന്നു. വിവിധ സംസ്ഥാനക്കാരായ മുന്‍ ഐ.എന്‍.എ വിപ്ലവ ഭടന്മാരെ ഒന്നിച്ചു കാണാനായി. കൂട്ടത്തില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയെ അന്ന് അവിടെ വെച്ച് കണ്ടതു മനസ്സില്‍ മായാതെ നില്‍ക്കുന്നു. നേതാജിയുടെ സേനയില്‍ അംഗമായ ആദ്യ വനിതാ വിപ്ലവകാരി.

അനാച്ഛാദനം കഴിഞ്ഞു, ആളുകള്‍ ഒഴിഞ്ഞു ജിംഖാന ഗ്രൌണ്ട് വിജനമായി. നേതാജിയുടെ അതികായ രൂപം വിശാലമായ സമുദ്രതീരത്ത് ആകാശത്തിലേക്ക് വലതു കൈ ഉയര്‍ത്തി ശാന്ത ഗംഭീരമായി അങ്ങിനെ നില കൊണ്ടു. ഒരാള്‍ മാത്രം അവിടെ അറ്റമില്ലാതെ പരന്നു കിടക്കുന്ന സമുദ്രത്തിലേക്കും അതിന്‍റെ മറുതലക്കല്‍ നിന്ന് തുടങ്ങി പ്രപഞ്ചത്തിനാകെയും കുടയായി നിവര്‍ന്നു നില്‍ക്കുന്ന വിശാലമായ വിണ്ണിലേക്കും പിന്നെ നേതാജിയുടെ മാസ്മര രൂപത്തിലേക്കും മാറി മാറി നോക്കി അനര്‍ഘമായ ഒരു നിമിഷത്തിന്‍റെ നിര്‍വൃതി നുകര്‍ന്ന് അങ്ങിനെ നിന്നു. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നേതാജിയുടെ ഫോട്ടോ ഒഴുക്കുവെള്ളത്തില്‍ വീണൊലിച്ചു വരുന്നത് കണ്ടു കണ്ണു നിറഞ്ഞ ബക്കര്‍ ആയിരുന്നു അത്. വെള്ളക്കാര്‍ക്കെതിരെ കടല്‍ കടന്നു പട നയിച്ച നേതാജിയുടെ ഓര്‍മ്മകള്‍ ബക്കറിന്‍റെ മനോമുകുരത്തില്‍ തൊട്ടു മുന്നില്‍ കാണുന്ന അലകടലിനേക്കാള്‍ ഉയരത്തിലുള്ള തിരമാലകള്‍ തീര്‍ത്തു. നേതാജിയെ ഒന്ന് തൊടുക എന്ന അടക്കാനാവാത്ത ഒരാഗ്രഹം ആ നിമിഷം അയാളെ പൊതിഞ്ഞു. പക്ഷെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന തറയുടെ ഉയരം അയാളെ തെല്ല് ഭീതിപ്പെടുത്തുകയും ചെയ്തു. രണ്ടും കല്‍പിച്ചു ഉയരത്തില്‍ സ്ഥാപിച്ച നേതാജിയുടെ കാല്‍ചുവട്ടിലേക്ക് അള്ളിപ്പിടിച്ചു കയറുമ്പോള്‍ പിടി വിട്ടു താഴെ വീണാലുണ്ടായേക്കാവുന്ന അപകടങ്ങളെ അയാള്‍ അവഗണിച്ചു. കാരണം, അയാളെ സംബന്ധിച്ചിടത്തോളം കോരിത്തരിപ്പിക്കുന്ന, ജീവനുള്ള ചരിത്രത്തിന്‍റെ മനോഹരവും സ്വപ്നതുല്യവുമായ ഒരു താഴ്വരയിലായിരുന്നു ആയളപ്പോള്‍. നേതാജിയുടെ ഭീമാകാരമായി തോന്നിച്ച പാദങ്ങള്‍ അയാളുടെ കണ്ണുകളില്‍ നിറഞ്ഞു. ഒരു വിധം എഴു
ന്നേറ്റു നിന്ന് നോക്കുമ്പോള്‍ നേതാജിയുടെ കാലുകള്‍ എത്തിപ്പിടിക്കാനുള്ള ഉയരമേ അയാള്‍ക്കുണ്ടായിരുന്നു. ആ കാലുകളില്‍ ചുറ്റിപ്പിടിച്ചു അയാള്‍ നേതാജിയുടെ മുഖത്തേക്കു നോക്കി, പിന്നെ വലതു വശത്തേക്ക്, ആകാശത്തിലേക്ക് ചൂണ്ടിപ്പിടിച്ച ആ വിരലിലൂടെ വിശാലമായ വിണ്ണിലേക്ക് നോക്കി. അന്തിയുടെ ആകാശത്ത് അപ്പോള്‍ ഒരു നക്ഷത്രം മിന്നിത്തെളിയുന്നുണ്ടായിരുന്നു. പിറകിലെ സമുദ്രപ്പരപ്പില്‍ ആഞ്ഞടിച്ച വന്‍ തിരമാലയുടെ അലയൊലിക്കൊപ്പം സുഖശീതളമായ ഒരു ഇളം കാറ്റു വീശി. നേതാജിയുടെ കാലില്‍ ചുറ്റിപ്പിടിച്ച് എല്ലാം മറന്നു നിന്ന അയാള്‍ ആ നേരം നേതാജിക്കൊപ്പം നിശ്ചലമായി. ചിന്നം ചിന്നം തുടങ്ങി കടലും കരയും ഒന്നായി പെയ്തിറങ്ങിയ  ഒരു നിലാമഴയില്‍ നേതാജിയോടൊപ്പം അയാളും അപ്പോള്‍ നനഞ്ഞു കുതിരാന്‍ തുടങ്ങിയിരുന്നു.