Tuesday, February 7, 2012

കുഞ്ഞുണ്ണിയുടെ സന്ദേഹങ്ങള്‍ "സ്വന്തമായി ബിസ്സിനസ്സ് വല്ലതും ചെയ്‌താല്‍ മാത്രമേ ഇക്കാലത്ത് രക്ഷപെടൂ." എല്ലാവരും ഇതേ കാര്യം തന്നെ പറഞ്ഞപ്പോള്‍ കാലക്രമേണ കുഞ്ഞുണ്ണിയും തലയാട്ടി തുടങ്ങി. എന്നല്ല, നിശ്ചിത ശമ്പളത്തിന് ജോലി ചെയ്തു കഴിയുന്നവരുടെ തീരാത്ത പായാരം പറച്ചിലിനു പരിഹാരമായി തന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ ബുദ്ധി ഈയിടെയായി കുഞ്ഞുണ്ണി മറ്റുള്ളവരോടും ഉപദേശിക്കാന്‍ കൂടി തുടങ്ങിയിരുന്നു. 

അറബ് വസന്തവും സാമ്പത്തിക മാന്ദ്യവും കൈകോര്‍ത്തു വന്നതില്‍ പിന്നെ ഗള്‍ഫ് പ്രവാസികള്‍ കൂടിയ തോതില്‍ തൊഴില്‍ അനിശ്ചിതത്വം നേരിടുന്ന കാലം കൂടിയായതിനാല്‍ ഈ വക ചര്‍ച്ചകള്‍ തന്നെയായിരുന്നു ഒന്നിലേറെ പേര്‍ കൂടുന്നിടത്തെല്ലാം ഏറെയും. ജീവിതവിജയത്തിനാധാരം തീര്‍ച്ചയായും പണമല്ല എന്ന തത്വമായിരുന്നു കുഞ്ഞുണ്ണി ഇത്ര നാളും പിന്‍തുടര്‍ന്ന് പോന്നത്. എന്നാല്‍ ഇത് പറഞ്ഞു തരുന്ന പുണ്ണ്യഗുരുവല്ലഭന്‍ പോലും തന്നെ കേള്‍ക്കാന്‍ കാത്തു നില്‍ക്കുന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന് ആള്‍ക്കൂട്ടങ്ങളിലേക്ക് യാത്ര ചെയ്തത് വേഗതയേറിയ മേഴ്സ്ഡിസ് ബെന്‍സിലാണല്ലോ എന്ന വിരുദ്ധ സത്യം പുലര്‍ക്കാലത്തിനു മുന്‍പുള്ള ഉറക്കം കിട്ടാത്ത പേക്കിനാവുകളില്‍ ഇതിനു മുന്‍പേ കുഞ്ഞുണ്ണിയെ അലോസരപ്പെടുത്താന്‍ തുടങ്ങിയിരുന്നു. നല്ല പാതി പിന്നിട്ട തന്റെ ജീവിതത്തിന്റെ ഇറക്കവഴിയില്‍ ഈ ചിന്തകള്‍ കുഞ്ഞുണ്ണിയെ ചിലപ്പോള്‍ അസ്വസ്ഥനും മൂകനുമാക്കി. ദി ആള്‍കെമിസ്റ്റില്‍ പൌലോ കൊയ്‌ലോ പറയുന്ന നിമിത്തങ്ങളുടെ ദര്‍ശനം തന്നെ നേട്ടങ്ങളുടെ വഴിയെ നടത്തിക്കൊള്ളുമെന്നു അയാള്‍ അത്യാഗ്രഹം കൊണ്ടു ചിലപ്പോള്‍. എന്നാല്‍ അതിലെ നായകന്‍ സാന്റിയാഗോ യുവാവായിരുന്നു. നിമിത്തങ്ങള്‍ ഒക്കെ ഒത്തു നോക്കി വിജയത്തിന്റെ ദിശ നിര്‍ണ്ണയിച്ചു മുന്നോട്ടു പോവാന്‍ ജീവിതം മുഴുവനും അവനു മുന്നില്‍ ബാക്കി കിടപ്പുണ്ടായിരുന്നു. എന്നാല്‍ തനിക്കു മുന്‍പില്‍ വികാരവും വിചാരവും അഗ്നി പകരുന്ന വര്‍ഷങ്ങള്‍ വിരലിലെണ്ണാന്‍ മാത്രമേ ബാക്കിയുള്ളുവല്ലോ എന്ന് കുഞ്ഞുണ്ണി ഖേദം കൊണ്ടു. ജീവിതം ഒരാഘോഷമാണെന്നും ഓരോ നിമിഷവും അതാസ്വദിക്കണമെന്നും മോഹന്‍ലാല്‍ ടി.വി സ്ക്രീനിലൂടെ വിണ്ടും ഓര്‍മിപ്പിക്കുമ്പോഴാണ് അയാള്‍ ചാനല്‍ മാറ്റിയത്. അവിടെ പാട്ടു മത്സരത്തിലെ എലിമിനേഷന്‍ റൌണ്ട് ആയിരുന്നു. ഔട്ട്‌ ആയ മത്സരാര്‍ത്ഥികളെ സുന്ദരിയായ അവതാരക ആശ്ലേശിച്ചാശ്വസിപ്പിക്കുന്നു. യേശുദാസിനെ പോലും പാടാന്‍ കൊള്ളില്ല ശബ്ദം എന്ന് പറഞ്ഞു ചെറുപ്പത്തില്‍ തിരിച്ചയച്ച ചരിതം പാനല്‍ ജഡ്ജ് മത്സരത്തില്‍ പുറത്തായവരോട് കണ്ണീരില്‍ പങ്കു വെയ്ക്കുന്നു. 

പിന്നെയും ചാനല്‍ മാറ്റി. വിമോചകനായ യേശുവിനെ പറ്റി വാചാലനാവുന്ന ഇടതു നേതാവ്. മാര്‍ക്സിനൊപ്പം കര്‍ത്താവിനെ പ്രതിഷ്ഠിക്കുന്നതില്‍ പ്രകോപനം കൊള്ളുന്ന ബിഷപ്പ്. തര്‍ക്കം മുതലെടുപ്പിനെപറ്റിയാണ്. ആര് ആരെ മുതലെടുക്കുന്നു എന്ന ചോദ്യങ്ങള്‍ അപ്പോഴും അങ്ങിനെ തന്നെ അവശേഷിക്കുന്നു. സത്യത്തില്‍ ഇരുകൂട്ടരും മുതലെടുപ്പുകാര്‍ തന്നെയായിരുന്നു. കര്‍ത്താവ് പിന്നെയും പിന്നെയും കുരിശില്‍ തറക്കപ്പെടുന്നതിനു അയാള്‍ സാക്ഷിയാവുന്നത് ഇതാദ്യമായിരുന്നില്ല.

തുടര്‍ന്ന് വന്ന ചര്‍ച്ച പ്രവാചകന്റെ "തിരു കേശ" ത്തെ പറ്റിയായിരുന്നു. ഈ കേശം ശരിക്കും പ്രവാചകന്റേത് തന്നെയാണോ അല്ലേ എന്നതായിരുന്നു ഗവേഷണവിഷയം. ശരിക്കുള്ളതാണെങ്കില്‍ പോലും കേശം വെച്ചുള്ള ഈ കാശുപദ്ധതി ജനങ്ങളുടെ ബുദ്ധിയെ അവഹേളിക്കലല്ലേ എന്ന ചോദ്യം മാത്രം ഉയര്‍ന്നു കേള്‍ക്കുന്നില്ല.

എല്ലാവര്‍ക്കും വിജയമാണ് മുഖ്യം. വിജയമെന്നാല്‍ സാമ്പത്തിക വിജയം. അതിനു വേണ്ടി മണ്ണിനെയും, പ്രകൃതിയെയും ആത്മീയതയേയും എല്ലാം ലേലം ചെയ്യാം. യഥാര്‍ത്ഥമായ, നിസ്വാര്‍ത്ഥരായ ഗുരുപരമ്പരകള്‍ അറ്റുപോയ ഒരു കാലത്തിന്റെ കൊലക്കളത്തിലാണ് താന്‍ വേച്ചു വേച്ചു നീങ്ങുന്നതെന്ന് കുഞ്ഞുണ്ണി വ്യസനത്തോടെ ഓര്‍ത്തു. മിക്ക മതങ്ങളും ഇസങ്ങളും അതിന്‍റെ അടിസ്ഥാന അക്ഷരങ്ങളില്‍ നില കൊള്ളുന്നത്‌ സാര്‍വ്വ ലൌകിക നീതിക്ക് വേണ്ടിയാണെങ്കിലും കേവല മനുഷ്യര്‍ അതിനു തീര്‍ക്കുന്ന ഭാഷ്യങ്ങളില്‍ കുത്സിത പ്രചാരണങ്ങളും കൂട്ടക്കുരുതികളും, ചുടു ചോരയും ചൂഷണവും നിറയുന്നത് എങ്ങിനെയാണെന്ന് അയാള്‍ ആശ്ചര്യം കൊണ്ടു. എവിടെയാണ് ഇങ്ങിനെയൊരു error bug കയറിക്കൂടിയത്? ഒരു പിടിയും കിട്ടുന്നില്ല. 

എങ്കിലും, ഒരു നാള്‍, വിദൂരമല്ലാത്ത ഒരു നാള്‍ ആ bug നെ fix ചെയ്യാന്‍ കെല്പുള്ള ഒരു മുനിമഹാന്‍ ലോകത്തിനു കരുണയായി പ്രപഞ്ചത്തില്‍ അവതരിക്കുക തന്നെ ചെയ്യുമെന്ന് കുഞ്ഞുണ്ണി പിന്നെപ്പിന്നെ സ്വയം ആശ്വസിക്കാന്‍ വേണ്ടിയാണെങ്കില്‍കൂടി വിശ്വസിച്ചു തുടങ്ങിയിരുന്നു. വിശ്വാസമല്ലേ എല്ലാം എന്ന മറ്റൊരു പരസ്യവാചകം ആ പ്രതീക്ഷയിലും സന്ദേഹം വിതച്ചിരുന്നുവെങ്കിലും.

36 comments:

 1. വളരെ നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടത്തില്‍ സന്തോഷം.


  "എല്ലാവര്‍ക്കും വിജയമാണ് മുഖ്യം. വിജയമെന്നാല്‍ സാമ്പത്തിക വിജയം. അതിനു വേണ്ടി മണ്ണിനെയും, പ്രകൃതിയെയും ആത്മീയതയേയും എല്ലാം ലേലം ചെയ്യാം. യഥാര്‍ത്ഥമായ, നിസ്വാര്‍ത്ഥരായ ഗുരുപരമ്പരകള്‍ അറ്റുപോയ ഒരു കാലത്തിന്റെ കൊലക്കളത്തിലാണ് താന്‍ വേച്ചു വേച്ചു നീങ്ങുന്നതെന്ന് കുഞ്ഞുണ്ണി വ്യസനത്തോടെ ഓര്‍ത്തു"

  എവിടെയും കുഞ്ഞുണ്ണിയുടെ സന്ദേഹം തന്നെയാണ്. ലാഭത്തിനു വേണ്ടി മനുഷ്യര്‍ സത്യങ്ങളെ വളച്ചൊടിക്കുന്നു. തിരു മുടിയും, തിരുപ്പിറവിയുടെ വിപ്ലവ മുഖവുമെല്ലാം അതിന്റെ ഭാഗം മാത്രം.
  ആശംസകളോടെ..

  ReplyDelete
 2. എവിടെയും സന്ദേഹം തന്നെ, എല്ലാത്തിലും. ഏതു കാര്യം എടുത്ത്‌ നോക്കിയാലും ഇന്നത്തെ എല്ലാ സംഭവങ്ങളിലും സൂക്ഷ്മനീരീക്ഷണം പോലും ആവശ്യമില്ലാതെ വെളിപ്പെടുന്ന സത്യങ്ങള്‍.
  തിരികെ എത്തിയതിനു ശേഷം നല്ലൊരു പോസ്റ്റുമായി കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

  ReplyDelete
 3. salaam...Welcome back...

  കുഞ്ഞുണ്ണിയുടെ കാഴ്ചകളിലൂടെ
  ഇന്നത്തെ കേരളത്തിന്റെ അഥവാ
  കാലത്തിന്റെ യഥാര്‍ത്ഥ
  നേര്‍കാഴ്ച..
  സത്യം പറഞ്ഞാല്‍ മനുഷ്യനെ
  കണ്ണും മനസ്സും തുറപ്പിക്കാന്‍ ഇനിയും ഒരു
  പുതിയ അവതാരത്തിന്റെ ജനനം ആസന്നം
  ആയി എന്ന് തന്നെ തോന്നുന്നു...അത്രയ്ക്ക്
  നീസംഗന്‍ ‍ ‍ ‍ ‍ആണ്‌ അല്പമെങ്കിലും ചിന്ത ശക്തി
  ഉള്ളവനും..ഇപ്പൊ ചിന്തകള്‍ക്കും
  യുക്തിക്കും അല്ല വില..മറിച്ചു കൂടെ പറയാന്‍
  അനുയായികള്‍ ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും പറയാം
  എന്ന സ്ഥിതി..വളരെ നന്നയിപറഞ്ഞു സലാം..
  ഒരു വാചകം ഒത്തിരി ഇഷ്ടപ്പെട്ടു.."ആര് ആരെയാണ്
  മുതല്‍ എടുക്കുന്നത് എന്ന സന്ദേഹം"..അത് തന്നെ
  കാതല്‍.. ..ഇന്നത്തെ ലോകത്തിന്റെ....
  ആശംസകള്‍...

  ReplyDelete
 4. സലാംജി, ബൂലോകപുനഃപ്രവേശനാഭിവാദ്യങ്ങള്‍.

  പതിവുപോലെ വളരേ തിളക്കമുള്ള ചിന്തകളും ഒതുക്കമുള്ള, ഗൌരവമുള്ള മിതഭാഷിത്വത്തിന്റെ സൌന്ദര്യവും ഉള്ള രചന. നന്നായി രസിച്ചു കേട്ടോ.

  പക്ഷേ എങ്ങോ തുടങ്ങി എങ്ങോ അവസാനിപ്പിച്ചപോലെ തോന്നി. കച്ചവടത്തിന്റെ അപാര സാധ്യതകളില്‍ തുടങ്ങി സമകാലിക ആത്മീയജീവിതത്തിന്റെ വ്യര്‍ത്ഥതയില്‍ അവസാനിപ്പിച്ചപ്പോള്‍ ഒരു കണ്ണിയുടെ കുറവ് അനുഭവപ്പെട്ടു. ഒരു പക്ഷേ ആദ്യത്തെ ഖണ്ഡിക ആവശ്യത്തിലേറെ ഊന്നി വായിച്ചതുകൊണ്ടു തോന്നിയതാകും.

  പുതുവല്‍സരവും പുതിയ ഔദ്യോഗികജീവിതവും മംഗളകരമാകട്ടെ!

  ReplyDelete
 5. യേശുവിലാണെന്‍ വിശ്വാസം
  കീശയിലാണെന്‍ ആശ്വാസം
  -കുഞ്ഞുണ്ണി കവിത-

  ReplyDelete
 6. കുഞ്ഞുണ്ണി പിന്നെപ്പിന്നെ സ്വയം ആശ്വസിക്കാന്‍ വേണ്ടിയാണെങ്കില്‍കൂടി വിശ്വസിച്ചു തുടങ്ങിയിരുന്നു....

  കുഞ്ഞുണ്ണി സമാധാനിക്കട്ടെ - എനിക്ക് ശുഭപ്രതീക്ഷയില്ല കാരണം നമ്മുടെ കാലം അങ്ങിനെയാണ്.

  കാലികമായ ആകുലതകള്‍ നന്നായി അവതരിപ്പിച്ചു.

  ReplyDelete
 7. സമാകിക വിഷയങ്ങള്‍ കുഞ്ഞുണ്ണിയുടെ കണ്ണില്‍ കൂടി പറഞ്ഞു ,ശെരിയാണ് ചുറ്റും നടക്കുന്നത് തന്നെയാണ് പറഞ്ഞത് ഒട്ടും അതിശയോക്തിയോ അതിഭാവുകത്വമോ ഇല്ല ..കുഞ്ഞുണ്ണിയെ പ്പോലെ നമുക്കും പ്രതീക്ഷിക്കാം ,എറര്‍ ബഗ് ഫിക്സ് ചെയ്യാന്‍ ഒരു മഹാന്‍ വരുമെന്ന് ....ഏറെ നാളിനു ശേഷം സലാംക്കയുടെ ഒരു നല്ല പോസ്റ്റ്‌ വായീക്കാന്‍ കഴിഞ്ഞല്ലോ സന്തോഷം !!!

  ReplyDelete
 8. ഒരു മുനിമഹാന്‍ വരുമെന്ന് സ്വപ്നം കാണാനേ നിവൃത്തിയുള്ളൂ... അല്ലാതെന്തു ചെയ്യാന്‍. ഓരോ കുഞ്ഞുണ്ണിമാറും നിരാശ പൂണ്ട് മുഖ്യധാരയിലേക്ക് വഴിമാറിക്കൊണ്ടിരിക്കുംപോള്‍ പ്രത്യേകിച്ചും. ശരി തെറ്റെന്നും തെറ്റ് ശരിയെന്നും തോന്നിപ്പിക്കുന്ന രീതിയില്‍ മനുഷ്യ മനസ്സിനെ സന്ദേഹത്തില്‍ക്കുടുക്കാന്‍ ഈ പണാധിപത്യത്തിനു കഴിയുന്നു.
  വളരെ നല്ല രചന.

  ReplyDelete
 9. നാളെ.. നാളെ....
  നാളെ നമ്മുടെ കയ്യിലല്ലല്ലൊ. തീർച്ചയായും നല്ലതു വരുമെന്ന ശുഭാപ്തി വിശ്വാസം നമുക്ക് വച്ചു പുലർത്താം.... “സംഭവാമി യുഗേ യുഗേ..”

  ReplyDelete
 10. കാലികപ്രസക്തമായ വിഷയങ്ങൾ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തിന്റെ കാഴ്ചയിലൂടെ നന്നായി അവതരിപ്പിച്ചു.
  ആശംസകൾ !

  ReplyDelete
 11. I enjoyed reading this post. Your writing style is really good. Keep it up.

  ReplyDelete
 12. സുപ്രഭാതം സ്നേഹിതാ..
  വളരെ നാളുകള്‍ക്ക് ശേഷം കുഞ്ഞുണ്ണിയേയും കൊണ്ട് കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷം ..
  വളരെ ഗൌരവ പ്രാധാന്യം അര്‍ഹിയ്ക്കുന്ന ഒരു വിഷയം കുഞ്ഞുണ്ണിയിലൂടെ അവതരിപ്പിച്ചത് വളരെ നന്നായി..കുഞ്ഞുണ്ണി കഥ അറിയാനുള്ള ജിജ്നാസയോടെ വായിച്ചു,
  നമുക്കു ചുറ്റും എത്രയെത്ര കുഞ്ഞുണ്ണിമാര്‍...ചിലപ്പോള്‍ ഞാനും നീയും..!
  ആശംസകള്‍ ട്ടൊ...!

  ReplyDelete
 13. കുഞ്ഞുണ്ണിയിലൂടെ ജീവിതചിന്തകളിലേക്ക്‌ വിലപ്പെട്ട ഒരു ഏടു കൂടി Salam തിരുകിവെച്ചു. വാക്കുകള്‍ ഉചിതമായി ചേര്‍ത്തെഴുതി ഫലത്തോടെ ഗ്രഹിപ്പിക്കാനുള്ള Salam ന്റെ വിരുത്‌ ഇവിടെയും പൊലിഞ്ഞു നില്‍ക്കുന്നു.
  സന്തോഷം.

  ReplyDelete
 14. ഈ ലേഖനം ഒരു പാഠമാണു. ലേഖനം എഴുതൂന്നവർക്ക്.... ആനുകാലികമായ കാര്യങ്ങൾ തന്റെ ചിന്താധാരയിലൂടെ എങ്ങനെ ശക്തവും,ചിന്തനീയവും,കാര്യ് മാത്രപ്രസക്തവുമായി അവതരിപ്പിക്കാം എന്ന് ഈ നല്ല ലേഖനം കാട്ടിത്തരുന്നൂ... സ്നേഹിതാ ഒഔ വലിയ നംസ്കാരം..........

  ReplyDelete
 15. നന്മയെ കുരിശില്‍ തറച്ചു തിന്മകള്‍ തിമിര്‍ത്താടുന്ന ഈ കാലഘട്ടത്തില്‍ കുഞ്ഞുണ്ണിമാര്‍ ഇനിയെന്തെല്ലാം കാണണം , കേള്‍ക്കണം , കണ്ണും കാതും പൊത്തണം, അറ്റമില്ലാത്ത ചിന്തക്ക് തിരികൊളുത്തണം. പിന്നെയെന്തെല്ലാമനുഭവിക്കണം....വരും.. വരാതിരിക്കില്ല
  ഒരുനാള്‍ ..ഒരു വെള്ളി നക്ഷത്രം . നമുക്ക് കാത്തിരിക്കാം .
  നല്ലപോസ്റ്റ് .. ഭാവുകങ്ങള്‍ .

  ReplyDelete
 16. നല്ലൊരു പോസ്റ്റുമായ് വീണ്ടൂം കണ്ടതിൽ സന്തോഷം. സമകാലിക വിഷയങ്ങളെ വിദഗ്ദമായി കോർത്തിണക്കിയ നല്ല ലേഖനം. അഭിനന്ദനങ്ങൾ.

  ഇന്നത്തെ കാലത്ത് കൈയ്യിൽ കാശുള്ളവനു തന്നെയെ ബിസിനെസ്സ് ചെയ്യാനും കാശ് തിരിച്ച് പിടിക്കാനും ആകൂ. അംബാനിയും ടാറ്റയുമൊക്കെ ഒന്നുമില്ലായ്മയിൽ നിന്നാണു തുടക്കം എന്നൊക്കെ നമുക്ക് വെറുതെ പറഞ്ഞ് ആശ്വസിക്കാം. പിന്നെ ഒരു കാര്യമുണ്ട്. വെറും അടിസ്ഥാന സ്വകര്യങ്ങൾ മാത്രാണേലും നമുക്ക് സന്തോഷത്തോടെ ജീവിക്കാൻ ആകും,അതിനുള്ള മനസ്സ് ഉണ്ടാകണമെന്ന് മാത്രം. ആർത്തിയും ദുരയും എല്ലാം മാറ്റിവെക്കണം അതിനു, അതില്ലാതെ ഏത് വിമോചകൻ വന്നാലും നമ്മെ മോചിപ്പിക്കാനും രക്ഷപ്പെടുത്താനും ആവില്ല. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ പുഴുക്കളെ പോലെ ജീവിക്കുന്ന കോടിക്കണക്കിനു മനുഷ്യരെ അപേക്ഷച്ച് നമ്മൾ മലയാളികൾ ഭാഗ്യവാന്മാരാണു. പക്ഷെ തമ്മിൽ തല്ലും പാരവെപ്പും കഴിഞ്ഞാൽ അതൊക്കെ ഓർക്കാൻ എവിടെ നേരം.

  ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ..

  ReplyDelete
 17. കുഞ്ഞുണ്ണി യിലൂടെ ഇന്നത്തെ വിഴുപ്പലക്കല്‍ എല്ലാം പറഞ്ഞ ല്ലോ ബായി നന്നായിരിക്കുന്നു

  ReplyDelete
 18. കുഞ്ഞുണ്ണി എന്ന കഥാപാത്രത്തിലൂടെ ഇന്നത്തെ കാലത്തിന്റെ വിഷയങ്ങൾ നന്നായി അവതരിപ്പിച്ചു .. നല്ലതു വരുമെന്ന പ്രതീക്ഷ ക്ഷമയോടെ കാത്തിരിക്കാം (ക്ഷമയോടെ കാത്തിരിക്കുന്നത് ജീവിതത്തിന്റെ വലിയ വിജയമാണെന്ന് അല്ലെ )

  ReplyDelete
 19. സമകാലിക കേരളത്തെ നന്നായി അവതരിപ്പിച്ചിരിക്കുന്നു..ഒരു നല്ല നാലെയ്ക്കായി കുഞ്ഞുണ്ണിയെ പോലെ നമുക്കും കാത്തിരിക്കാം

  ReplyDelete
 20. നമ്മളെല്ലാം ഉണ്ണികള്‍ ..കാണുന്നു.. കേള്‍ക്കുന്നു..
  സമകാലികമായ ഒരു വിഷയം നന്നായി അവതരിപ്പിച്ചു.

  ReplyDelete
 21. എന്നെങ്കിലും എത്തുന്ന ആ നല്ല നാളെക്കായി കാത്തിരിക്കുന്ന നമ്മളില്‍ എല്ലാം ഇല്ലേ ഒരു കുഞ്ഞുണ്ണി ?

  നല്ല പോസ്റ്റ്‌
  അഭിനന്ദനങ്ങള്‍ സലാം ഭായി .

  ReplyDelete
 22. ഇമ്മിണി വല്യുണ്ണി

  ReplyDelete
 23. സ്വന്തത്തിന്റേയും സ്വന്തം കുടുംബത്തിന്റേയും താനുള്‍ക്കൊള്ളുന്ന സമൂഹത്തിന്റേയും അതിജീവനത്തെക്കുറിച്ച് ഉല്‍ക്കണ്ട്ഠ മനസ്സില്‍ സുക്ഷിക്കുന്ന ശരാശരിക്കാരനെ അലട്ടുന്ന സന്ദേഹങ്ങള്‍ കുഞ്ഞുണ്ണിയുടെ ചിന്തകളിലൂടെ സുബദ്ധമായി ആവിഷ്കൃതമായിരിക്കുന്നു.
  ഉല്‍ക്കര്‍ഷത്തിനുള്ള ഒരേയൊരുപാധിയായി ആവര്‍ത്തിച്ച ഉപദേശിക്കപ്പെടുന്ന കച്ചവടം എന്ന ആശയത്താല്‍ കണ്ടീഷന്‍ ചെയ്യപ്പെട്ട മനസ്സുമായി നടക്കുമ്പോള്‍ തന്നെ സാമൂഹികരംഗത്ത് ആവിഷ്ക്കരിക്കപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്യുന്ന വൈവിധ്യമാര്‍ന്ന ആശയഗതികളുടെ നേര്‍ക്ക്, അവയെ തള്ളുകയോ കൊള്ളുകയോ വേണ്ടതെന്ന് വേണ്ടത്ര തിട്ടമില്ലാതെ തുറിച്ചുനോക്കി അന്തിച്ചു നില്‍ക്കേണ്ടിവരുന്ന സാധാരണ്ക്കാരന്റെ വര്‍ത്തമാനകാല ചിത്രം മിഴിവോടെ വരികളില്‍നിന്ന് ഉണര്‍ന്നു വരുന്നു.
  നമ്മെപ്പോലുള്ളവരുടെയുള്ളില്‍ നിദാന്തമായി നീറിപ്പിടിക്കുന്ന ഉല്‍ക്കണ്ഠകള്‍ തന്നെയാണല്ലോ കുഞ്ഞുണ്ണിയുടെ ചിന്തകളിലൂടെ താങ്കള്‍ ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്‌ വിസ്മയപൂര്‍വ്വം ഓര്‍ക്കുകയും ചെയ്തു.
  രക്ഷകര്‍ അവതാരപുരുഷന്‍മാരായി വന്നെത്തുമെന്ന ദിവാസ്വപ്നത്തില്‍ നിന്ന് മോചിതരായി കുഞ്ഞുണ്ണിമാര്‍ എത്രവേഗം യാഥാര്‍ത്ഥ്യബോധമുള്‍ക്കൊള്ളുന്നുവോ അത്രയും നന്ന്‌.
  സലാമിന്റെ മിതഭാഷിത്വം പ്രശംസനീയമാണ്‌. കയ്യടക്കത്തോടെയുള്ള കുറിക്ക് കൊള്ളുന്ന പ്രയോഗങ്ങള്‍.
  അഭിവാദ്യങ്ങള്‍.

  ReplyDelete
 24. തിരിച്ചെത്തി അല്ലേ. സന്തോഷം.
  ഇടവേളകളില്‍ നിങ്ങളുടെ പോസ്റ്റുകളുടെ നഷ്ടപ്പെട്ടു.
  ഇപ്പോഴത്തെ ശ്രദ്ധേയമായ വിഷയങ്ങളെ ചേര്‍ത്ത് വെച്ച കഥ നന്നായി.
  അഭിനന്ദനങ്ങള്‍

  ReplyDelete
 25. നല്ലൊരു പോസ്റ്റുമായ് തിരിച്ചെത്തിയതില്‍ സന്തോഷം..

  സമീപകാലചിത്രങ്ങള്‍ അടുക്കിയ ഒരു സ്ലൈഡ് ഷോ ആകുന്നുണ്ട് ഈ സൃഷ്ടി-അഭിനന്ദനങ്ങള്‍.

  ആശയം കഥയുടെ ചട്ടക്കൂട്ടിലേക്ക് ഒതുക്കേണ്ടതല്ലെങ്കിലും ഒന്നുകൂടി ആകര്‍ഷകമാക്കാന്‍ ശ്രമിക്കാമായിരുന്നെന്ന് തോന്നുന്നു.

  ReplyDelete
 26. വിഷയങ്ങള്‍ കുഞ്ഞുണ്ണിയെ കൂട്ടു പിടിച്ചു പറഞ്ഞത് അല്പം വ്യത്യ്സ്ഥത കൊണ്ട് വന്നു.ചിന്തിക്കാനുള്ള വക നല്‍കുന്ന പതിവ് ശീലം ഈ പോസ്റ്റും തെറ്റിച്ചില്ല.

  ReplyDelete
 27. എഴുതിക്കണ്ടതിൽ വലിയ സന്തോഷം........

  ഈ സന്ദേഹങ്ങൾ എല്ലാവരുടേതുമാണ്. ഇനിയൊരു അവതാരമുണ്ടാവുമെന്ന് കുഞ്ഞുണ്ണി സമാധാനിയ്ക്കട്ടെ...... അല്ലെങ്കിൽ ഒരു കാരണവും ഇല്ലാതെ പാവം മനുഷ്യൻ എങ്ങനെ സമാധാനിയ്ക്കാനാണ്....

  ReplyDelete
 28. നന്നായി അവതരിപ്പിച്ചു

  ReplyDelete
 29. കുഞ്ഞുണ്ണിമാര്‍ വിഷമിക്കേണ്ട , അവര്‍ക്ക് എന്നും കാണാനും കേള്‍ക്കാനും ചാനലുകാര്‍ ഓരോന്ന് കൊണ്ട് വരും, ഒന്ന് കഴിഞ്ഞാല്‍ ഒന്നായി, നല്ല വിമര്‍ശനം ..ആശംസകള്‍

  ReplyDelete
 30. ക്രിസ്തുവിനെ പള്ളിക്കാരില്‍ നിന്നും

  ചെഗുവേരയെ ഡിഫിക്കാരില്‍ നിന്നും മോചിപ്പിക്കേണ്ടതല്ലേ

  ReplyDelete
 31. എല്ലാവര്‍ക്കും വിജയമാണ് മുഖ്യം. വിജയമെന്നാല്‍ സാമ്പത്തിക വിജയം. അതിനു വേണ്ടി മണ്ണിനെയും, പ്രകൃതിയെയും ആത്മീയതയേയും എല്ലാം ലേലം ചെയ്യാം.

  ReplyDelete
 32. നന്നായി അവതരിപ്പിച്ചിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 33. പണാധിപത്യത്തിനു മുമ്പിൽ ഹെന്ത് ആദർശം!

  ReplyDelete
 34. പണം, പ്രശസ്തി എന്നു മാത്രമായി വര്‍ഗ്ഗീകരിച്ച വിജയത്തിന്‍റെ വിശദീകരണം
  കുഞ്ഞുണ്ണിയെ മാത്രമല്ല അലോസരപ്പെടുത്തുന്നത്...
  വിജയപര്‍വ്വത്തിനു താഴെ കിതച്ചു പിന്മാറുന്ന അസംഖ്യം പരാജിതരെയും കൂടിയാണ്....

  ReplyDelete
 35. 'സലാം' ശൈലിയില്‍ മനോഹരമായ ഒരു പോസ്റ്റ്‌.

  ReplyDelete
 36. blogil puthiya post..... URUMIYE THAZHANJAVAR ENTHU NEDI...... vayikkane..........

  ReplyDelete