Sunday, October 28, 2012

മഴക്കാല മേഘം പെട്ടെന്നുള്ള യാത്രയായിരുന്നു. സീസന്‍ സമയല്ലാതിരുന്നത് നന്നായി. അല്ലെങ്കില്‍ ടിക്കറ്റിനു നെട്ടോട്ടമോടേണ്ടി വന്നേനെ. താമസിച്ചെത്തുന്നതിനും, യാത്ര തടസ്സപ്പെടുന്നതിനും കുപ്രസിദ്ധമാണ് എയര്‍ ഇന്ത്യ വിമാനം. അതു കൊണ്ടു തന്നെ ടിക്കറ്റ്‌ കിട്ടിയത് സൗദി എയര്‍ലൈന്‍സിനാണ് എന്നത് ആശ്വാസമായി തോന്നി. എക്കണോമി ക്ലസ്സിനായിരുന്നു ടിക്കറ്റ് എടുത്തിരുന്നത് എങ്കിലും അവിടത്തെ തിരക്ക് ഒഴിവാക്കാനായിരിക്കാം സീറ്റുകള്‍ ഒഴിഞ്ഞു കിടന്ന എക്സിക്യുട്ടിവ് ക്ലാസ്സിലേക്ക് മാറിയിരിക്കാമെന്ന് എയര്‍ ഹോസ്റ്റസ് പറഞ്ഞു.

വിന്‍ഡോ സീറ്റില്‍ ഭാര്യ ഇരുന്നു. തൊട്ടടുത്ത സീറ്റില്‍ ഞാനും. യാത്ര തുടങ്ങുമ്പോള്‍ പതിവുള്ള ഉത്സാഹം അവളുടെ മുഖത്ത് കണ്ടില്ല. സീറ്റില്‍ തികച്ചും മൌനിയായിരുന്നു അവള്‍. പ്രായത്തില്‍ കവിഞ്ഞ അവശത അവളുടെ മുഖത്തു നിഴല്‍ വീഴ്ത്തിയിരുന്നു.

ഉമ്മയുടെ മരണ വാര്‍ത്ത കഴിഞ്ഞ ദിവസം വന്നെത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നില്ല . എന്നാലും ആശുപത്രിയില്‍ മരുന്നും ചികിത്സയുമായി മല്ലിട്ട ഉമ്മയെ ജീവനോടെ ഒരു നോക്ക് കൂടി കാണണം എന്ന് മോഹിച്ചിരുന്നു.

തലേ ദിവസം രാത്രി അത്ര വൈകി ജ്യേഷ്ഠന്റെ ഫോണ്‍ വിളി വന്നപ്പൊഴേ അതുറപ്പിച്ചിരുന്നു. ആയുസ്സിന്റെ കണക്ക്‌ പുസ്തകം അതിന്‍റെ ഗണിതങ്ങളില്‍ കടുകിട പിഴവ് വരുത്താറില്ലല്ലോ.

ജ്യേഷ്ഠന്‍ വാക്കുകളുടെ വളച്ചു കെട്ടലുകളില്‍ സാന്ത്വനിപ്പിക്കാന്‍ മിനക്കെടാതെ പറഞ്ഞു. "ഉമ്മ.... ഉമ്മ നമ്മെ വിട്ടു പോയെടാ" പിന്നെ ഒരു അര്‍ദ്ധ മൗനം. "നിനക്ക് ഉടനെ എത്താന്‍ പറ്റുമോ? ഒരു ദിവസത്തില്‍ കൂടുതല്‍ നീട്ടി വെയ്ക്കാന്‍ പറ്റില്ല." പ്രതീക്ഷിച്ചിരുന്ന വാര്‍ത്തയായിരുന്നുവെങ്കിലും പെട്ടെന്ന് അനാഥമാക്കപ്പെട്ട പോലെയൊരു ചിന്ത മനസ്സിലൂടെ നീറ്റലായി എരിഞ്ഞു. തൊണ്ടയില്‍ നിന്ന്‍ എന്തോ ഒന്ന് നെഞ്ചിന്റെ കൂട് തകര്‍ത്ത് ഉള്ളിലേക്ക് കനം തൂങ്ങിക്കിടന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാപ വിട പറഞ്ഞ ശേഷം കുടുംബത്തിന്റെ ഇഴകളെ ആകെയും ബന്ധിപ്പിച്ചിരുന്ന ഏക കണ്ണിയായിരുന്നു ഉമ്മ. അത് അങ്ങിനെ പെട്ടെന്ന് പൊട്ടിപ്പോകില്ലെന്ന എന്തോ ഒരു ഉറപ്പിലായിരുന്നു ഇത് വരെ.

"ഓള്‍ പാസഞ്ചേഴ്സ് ആര്‍ റിക്ക്വസ്റ്റഡ് റ്റു..." സീറ്റ് ബെല്‍റ്റ്‌ മുറുക്കാനുള്ള അറിയിപ്പായിരുന്നു. അരികില്‍ പിറകിലേക്ക് ചായ്ച്ച സീറ്റില്‍ ഭാര്യ കണ്ണടച്ച് ഇരിപ്പിനും കിടപ്പിനുമിടയിലായിരുന്നു.

വിമാനം പൊങ്ങി പറന്നു തുടങ്ങി കുറച്ചു സമയം കഴിഞ്ഞിരുന്നു. സീറ്റ് ബെല്‍റ്റ്‌ അഴിച്ചു ചിലര്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി പോവാനും വരാനും തുടങ്ങുന്നു. വല്ലാത്ത തണുപ്പ്. തനിക്ക് വിമാനയാത്ര എന്നും അങ്ങിനെയാണ്. അതിനകത്തെ തണുപ്പ് സഹിക്കില്ല. എയര്‍ ഹോസ്റ്റസ്സിനോട് പറഞ്ഞു ഒരു പുതപ്പ് വാങ്ങി പുതച്ചു മൂടിയാലോ.

ഇരിക്കുന്ന സീറ്റിനു അഭിമുഖമായി മുന്നിലെ സീറ്റിനു പിറകില്‍ സ്ഥാപിച്ച എല്‍ സി ഡി സ്ക്രീനില്‍ സിനിമകളുടെയും പാട്ടുകളുടെയും മെനുവില്‍ പരതുന്നു ചിലര്‍. മറ്റേതെങ്കിലും വിമാനത്തിലായിരുന്നെങ്കില്‍ ഈ നേരത്ത് മദ്യം വിളമ്പി കിട്ടുന്നതിന്റെ ഉത്സാഹത്തിലായിരിക്കും യാത്രക്കാരിലെ ലഹരിപ്രിയമുള്ളവര്‍.

ഇടതു വശത്ത് തൊട്ടടുത്ത സീറ്റുകളില്‍ ഇരുന്നത് ചെറുപ്പക്കാരായ ഒരു ദമ്പതികളായിരുന്നു. അയാള്‍ക്ക്‌ ഒരു മുപ്പത്തഞ്ചു വയസ്സ് പ്രായം തോന്നിക്കും. യുവതിക്ക് അതില്‍ താഴെയും. രണ്ടു പേരിലും അസാധാരണമായൊരു പ്രസരിപ്പും സൗന്ദര്യവും ഒറ്റ നോട്ടത്തില്‍ തന്നെ കണ്ടു. അവര്‍ വളരെ ഉല്ലാസത്തോടെ പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ചു കൊണ്ടിരുന്നു. അയാള്‍ക്ക്‌ മറുപടിയായി ഇടയ്ക്ക് അവള്‍ സമൃദ്ധമായി ചിരിക്കുന്നുണ്ടായിരുന്നു.

വായിക്കുന്നത് വല്ലതും മനസ്സിലാവുന്ന അവസ്ഥയിലായിരുന്നത്‌ കൊണ്ടായിരുന്നില്ല കയ്യിലിരുന്ന അന്നത്തെ പത്രം കണ്ണോടിച്ചു കൊണ്ടിരുന്നത്. വിമാന യാത്രകളില്‍ സഹായാത്രികര്‍ മിക്കവരും സുഖമായി ഉറങ്ങുമ്പോഴും അതിനു കഴിയാതെ കണ്ണ് തുറന്നിരിക്കുക എന്നതാണ് എക്കാലത്തും തന്റെ പ്രകൃതം. ആ ഇരുത്തത്തിനു ഒരു കൂട്ടാണ് വിമാനത്തില്‍ കിട്ടുന്ന പത്രങ്ങളും മാസികകളുമൊക്കെ.

ആ ചെറുപ്പക്കാരന്‍ എഴുന്നേല്‍ക്കാന്‍ പ്രയാസപ്പെടുന്നത് കണ്ടാണ്‌ വീണ്ടും ശ്രദ്ധ അവരിലേക്ക്‌ തിരിഞ്ഞത്. അയാള്‍ ഇരുന്ന സീറ്റിനടിയില്‍ നിന്ന് എന്തോ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു . ഒരു ജോഡി വാക്കിംഗ് ക്രച്ച് ആയിരുന്നു അത്. എന്തിനാണ് അയാള്‍ക്കത്  എന്ന് ആശ്ചര്യപ്പെട്ടിരിയ്ക്കെ സീറ്റുകള്‍ക്കിടയിലെ പരിമിതികള്‍ക്കിടയില്‍ വീണുപോവാതെ ആ വടിയുടെ പരന്ന അറ്റം തന്‍റെ ഇരു കക്ഷത്തിലേക്കും പിടിപ്പിച്ചു അയാള്‍ മെല്ലെ  എഴുന്നേറ്റു നിന്നു. വിമാനം ചെറുതായി ഒന്നുലഞ്ഞപോലെ. തോന്നിയതാവാം. അയാള്‍ ഇത്രയും പണിപ്പെട്ടു എഴുന്നേറ്റു നില്‍ക്കാന്‍ ശ്രമിക്കുമ്പോഴും അവള്‍ അയാളെ യാതൊരു വിധത്തിലും സഹായിക്കാന്‍ മുതിരാത്തതു കണ്ടു വലിയ അത്ഭുതം തോന്നി.

ഒരു കാലിനു നല്ല സ്വാധീനക്കുറവുള്ള അയാള്‍ ഊന്നു വടിയില്‍ വേച്ചു വേച്ചു റ്റോയ്`ലറ്റ് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് നടന്നു. അത് കണ്ടപ്പോള്‍ മനസ്സിനെ ഒരു തളര്‍ച്ച തലോടി. പാവം മനുഷ്യന്‍, സീറ്റിലിരിക്കെ രണ്ടു പേരും സംസാരിക്കുന്നതും നിറഞ്ഞു ചിരിക്കുന്നതുമെല്ലാം കണ്ടപ്പോള്‍ നല്ല സ്നേഹമുള്ള ദമ്പതികളാണെന്നാണ് കരുതിയിരുന്നത്. കാഴ്ചയിലും വസ്ത്ര ധാരണത്തിലും കുലീനത്ത്വം തുളുമ്പി നിന്ന ഇരു പേരോടും ചില്ലറ അസൂയയും തോന്നാതിരുന്നില്ല.

പക്ഷെ വികലാംഗനായ അയാളെ അവള്‍ ഒന്ന് കൈ പിടിക്കാന്‍ പോലും മിനക്കെടാതിരിക്കുന്നതു കണ്ടു മനസ്സില്‍ ഒരു അസ്വസ്ഥത പടര്‍ന്നു. പുറമേ കാണുന്നത് മുഴുവന്‍ ഒരിയ്ക്കലും സത്യമാവില്ലായിരിക്കാം. അവളുടെ സ്നേഹഭാഷണങ്ങള്‍ പൊള്ളയായിരുന്നു. അയാളെയല്ല അയാളുടെ ധനത്തില്‍ ആകൃഷ്ടയായി സമ്മതിച്ചതാവാം അവള്‍ ഈ ബന്ധത്തിന്.

കുറച്ചു കഴിഞ്ഞപ്പോഴേക്ക് അയാള്‍ മടങ്ങിയെത്തി. ഊന്നുവടിയില്‍ നിന്ന് ഊര്‍ന്നിറങ്ങി വീണ്ടും ഇരിപ്പുറപ്പിക്കാന്‍ അയാള്‍ വല്ലാതെ പാട് പെടുന്നു. അറിയാതെ തന്നെ ഞാന്‍ എഴുന്നേറ്റു അയാള്‍ക്കരികില്‍ ചെന്നു. സീറ്റിലിരിക്കാന്‍ അയാള്‍ക്ക്‌ ഒരു കൈത്താങ്ങു നല്‍കി. സുമുഖനായ അയാള്‍ ഒരു പുഞ്ചിരിയില്‍ നന്ദി അറിയിച്ചു. വാക്കിംഗ് ക്രച്ച് അതിനിടയില്‍ അയാള്‍ തന്നെ സീറ്റിനിടയില്‍ ഒതുക്കി വെച്ചു കഴിഞ്ഞിരുന്നു. അവള്‍ക്കു യാതൊരു ഭാവഭേദവുമുണ്ടായിരുന്നില്ല, അയാള്‍ക്കും.

അപ്പോഴേക്ക് ചൂടുള്ള ഭക്ഷണത്തിന്റെ മണം പരന്നു തുടങ്ങി. യാത്രക്കാര്‍ക്ക് ഭക്ഷണം വിളമ്പുന്ന ട്രോളി മെല്ലെ ഉരുട്ടിക്കൊണ്ട് എയര്‍ ഹോസ്റ്റസ്സുമാര്‍ സീറ്റുകള്‍ക്കിടയിലെ ഇടനാഴിയിലൂടെ അങ്ങേ അറ്റത്തു നിന്ന് വരുന്നത് കാണാമായിരുന്നു.

ഭക്ഷണം കഴിച്ചു സ്വസ്ഥരായ യാത്രക്കാര്‍ വീണ്ടും മയക്കത്തിലേക്കു വീണു. ചിലര്‍ ഇയര്‍ഫോണില്‍ പാട്ട് കേട്ടുകൊണ്ടിരുന്നു. ഇനിയും ചിലര്‍ മുമ്പിലുള്ള ടച്ച് സ്ക്രീന്‍ മെനുവില്‍ വിരല്‍ കുത്തി സിനിമകളും മറ്റു ദൃശ്യങ്ങളും മാറി മാറി പരതിക്കൊണ്ടിരുന്നു. പിറകിലേതോ സീറ്റില്‍ നിന്ന് ഒരു കൊച്ചുകുട്ടി നിര്‍ത്താതെ കരഞ്ഞു.

ഉറക്കത്തിനും മയക്കത്തിനും ഇടയിലെ ഒരു അര്‍ദ്ധബോധാവസ്ഥയിലേക്ക് എപ്പോഴോ അറിയാതെ ഇമയടച്ചിരുന്നു ഞാന്‍ . വിമാനം കോഴിക്കോട് ഇറങ്ങാന്‍ പോവുന്ന അറിയിപ്പ് കേട്ടാണ് ഉണര്‍ന്നത്. കുറച്ചു കഴിയുമ്പോഴേക്ക് വിമാനത്തിന്റെ കൊച്ചുജാലകത്തിലൂടെ താഴെ പച്ചപ്പരവതാനിയും അതിനിടയിലെ നാഡി-ഞരമ്പുകള്‍ പോലുള്ള റോഡുകളും അതിലൂടെ അരിച്ചു നീങ്ങുന്ന തീപെട്ടിക്കൂടുകളും ദൃശ്യമായി തുടങ്ങി.

വിമാനം ലാന്‍ഡ്‌ ചെയ്തു റണ്‍വേയിലൂടെ നീങ്ങാന്‍ തുടങ്ങുമ്പോഴേക്കും അതില്‍ നിന്ന് ഇപ്പോള്‍ പുറത്തു ചാടണം എന്ന മട്ടില്‍ കുറെ പേര്‍ സീറ്റില്‍ നിന്ന് എഴുനേല്‍ക്കാന്‍ തുടങ്ങി. ഇങ്ങിനെ അപകടം ക്ഷണിച്ചു വരുത്താന്‍ ശ്രമിക്കുന്ന വിമാനയാത്രക്കാര്‍ ലോകത്ത് മലയാളികള്‍ മാത്രമേ കാണൂ എന്ന് ഈ യാത്രകളില്‍ തോന്നാറുണ്ട്.

ഇമിഗ്രേഷനും കസ്റ്റംസും കഴിഞ്ഞു പുറത്തിറങ്ങാന്‍ വലിയ താമസം നേരിട്ടില്ല. കൂടെ സാധനങ്ങള്‍ ഒന്നും കൊണ്ട് വന്നിരുന്നില്ല എന്നതും എളുപ്പത്തിനു കാരണമായി. എയര്‍പോര്‍ട്ടിന്റെ അവസാനവാതിലും കടന്നു പുറത്തിറങ്ങി. സ്വീകരിക്കാന്‍ വന്ന കാറില്‍ കയറി ഇരിക്കുമ്പോഴേക്ക് മഴ തുള്ളിയിട്ടു തുടങ്ങിയിരുന്നു.

കൂടെ യാത്ര ചെയ്തിരുന്ന വികലാംഗനായ യുവാവ് ഞങ്ങളുടെ കാറിനു മുന്നിലായി കിടക്കുന്ന വില കൂടിയ വിദേശ കാറിലേക്ക് സാവധാനം കയറുന്നത് കണ്ടു. നേര് പറഞ്ഞാല്‍ തിരക്കിനിടയില്‍ കുറെ നേരത്തേക്ക് അവരെ വിസ്മരിച്ചു പോയിരുന്നു. അയാളുടെ ഭാര്യ എവിടെ? അയാളെ സ്വീകരിക്കാന്‍ വന്നവരുടെ ഇടയില്‍ നിന്ന് അവളുടെ മുഖവും അപ്പോഴേക്ക് ദൃശ്യമായി. ബന്ധുക്കളെ കണ്ട സന്തോഷത്തില്‍ അവരോടു പ്രസന്ന വദനയായി സംസാരിച്ചു കൊണ്ട് അവളും കാറിനടുത്തേക്ക് നടന്നടുക്കുന്നു. പൊടുന്നനെ ഒരു അമ്പരപ്പ് മിന്നല്‍ പിണറുപോലെ മനസ്സിലൂടെ കടന്നുപോയി. രണ്ട് ഊന്നു വടികളില്‍ ശരീരഭാരമുറപ്പിച്ചു ഒരു കാല്‍ മാത്രം നിലത്ത് ഊന്നി വളരെ പതുക്കെയാണ് അവള്‍ നടന്നടുത്തത്.എന്തോ കേട്ടും പറഞ്ഞും ഒരു പൊട്ടിച്ചിരിയോടെ അവള്‍ കാറിലേക്ക് കൂടെയുള്ളവരുടെ സഹായത്തോടെ കയറുമ്പോഴേക്കും മഴക്കാറ് കൂടുതല്‍ കനം വെച്ചു തുടങ്ങിയിരുന്നു.

Tuesday, August 14, 2012

ദുസ്വപ്നം

വലതു ഭാഗത്ത് കണ്ട ആയുധങ്ങളില്‍ ഞാന്‍ ആധി കൊണ്ട കാരണത്താല്‍ ആ മിത്രങ്ങള്‍ക്ക് ഞാന്‍ ശത്രുവായി.

 ഇടതു ഭാഗത്ത് കണ്ട ആയുധങ്ങളില്‍ ഞാന്‍ ആധി കൊണ്ട കാരണത്താല്‍ ആ മിത്രങ്ങള്‍ക്കും ഞാന്‍ ശത്രുവായി.

വെളിച്ചം കെട്ട നേരത്ത് ഞാന്‍ നടന്നു വരുമ്പോള്‍ ഇരുഭാഗത്തും അവര്‍ ആയുധം മൂര്‍ച്ച കൂട്ടി എന്നെ കാത്തിരുന്നു.

പാതിരാവില്‍ ഒരു ദുസ്വപ്നത്തില്‍ എന്റെ കുഞ്ഞു മകന്‍ പിടഞ്ഞുണര്‍ന്നത് വീട് നിറഞ്ഞൊരു നിലവിളിയിലേക്കായിരുന്നു.

ആത്മ ലയനം

ഒറ്റയാത്മാവ്, നീയും ഞാനും
ഇരവിലും പകലിലും നീയെന്നിലുണ്ട്, ഞാന്‍ നിന്നിലും.
നീയുമായെനിക്കുള്ള ബന്ധനത്തിന്‍ ആന്തരാര്‍ത്ഥം
നീയും ഞാനുമെന്നൊരഹന്തയില്‍നിന്നുരിഞ്ഞലിഞ്ഞ് 
നമ്മളൊന്നു മാത്രമെന്നൊരു ബിന്ദുവില്‍ ലയിച്ചിടുന്നു.

Saturday, July 14, 2012

അമര്‍ സിംഗ്ക്കാ ബേട്ടാ ഭീം സിംഗ്


ഭീംസിംഗ്. ഭീംസിംഗ് ബഹാദൂര്‍. പേര് കേള്‍ക്കുമ്പോള്‍ ഭീമാകാര രൂപത്തിലുള്ള ഒരു ഗൂര്‍ഖയാണെന്ന് തോന്നും. ഗൂര്‍ഖ കുടുംബത്തില്‍ നിന്നാണ് എന്നതൊഴിച്ചാല്‍ പേര് ധ്വനിപ്പിക്കുന്ന ആകാര വലിപ്പമൊന്നുമില്ല ആളെ കാണാന്‍ . റിയാദിലെ ഒരു സ്ഥാപനത്തില്‍ ജോലിയെടുക്കുന്നു. വയസ്സ് 20 കഴിഞ്ഞതേയുള്ളൂ. മെലിഞ്ഞു വെളുത്ത രൂപം, ആരോഗ്യമുള്ള ശരീരം. നേപ്പാളിലെ ബുര്‍തിബാംഗ് ആണ് സ്വദേശം. പേരിലും ഊരിലും ഒരു കൌതുകം തോന്നും. നേപ്പാളികളില്‍ ഒട്ടു മിക്ക പേര്‍ക്കും സ്വന്തം പേരിനൊപ്പം ബഹാദൂര്‍ എന്ന ഒരു വാല് കണ്ടിട്ടുണ്ട്. ബഹാദൂര്‍ എന്ന് പറഞ്ഞാന്‍ ധീരന്‍ എന്നാണല്ലോ അര്‍ത്ഥം. ഗൂര്‍ഖകള്‍ പരമ്പരാഗതമായി തന്നെ ധീരന്‍മാരാണെന്ന് ചരിത്രം പറയുന്നുണ്ട്. ഈ ധീരന്‍ ഭീം പിശുക്കില്ലാതെ പുഞ്ചിരിക്കുകയും സമൃദ്ധമായി സംസാരിക്കുകയും ചെയ്യുന്ന ഒരു ബഹാദൂര്‍ ആകുന്നു. ഹിന്ദി സംസാരിക്കാന്‍ അറിയാം.

ഇരുമ്പ് ഫാക്ടറികളും, കരിമ്പ്‌ പ്രോസസ്സിംഗ് -പഞ്ചസാര ഉത്പാദന യൂണിറ്റുകളും വന്‍കിട അരിമില്ലുകളും കൊണ്ടു സമ്പന്നമായ പഞ്ചാബിലെ ജലന്ധറിലായിരുന്നു ഭീംസിംഗ് ജനിച്ചതും വളര്‍ന്നതും. ജനസംഖ്യ കുറവുള്ള, വൃത്തിയുള്ള റോഡുകളും പരിസരങ്ങളുമുള്ള ജലന്ധര്‍ പഞ്ചാബിലെ ഏറ്റവും നല്ല നഗരം എന്നറിയപ്പെടുന്നു. അറുപതുകളിലെ ഇന്ദിരാഗാന്ധിയുടെ ഹരിത വിപ്ലവത്തിന്‍റെ പ്രധാന കേന്ദ്രം ജലന്ധറായിരുന്നു. ഭീമിന്‍റെ കുടുംബം തലമുറകള്‍ക്ക് മുന്‍പേ പഞ്ചാബിലേക്ക് കുടിയേറിയതായിരുന്നു. അച്ഛന്‍റെ പേര് അമര്‍ സിംഗ് ബഹാദൂര്‍. മുത്തച്ഛന്‍റെ പേര് വീര്‍ ബഹാദൂര്‍ സിംഗ്. അമ്മ ഫൂല്‍ മായ കുമാരി സിംഗ്. രണ്ടു സഹോദരന്‍മാരും ഒരു സഹോദരിയും. സഹോദരി കുമാരി സിംഗ് മൂത്തതാണ്. മൂത്ത സഹോദരന്‍ രാംസിംഗ്. ഇളയ സഹോദരന്‍ ദീപക് സിംഗ്. സഹോദരിയുടെയും, വലിയ സഹോദരന്‍റെയും വിവാഹം കഴിഞ്ഞു. മുത്തച്ഛന്‍ ഇന്ത്യന്‍ മിലിറ്ററിയിലെ ഗൂര്‍ഖാ പ്ലാറ്റൂണിന്‍റെ കമാന്ററായിരുന്നു. ഭീംസിംഗ് ജനിക്കുന്നതിനു മുന്‍പേ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ മുത്തച്ഛനെ ഫോട്ടോയില്‍ കണ്ട ഓര്‍മയെയുള്ളൂ. അച്ഛനും പട്ടാളത്തില്‍ തന്നെയായിരുന്നു. മുത്തച്ഛനേക്കാളും താഴ്ന്ന തസ്തികയിലായിരുന്നു അച്ഛനു ജോലി. എത്ര തലമുറ മുന്‍പാണ് ഇന്ത്യയിലെ പഞ്ചാബിലേക്ക് കുടിയേറിയത് എന്ന് ഭീമിന് നിശ്ചയമില്ല. അമ്മ പറഞ്ഞുള്ള അറിവനുസരിച്ചു തലമുറകള്‍ക്ക് മുന്‍പായിരുന്നു അത്.

ഭീമിനു പറയാനുള്ളത് നാല് വര്‍ഷം മുന്‍പ് അവര്‍ കുടുംബസഹിതം പഞ്ചാബ് വിട്ട് വീണ്ടും നേപാളിലേക്ക് തിരിച്ചു കുടിയേറിയതിനെ കുറിച്ചുള്ള വിശേഷങ്ങളാണ്. തലമുറകള്‍ക്ക് ശേഷം മാതൃഭൂമിയിലേക്കുള്ള മടക്കം. പഞ്ചാബിനെയും ജലന്ധറിനേയും ഏറെ സ്നേഹിക്കുന്നു ഭീം ഇപ്പോഴുമെങ്കിലും, നേപാളിന്‍റെ ഉഷ്ണണമറിയാത്ത ഭൂപ്രകൃതിയെ കൂടുതല്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. കരയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന നേപാള്‍ നദികളും അരുവികളും കൊണ്ട് സമ്പന്നമാണ്. ഹിമാലയത്തിന്‍റെ താഴ്വരയില്‍ അവന്‍റെ നാട്ടില്‍ വര്‍ഷാവര്‍ഷം പന്ത്രണ്ടു മാസവും പ്രകൃതിദത്തമായി തന്നെ ശീതീകൃതമായ കാലാവസ്ഥയാണ്. അത് കൊണ്ട് തന്നെ ആ പ്രദേശത്തു നിന്നുള്ള എല്ലാവരും വെളുത്ത നിറമുള്ളവരാണെന്ന് അവന്‍ പറയുന്നു. വെളുപ്പിനാണ് കൂടുതലഴകെന്ന ബോധ്യം അവന്‍റെ വാക്കുകളില്‍ പ്രകടമാകുന്നു. സ്വന്തം തൊലിയെ ഹനിച്ചിട്ടായാലും അതിന്‍റെ നിറമൊന്ന് മാറ്റിയെടുക്കാന്‍ ഇന്ത്യക്കാര്‍, വിശേഷിച്ചു മലയാളികള്‍ വാങ്ങിക്കൂട്ടുന്ന ഫെയര്‍ & ലവ്`ലി ക്രീമിന്‍റെ കണക്ക്‌ അവന്‍ അറിഞ്ഞു കാണുമോ!


എപ്പോഴും സുഖകരമായ തണുപ്പുള്ള ഇടമാണ് നേപ്പാളിലെ അവന്‍റെ പ്രദേശം. എയര്‍ കണ്ടിഷന്‍ ഓണ്‍ ആക്കിയ പോലെ പാകത്തിനുള്ള നല്ല തണുപ്പത്രെ അത്. മഴക്കാലത്ത്, ജൂലൈ മുതല്‍ തുടങ്ങുന്ന സമൃദ്ധമായ മേഘവര്‍ഷവും. വിശാലമായ പച്ചപ്പ്‌ നിറഞ്ഞ കൃഷിയിടങ്ങള്‍. പാടങ്ങളില്‍ നെല്‍കൃഷിയുണ്ട്, മേല്‍വിതാനങ്ങളില്‍ മുഖ്യമായും എള്ള്, ആപ്ള്‍ തുടങ്ങിയവയാണ് കൃഷി വിളകള്‍. അതിനുമപ്പുറത്ത് അതിര് തീര്‍ക്കുന്ന മഞ്ഞണിഞ്ഞ മാമലകള്‍, അത് ഉയര്‍ന്നുയര്‍ന്നു പോവുന്നത് ഹിമാലയ സാനുക്കളിലേക്കാണ്. വര്‍ഷക്കാലമായാല്‍ നിരന്ന പ്രദേശങ്ങളില്‍ മഴ സാധാരണ പോലെ തന്നെ പെയ്തിറങ്ങുമ്പോള്‍ പര്‍വ്വതമായി ഉയരുന്നിടം തൊട്ട് അവ പെയ്യുന്നത് വെളുത്ത മഞ്ഞു മഴയായിട്ടാണ്. ഇത് പറയുമ്പോള്‍ അവന്‍റെ കണ്ണുകളിലും കുളിര്‍മഴ. റിയാദിലുള്ള ഞങ്ങള്‍ നില്‍ക്കുന്ന ശീതീകൃത കെട്ടിടത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്നത് 50 ഡിഗ്രി സെല്‍ഷ്യസ് കൊടും ചൂടിലേക്കാണല്ലോ, മുഖം കരിഞ്ഞു പോവുന്ന തീക്കാറ്റ്. ഇവിടെയിരുന്നു കൊണ്ട് ഹിമാലയ ഗ്രാമത്തിലെ തണുത്തു വെളുത്ത മഴയെക്കുറിച്ച് പറയാനും കേള്‍ക്കാനും ഏറെ സുഖം തോന്നുക സ്വാഭാവികം.

ഇതിനൊക്കെയിടയിലും ഭീംസിംഗ് ഒരു അങ്കലാപിലാണ്. കഫീല്‍ (സ്പോണ്‍സര്‍) സമയാസമയം ഇക്കാമ (Residence permit) പുതുക്കി നല്കാത്തതിനാല്‍ ഇപ്പോള്‍ എടുക്കുന്ന പുറം ജോലിയില്‍ തുടരാനാവുമോ എന്ന അണയാത്ത ആശങ്കയിലാണ് അവന്‍ . മൂന്ന് ലക്ഷം നേപ്പാളി രൂപ ചിലവാക്കി എടുത്ത വിസയാണ്. അമ്മ ഫൂല്‍ മായ കുമാരി സിംഗിനുള്ള ചികിത്സക്ക് തന്നെ ഭാരിച്ച ചിലവുണ്ട്. അച്ഛന്‍ അമര്‍ സിംഗ് ബഹാദൂറിന്‍റെ ആരോഗ്യവും ചികിത്സ തേടുന്ന അവസ്ഥയിലാണ്. കഫീലിന് ഇതൊന്നും അറിയില്ലല്ലോ. ഇക്കാമ പുതുക്കി കിട്ടിയോ എന്നറിയാന്‍ കഫീലിന് വിളിക്കുമ്പോഴെല്ലാം നാളെ നാളെ എന്നാണ് മറുപടി. ഒരിക്കല്‍ വിളിക്കുമ്പോള്‍ കഫീല്‍ ബഹറൈനിലാണെങ്കില്‍ പിന്നെ വിളിക്കുമ്പോള്‍ ദുബായിലായിരിക്കും. ഇപ്പോള്‍ പ്രതീക്ഷ വെടിഞ്ഞ അവസ്ഥയിലാണ് ഭീംസിംഗ്. എന്നിട്ടും മായാത്ത അവന്‍റെ പുഞ്ചിരി വിടരുന്നത് അവന്‍റെ നാട്ടിലെ മഞ്ഞു മഴയെ പറ്റി പറയുമ്പോഴാണ്. പഞ്ചാബിലെ ജലന്ധറില്‍ ജനിച്ചു വളരുമ്പോഴും ആപ്ള്‍ മരങ്ങല്‍ക്കിടയിലൂടെ അങ്ങകലെ ദൃശ്യമാവുന്ന ഹിമാലയ നിരകളിലേക്ക് പടര്‍ന്നു പെയ്തിറങ്ങുന്ന വെളുത്ത മഴയും എള്ളിന്‍ പാടങ്ങളും കുഞ്ഞു നാളിലെ അവന്‍റെ അമ്മയുടെ താരാട്ടിലും നിറഞ്ഞിരിക്കണം. അതു കൊണ്ടാവാം നേപ്പാളിന്‍റെ ഹിമക്കുളിരിലേക്ക് തലമുറകള്‍ക്ക് ശേഷം വേരുകള്‍ തേടി വീണ്ടും തിരിച്ചെത്തുമ്പോള്‍ അവിടമെല്ലാം പൂര്‍വ്വ ജന്മത്തിലെന്നപോലെ അവനു പരിചിതമായി തോന്നുന്നത്. ഭീംസിംഗിന്‍റെ കുടുംബം സിക്ക് മത വിശ്വാസികളാണ്. പഞ്ചാബിലെ സാധാരണ സര്‍ദാര്‍ജിമാരുടെ കൂട്ടത്തില്‍ പെടാത്ത വേറൊരു ജാതിയത്രേ ഇവര്‍. സിക്കുകാരുടെ പുണ്ണ്യപുരാതന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ മിക്കതും പാക്കിസ്ഥാനിലാണെന്ന് പറയുന്നു അവന്‍ . ഇന്ത്യയിലെ ഹൈന്ദവരുടെ പ്രധാന തീര്‍ത്ഥാടന ഭൂമി ചരിത്രപരമായി നേപ്പാളിലാണെന്നും ഭീം പറയുമ്പോള്‍ അവന്‍ ഒരു ചരിത്ര കുതുകികൂടിയാണെന്നും അറിയുന്നു. പക്ഷെ സിക്ക് മതത്തിന്‍റെ മുഖ്യ അടയാളമായ നീണ്ട തലമുടിയോ, നിറഞ്ഞ തലപ്പാവോ ഭീംസിംഗിനില്ലായിരുന്നു. പുതിയ തലമുറക്ക്‌ അത്തരം ചട്ടവട്ടങ്ങളില്‍ വലിയ താത്പര്യമില്ലെന്ന് അവന്‍ ചിരിയ്ക്കുന്നു. ഇപ്പോള്‍ പഞ്ചാബിലും ചെറുപ്പക്കാര്‍ മിക്കപേരും മുടി നീട്ടുകയോ തലപ്പാവ് വെയ്ക്കുകയോ ചെയ്യുന്നില്ലത്രേ. രണ്ടു വര്‍ഷം മുന്‍പ് വരെ ഭീംസിംഗിനും, അരക്കെട്ടോളം എത്തുന്ന, ചുരുട്ടി മടക്കി വെച്ച തലമുടിയുണ്ടായിരുന്നു. അതാണ്‌ മുറിച്ചു കളഞ്ഞത്. അതിന് അമ്മ അന്ന് ഏറെ വഴക്കു പറയുകയും പിണങ്ങുകയും ചെയ്തു. മതത്തിന്‍റെ പ്രദര്‍ശന അടയാളങ്ങളെ തിരസ്കരിക്കുമ്പോഴും പാകിസ്ഥാനിലെ ഇത് വരെ കാണാത്ത സിക്ക്‌ മത പുണ്ണ്യ കേന്ദ്രങ്ങള്‍ ഭീംസിംഗിന്‍റെ മനസ്സിലുണ്ട്.


ഭീംസിംഗിനു വലിയ സ്വപ്‌നങ്ങള്‍ ഒന്നുമില്ല. കഫീല്‍ കനിഞ്ഞു ഇക്കാമ ഒന്ന് പുതുക്കി കിട്ടണം, ഉള്ള ജോലിയും ശമ്പളവും മുടക്കമില്ലാതെ തുടര്‍ന്ന് പോവണം. അമ്മയ്ക്ക് ചികിത്സക്കും വീട്ടിലെ ചിലവിനും തവണ തെറ്റാതെ പണമെത്തിക്കണം.


ജലന്ധറില്‍ പിന്നിട്ട ദിനങ്ങളേയും, പിരിഞ്ഞു പോന്ന കൂട്ടുകാരെയും ഓര്‍ത്ത് മനസ്സ് ഗ്രഹാതുരമാവുന്നുവെങ്കിലും, നേപ്പാളിലെ തന്‍റെ കുടുംബ വേരുകളിലേക്ക് പുനരര്‍പ്പണം ചെയ്തു പതിയെ പുതിയ പ്രതീക്ഷകളില്‍ മുഴുകുകയാണ്. ഇതു പറഞ്ഞ് ഭീംസിംഗ് പിന്നെയും പുഞ്ചിരിക്കുന്നു. ഹിമാലയത്തിന്‍റെ താഴ്വരകളിലെ വെളുത്ത മഴപോലെ, എള്ളിന്‍ പാടങ്ങളും, ആപ്ള്‍ തോട്ടങ്ങളും തലോടിയെത്തുന്ന കുളിരാര്‍ന്ന ഇളം തെന്നല്‍ പോലെ….

Sunday, July 1, 2012

ഗാന്ധിജി, വേറിട്ടൊരു വായന

"I do not accept the claim of saintliness, I am prone to as many weaknesses as you are." - Ghandhiji
"വിശുദ്ധാത്മാവ് എന്ന വിശേഷണം എനിക്ക് സ്വീകാര്യമല്ല. സാധാരണ മനുഷ്യര്‍ക്കുള്ള എല്ലാ ദൌര്‍ബല്യങ്ങളും എനിക്കും ബാധകമാണ്."  -ഗാന്ധിജി. 

Great Soul: Mahatma Gandhi and his Struggle with India
Joseph Lelyveld
knopf (e-book)
Kindle price Rs 729 ($16.80)
ഗാന്ധിജിയുടെതായി ഇറങ്ങിയതില്‍ വേറിട്ടു നില്‍ക്കുന്ന ഈ ജീവചരിത്രം തരക്കേടില്ലാത്ത ഒരു വായനയാണ്. ചില വിവാദങ്ങള്‍ കാരണമായി ഇത് ഗുജറാത്തില്‍ നിരോധിക്കപ്പെട്ടിരുന്നു. ഈ പുസ്തകത്തില്‍ ഗാന്ധിജിയുടെ സൗത്താഫ്രിക്കയിലെ ജീവിതത്തെയും, ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷമുള്ള കാലഘട്ടത്തെയും തുല്യമായി വീതിച്ചു വിവരിച്ചിരിക്കുന്നു. അദ്ദേഹത്തെ പറ്റിയുള്ള പരിപൂര്‍ണമായ ഒരു പഠനമല്ല ഇത്. പതിവ് രീതികളില്‍ നിന്ന് വിട്ടു മാറി ഗാന്ധിജിയെ ഒരു സാധാരണ മനുഷ്യനായി പഠനവിധേയമാക്കുന്നു എന്നത് ഈ ജീവചരിത്രത്തെ ശ്രദ്ധേയമാക്കുന്നു.

1888 ല്‍ അഭിഭാഷക ബിരുദത്തിനു പഠിക്കാന്‍ ബ്രിട്ടനിലെ യൂനിവേഴ്സിറ്റി കോളജ് ലണ്ടന്‍ ലേക്ക് പോയ ഗാന്ധിജി 1891ലാണ് പഠനം കഴിഞ്ഞു ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. ഇന്ത്യയിലെത്തിയ ശേഷം ഒരു അഭിഭാഷകനായി തൊഴില്‍ നോക്കാനുള്ള  ഗാന്ധിജിയുടെ ആദ്യശ്രമം പരാജയപ്പെടുന്നു. ആളുകള്‍ക്ക് മുന്‍പില്‍ ഉച്ചത്തില്‍ സംസാരിക്കാനുള്ള സങ്കോചം കാരണമായിരുന്നു അത്.  ഈ സമയത്താണ്, 1893 ല്‍, സൗത്താഫ്രിക്കയിലെ Dada Abdulla & Co. എന്ന സ്ഥാപനത്തിന്‍റെ നിയമ വ്യവഹാരങ്ങളുടെ നടത്തിപ്പിന് ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പ് വെച്ച് ഗാന്ധിജി ദര്‍ബനിലേക്ക് വണ്ടി കയറുന്നത്. അന്ന് അദ്ദേഹത്തിന് 23 വയസ്സ്. ഇന്ത്യയെ പോലെ സൗത്താഫ്രിക്കയും ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന് കീഴിലായിരുന്ന കാലം.  21 വര്‍ഷം ഗാന്ധിജി അവിടെ ചിലവഴിച്ചു. ഈ കാലത്താണ് അദ്ദേഹം തന്‍റെ രാഷ്ട്രീയം തിരിച്ചറിയുന്നതും നേതൃത്വപാടവം സ്വായത്തമാക്കുന്നതും.
ഗാന്ധിജി സൗത്താഫ്രിക്കയില്‍, 1895

കൊടിയ ജാതി വിവേചനത്തിന്‍റെ നാട്ടില്‍ നിന്ന് വര്‍ണ്ണ വിവേചനത്തിന്‍റെ നാട്ടിലെത്തിയ ഗാന്ധിജിയെ അവിടത്തെ അവസ്ഥയില്‍ അത്ഭുതപ്പെടുത്തേണ്ടതായിട്ട് ഒന്നുമുണ്ടായിരുന്നില്ല. പക്ഷെ വെളുത്തവന്‍ കറുത്തവനെതിരെ കാണിക്കുന്ന വര്‍ണ്ണ വിവേചനത്തിന് തവിട്ടു നിറക്കാരനായ താനും ഇരയാകുന്നതാണ് അദ്ദേഹം പിന്നീടു കണ്ടത്. ഇന്ത്യയില്‍ നിന്നുള്ള സാധാരണ കൂലി തൊഴിലാളികള്‍ക്കൊപ്പം ക്ലേശകരമായ തൊഴില്‍  പാര്‍പ്പിടങ്ങളില്‍ അതിലും ഉയര്‍ന്ന നിലയിലുള്ള തന്നെപ്പോലുള്ള ഇന്ത്യക്കാരെ കുടിയിരുത്തിയതും പരിചരിക്കപ്പെട്ടതും അദ്ദേഹത്തെ അമ്പരപ്പിച്ചു. തെക്കേ ഇന്ത്യക്കാരായ ആ കൂലിത്തൊഴിലാളികള്‍ മുഴുവനും ഏതാണ്ട് അര്‍ദ്ധ അടിമത്ത അവസ്ഥയിലാണ് അന്ന് അവിടെ ജോലി ചെയ്തിരുന്നത്. അവിടെ നിന്നാണ് സൗത്താഫ്രിക്കയില്‍ വെള്ളക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും ഇടയിലെ തുല്യതക്കു വേണ്ടിയുള്ള അഹിംസയിലൂന്നിയ സമരത്തിലേക്ക് ഗാന്ധിജി പതുക്കെ പ്രയാണം തുടങ്ങുന്നത്. കറുത്തവര്‍ അനുഭവിക്കുന്ന വര്‍ണ്ണ വിവേചനത്തിനെതിരെ ഗാന്ധിജി പ്രതികരിക്കാന്‍ തുടങ്ങുന്നത് പിന്നെയും ഏറെ കാലം കഴിഞ്ഞായിരുന്നു. താഴെക്കിടയിലുള്ള ഇന്ത്യന്‍ കൂലി തൊഴിലാളികളും അതിലും ഉയര്‍ന്ന നിലയിലുള്ള തന്നെപോലുള്ളവരും എന്ന വിവേചന ബോധത്തില്‍ നിന്ന് സ്വയം മുക്തനായി ഇന്ത്യക്കാര്‍ക്കെല്ലാവര്‍ക്കും ഒരുപോലെ അവകാശങ്ങള്‍ നേടിയെടുക്കാനായി പിന്നീട് ഗാന്ധിജിയുടെ ശ്രമം. അത് പിന്നെ  ജാതി നിര്‍മാര്‍ജ്ജചിന്തയിലേക്കും ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അകലം കുറക്കാനുള്ള വഴികള്‍ തേടുന്നതിലേക്കും അനിവാര്യമായും ഗാന്ധിജിയെ നയിച്ചു . 

എന്നാല്‍ ബ്രിട്ടിഷ് കോളനി ഭരണക്കാരോട് ചേര്‍ന്നു നിന്ന് പ്രവര്‍ത്തിച്ച ഗാന്ധിജിയേയും ഈ കാലഘട്ടത്തില്‍ തന്നെ ദൃശ്യമാവുന്നുണ്ട്. ഉദാഹരണത്തിന് സൗത്ത് ആഫ്രിക്കയിലെ കറമ്പന്‍ വര്‍ഗ്ഗക്കാരിലെ ഒരു പ്രബലവിഭാഗക്കാരായ സുലു (Zulu ) വംശജര്‍ വെള്ളക്കാര്‍ക്കെതിരെ നടത്തിയ Boer war എന്നറിയപ്പെടുന്ന രണ്ടാം ചെറുത്തു നില്പ് സമരകാലത്ത്. ഈ യുദ്ധത്തിനിടെ ഒരു ഘട്ടത്തില്‍ മുറിവേല്‍ക്കുന്ന ബ്രിട്ടീഷ്‌ സൈനികരെ പരിചരിക്കാനായി, ബ്രിട്ടീഷ്‌ മേലാളരുടെ ആശീര്‍വാദത്തോടെ ഇരുപതു ഇന്ത്യക്കാരടങ്ങുന്ന ഒരു ഇന്ത്യന്‍ stretcher-bearer corps ന് രൂപം കൊടുക്കുകയും അതിനെ നയിക്കുകയും ചെയ്യുന്നുണ്ട് ഗാന്ധിജി, രണ്ടു മാസത്തോളം. 
ബ്രിട്ടിഷ് - ബോയര്‍ യ്ദ്ധകാലത്ത്  Indian Ambulance Corps ലെ അംഗങ്ങളുടെ ചിത്രം. ഗാന്ധിജിയെയും കാണാം.
പിന്‍ നിരയില്‍ ഇടത്ത് നിന്ന്: H. Kitchen, L. Panday, R. Panday, J. Royeppen, R.K. Khan, L. Gabriel, M.K. Kotharee, E. Peters, D. Vinden, V. Madanjit. 
മധ്യനിരയില്‍ : W. Jonathan, V. Lawrence, M.H. Nazar, Dr. L.P. Booth, M.K. Gandhi, P.K. Naidoo, M. Royeppen. 
മുന്‍നിരയില്‍: S. Shadrach, "Professor" Dhundee, S.D. Moddley, A. David, A.A. Gandhi.
 കടുത്ത ഗാന്ധിജിയാരാധകര്‍ വിയോജിച്ചേക്കാവുന്ന ചില കാര്യങ്ങളും ഈ പുസ്തകത്തില്‍ പരാമര്‍ശവിധേയമാവുന്നുണ്ട്. അതില്‍ മുഖ്യമായ ഒന്ന് ഗാന്ധിജിക്ക് തന്‍റെ സൗത്താഫ്രിക്കന്‍ ജീവിത കാലത്ത് ഹെര്‍മന്‍ - കലന്‍ബാച്ച് എന്ന ഒരു ജര്‍മന്‍-ജൂത യുവാവുമായി ഉണ്ടായിരുന്ന അസാധാരണ സ്നേഹ ബന്ധത്തെ കുറിച്ചുള്ളതാണ്. ഒരു ആര്‍ക്കിടെക്റ്റും ബോഡിബില്‍ഡറുമായിരുന്നു ഹെര്‍മന്‍ . രണ്ടു പേരും സൗത്ത് ആഫ്രിക്കയില്‍ ജോലി ചെയ്യുന്ന കാലത്താണ് പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് അവര്‍ തമ്മില്‍ ഏറെ അടുക്കുകയും ഒരു ദീര്‍ഘകാല ബന്ധത്തിലേക്ക് അത് വളരുകയും ചെയ്തു. ഹെര്‍മന് അയച്ച സന്ദേശങ്ങളില്‍ ഗാന്ധിജി തന്നെ എഴുതിയ പല വരികളും അവരുടെ  സൗഹൃദത്തിന്‍റെ കൂടിയ ആഴം പ്രകടമാക്കുന്നവയാണെന്നു വിലയിരുത്തപ്പെടുന്നു. അവയില്‍ ചിലത് ഇങ്ങിനെ വായിക്കാം. "Your portrait (the only one) stands on my mantelpiece in my bedroom,The mantelpiece is opposite to the bed." "how completely you have taken ­possession of my body. This is slavery with a vengeance." Gandhi nicknamed himself "Upper House" and Kallenbach "Lower House," and he made Lower House promise not to "look lustfully upon any woman." The two then pledged "more love, and yet more love . . . such love as they hope the world has not yet seen." 
"നിന്‍റെ ചിത്രം മാത്രമാണ് എന്‍റെ ശയനമുറിയില്‍ ആകെയുള്ളത്. എന്‍റെ ശരീരത്തെയാകെയും നീ കവര്‍ന്നെടുത്തിരിക്കുന്നു, എല്ലാം അടിയറ വെയ്ക്കുന്ന ഒരു അടിമത്തം പൂര്‍വാധികം തീക്ഷ്ണമായിരിക്കുന്നു. ഒരു പെണ്ണിനേയും നീ മോഹത്തോടെ നോക്കരുത്, ലോകം ഇത് വരെയും കാണാത്ത ഒരു സ്നേഹബന്ധത്തിനായി നമുക്ക് പ്രതിജ്ഞയെടുക്കാം.."


ഗാന്ധിജി ഇന്ത്യയില്‍ തിരിച്ചെത്തിയത്‌ 1914 ല്‍ ആയിരുന്നു. താമസിയാതെ തന്നെ അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്‍റെ തീച്ചൂളയിലേക്ക് എടുത്തു ചാടുകയും ചെയ്തു. ജയിലിലും പുറത്തുമായി ആ പോരാട്ടം ശക്തി പ്രാപിച്ചു. ബ്രിട്ടീഷ്‌ രാജിനെതിരെയുള്ള നിസ്സഹകരണ പ്രസ്ഥാനവും 1930 ല്‍ നടന്ന ഉപ്പു സത്യാഗ്രഹവും ഒക്കെയായി അത് മുന്നേറി. 90,000 പരം പേര്‍ തടവിലാക്കപ്പെട്ട ഉപ്പു സത്യാഗ്രഹം കോളനി വാഴ്ച്ചക്കാരുടെ ഭരണത്തിന്‍റെ ആണിക്കല്ലിളക്കി. ഇക്കാലയളവില്‍ തന്നെ ദലിതുകള്‍ക്കൊപ്പം ജീവിച്ചും, അവരുടെ കുലത്തൊഴില്‍ വരെ സ്വയം ചെയ്തു കാണിച്ചും ഗാന്ധിജി ആത്മീയമായും രാഷ്ട്രീയമായും പുതിയൊരു മാതൃകാപാത കാണിച്ചു തന്നു.


ഗാന്ധിജിയെ വിടാതെ പിടി കൂടിയിരുന്ന സമ്പൂര്‍ണ്ണ ബ്രഹ്മചര്യത്തോടുള്ള അഭിനിവേശം സാധാരണ  യുക്തിക്ക് പിടി തരാത്ത പല തലങ്ങളിലേക്കും അദ്ദേഹത്തെ നയിച്ചു എന്ന് കാണാം. ഇതിന്‍റെ ഫലമായാവണം അദ്ദേഹം വിവസ്ത്രരായ യുവതികള്‍ക്കൊപ്പം അതെ അവസ്ഥയില്‍ രാവുകള്‍ ഉറങ്ങിയത്. ദേഹത്തിന്‍റെ ആത്യന്തികമായ എല്ലാ പ്രലോഭനങ്ങളേയും വരുതിയിലാക്കി ബ്രഹ്മചര്യത്തെ ഊതിക്കാച്ചിയെടുക്കാനുള്ള അതി തീവ്രമായ ശ്രമമായിരുന്നു അത്. ഈ നേരങ്ങളില്‍ എത്ര പ്രയത്നിച്ചിട്ടും ഫലമില്ലാതെ രൂപമെടുത്ത ശാരീരിക ചോദനകളുടെ ചെറു ഉണര്‍വ്വുകളി‍ല്‍ പോലും അദ്ദേഹം വിഷാദം കൊണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു.  അതിനെ സൂചിപ്പിച്ചു കൊണ്ട് ഇങ്ങിനെ പറഞ്ഞതായി കാണാം.  "Despite my best efforts, the organ remained aroused. It was an altogether strange and shameful experience." 


ഇന്ത്യ നേടിയെടുക്കേണ്ട സ്വരാജ് (self rule) ആയിരുന്നു ഗാന്ധിജിയുടെ സ്വപ്നം. അതിന്‍റെ അടിസ്ഥാന സ്തംഭങ്ങളായി അദ്ദേഹം എണ്ണിപ്പറഞ്ഞത്‌ നാല് കാര്യങ്ങളായിരുന്നു. തകര്‍ക്കപ്പെടരുതാത്ത ഹിന്ദു-മുസ്‌ലിം സൗഹൃദം, അഹിംസയെന്ന സിദ്ധാന്തത്തെ പ്രയോഗിക ജീവിതത്തിലെ നിയമമാക്കല്‍, ലക്ഷക്കണക്കായ ഇന്ത്യന്‍ ഗ്രാമങ്ങളെ ആകെയും  നൂല്‍ നെയ്ത്തു വ്യവസായത്തിലൂടെയും മറ്റുമായി സ്വയം പര്യാപ്തമാക്കുക, ജാതി വിവേചനത്തിനും തൊട്ടുകൂടായ്മക്കും പൂര്‍ണ്ണമായി അറുതി വരുത്തുക. എന്നിവയായിരുന്നു അവ. പക്ഷെ ഈ വഴിക്കുള്ള പ്രയാണത്തില്‍ ഒരു പരിധിക്കപ്പുറം വിജയം കാണാനായില്ല. ഒരു കൂട്ടം യാഥാസ്ഥിക ഹിന്ദുക്കള്‍ അദ്ദേഹത്തെ മുസ്‌ലിം പക്ഷപാതിയെന്നു വിലയിരുത്തി. അതെ ഗണത്തില്‍ പെട്ട ഒരു കൂട്ടം  മുസ്‌ലിംകളാകട്ടെ ഗാന്ധിജിയുടെ ഐക്യാഹ്വാനത്തെ ഒരു ഹൈന്ദവ ഗൂഡാലോചനാതന്ത്രമായി കണ്ടു. ബ്രിട്ടീഷുകാര്‍ ഗാന്ധിജിയെ ഒരു കപടവേഷക്കാരനെന്നു ധരിച്ചു. ഇടതു സഖാക്കള്‍ അദ്ദേഹത്തെ പിന്തിരിപ്പന്‍ എന്ന് വിലയിരുത്തി. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ ശില്പിയും ദലിത്‌ നേതാവുമായ ഭീംറാവു അംബേദ്ക്കര്‍ ഗാന്ധിജിയുടെ തൊട്ടുകൂടായ്മക്കെതിരെയുള്ള സമരത്തെ ദലിതുകളോടുള്ള ഒരു കബളിപ്പിക്കല്‍ ചടങ്ങ് മാത്രമായി വിലയിരുത്തി. ദലിതുകളെ ഗാന്ധിജി ഹരിജന്‍ എന്ന് വിളിച്ചതിനെയും അംബേദ്ക്കര്‍ എതിര്‍ത്തു. തകര്‍ന്നു ചിതറിയവര്‍ എന്നര്‍ത്ഥം വരുന്ന സംസ്കൃത പദം "ദലിത്‌ " എന്ന വാക്കാണ്‌ തന്‍റെ വംശത്തെ വിളിക്കാന്‍ അംബേദ്ക്കര്‍ തിരഞ്ഞെടുത്തത്.
ഗാന്ധിയും നെഹ്റുവും.1942


ബ്രിട്ടിഷുകാരില്‍ നിന്നുള്ള കേവല സ്വാതന്ത്ര്യമായിരുന്നില്ല. ഗാന്ധിജിയുടെ സ്വപനം. തന്‍റെ ജനതയുടെ മനസ്സുകളില്‍ ഉറഞ്ഞു കൂടിപ്പോയ അബദ്ധ ധാരണകളില്‍ നിന്നും വ്യര്‍ത്ഥമായ സ്പര്‍ദ്ധകളില്‍ നിന്നുമൊക്കെയുള്ള സമ്പൂര്‍ണ വിമോചനമായിരുന്നു അത്, അതിന്‍റെ ഉപോല്പന്നമായി അനിവാര്യമായും വന്നെത്തുന്ന ബ്രിട്ടീഷ്‌കാരില്‍ നിന്നുള്ള സ്വാതന്ത്ര്യവും. ഇതില്‍ അവസാനം പറഞ്ഞ സ്വാതന്ത്ര്യം മാത്രം ലഭ്യമാവുകയും ബാക്കിയെല്ലാം ഏറിയ അളവോളം സ്വപ്നം മാത്രമായി അവശേഷിക്കുകയും ചെയ്തു. ഗോദ്സേയുടെ വെടിയുണ്ടകള്‍ക്കിരയായി വധിക്കപ്പെട്ടു എന്നുള്ളതായിരുന്നില്ല ഗാന്ധിജി നേരിട്ട ഏറ്റവും വലിയ ദുരന്തം. മറിച്ച് അദ്ദേഹം കാണാന്‍ ശ്രമിച്ച സ്വപ്നങ്ങളില്‍ സാധാരണ പൌരനു പോലും പ്രതീക്ഷകള്‍ നഷ്ടമായി എന്നതായിരുന്നു.


വധിക്കപ്പെടുന്നതിന് രണ്ടാഴ്ച മുന്‍പ് ഗാന്ധിജി ഇങ്ങിനെ കുറിച്ചിട്ടു: ഹിന്ദുക്കളെന്നോ മുസ്‌ലിംകളെന്നോ സിക്കുകാരെന്നോ പാഴ്സികളെന്നോ ഉള്ളതെല്ലാം നമ്മള്‍ മറക്കുക. ഏതു പേര് ചൊല്ലി നാം വിളിച്ചാലും ദൈവം ഒന്ന് മാത്രമാണ്. ഈ വാക്കുകള്‍ അന്ന് പ്രസക്തമായിരുന്നു. ഇന്നും അങ്ങിനെ തന്നെ, ഇന്ത്യക്കും, ലോകത്തിനാകെ തന്നെയും.

Tuesday, April 17, 2012

ആന്റില

അംബാനിയുടെ ആന്റില
മുംബയിലെ മാനത്തെ നക്ഷത്രക്കൊട്ടാരം.
ആലീസിന്‍ അത്ഭുതക്കാഴ്ച്ചയല്ല
ലോകത്തിന്‍ നെറുകയിലെ അതിശയ താരകം.
 

ആകാശം ചുംബിക്കുമിരുപത്തേഴു മാളികകള്‍
മേഘവാഹിനിയിറങ്ങാന്‍ മൂന്ന് ഹെലിപ്പാടുകള്‍
ഒഴുകിയിറങ്ങുന്ന ഒന്‍പത് ലിഫ്റ്റുകള്‍
ബാല്‍ക്കണികള്‍ പോലെ ഉയരത്തിലുദ്യാനങ്ങള്‍
ആറു നിലകളില്‍ പാര്‍ക്കിംഗ് റോഡുശകടങ്ങള്‍ക്കായ്
സദാ സന്നദ്ധരായ് എഴുനൂറു വീട്ടുവേലക്കാര്‍
അറബിക്കഥകളിലെ ആശ്ചര്യമൂറ്റുന്ന
ആയിരത്തൊന്നല്ല വിസ്മയക്കാഴ്ച്ചകള്‍.

 

"ഭൂമിയിലേറ്റം വിലയേറും ഭവനം 
ജി.ഡി.പി* ഉയരുന്ന നിന്‍ നാട്ടിലാണല്ലോ!" 
അത്ഭുതം കൂറി പരദേശിയൊരുവന്‍‍
പത്രത്താളില്‍ നിന്നറിയാതെ തലയൂരി
നിറയുമാരാധനയോടെന്നെ കണ്ണെറിയുന്നങ്ങിനെ

തിളങ്ങുന്നയിന്ത്യയുടെയോമല്‍ പ്രതീകമായ്
സാകൂതം നിന്നു ഞാനൊട്ടുമഹങ്കാരമില്ലാതെ.  


പിന്നെ പത്രത്തിനിരുതാളുകള്‍ സൂത്രത്തില്‍
ചേര്‍ത്തു മറിച്ചു ഞാന്‍ മിഴി ചിമ്മിത്തുറക്കുംപോല്‍
ചെറുകോളത്തിലൊരു ചെറുവാര്‍ത്തയതിനിടയില്‍

ചത്തു ചതഞ്ഞു പ്രേതമായ് കിടക്കുന്നു;
ഇരുപത്തിരണ്ടു രൂപക്ക് കീഴോട്ട്

പട്ടിണി രേഖ പിന്നെയും താഴ്ത്തി വരച്ചതും,

മൂന്നില്‍ രണ്ടെന്നു പ്രജകളെന്നിട്ടും
പുതിയ വരയുടെയടിയില്‍ കിടപ്പതും, 

അന്നമില്ലാതെയര്‍ദ്ധനഗ്നരായവര്‍
തണുത്തുറയുന്ന പുലര്ക്കാല‍ വേളകളില്‍
നഗരപ്രാന്തങ്ങളിലഴുക്കിന്‍ ചേരികളിലെ ‍
തെരുവുതിണ്ണയിലുണരുന്ന നിര്‍വര്‍ണ്ണ ചിത്രവും.


 *GDP (Gross domestic product, മൊത്ത ആഭ്യന്തര ഉല്പാദന വളര്ച്ച)

Sunday, April 1, 2012

നമുക്കില്ലൊരു ലോകം


വിശാലമായ റൌണ്ടബൌട്ടിന്‍റെ  ഓരത്തുള്ള വലിയ മക്‌ഡൊനാള്‍ഡ്സ് ഫാസ്റ്റ് ഫുഡ്‌ ഭോജനശാലയും കഴിഞ്ഞു ഇടത്തോട്ടു തിരിയുന്ന റോഡില്‍ വെച്ചാണ് ആഫ്രിക്കക്കാരനായ ആ ചെറുപ്പക്കാരനെ കണ്ടത്. വിജനമായ റോഡിന്‍റെ  ഇരു വശത്തും ഒതുക്കമില്ലാതെ കാറുകള്‍ പാര്‍ക്ക് ചെയ്തു കിടന്നിരുന്നു. നെറുകയില്‍ സൂര്യന്‍ കനല്‍ പെയ്തു നിന്നു. സ്കൂള്‍ പ്രായത്തിലുള്ള ഒരു കൂട്ടം ആണ്‍പിള്ളേര്‍ സൈക്കിളിലേറി ബഹളം വെച്ചുകൊണ്ട് അരുതാത്ത വേഗത്തില്‍ അരികിലൂടെ മുന്നോട്ടു പാഞ്ഞു പോയി. റോഡരികിലുള്ള ഫ്ലാറ്റുകളില്‍ നിന്ന് പാകം ചെയ്യപ്പെടുന്ന ഉച്ചഭക്ഷണത്തിന്‍റെ മണം നാസാരന്ധ്രങ്ങളിലേക്ക് പടര്‍ന്നു കയറിയപ്പോള്‍ വയറിന്‍റെ അടിത്തട്ടില്‍ വിശപ്പ്‌ ഉറക്കമുണര്‍ന്നു.

ഈ നിരത്ത് പിന്നിട്ടാല്‍ അപ്പുറത്തെ പ്രധാന റോഡിലെത്താം. അവിടെ മികവാര്‍ന്ന നാലുവരിപ്പാതയിലൂടെ അതിവേഗത്തില്‍ ഒഴുകി നീങ്ങുന്ന വാഹന നിരകള്‍ കാണും. അവ മുന്നിലെ സിഗ്നല്‍ പോസ്റ്റില്‍ ചുവപ്പ് ലൈറ്റ് തെളിയുമ്പോള്‍ ബ്രേക്കിട്ടു ഞരങ്ങി നില്‍ക്കുന്നു. പച്ചവെളിച്ചം തെളിയാന്‍ സ്റ്റിയറിങ്ങില്‍ അക്ഷമരായി താളമിട്ടിരിക്കുന്ന മുഖങ്ങള്‍ക്കിടയിലൂടെ നടന്നു കുടിവെള്ള ബോട്ടിലുകള്‍ വില്‍ക്കുന്ന ഒന്നോ രണ്ടോ ബംഗാളികളോ മറ്റു നാട്ടുകാരോ കാണും. രണ്ടു ചുവപ്പ് തെളിച്ചങ്ങള്‍‍ക്കിടയിലെ ഇട മുറിഞ്ഞുള്ള കച്ചവടം. ഇതിനിടയിലൂടെ ഇരുണ്ട നിറവും ചുരുണ്ട മുടിയുമുള്ള ഒരു ബാലനോ ബാലികയോ ഭിക്ഷ യാചിക്കുന്ന കാഴ്ചയും കാണാം ചിലയിടങ്ങളില്‍. വിദേശ നിര്‍മിത ആഡംബര വാഹനങ്ങളുടെ തിളക്കമാര്‍ന്ന ചില്ലുജാലകത്തിലൂടെ എത്തി നോക്കി അവര്‍ മുട്ടി വിളിക്കുന്നു. വെയില്‍ കുടിച്ചു വരണ്ട മുഖവുമായി, ചെറിയ ചൂണ്ടു വിരല്‍ അല്പം വളച്ച് ഉയര്‍ത്തിക്കാണിച്ച് ഒരു റിയാലിന് കെഞ്ചുന്ന ശൂന്യമായ മിഴികള്‍. ഒരു കൈകൊണ്ട്‌ പുതിയ ഇലക്ട്രോണിക് ഗയിം കളിച്ചും മറുകൈകൊണ്ട് ബാസ്കിന്‍ റോബിന്‍സ് ഐസ്ക്രീം നുണഞ്ഞുമിരിക്കുന്ന വിടര്‍ന്ന കണ്ണുകളുമുള്ള ബാല്യ-കൌമാരങ്ങള്‍ ശീതീകരിച്ച കാറിനകത്ത്, വേറൊരു ലോകത്ത്.

പൊതു സ്ഥലത്തെ ഭിക്ഷാടനം അനുവദനീയമല്ല. ആഫ്രിക്കയില്‍ നിന്നു കുടിയേറി വന്നു തിരിച്ചു പോവാത്തവരുടെ കുട്ടികളാണ് മിക്കപ്പോഴും നിയമം ലംഘിച്ചു കാശിനു കൈ കാണിക്കുന്നത്. തൊഴിലെടുക്കാവുന്ന സാഹചര്യമുണ്ടായിരുന്നിട്ടും അതു ചെയ്യാനിഷ്ടപ്പെടാത്ത അവരുടെ രക്ഷിതാക്കള്‍ തന്നെയാവും കുട്ടികളെ ഇരക്കാനിറക്കുന്നത്. ഇതില്‍ കുറേ പേര്‍ വളരുമ്പോള്‍ പിടിച്ചുപറിക്കാരായി രൂപാന്തരപ്പെടുന്നു.

സിഗ്നലിലേക്ക് എത്താനായി ധൃതിയില്‍ നടക്കവേയാണ് അയാള്‍ എനിക്കെതിരെ വരുന്നത് ശ്രദ്ധയില്‍ പെട്ടത്. പാതയോരങ്ങളില്‍ ആളൊഴിഞ്ഞ നേരത്ത് പിടിച്ചുപറിക്കാരന്‍റെ ലക്ഷണമൊത്ത ഒരു ആഫ്രിക്കന്‍ വംശജന്‍റെ മുന്നില്‍ ചെന്ന് പെടുകയെന്നത് നഗരത്തിലെ പ്രവാസികളുടെ പേക്കിനാവുകളിലൊന്നാണ്. അറിയാത്ത പോലെ വഴി മാറി നടക്കാനാണ് സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ അതിജീവന ബോധം അവനെ ഉണര്‍ത്തുക. എന്ത് ചെയ്യണമെന്നറിയാതെ ‍ അയാളുടെ ശരീര ഭാഷ ഗ്രഹിക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ നാലു പാടും കണ്ണു പായിച്ചു. അല്പം ചടച്ച ശരീര പ്രകൃതിയാണ് അയാള്‍ക്ക്‌. ഒരു ആക്രമണം ഉണ്ടായാല്‍ അയാളെ തള്ളി മാറ്റി മുന്നോട്ടു പോകാന്‍ കഴിയുമെന്ന് തോന്നി. മാരകായുധങ്ങളൊന്നും അയാളുടെ പക്കലില്ലെങ്കില്‍. മനസ്സില്‍ അപായചിന്തകളുടെ തിരയിളക്കം.

അയാള്‍ അടുത്തെത്തി. അല്പം മഞ്ഞ നിറം കലര്‍ന്ന പല്ലുകള്‍ പുറത്തു കാണിക്കുന്ന വ്യക്തതയില്ലാത്ത വാക്കുകള്‍. പുഞ്ചിരിക്കുമ്പോള്‍ അയാളുടെ മേല്‍ ചുണ്ടിന്‍റെ ഒരു വശം അധികമായി മേലോട്ട് വിടരുന്നതിനാല്‍ അയാള്‍ ചിരിക്കും കരച്ചിലിനും ഇടയില്‍ ശങ്കിച്ച് നില്‍ക്കുന്ന പോലെ തോന്നിച്ചു. അധികം പൊക്കമില്ലാത്ത അയാളുടെ ഇന്‍ ചെയ്ത ഷര്‍ട്ടിന്‍റെ ഒരു വശം പാന്റിനു വെളിയിലേക്ക് തൂങ്ങി കിടക്കുന്നു. എന്തോ, ആരെയോ തിരയുന്ന പോലെയുള്ള മുഖഭാവം.

"അന മാഫീ ആലിബാബ, മാഫീ ഖഊഫ്, മാഫീ ഖഊഫ് , അന സുഡാനി, സുഡാനി " "ഞാന്‍ പിടിച്ചു പറിക്കാരനല്ല, പേടിക്കേണ്ട, ഞാന്‍ സുഡാന്‍കാരനാണ്." അത്ര സ്ഫുടമാല്ലാത്ത സ്വരത്തില്‍ അയാള്‍ എന്നെ സാന്ത്വനിപ്പിക്കാനെന്നപോലെ പറയുന്നു.

സുഡാനികള്‍ പൊതുവേ പിടിച്ചു പറി സംഘത്തില്‍ ഉള്‍പെ‍ടാറില്ലെന്നാണ് വെയ്പ്. അത് കൊണ്ടായിരിക്കാം അയാള്‍ സുഡാനിയാണെന്നു ആവര്‍ത്തിച്ചു പറയുന്നത്.

ആള്‍ അടുത്തേക്ക്‌ തന്നെ വരികയാണ്.

"എനിക്ക് എന്‍റെ സഹോദരനെ ഉടനെ വിളിക്കേണ്ടതുണ്ട്. എന്‍റെ ഫോണില്‍ പണം തീര്‍ന്നു പോയി. നിന്‍റെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടോ? " അയാള്‍ ചോദിക്കുന്നു.

എന്തോ വലിയ വിഷമത്തിലകപ്പെട്ടിരിക്കയാണെന്ന് അയാളുടെ മുഖഭാവം കൊണ്ടു തോന്നുന്നു. ഒരു വേള എല്ലാം അഭിനയമാവം. എന്‍റെ പോക്കറ്റിലിരിക്കുന്ന ഐഫോണുമായി ഞൊടിയിടയില്‍ ഓടി മറയുന്ന അയാളെ ഞാന്‍ മനസ്സില്‍ കണ്ടു. അല്ലെങ്കില്‍ എന്‍റെ പക്കലുള്ള പണവും കവര്‍ന്ന് ഒരു പിച്ചാത്തിയിലേക്ക് എന്നെ നിശ്ചലനാക്കി ആ ചുടുവെയിലില്‍ രക്തം വാര്‍ന്നു തീരാനിട്ട് അയാള്‍ കടന്നേക്കാം. ഒന്നിനും ഒരു നിശ്ചയമില്ല. പത്രം തുറന്നാല്‍ മുടങ്ങാതെ കാണുന്ന പിടിച്ചു പറി വാര്‍ത്തകള്‍ മനസ്സില്‍ തെളിഞ്ഞു. അടുത്ത ദിവസത്തേക്കുള്ള മറ്റൊരു കോളം വാര്‍ത്തക്കുള്ള രംഗത്തിന് വേദിയൊരുങ്ങുകയാണെന്ന് തോന്നി.

"അന മാഫീ ആലിബാബ, മാഫീ ഖഊഫ്, മാഫീ ഖഊഫ് , അന സുഡാനി, സുഡാനി" അയാള്‍ ആവര്‍ത്തിക്കുന്നു.

ഒരു നിമിഷം...

കൂടുതല്‍ ആലോചിക്കാതെ പോക്കറ്റില്‍ നിന്ന് ഫോണെടുത്തു അയാള്‍ക്ക്‌ കൊടുത്തു. ആശ്വാസത്തോടെ അയാള്‍ സഹോദരന് ഡയല്‍ ചെയ്യുന്നു. ലൈന്‍ കിട്ടാതെയോ, അതോ അറ്റന്‍ഡ് ചെയ്യപ്പെടാതെയോ ആവാം വീണ്ടും വീണ്ടും ഡയല്‍ ചെയ്യുന്നുണ്ടായിരുന്നു. എന്തും സംഭവിക്കാം. അയാള്‍ കത്തിയെടുക്കുന്നുണ്ടോ, ഭാവം മാറുന്നുണ്ടോ? പെട്ടെന്നാണ് അയാള്‍ ഫോണില്‍ സംസാരിച്ചു തുടങ്ങിയത്. കാര്യങ്ങള്‍ വേഗത്തില്‍ പറഞ്ഞു ഫോണ്‍ ഡിസ്കണക്കറ്റ് ചെയ്തു.

ഫോണ്‍ തിരികെ നല്‍കുമ്പോള്‍ അയാളുടെ മുഖത്ത് തക്ക സമയത്ത് തന്നെ സഹോദരനോട് സംസാരിക്കാന്‍ കഴിഞ്ഞതിന്‍റെ സംതൃപ്തി തെളിഞ്ഞു നിന്നിരുന്നു. എന്നാല്‍, അതിലേറെ ആ മുഖത്തു പ്രകടമായത് അയാള്‍ വിശ്വാസത്തിലെടുക്കപ്പെട്ടതിന്‍റെ ആശ്വാസനിറവായിരുന്നുവെന്ന് തോന്നി. ആ കണ്ണുകള്‍ കൂടുതല്‍ വാചാലമായിരുന്നു. തൊലി കറുത്തു പോയതിനാല്‍ വഴിയോരങ്ങളില്‍ അവിശ്വസിക്കപ്പെടുന്നവന്‍റെ നിസ്സഹായതയും നീറ്റലും. റേഷ്യല്‍ പ്രൊഫൈലിംഗ് എന്ന് വിളിക്കപ്പെടുന്ന, വര്‍ണ്ണത്തിന്‍റെയോ വംശത്തിന്‍റെയോ വിശ്വാസത്തിന്‍റെയോ അടിസ്ഥാനത്തില്‍ ആളുകളെ തരം തിരിച്ചു കുറ്റവാളികളെന്നു മുദ്ര കുത്തി പാര്‍ശ്വവത്കരിക്കുന്ന നടപ്പു ദീനം‍. തിരസ്കരണത്തിന്‍റെ വെളിമ്പുറങ്ങളില്‍ ഞാന്‍ നിരപരാധിയാണെന്ന് സ്വയം നെറ്റിയില്‍ കുറിച്ച് വെക്കേണ്ടി വരുന്ന ദുരവസ്ഥ.

അയാള്‍ പറഞ്ഞത് മുഴുവന്‍ മുഖവിലക്കെടുക്കാന്‍ മനസ്സാ കൂട്ടാക്കാതെ ഞാന്‍ പിന്നെയും എന്‍റെ മുന്‍വിധികളുടെ വേലികള്‍ക്കുള്ളിലേക്ക് മടങ്ങവേ ഏറെ പരിചിതമല്ലാത്ത വാക്-രൂപങ്ങളില്‍ നന്ദി വാചകങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ട് അയാള്‍ അകന്നകന്നു പോയി.

"അന മാഫീ ആലിബാബ...... അന........"

അവ്യക്തമായി, ഒരു വിലാപം പോലെ, പിന്നെയും ഉരുവിട്ടുകൊണ്ടിരുന്നു അയാള്‍.

ആരോടെന്നില്ലാതെ....

(നാട്ടുപച്ച ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത് )

Saturday, February 18, 2012

ചെവിയോര്‍ക്കുക, അന്തിമ കാഹളം

അന്ന്, ഞങ്ങളുടെ ഗ്രാമത്തിലെ പടിഞ്ഞാറെ കവലയില്‍ നിന്ന് നേരെ തെക്കോട്ട് നോക്കിയാല്‍ രണ്ടു കിലോമീറ്ററിലേറെ പാടശേഖരം നീണ്ടു പരന്ന് കിടക്കുന്നത് കാണാമായിരുന്നു. കതിരിട്ടു കനക്കും മുന്‍പുള്ള നാളുകളിലെ പച്ചപ്പട്ടുടുത്തു കിടക്കുന്ന ആ സുന്ദരിപ്പാടം നയനാനന്ദകരമായൊരു കാഴ്ചയായിരുന്നു. അത്ര തന്നെ മനോഹരമായിരുന്നു, പിന്നെ കൊയ്ത്തടുക്കുന്ന കാലത്ത് നീളത്തിലുള്ളൊരു സുവര്‍ണ്ണ കമ്പളം പുതച്ച് തല ചായ്‌ച്ച് കിടന്നുള്ള അവളുടെ ആ മയക്കവും. അതും കഴിഞ്ഞ്, മഴയെത്തും മുന്പെയുള്ള നീണ്ട സ്കൂളവധിക്ക്, മൂത്തു പഴുത്ത ചക്കയും മാമ്പഴവും തിന്നു മദിക്കുന്ന വൈകുന്നേരങ്ങളില്‍ കൊയ്ത്തു കഴിഞ്ഞാളൊഴിഞ്ഞ വേനല്‍ പാടത്ത് കാല്‍പന്ത് കളിക്കുന്ന ചെറുപ്പക്കാരുടെ അടങ്ങാത്ത ആരവങ്ങള്‍, പാടത്തിന്റെ അങ്ങേ തല വരെ നീണ്ടു പോവുന്ന ഉത്സവക്കാഴ്ചകള്‍.

ആ കാഴ്ച അവസാനിക്കുന്നിടത്ത് വെച്ച് പാടം കിഴക്കുഭാഗത്തേക്ക് തിരിഞ്ഞു പോവുന്നു. ആ തിരിവിലായിരുന്നു ടാര്‍ ചെയ്യാത്ത ഒരു റോഡ്‌ വന്നു അവസാനിച്ചിരുന്നത്. വൈകുന്നേരമായാല്‍ മത്സ്യം വാങ്ങാന്‍ കവലയില്‍ നേരത്തെ വന്നു നില്‍ക്കുന്നവരുടെ കണ്ണുകള്‍ തെക്കോട്ടു നീളും. വൈകീട്ട് നാലു മണിക്കും അഞ്ചിനും ഇടയില്‍ പാടത്തിന്റെ അങ്ങേയറ്റത്ത് ഒരു രൂപം പ്രത്യക്ഷപ്പെടും. അയാളുടെ തലയില്‍ ഒരു കുട്ടയുണ്ടെന്ന് ഇങ്ങേയറ്റത്ത് നിന്ന് സൂക്ഷിച്ചു നോക്കിയാല്‍ കാണാമായിരുന്നു. മത്സ്യ വില്‍പനക്കാരന്‍ മുയ്തീന്‍ ആയിരിക്കും അത്. മീനും ഐസും നിറഞ്ഞ കുട്ടയുടെ ഭാരം ബാലന്‍സു ചെയ്തു, റോഡു കഴിഞ്ഞുള്ള പാട വരമ്പിലൂടെ അയാള്‍ തുള്ളിത്തുള്ളി അതിവേഗത്തില്‍ നടന്നു കുറച്ചു സമയത്തിനകം കവലയില്‍ വന്നു ചേരും.

ഏതു വേനലിലും മഴയിലും മുയ്തീന്‍ വന്നിരിക്കും. അഥവാ ഒരു ദിനം വന്നില്ലെങ്കില്‍ അന്ന് കടലിളകിയത് കാരണം മുക്കുവര്‍ കടലില്‍ പോയില്ല എന്നാണു സാരം. ഏതൊരു സര്‍ക്കസ്സുകാരനെയും അതിശയിപ്പിക്കുന്ന പദചലനപാടവത്തോടെ അങ്ങേ തലക്കല്‍ നിന്ന് മുയ്തീന്‍ മെലിഞ്ഞ പാടവരമ്പിലൂടെ വിയര്‍ത്തൊലിച്ചു ഇങ്ങേ തലക്കല്‍ എത്തിയ പാടെ, ഇറക്കി വെച്ച കുട്ടയ്ക്ക് ചുറ്റും ആളുകള്‍ നിറയും. വിശ്രമിക്കാന്‍ നേരമില്ലാതെ മുയ്തീന്‍ വില്പനയാരംഭിക്കും.

രണ്ടു കിലോമീറ്റര്‍ അകലെ ആ തിരിവില്‍ തീര്‍ന്നിരുന്ന ആ റോഡ്‌ കുറെ കാലം മുന്‍പ് ടാര്‍ ചെയ്തു, പാടത്തിന്റെ ഹൃദയത്തെ കീറി മുറിച്ചു ഞങ്ങളുടെ കവലയെ അര്‍ദ്ധ പ്രദക്ഷിണം വെച്ച് പിന്നെയും വടക്കോട്ട് നീണ്ടു പോയി. അതില്‍ നിന്ന് മുള പൊട്ടിയ ഒട്ടനവധി ഉപറോഡുകള്‍ ഗ്രാമത്തിലെ ഇടവഴിയരികുകളെ അരിഞ്ഞു തിന്ന് ഗ്രാമാന്തര്‍ഭാഗങ്ങളിലേക്ക് വളഞ്ഞു പടര്‍ന്ന വള്ളികള്‍ പോലെ അരിച്ചു കയറി. കോണ്‍ക്രീറ്റു സൗധങ്ങളുടെ പരന്ന നിര റോഡിനിരു വശത്തും ഗള്‍ഫ്‌ പണത്തിന്‍റെ അഹങ്കാരമായി ഉയര്‍ന്നു വന്നു. കാര്യമായി അവശേഷിക്കാത്ത പാടത്തിന്‍റെ ശോഷിച്ച അടയാളങ്ങള്‍ വേനലിലെ വറ്റി വരണ്ട പുഴയില്‍ അങ്ങിങ്ങായി ഇടയ്ക്ക് തെളിയുന്ന തുരുത്തുകള്‍ പോലെ കാണപ്പെട്ടു. മനുഷ്യരുടെ നിഴലുകള്‍ കിഴക്കോട്ടു നീളുന്ന നേരത്ത് മീന്‍ ചുമടുമായി കൂക്കി വിളിച്ചു കവലയിലെത്തിയിരുന്ന മുയ്തീന്‍ എന്നോ ഓര്‍മ്മയായി മറഞ്ഞു പോയി.

ഇന്നും മത്സ്യം സമയാസമയം എത്തിച്ചേരുന്നുണ്ട് അടുക്കളകളില്‍. പക്ഷെ അതിനു വേണ്ടി ആരും വൈകീട്ടു കവലയില്‍ കൂടേണ്ടതില്ല. രാവിലെ തന്നെ പ്രത്യേക ഈണത്തിലുള്ള ഒരു ഹോണ്‍ അടി റോഡില്‍ മുഴങ്ങിയാല്‍ വീട്ടു പടിക്കലേക്ക് സ്ത്രീ ജനങ്ങള്‍ പാത്രവുമായി ഓടി ചെല്ലുന്നു. വേണ്ട മത്സ്യം വണ്ടിക്കാരന്‍ പാത്രങ്ങളിലേക്ക് തൂക്കിയിട്ട് കൊടുക്കുന്നു. കാശ് പിന്നെ കൊടുത്താലും മതി.

നമ്മുടെ കടലിലെ മത്സ്യ സമ്പത്ത് മുച്ചൂടും വംശനാശത്തിന്‍റെ വക്കിലാണ് എന്ന വാര്‍ത്ത കേട്ടപ്പോള്‍ വെറുതെ ഓര്‍ത്ത്‌ പോവുകയാണ്. മത്സ്യങ്ങള്‍ മാത്രമല്ല, സമുദ്രത്തിലെ മൊത്തം ജൈവ വ്യവസ്ഥ തന്നെ പൂര്‍ണ നാശത്തിന്‍റെ പിടിയിലാണ് എന്നു പറയുന്നു. 95 ശതമാനം മത്സ്യങ്ങളെയും നാം ഇതിനകം തന്നെ ഇല്ലായ്മ ചെയ്തു കഴിഞ്ഞുവത്രേ. ഉപജീവനത്തിന് വേണ്ടി കടലില്‍ പോവുന്ന മുക്കുവര്‍ അല്ല, മറിച്ചു ധനാര്‍ത്തി മൂത്ത കുത്തക മത്സ്യവ്യാപാര കമ്പനികള്‍ ആണ് ഇതിലെ വില്ലന്‍മാര്‍. ഇത് തദ്ദേശീയ കമ്പനികളാവാം അന്തര്‍ദേശീയമാവാം. മുക്കുവരെ പോലെ വലയെറിഞ്ഞു മീന്‍പിടിയ്ക്കുന്ന പഴഞ്ചന്‍ പരിപ്പാടികളൊന്നും അല്ല അവര്‍ക്കുള്ളത്. അവരുടെ രീതികള്‍ വ്യത്യസ്തവും നൂതനവുമാണ്. മത്സ്യങ്ങള്‍ തിങ്ങിയ ഇടങ്ങള്‍ കൃത്യമായി ഒരു ബട്ടന്‍ അമര്‍ത്തുന്ന വേഗതയില്‍ കാണിച്ചു കൊടുക്കുന്ന സോണാര്‍ യന്ത്രങ്ങള്‍, സ്പോട്ടര്‍ വിമാനങ്ങള്‍, ആധുനിക ട്രോളര്‍, ആയിരക്കണക്കിന് കാതങ്ങള്‍ അകലേക്ക്‌ നീട്ടിയിടാവുന്ന കൂട്ട ചൂണ്ടകള്‍, ഇവയെല്ലാം ഉപയോഗിച്ച് മനുഷ്യന്‍ കടലിന്‍റെ മാറ് പിളര്‍ന്നു മത്സ്യങ്ങളെ മാത്രമല്ല ഒടുക്കികൊണ്ടിരിക്കുന്നത്, നമ്മള്‍ കേള്‍ക്കുക പോലും ചെയ്യാത്ത, സമുദ്രാന്തര്‍ഭാഗത്ത്‌ വസിക്കുന്ന പലവിധ ജീവികളെ ദശാബ്ദങ്ങളായി കൂട്ടത്തോടെ കുരുക്കിയെടുത്തു കച്ചവടമാക്കിക്കൊണ്ടിരിക്കുന്നു

ഉപജീവനത്തിന് വേണ്ടി കടലില്‍ പോവുന്ന മുക്കുവര്‍ ഒരു ദൂര പരിധിക്കപ്പുറം മത്സ്യവേട്ടയ്ക്ക് മുതിരില്ല. അതിന് അവര്‍ക്ക് കഴിയുകയും ഇല്ല. എന്നാല്‍ ആര്‍ത്തി മൂത്ത ആധുനിക വിപണനക്കാര്‍ക്ക് സമുദ്രത്തിന്‍റെ ഉള്‍ദൈര്‍ഘ്യത്തിലോ ആഴത്തിലോ അതിരുകള്‍ ഏതുമില്ല. അവരുടെ നീണ്ടു പോവുന്ന ചൂണ്ടകള്‍ സമുദ്രത്തിന്‍റെ ആമാശയവും കടന്നു കയറി കൊളുത്തി വലിക്കുകയാണ്. അതിലൂടെ മത്സ്യ സമ്പത്തിന് അറുതിയാവുന്നു എന്നത് മാത്രമല്ല, ഉള്‍ക്കടലുകളിലെ ആകെ ജൈവ ആവാസ വ്യവസ്ഥകള്‍ തന്നെ തകിടം മറിക്കപ്പെടുന്നു. ഈ തകര്‍ച്ച അവിടെ ഒതുങ്ങുന്നതല്ല. ഇതിന്‍റെ ദുരന്ത പരിണിതി നേരിട്ട് എത്തുന്നത് മനുഷ്യനിലേക്ക് തന്നെയാത്രെ. കടലിന്റെ കരുണയിലാണ് ജീവവായുപോലും നമ്മെ അനുഗ്രഹിക്കുന്നത്. നമ്മള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ബണ്‍ഡയോക്സെഡ് തന്നിലേക്ക് ആവാഹിച്ചെടുക്കുകയും, നമുക്ക് ശ്വസിക്കാനുള്ള ശുദ്ധവായുവിന്‍റെ ഏറിയ പങ്കിനെയും അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിക്കുകയും (Photosynthetic organisms) ചെയ്യുന്നതു സമുദ്രമാകുന്നു. ചുരുക്കത്തില്‍ കടലിനു ജീവനുള്ളിടത്തോളം കാലമേ മനുഷ്യനും ജീവനുള്ളൂവെന്നര്‍ത്ഥം. നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും കടല്‍ നേരിട്ട് കാണാത്ത ഒരാളാവം, എന്നാലും നിങ്ങളറിയാതെ നിങ്ങള്‍ എടുക്കുന്ന ഓരോ ശ്വാസവും, കുടിക്കുന്ന ഓരോ തുള്ളി വെള്ളവും കടലിന്റെ വറ്റാത്ത കരുണയില്‍ നിന്നാണ് ഉറവ കൊള്ളുന്നത്‌. ഇത് വിസ്മരിച്ചു മനുഷ്യര്‍ നീട്ടിയെറിയുന്ന ചൂണ്ടകള്‍ ആത്യന്തികമായി ചെന്ന് കൊളുത്തുക അവരുടെ തന്നെ ഹൃദയ ധമനികളിലായിരിക്കും.

ദിഗന്തങ്ങള്‍ മുഴങ്ങുന്ന ഒരു കുഴലൂത്തു വിളിയോടെയാണ് ലോകാവസാനത്തിന്റെ ആരംഭം കുറിക്കുക എന്ന് ഉസ്താദ് പണ്ട് പറഞ്ഞതോര്‍ക്കുന്നവരുണ്ടാവും. ആ കുഴലിന്റെ വലിപ്പം ഗണിച്ചെടുക്കാനായി ഓര്‍ത്തോര്‍ത്തു മനസ്സ് വിസ്മയം കൊണ്ട ഒരു ബാല്യം ഏറെ പേരുടേതാവാം. ഇന്ന്, പിടയുന്ന ഈ കടലിന്റെ രോദനത്തില്‍ നിറയുന്നതും അവസാനത്തിന്റെ ആരംഭം കുറിക്കുന്ന ആ കൊമ്പുവിളി തന്നെയാവില്ലേ ഒരു വേള?

ഓര്‍ക്കുക ..ചെവിയോര്‍ക്കുക,... അന്തിമ കാഹളം...

Tuesday, February 7, 2012

കുഞ്ഞുണ്ണിയുടെ സന്ദേഹങ്ങള്‍ "സ്വന്തമായി ബിസ്സിനസ്സ് വല്ലതും ചെയ്‌താല്‍ മാത്രമേ ഇക്കാലത്ത് രക്ഷപെടൂ." എല്ലാവരും ഇതേ കാര്യം തന്നെ പറഞ്ഞപ്പോള്‍ കാലക്രമേണ കുഞ്ഞുണ്ണിയും തലയാട്ടി തുടങ്ങി. എന്നല്ല, നിശ്ചിത ശമ്പളത്തിന് ജോലി ചെയ്തു കഴിയുന്നവരുടെ തീരാത്ത പായാരം പറച്ചിലിനു പരിഹാരമായി തന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ ബുദ്ധി ഈയിടെയായി കുഞ്ഞുണ്ണി മറ്റുള്ളവരോടും ഉപദേശിക്കാന്‍ കൂടി തുടങ്ങിയിരുന്നു. 

അറബ് വസന്തവും സാമ്പത്തിക മാന്ദ്യവും കൈകോര്‍ത്തു വന്നതില്‍ പിന്നെ ഗള്‍ഫ് പ്രവാസികള്‍ കൂടിയ തോതില്‍ തൊഴില്‍ അനിശ്ചിതത്വം നേരിടുന്ന കാലം കൂടിയായതിനാല്‍ ഈ വക ചര്‍ച്ചകള്‍ തന്നെയായിരുന്നു ഒന്നിലേറെ പേര്‍ കൂടുന്നിടത്തെല്ലാം ഏറെയും. ജീവിതവിജയത്തിനാധാരം തീര്‍ച്ചയായും പണമല്ല എന്ന തത്വമായിരുന്നു കുഞ്ഞുണ്ണി ഇത്ര നാളും പിന്‍തുടര്‍ന്ന് പോന്നത്. എന്നാല്‍ ഇത് പറഞ്ഞു തരുന്ന പുണ്ണ്യഗുരുവല്ലഭന്‍ പോലും തന്നെ കേള്‍ക്കാന്‍ കാത്തു നില്‍ക്കുന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന് ആള്‍ക്കൂട്ടങ്ങളിലേക്ക് യാത്ര ചെയ്തത് വേഗതയേറിയ മേഴ്സ്ഡിസ് ബെന്‍സിലാണല്ലോ എന്ന വിരുദ്ധ സത്യം പുലര്‍ക്കാലത്തിനു മുന്‍പുള്ള ഉറക്കം കിട്ടാത്ത പേക്കിനാവുകളില്‍ ഇതിനു മുന്‍പേ കുഞ്ഞുണ്ണിയെ അലോസരപ്പെടുത്താന്‍ തുടങ്ങിയിരുന്നു. നല്ല പാതി പിന്നിട്ട തന്റെ ജീവിതത്തിന്റെ ഇറക്കവഴിയില്‍ ഈ ചിന്തകള്‍ കുഞ്ഞുണ്ണിയെ ചിലപ്പോള്‍ അസ്വസ്ഥനും മൂകനുമാക്കി. ദി ആള്‍കെമിസ്റ്റില്‍ പൌലോ കൊയ്‌ലോ പറയുന്ന നിമിത്തങ്ങളുടെ ദര്‍ശനം തന്നെ നേട്ടങ്ങളുടെ വഴിയെ നടത്തിക്കൊള്ളുമെന്നു അയാള്‍ അത്യാഗ്രഹം കൊണ്ടു ചിലപ്പോള്‍. എന്നാല്‍ അതിലെ നായകന്‍ സാന്റിയാഗോ യുവാവായിരുന്നു. നിമിത്തങ്ങള്‍ ഒക്കെ ഒത്തു നോക്കി വിജയത്തിന്റെ ദിശ നിര്‍ണ്ണയിച്ചു മുന്നോട്ടു പോവാന്‍ ജീവിതം മുഴുവനും അവനു മുന്നില്‍ ബാക്കി കിടപ്പുണ്ടായിരുന്നു. എന്നാല്‍ തനിക്കു മുന്‍പില്‍ വികാരവും വിചാരവും അഗ്നി പകരുന്ന വര്‍ഷങ്ങള്‍ വിരലിലെണ്ണാന്‍ മാത്രമേ ബാക്കിയുള്ളുവല്ലോ എന്ന് കുഞ്ഞുണ്ണി ഖേദം കൊണ്ടു. ജീവിതം ഒരാഘോഷമാണെന്നും ഓരോ നിമിഷവും അതാസ്വദിക്കണമെന്നും മോഹന്‍ലാല്‍ ടി.വി സ്ക്രീനിലൂടെ വിണ്ടും ഓര്‍മിപ്പിക്കുമ്പോഴാണ് അയാള്‍ ചാനല്‍ മാറ്റിയത്. അവിടെ പാട്ടു മത്സരത്തിലെ എലിമിനേഷന്‍ റൌണ്ട് ആയിരുന്നു. ഔട്ട്‌ ആയ മത്സരാര്‍ത്ഥികളെ സുന്ദരിയായ അവതാരക ആശ്ലേശിച്ചാശ്വസിപ്പിക്കുന്നു. യേശുദാസിനെ പോലും പാടാന്‍ കൊള്ളില്ല ശബ്ദം എന്ന് പറഞ്ഞു ചെറുപ്പത്തില്‍ തിരിച്ചയച്ച ചരിതം പാനല്‍ ജഡ്ജ് മത്സരത്തില്‍ പുറത്തായവരോട് കണ്ണീരില്‍ പങ്കു വെയ്ക്കുന്നു. 

പിന്നെയും ചാനല്‍ മാറ്റി. വിമോചകനായ യേശുവിനെ പറ്റി വാചാലനാവുന്ന ഇടതു നേതാവ്. മാര്‍ക്സിനൊപ്പം കര്‍ത്താവിനെ പ്രതിഷ്ഠിക്കുന്നതില്‍ പ്രകോപനം കൊള്ളുന്ന ബിഷപ്പ്. തര്‍ക്കം മുതലെടുപ്പിനെപറ്റിയാണ്. ആര് ആരെ മുതലെടുക്കുന്നു എന്ന ചോദ്യങ്ങള്‍ അപ്പോഴും അങ്ങിനെ തന്നെ അവശേഷിക്കുന്നു. സത്യത്തില്‍ ഇരുകൂട്ടരും മുതലെടുപ്പുകാര്‍ തന്നെയായിരുന്നു. കര്‍ത്താവ് പിന്നെയും പിന്നെയും കുരിശില്‍ തറക്കപ്പെടുന്നതിനു അയാള്‍ സാക്ഷിയാവുന്നത് ഇതാദ്യമായിരുന്നില്ല.

തുടര്‍ന്ന് വന്ന ചര്‍ച്ച പ്രവാചകന്റെ "തിരു കേശ" ത്തെ പറ്റിയായിരുന്നു. ഈ കേശം ശരിക്കും പ്രവാചകന്റേത് തന്നെയാണോ അല്ലേ എന്നതായിരുന്നു ഗവേഷണവിഷയം. ശരിക്കുള്ളതാണെങ്കില്‍ പോലും കേശം വെച്ചുള്ള ഈ കാശുപദ്ധതി ജനങ്ങളുടെ ബുദ്ധിയെ അവഹേളിക്കലല്ലേ എന്ന ചോദ്യം മാത്രം ഉയര്‍ന്നു കേള്‍ക്കുന്നില്ല.

എല്ലാവര്‍ക്കും വിജയമാണ് മുഖ്യം. വിജയമെന്നാല്‍ സാമ്പത്തിക വിജയം. അതിനു വേണ്ടി മണ്ണിനെയും, പ്രകൃതിയെയും ആത്മീയതയേയും എല്ലാം ലേലം ചെയ്യാം. യഥാര്‍ത്ഥമായ, നിസ്വാര്‍ത്ഥരായ ഗുരുപരമ്പരകള്‍ അറ്റുപോയ ഒരു കാലത്തിന്റെ കൊലക്കളത്തിലാണ് താന്‍ വേച്ചു വേച്ചു നീങ്ങുന്നതെന്ന് കുഞ്ഞുണ്ണി വ്യസനത്തോടെ ഓര്‍ത്തു. മിക്ക മതങ്ങളും ഇസങ്ങളും അതിന്‍റെ അടിസ്ഥാന അക്ഷരങ്ങളില്‍ നില കൊള്ളുന്നത്‌ സാര്‍വ്വ ലൌകിക നീതിക്ക് വേണ്ടിയാണെങ്കിലും കേവല മനുഷ്യര്‍ അതിനു തീര്‍ക്കുന്ന ഭാഷ്യങ്ങളില്‍ കുത്സിത പ്രചാരണങ്ങളും കൂട്ടക്കുരുതികളും, ചുടു ചോരയും ചൂഷണവും നിറയുന്നത് എങ്ങിനെയാണെന്ന് അയാള്‍ ആശ്ചര്യം കൊണ്ടു. എവിടെയാണ് ഇങ്ങിനെയൊരു error bug കയറിക്കൂടിയത്? ഒരു പിടിയും കിട്ടുന്നില്ല. 

എങ്കിലും, ഒരു നാള്‍, വിദൂരമല്ലാത്ത ഒരു നാള്‍ ആ bug നെ fix ചെയ്യാന്‍ കെല്പുള്ള ഒരു മുനിമഹാന്‍ ലോകത്തിനു കരുണയായി പ്രപഞ്ചത്തില്‍ അവതരിക്കുക തന്നെ ചെയ്യുമെന്ന് കുഞ്ഞുണ്ണി പിന്നെപ്പിന്നെ സ്വയം ആശ്വസിക്കാന്‍ വേണ്ടിയാണെങ്കില്‍കൂടി വിശ്വസിച്ചു തുടങ്ങിയിരുന്നു. വിശ്വാസമല്ലേ എല്ലാം എന്ന മറ്റൊരു പരസ്യവാചകം ആ പ്രതീക്ഷയിലും സന്ദേഹം വിതച്ചിരുന്നുവെങ്കിലും.