Saturday, February 18, 2012

ചെവിയോര്‍ക്കുക, അന്തിമ കാഹളം

അന്ന്, ഞങ്ങളുടെ ഗ്രാമത്തിലെ പടിഞ്ഞാറെ കവലയില്‍ നിന്ന് നേരെ തെക്കോട്ട് നോക്കിയാല്‍ രണ്ടു കിലോമീറ്ററിലേറെ പാടശേഖരം നീണ്ടു പരന്ന് കിടക്കുന്നത് കാണാമായിരുന്നു. കതിരിട്ടു കനക്കും മുന്‍പുള്ള നാളുകളിലെ പച്ചപ്പട്ടുടുത്തു കിടക്കുന്ന ആ സുന്ദരിപ്പാടം നയനാനന്ദകരമായൊരു കാഴ്ചയായിരുന്നു. അത്ര തന്നെ മനോഹരമായിരുന്നു, പിന്നെ കൊയ്ത്തടുക്കുന്ന കാലത്ത് നീളത്തിലുള്ളൊരു സുവര്‍ണ്ണ കമ്പളം പുതച്ച് തല ചായ്‌ച്ച് കിടന്നുള്ള അവളുടെ ആ മയക്കവും. അതും കഴിഞ്ഞ്, മഴയെത്തും മുന്പെയുള്ള നീണ്ട സ്കൂളവധിക്ക്, മൂത്തു പഴുത്ത ചക്കയും മാമ്പഴവും തിന്നു മദിക്കുന്ന വൈകുന്നേരങ്ങളില്‍ കൊയ്ത്തു കഴിഞ്ഞാളൊഴിഞ്ഞ വേനല്‍ പാടത്ത് കാല്‍പന്ത് കളിക്കുന്ന ചെറുപ്പക്കാരുടെ അടങ്ങാത്ത ആരവങ്ങള്‍, പാടത്തിന്റെ അങ്ങേ തല വരെ നീണ്ടു പോവുന്ന ഉത്സവക്കാഴ്ചകള്‍.

ആ കാഴ്ച അവസാനിക്കുന്നിടത്ത് വെച്ച് പാടം കിഴക്കുഭാഗത്തേക്ക് തിരിഞ്ഞു പോവുന്നു. ആ തിരിവിലായിരുന്നു ടാര്‍ ചെയ്യാത്ത ഒരു റോഡ്‌ വന്നു അവസാനിച്ചിരുന്നത്. വൈകുന്നേരമായാല്‍ മത്സ്യം വാങ്ങാന്‍ കവലയില്‍ നേരത്തെ വന്നു നില്‍ക്കുന്നവരുടെ കണ്ണുകള്‍ തെക്കോട്ടു നീളും. വൈകീട്ട് നാലു മണിക്കും അഞ്ചിനും ഇടയില്‍ പാടത്തിന്റെ അങ്ങേയറ്റത്ത് ഒരു രൂപം പ്രത്യക്ഷപ്പെടും. അയാളുടെ തലയില്‍ ഒരു കുട്ടയുണ്ടെന്ന് ഇങ്ങേയറ്റത്ത് നിന്ന് സൂക്ഷിച്ചു നോക്കിയാല്‍ കാണാമായിരുന്നു. മത്സ്യ വില്‍പനക്കാരന്‍ മുയ്തീന്‍ ആയിരിക്കും അത്. മീനും ഐസും നിറഞ്ഞ കുട്ടയുടെ ഭാരം ബാലന്‍സു ചെയ്തു, റോഡു കഴിഞ്ഞുള്ള പാട വരമ്പിലൂടെ അയാള്‍ തുള്ളിത്തുള്ളി അതിവേഗത്തില്‍ നടന്നു കുറച്ചു സമയത്തിനകം കവലയില്‍ വന്നു ചേരും.

ഏതു വേനലിലും മഴയിലും മുയ്തീന്‍ വന്നിരിക്കും. അഥവാ ഒരു ദിനം വന്നില്ലെങ്കില്‍ അന്ന് കടലിളകിയത് കാരണം മുക്കുവര്‍ കടലില്‍ പോയില്ല എന്നാണു സാരം. ഏതൊരു സര്‍ക്കസ്സുകാരനെയും അതിശയിപ്പിക്കുന്ന പദചലനപാടവത്തോടെ അങ്ങേ തലക്കല്‍ നിന്ന് മുയ്തീന്‍ മെലിഞ്ഞ പാടവരമ്പിലൂടെ വിയര്‍ത്തൊലിച്ചു ഇങ്ങേ തലക്കല്‍ എത്തിയ പാടെ, ഇറക്കി വെച്ച കുട്ടയ്ക്ക് ചുറ്റും ആളുകള്‍ നിറയും. വിശ്രമിക്കാന്‍ നേരമില്ലാതെ മുയ്തീന്‍ വില്പനയാരംഭിക്കും.

രണ്ടു കിലോമീറ്റര്‍ അകലെ ആ തിരിവില്‍ തീര്‍ന്നിരുന്ന ആ റോഡ്‌ കുറെ കാലം മുന്‍പ് ടാര്‍ ചെയ്തു, പാടത്തിന്റെ ഹൃദയത്തെ കീറി മുറിച്ചു ഞങ്ങളുടെ കവലയെ അര്‍ദ്ധ പ്രദക്ഷിണം വെച്ച് പിന്നെയും വടക്കോട്ട് നീണ്ടു പോയി. അതില്‍ നിന്ന് മുള പൊട്ടിയ ഒട്ടനവധി ഉപറോഡുകള്‍ ഗ്രാമത്തിലെ ഇടവഴിയരികുകളെ അരിഞ്ഞു തിന്ന് ഗ്രാമാന്തര്‍ഭാഗങ്ങളിലേക്ക് വളഞ്ഞു പടര്‍ന്ന വള്ളികള്‍ പോലെ അരിച്ചു കയറി. കോണ്‍ക്രീറ്റു സൗധങ്ങളുടെ പരന്ന നിര റോഡിനിരു വശത്തും ഗള്‍ഫ്‌ പണത്തിന്‍റെ അഹങ്കാരമായി ഉയര്‍ന്നു വന്നു. കാര്യമായി അവശേഷിക്കാത്ത പാടത്തിന്‍റെ ശോഷിച്ച അടയാളങ്ങള്‍ വേനലിലെ വറ്റി വരണ്ട പുഴയില്‍ അങ്ങിങ്ങായി ഇടയ്ക്ക് തെളിയുന്ന തുരുത്തുകള്‍ പോലെ കാണപ്പെട്ടു. മനുഷ്യരുടെ നിഴലുകള്‍ കിഴക്കോട്ടു നീളുന്ന നേരത്ത് മീന്‍ ചുമടുമായി കൂക്കി വിളിച്ചു കവലയിലെത്തിയിരുന്ന മുയ്തീന്‍ എന്നോ ഓര്‍മ്മയായി മറഞ്ഞു പോയി.

ഇന്നും മത്സ്യം സമയാസമയം എത്തിച്ചേരുന്നുണ്ട് അടുക്കളകളില്‍. പക്ഷെ അതിനു വേണ്ടി ആരും വൈകീട്ടു കവലയില്‍ കൂടേണ്ടതില്ല. രാവിലെ തന്നെ പ്രത്യേക ഈണത്തിലുള്ള ഒരു ഹോണ്‍ അടി റോഡില്‍ മുഴങ്ങിയാല്‍ വീട്ടു പടിക്കലേക്ക് സ്ത്രീ ജനങ്ങള്‍ പാത്രവുമായി ഓടി ചെല്ലുന്നു. വേണ്ട മത്സ്യം വണ്ടിക്കാരന്‍ പാത്രങ്ങളിലേക്ക് തൂക്കിയിട്ട് കൊടുക്കുന്നു. കാശ് പിന്നെ കൊടുത്താലും മതി.

നമ്മുടെ കടലിലെ മത്സ്യ സമ്പത്ത് മുച്ചൂടും വംശനാശത്തിന്‍റെ വക്കിലാണ് എന്ന വാര്‍ത്ത കേട്ടപ്പോള്‍ വെറുതെ ഓര്‍ത്ത്‌ പോവുകയാണ്. മത്സ്യങ്ങള്‍ മാത്രമല്ല, സമുദ്രത്തിലെ മൊത്തം ജൈവ വ്യവസ്ഥ തന്നെ പൂര്‍ണ നാശത്തിന്‍റെ പിടിയിലാണ് എന്നു പറയുന്നു. 95 ശതമാനം മത്സ്യങ്ങളെയും നാം ഇതിനകം തന്നെ ഇല്ലായ്മ ചെയ്തു കഴിഞ്ഞുവത്രേ. ഉപജീവനത്തിന് വേണ്ടി കടലില്‍ പോവുന്ന മുക്കുവര്‍ അല്ല, മറിച്ചു ധനാര്‍ത്തി മൂത്ത കുത്തക മത്സ്യവ്യാപാര കമ്പനികള്‍ ആണ് ഇതിലെ വില്ലന്‍മാര്‍. ഇത് തദ്ദേശീയ കമ്പനികളാവാം അന്തര്‍ദേശീയമാവാം. മുക്കുവരെ പോലെ വലയെറിഞ്ഞു മീന്‍പിടിയ്ക്കുന്ന പഴഞ്ചന്‍ പരിപ്പാടികളൊന്നും അല്ല അവര്‍ക്കുള്ളത്. അവരുടെ രീതികള്‍ വ്യത്യസ്തവും നൂതനവുമാണ്. മത്സ്യങ്ങള്‍ തിങ്ങിയ ഇടങ്ങള്‍ കൃത്യമായി ഒരു ബട്ടന്‍ അമര്‍ത്തുന്ന വേഗതയില്‍ കാണിച്ചു കൊടുക്കുന്ന സോണാര്‍ യന്ത്രങ്ങള്‍, സ്പോട്ടര്‍ വിമാനങ്ങള്‍, ആധുനിക ട്രോളര്‍, ആയിരക്കണക്കിന് കാതങ്ങള്‍ അകലേക്ക്‌ നീട്ടിയിടാവുന്ന കൂട്ട ചൂണ്ടകള്‍, ഇവയെല്ലാം ഉപയോഗിച്ച് മനുഷ്യന്‍ കടലിന്‍റെ മാറ് പിളര്‍ന്നു മത്സ്യങ്ങളെ മാത്രമല്ല ഒടുക്കികൊണ്ടിരിക്കുന്നത്, നമ്മള്‍ കേള്‍ക്കുക പോലും ചെയ്യാത്ത, സമുദ്രാന്തര്‍ഭാഗത്ത്‌ വസിക്കുന്ന പലവിധ ജീവികളെ ദശാബ്ദങ്ങളായി കൂട്ടത്തോടെ കുരുക്കിയെടുത്തു കച്ചവടമാക്കിക്കൊണ്ടിരിക്കുന്നു

ഉപജീവനത്തിന് വേണ്ടി കടലില്‍ പോവുന്ന മുക്കുവര്‍ ഒരു ദൂര പരിധിക്കപ്പുറം മത്സ്യവേട്ടയ്ക്ക് മുതിരില്ല. അതിന് അവര്‍ക്ക് കഴിയുകയും ഇല്ല. എന്നാല്‍ ആര്‍ത്തി മൂത്ത ആധുനിക വിപണനക്കാര്‍ക്ക് സമുദ്രത്തിന്‍റെ ഉള്‍ദൈര്‍ഘ്യത്തിലോ ആഴത്തിലോ അതിരുകള്‍ ഏതുമില്ല. അവരുടെ നീണ്ടു പോവുന്ന ചൂണ്ടകള്‍ സമുദ്രത്തിന്‍റെ ആമാശയവും കടന്നു കയറി കൊളുത്തി വലിക്കുകയാണ്. അതിലൂടെ മത്സ്യ സമ്പത്തിന് അറുതിയാവുന്നു എന്നത് മാത്രമല്ല, ഉള്‍ക്കടലുകളിലെ ആകെ ജൈവ ആവാസ വ്യവസ്ഥകള്‍ തന്നെ തകിടം മറിക്കപ്പെടുന്നു. ഈ തകര്‍ച്ച അവിടെ ഒതുങ്ങുന്നതല്ല. ഇതിന്‍റെ ദുരന്ത പരിണിതി നേരിട്ട് എത്തുന്നത് മനുഷ്യനിലേക്ക് തന്നെയാത്രെ. കടലിന്റെ കരുണയിലാണ് ജീവവായുപോലും നമ്മെ അനുഗ്രഹിക്കുന്നത്. നമ്മള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ബണ്‍ഡയോക്സെഡ് തന്നിലേക്ക് ആവാഹിച്ചെടുക്കുകയും, നമുക്ക് ശ്വസിക്കാനുള്ള ശുദ്ധവായുവിന്‍റെ ഏറിയ പങ്കിനെയും അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിക്കുകയും (Photosynthetic organisms) ചെയ്യുന്നതു സമുദ്രമാകുന്നു. ചുരുക്കത്തില്‍ കടലിനു ജീവനുള്ളിടത്തോളം കാലമേ മനുഷ്യനും ജീവനുള്ളൂവെന്നര്‍ത്ഥം. നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും കടല്‍ നേരിട്ട് കാണാത്ത ഒരാളാവം, എന്നാലും നിങ്ങളറിയാതെ നിങ്ങള്‍ എടുക്കുന്ന ഓരോ ശ്വാസവും, കുടിക്കുന്ന ഓരോ തുള്ളി വെള്ളവും കടലിന്റെ വറ്റാത്ത കരുണയില്‍ നിന്നാണ് ഉറവ കൊള്ളുന്നത്‌. ഇത് വിസ്മരിച്ചു മനുഷ്യര്‍ നീട്ടിയെറിയുന്ന ചൂണ്ടകള്‍ ആത്യന്തികമായി ചെന്ന് കൊളുത്തുക അവരുടെ തന്നെ ഹൃദയ ധമനികളിലായിരിക്കും.

ദിഗന്തങ്ങള്‍ മുഴങ്ങുന്ന ഒരു കുഴലൂത്തു വിളിയോടെയാണ് ലോകാവസാനത്തിന്റെ ആരംഭം കുറിക്കുക എന്ന് ഉസ്താദ് പണ്ട് പറഞ്ഞതോര്‍ക്കുന്നവരുണ്ടാവും. ആ കുഴലിന്റെ വലിപ്പം ഗണിച്ചെടുക്കാനായി ഓര്‍ത്തോര്‍ത്തു മനസ്സ് വിസ്മയം കൊണ്ട ഒരു ബാല്യം ഏറെ പേരുടേതാവാം. ഇന്ന്, പിടയുന്ന ഈ കടലിന്റെ രോദനത്തില്‍ നിറയുന്നതും അവസാനത്തിന്റെ ആരംഭം കുറിക്കുന്ന ആ കൊമ്പുവിളി തന്നെയാവില്ലേ ഒരു വേള?

ഓര്‍ക്കുക ..ചെവിയോര്‍ക്കുക,... അന്തിമ കാഹളം...

52 comments:

 1. കേള്‍ക്കുന്നതും കാണുന്നതും അനുഭവിക്കുന്നതും അപ്പപ്പോള്‍ മറന്നു കളയുന്ന ഒരു ശീലം നമ്മള്‍ ആര്ജിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ നാളെയെ നശിപ്പിക്കാതിരിക്കാന്‍ ഒരു കരുതല്‍ നാം കാണിക്കേണ്ടതല്ലേ...
  വളരെ ലളിതമായി, നശിക്കുക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭീകരത സലാം ഭായി മനോഹരമായി പകര്‍ത്തിയിരിക്കുന്നു.

  ReplyDelete
 2. ചെവിയോര്‍ക്കുക,... അന്തിമ കാഹളം...

  ReplyDelete
 3. വളരെമനോഹരമായി വരച്ചിരക്കുന്നു,
  മനുഷ്യന്‍ ഭാവിയില്‍ നേരിടേണ്ടി
  വരുന്ന ദുരന്തത്തിന്‍റെ യഥാര്‍ത്ഥചിത്രം.
  അഭിനന്ദനങ്ങള്‍

  ReplyDelete
 4. വളരെ ആഴത്തില്‍ ചര്‍ച്ചചെയ്യേണ്ട ഒരു വിഷയം ആണിത് ...പരമ്പരാ ഗത മത്സ്യ തൊഴിലാളികളെ കുറിച്ചും മത്സ്യ ബന്ധന രീതികളെ കുറിച്ചും കേരളീയര്‍ ആകെ ഒന്ന് ചിന്തിക്കുക പോലും ചെയ്യുന്നത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്ന ജൂണ്‍ ജൂലൈ മാസങ്ങളില്‍ മാത്രമാണ് ..കേരളത്തില്‍ മത്സ്യ വകുപ്പിന് പ്രത്യേക വകുപ്പും മന്ത്രിയും ഉണ്ട് .പക്ഷെ ദേശീയ നയം രൂപവല്‍ക്കരിക്കേണ്ട കേന്ദ്രത്തില്‍ ഇത് പ്രത്യേക വകുപ്പല്ല .കൃഷി വകുപ്പിന്റെ കീഴിലെ ഒരു കുഞ്ഞു സംഭവം .വിദേശ ട്രോലരുകള്‍ക്ക് ഇന്ത്യയിലെ സമുദ്രങ്ങളില്‍ ഇഷ്ടംപോലെ മത്സ്യം പിടിക്കാന്‍ അനുമതിയുള്ള ഒരു സാഹചര്യത്തിലാണ് ഈ ഉദാസീന നിലപാട് എന്നത് ഓര്‍ക്കണം ..ഇപ്പോള്‍ തന്നെ മത്സ്യ തൊഴിലാളികള്‍ കൊലചെയ്യപ്പെട്ട സംഭവവും അത് കൈകാര്യം ചെയ്യുന്ന രീതിയും ഈ കെടുകാര്യസ്ഥതയുടെ ഉദാഹരണം ആണ് ..കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകട്ടെ ..പിന്നീട് വരാം ..ഇടപെടാം എന്ന് കരുതുന്നു ..:)

  ReplyDelete
 5. സ്വയം കുഴി തോണ്ടുന്ന ഒരേയൊരു ജീവി മനുഷ്യന്‍ ആണെന്നുള്ളത് അത്ഭുതപ്പെടുത്തുന്ന ഒരു വിഷയമല്ലേ? ബുദ്ധിയും യുക്തിയും കാര്യകാരണബോധവും ഭേദാഭേദവിവേചനശക്തിയുമൊക്കെയുണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യര്‍. എനിക്കു ശേഷം എന്തു സംഭവിച്ചാലും പ്രശ്നമില്ല എന്ന് മാത്രമാണോ ചില ആര്‍ത്തിപ്പണ്ടാരങ്ങളുടെ ചിന്തയെന്ന് തോന്നും ഈ ആക്രാന്തം കാണുമ്പോള്‍. ഫിഷ് പ്രൊസസ്സിംഗ് സൌകര്യമുള്ള ചില കപ്പലുകള്‍ റിപ്പയറിംഗിന് വരുമ്പോള്‍ എന്തെല്ലാം മെഷിനറികളാണതില്‍. കുറഞ്ഞസമയം കൊണ്ട് ടിന്നിലാക്കി പ്രോഡക്റ്റ് ആയി വരും മീനുകളൊക്കെ.

  ReplyDelete
 6. അതെ എല്ലാം താളം തെറ്റുന്ന ലോകം ,,ഒരു അന്തിമാകാഹളത്തിനുള്ള സമയം ഏറെ അകലെയല്ല എന്ന് തോന്നുന്ന സമകാലക ദുരന്തങ്ങളും അനുഭവങ്ങളും ,,എന്നിട്ടും അനുഭവത്തില്‍ നിന്നും പാഠം പഠിക്കാത്ത നിസ്സാരനായ മനുഷ്യന്‍ ,,ചെറുതെങ്കിലും കാമ്പുള്ള വരികള്‍ ..

  ReplyDelete
 7. എല്ലാവരും എപ്പോഴും പറയുന്ന വിഷയ പരിസരങ്ങളില്‍ നിന്ന് ഒരല്‍പ്പം മാറി സഞ്ചരിച്ചുകൊണ്ടുള്ള എഴുത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു....

  ലോകം അവസാനിക്കുക ദുരമൂത്ത മനുഷ്യന്റെ അനിയന്ത്രിതമായ പ്രകൃതിചൂഷണത്തിന്റെ പരിണതഫലം ആയിട്ടായിരിക്കും.....-വലിയ സംശയമൊന്നുമില്ല.

  ReplyDelete
 8. ഉള്ളില്‍ തട്ടുന്ന വിധം പറഞ്ഞിരിക്കുന്നു..

  ReplyDelete
 9. കഴിവുള്ള(ഉണ്ടെന്നു അവകാശപ്പെടുന്ന)കുറെ ചീളുകള്‍ ബൂലോകത്ത് അനാവശ്യ വിഷയങ്ങളില്‍ phd എടുക്കുമ്പോള്‍ ഇക്കയെപ്പോലുള്ള ഒരു പട്ടിണി ബ്ലോഗര്‍ ഇത്തരം പഠനാര്‍ഹമായ വിഷയം പോസ്റ്റാക്കിയതില്‍ സന്തോഷം തോന്നുന്നു.
  (ഇനിയും വരും)

  ReplyDelete
 10. സലാംജി,

  വീണ്ടും ചിന്താര്‍ഹാമായ പോസ്റ്റ്‌. കേരളത്തിലെ മത്സ്യ സമ്പത്ത് അനുദിനം കുറഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത്, കടലമ്മയെ പോലും വിറ്റു കാശാക്കുന്ന കാലം അടുത്തു കൊണ്ടിരിക്കുന്നു. നമുക്ക് ചുറ്റുമുള്ള പാട ശേഖരങ്ങള്‍, അരുവികള്‍,തോടുകള്‍, കുളങ്ങള്‍ എല്ലാം മനുഷ്യര്‍ കുളം തോണ്ടി, പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുള്ള സമുദ്രങ്ങള്‍ പോലും വാണിജ്യ വല്ക്കരിച്ചു കാഹളമൂത്തിനായി മാനവരാശി കാതോര്‍ത്തിരിക്കുന്ന അവസരത്തിലെ അവസരോചിതമായ താങ്കളുടെ പോസ്റ്റിനു നമോവാകം.


  ആശംസകളോടെ..

  ReplyDelete
 11. ഇന്നത്തെ മനസ്സുകൾ ഇന്നിനെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരാണ്. നാളെ എന്നത് അവരുടെ ചിന്തകളീൽ പോലുമില്ല.

  ആരെയാണ് അതിന് കുറ്റപ്പെടുത്തേണ്ടത്. കാലത്തേയോ...?അനുഭവങ്ങളേയോ...? നാളെയെക്കുറിച്ച് ചിന്തിച്ച ഒരു ജനത നമ്മൾക്ക് മുൻപുണ്ടായിരുന്നു എന്നുള്ളത് സത്യമായതുകൊണ്ടാണ് നമ്മൾ ഈങ്ങനെയെങ്കിലും ജീവിക്കുന്നത്.

  നാളത്തെ തലമുറക്കായി നാം കരുതിവക്കുന്നതിനെക്കുറിച്ചാണ് താങ്കൾ പറഞ്ഞത്.
  'കലികാലം' എന്നത് വെറുതെ പറയുന്നതല്ലെന്ന് ബോദ്ധ്യപ്പെടുകയാണ്. നാം അതിന്റെ പൂർണ്ണതയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാവാം. അന്തിമകാഹളം..!
  അതിനെ തടുക്കാൻ മനുഷ്യനാവുമോ..?
  കാലം നമ്മെ അവിടേക്ക് കൊണ്ടുപോവുകയല്ലെ...?!

  ReplyDelete
 12. നല്ലപോസ്റ്റ് .. അഭിനന്ദങ്ങള്‍ സലാം ബായി

  ReplyDelete
 13. വിജ്ഞാനപ്രദം, അതിലുപരി പേടിപ്പെടുത്തുന്നതും!!

  ലേഖനത്തിന്റെ ശൈലി നന്നായീ, ഓര്‍മ്മകളിലൂടൊഴുകി ഓര്‍മ്മപ്പെടുത്തുന്നതിലേക്ക് അവസാനിപ്പിച്ചത് തീര്‍ത്തും ഇഷ്ടമായി..

  ഞങ്ങടെ നാട്ടിലും ഉണ്ട് ഒരു മൂസാക്ക, ഏട്ടന്റെ മകന്‍ ചെറുപ്രായത്തില്‍, മൂസാക്കയുടെ കൂവല്‍ കേള്‍ക്കുമ്പോള്‍ പറയാന്‍ തുടങ്ങും, “മൂക്കാസ ബെര്ന്ന്ണ്ട് ഉമ്മീം കൊണ്ട്!!”

  ജീപ്പിന്റെ ഹോണ്‍ വിളി നാട്ടില്‍ മുഴങ്ങാറുണ്ടെങ്കിലും, മൂക്കാസ, അല്ല മൂസാക്ക ഇന്നും കൊണ്ടുവരുന്നുണ്ട്, വലിയ ബക്കറ്റ് തലയിലേറ്റി മീനുമായ്!

  ReplyDelete
 14. ഗഹനമായ വിഷയം സലാം ഭായ്... വളരെ ആഴത്തിൽ ചിന്തിക്കേണ്ട കാര്യം തന്നെ.. ആവാസ വ്യവസ്ഥയുടെ താളം തെറ്റുന്ന മനുഷ്യ നിർമ്മിത ആധുനികതയിൽ നാം നമുക്കുള്ള കുഴി വെട്ടുക തന്നെയാണു..

  നന്ദി ...

  ReplyDelete
 15. മനുഷ്യന്റെ കൈകൾ പ്രവർത്തിച്ചത് കാരണം ഭൂമിയിലും ആകാശത്തും നാശനഷ്ടങ്ങളുണ്ടാകുന്നു എന്നത് എത്ര സത്യം. നല്ല ലേഖനം

  ReplyDelete
 16. കാലത്തിനൊപ്പം സഞ്ചരിക്കാതെ നമുക്ക് മുന്നോട്ടു പോകാനുമാവില്ലല്ലോ. ജനസംഖ്യ കൂടി. ആവശ്യങ്ങള്‍ കൂടി, അതിനനുസരിച്ച് ഉത്പാദനം കൂട്ടേണ്ടി വന്നു. ഉത്പാദനം കൂട്ടാന്‍ യന്ത്രങ്ങള്‍ ഉപയോഗിക്കേണ്ടി വന്നു. യന്ത്രങ്ങള്‍ സ്വാഭാവികമായും പ്രകൃതിക്ക് തന്നെ നാശം വിതച്ചു തുടങ്ങി. അങ്ങിനെ പ്രകൃതിയെ കൊന്നു തിന്നുന്നു നമ്മള്‍. ലേഖനം നന്നായി.

  ReplyDelete
 17. "കടലിനു ജീവനുള്ളിടത്തോളം കാലമേ മനുഷ്യനും ജീവനുള്ളൂവെന്നര്‍ത്ഥം."
  മനുഷ്യന്റെ സുഖ സൌകര്യ മോഹങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ തന്നെ തന്റെ നില നില്പ്പിനെ ചോദ്യം ചെയ്തു മുന്നേറുന്നു.
  വളരെ ആഴത്തില്‍ ചിന്തിക്കേണ്ട ഒരു വിഷയം ലളിതമായി അവതരിപ്പിച്ചു. നന്ദി.. ഈ ഓര്‍മ്മപ്പെടുതലുകള്‍ക്ക്

  ReplyDelete
 18. ചവറുകള്‍ പോസ്റ്റുകളാക്കുന്ന ഈ ബ്ലോ" ലോകത്തില്‍ , താങ്കളുടെ പോസ്റ്റ് നന്നായിരിക്കുന്നു

  ReplyDelete
 19. പ്രകൃതിയെ സ്നേഹിക്കരുത്- താങ്കള് വികസനവിരോധിയാവും.
  വികസനവാദികളെ എതിര്ക്കരുത്- താങ്കളെ തീവ്രവാദിയാക്കും.
  അവകാശഭൂമിക്കുവേണ്ടി ശബ്ദിക്കരുത്- നിയമംപാലിക്കാനവര് നിങ്ങളെ തല്ലിച്ചതക്കും.
  നീതിക്കുവേണ്ടി മുറവിളികൂട്ടരുത്- നിങ്ങള് കുപ്രസിദ്ധിനേടും.

  ReplyDelete
 20. വളരെ ഹൃദ്യമായി, അതിലേറെ ലളിതമായി പറഞ്ഞ പോസ്റ്റ്‌ ..
  ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട ,ചിന്തിക്കേണ്ട വിഷയം

  ReplyDelete
 21. മികച്ചതായി ഇപ്പൊൾ.
  ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ പേടി തോന്നുകയാണു, അവസാനം എങ്ങനെയാവും എന്നോർത്ത്,വേവലാതി. വരുന്നിടത്ത് വെച്ച് കാണാം, സമാധാനം.
  ഇതിനു രണ്ടിനുമിടക്ക് ജീവിതം ഇങ്ങനെ പോകുകയാണു.

  ReplyDelete
 22. പ്രകൃതിയെ ചൂക്ഷണം ചെയ്തു സകല ജീവജാലങ്ങളെയും വന്‍ നാശത്തില്‍ കൊണ്ടെത്തിക്കും വിധം നടന്നു പോവുന്ന മനുഷ്യന്റെ ആര്‍ത്തി തുടര്‍ന്നാല്‍ ഒരു പക്ഷെ ലേഖകന്‍ വിവക്ഷിച്ച ലോകാവസാനം വന്നെത്താന്‍ ഏറെ കാലം കാത്തിരിക്കേണ്ടി വരില്ല. ഒരു ഗ്രാമപതയില്‍ പ്രത്യക്ഷപെടുന്ന മീന്‍ കച്ചവടക്കാരനില്‍ തുടങ്ങി ആസന്നമായ ഒരു വിപത്തിന്റെ പടിവാതില്‍ ചൂണ്ടി കാണിക്കുന്ന ഈ ലേഖനം ഏറെ ചര്‍ച്ച ചെയ്യപെടെന്ട ഒരു പ്രസക്ത വിഷയം കൈകാര്യം ചെയ്യുന്നു .... ആശംസകള്‍

  ReplyDelete
 23. മീന്‍ കാര്യം മൊയ്തീന്‌റെ കഥയുമായി മുന്നോട്ട്‌ പോകുമ്പോള്‍ ഞാന്‍ കരുതി ഇത്‌ ഒരു ചെറുകഥയാവുമെന്ന്‌, ആവേശത്തോട്‌ വായിച്ച അവസാനിപ്പിച്ചപ്പോള്‍ ഒരു സമ്പൂര്‍ണ്ണ ലേഖനം വായിച്ച പ്രതീതി. കടലിലെ ആവാസ വ്യവ്സ്ഥയും ജൈവ സമ്പത്തും നശിച്ച്‌ കൊണ്‌ടിരിക്കുന്നു എന്നത്‌ സത്യം തന്നെ. കടല്‍ പോറ്റമ്മയാണ്‌. മത്സ്യ സമ്പത്തും മറ്റ്‌ അസംസകൃത വസ്തുക്കളുടെ ശെഖരവും മനുഷ്യര്‍ ആവോളം പ്രയോജനപ്പെടുത്തുന്നുണ്‌ട്‌. ചുരുക്കം പറഞ്ഞാല്‍ കാലത്തിന്‌റെ കുതിച്ച്‌ ചാട്ടത്തില്‍ മറ്റെന്തിനും സംഭവിച്ച്‌ കൊണ്‌ടിരിക്കുന്ന ആ മൂല്യ ച്യുതിയും, മലിനീകരണവും, സര്‍വ്വ നാശവും സമുദ്രത്തിനും സംഭവിക്കുന്നുണ്‌ടാവാം. അന്തിമ കാഹളം അതിന്‌റെ സമയമായാല്‍ ഉണ്‌ടാവുക തന്നെ ചെയ്യും ആ സമയത്തിലേക്കുള്ള കാല്‍ വെയ്പുകളാണിവയെല്ലാമെന്ന്‌ കരുതി ആശ്വസിക്കാം സലാം. ആശംസകള്‍

  ReplyDelete
 24. ചിന്തനീയം..വിജ്ഞാനപ്രദം..
  ഗൗരവത്തോടെ സമീപിക്കേണ്ട വിഷയം.
  നന്നായി എഴുതി.അഭിനന്ദനങ്ങള്‍

  ReplyDelete
 25. നല്ല ലേഖനം തന്നെ ...നന്നായി എഴുതു ന്ന താങ്കളെപ്പോലെ ഉള്ള ആളുകള്‍ കാലത്തിനു നേരെ പിടിച്ചകണ്ണാടിയും ആയി ഇനിയും വരിക...

  ReplyDelete
 26. സലാം ജി ആദ്യം തന്നെ ഒരു ബിഗ്‌ സലൂട്ട്‌
  ഇന്ന് മനുഷ്യ സമൂഹത്തിനു പാരിസ്ഥിതിക കാര്യത്തില്‍ ദീര്‍ഘ വീക്ഷണം ഇല്ലാതായി എന്നാണു നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് അത് കടലിന്‍റെ കാര്യത്തില്‍ ആണെങ്കിലും കരയില്‍ ആണെകിലും ഒക്കെ നൈമിഷിക സൌകര്യങ്ങള്‍ക്കും സുഗങ്ങള്‍ക്കും വേണ്ടി നെട്ടോ ട്ടം ഓടുന്നതിന് ഇടക്ക് ചെയ്യുന്നതോ പ്രവര്‍ത്തിക്കുന്നതോ ആയ കാര്യങ്ങളിലെ ദൂശ്യങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല

  ReplyDelete
 27. മനുഷ്യറ് തന്നെ സ്വയം പ്രകൃതി കനിഞ്ഞു നല്‍കിയ സമ്പത്തുകളെ ഉല്‍മൂലനം ചെയ്തു തന്റെ തന്നെ നാശത്തിലേക്കുള്ള പാത വെട്ടിത്തെളിക്കുന്നു.ആഗോള താപനവും അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും ആണവയുദ്ധങ്ങള്‍ക്കുള്ള മുറവിളിയുമൊക്കെ അന്തിമകാഹളത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

  ReplyDelete
 28. അതെ അന്തിമ കാഹളത്തിലേക്ക് കാതു
  കൂര്‍പ്പിക്കുവാന്‍ ഒരു ഉള്‍വിളി തന്നു
  സലാമിന്റെ ഈ പോസ്റ്റ്‌..എത്ര കാതം
  അകലെ എന്ന് മാത്രം അറിയില്ല...അഭിനന്ദനങ്ങള്‍‍
  സലാം..നന്നായി എഴുതി...

  ReplyDelete
 29. ഈ വിഷയത്തിലേക്ക് പ്രവേശിച്ച രീതി നന്നായി. അത് അവതരണത്തിന്‍റെ മിടുക്ക്.
  പിന്നെ പഠനാര്‍ഹമായ ചിന്തകള്‍
  അവസാനം ഒരു ഓര്‍മ്മപ്പെടുത്തല്‍. .
  ലേഖനം നന്നായി സലാം ഭായ്

  ReplyDelete
 30. വരും തലമുറയ്ക്ക് ഒരു കരുതല്‍ ബാക്കി വെക്കാതെ ഇന്നിന്റെ മാത്രം ചിന്തകളിലാണ് നമ്മള്‍ , നല്ല ഓരോര്മ്മപ്പെടുത്തല്‍ ..

  ReplyDelete
 31. കെടുതി കണ്ടെപ്പോഴും കരയുടെ മാറത്ത്‌ അലതല്ലി ക്കരയുന്നൂ കദനത്താല്‍ കല്ലോലം....
  കരളേ നീ കേഴുക!

  ReplyDelete
 32. നല്ല ലേഖനം . നല്ല ശൈലി . നല്ല അവതരണം . നല്ല പ്രമേയം . കാലിക പ്രസക്തം . ചിന്തോദ്ദീപകം . ഭാവുകങ്ങള്‍

  ReplyDelete
 33. ഗൌരവതരമായൊരു ചിന്തയാണ് സലാം ഇത്തവണ സമ്മാനിച്ചത്‌.
  കൂട്ടത്തില്‍ ഞങ്ങളുടെ നാട്ടിലെ മീന്‍കാരനെയും ഓര്‍ത്തു.മൂപ്പര്‍ മീന്‍ വിളിക്കുക ''ബഹുമാനപ്പെട്ട മത്തി,ബഹുമാനപ്പെട്ട അയല..'എന്നിങ്ങനെയാണ്.അങ്ങിനെ എല്ലാരും മൂപ്പരെ 'ബഹുമാനപ്പെട്ട'എന്നാണു വിളിച്ചിരുന്നത്‌.ഞാനൊരിക്കല്‍ പേര് ചോദിച്ചപ്പോഴതാ പറയുന്നു,'മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ്‌ '!
  നന്നായി എഴുതി.

  ReplyDelete
 34. കടൽ, മത്സ്യം,മത്സ്യത്തൊഴിലാളികളുടെ ജീവൻ..ഒന്നിനും വിലയില്ലെന്ന് ടി വിയും പത്രങ്ങളും ഒക്കെ എന്നും പറഞ്ഞു തരുന്നുണ്ട്. കൃഷിക്കാരനും കൃഷിയും എന്ന് കേട്ടാലുടനെ മണ്ണ് ചെളി എന്നൊക്കെ ഓർത്ത് കോപം വരും. മെഗാ മാർട്ടുകളിൽ പ്ലാസ്റ്റിക് കൂടുകളിൽ അരിഞ്ഞു കിട്ടുന്ന പച്ചക്കറികൾ ഉള്ളപ്പോൾ, പാക്കറ്റിൽ അരിയും ഗോതമ്പും കിട്ടുമ്പോൾ നമുക്ക് വെർച്ച്വൽ കൃഷി മതി.
  കാഹളം കേൾക്കാൻ പറ്റില്ല, കാരണം എന്റെ ചെവീല് ഐപോഡിലെ പാട്ടുകളാണ്.

  ReplyDelete
 35. പിടയുന്ന ഈ കടലിന്റെ രോദനത്തില്‍ നിറയുന്നതും അവസാനത്തിന്റെ ആരംഭം കുറിക്കുന്ന ആ കൊമ്പുവിളി തന്നെയാവില്ലേ ഒരു വേള? --തീര്‍ച്ചയായും അതെ എന്ന് തന്നെ പറയേണ്ടി വരും......പല സൂചനകളും പ്രകൃതി നല്‍കുന്നുമുണ്ട്..........ഇതിലൊന്നും പഠിയ്ക്കാതെ ഇനിയും ദുരമൂത്ത മനുഷ്യന്‍ ചെന്നെത്തുക ലോകാവസാനതിലെയ്ക്ക് തന്നെയായിരിയ്ക്കും..തീര്‍ച്ച. മനോഹരമായി എഴുതി വെച്ചിരിയ്ക്കുന്നു.അഭിനന്ദനങ്ങള്‍.

  ReplyDelete
 36. ഓര്‍ക്കുക ..ചെവിയോര്‍ക്കുക,... അന്തിമ കാഹളം...ഈ ഓര്‍മ്മപ്പെടുത്തല്‍ വളരെ നന്നായി ..വളരെ ആഴത്തില്‍ ചിന്തിക്കേണ്ട കാര്യം തന്നെയാണ് ,വിജ്ഞാനപ്രദമായ ഈ ലേഖനം

  ReplyDelete
 37. valare charcha cheyyappedenda vishayam , manassil thattum vidham prathipadhichu..... ABHINANDANANGAL.... pinne blogil puthiya post PRITHVIRAJINE PRANAYIKKUNNA PENKUTTY... vayikkane.........

  ReplyDelete
 38. "...പിടയുന്ന ഈ കടലിന്റെ രോദനത്തില്‍ നിറയുന്നതും അവസാനത്തിന്റെ ആരംഭം കുറിക്കുന്ന ആ കൊമ്പുവിളി തന്നെയാവില്ലേ ഒരു വേള?"

  നാട്ടു വഴിലളിലൂടെ നെടുനീളം നടത്തി ,വളരെ ഒതുക്കത്തിൽ ഒരു വലിയ കാര്യം പറഞ്ഞു..!
  ആഖ്യാനം വളരെയിഷ്ട്ടായി..!
  ആശംസകളോടെ..പുലരി

  ReplyDelete
 39. "...പിടയുന്ന ഈ കടലിന്റെ രോദനത്തില്‍ നിറയുന്നതും അവസാനത്തിന്റെ ആരംഭം കുറിക്കുന്ന ആ കൊമ്പുവിളി തന്നെയാവില്ലേ ഒരു വേള?"

  നാട്ടു വഴിലളിലൂടെ നെടുനീളം നടത്തി ,വളരെ ഒതുക്കത്തിൽ ഒരു വലിയ കാര്യം പറഞ്ഞു..!
  ആഖ്യാനം വളരെയിഷ്ട്ടായി..!
  ആശംസകളോടെ..പുലരി

  ReplyDelete
 40. വിഷയം എത്രമാത്രം പ്രാധാന്യം അര്‍ഹിയ്ക്കുന്നു എന്ന് കൂട്ടുകാരെല്ലാം വ്യക്തമാക്കി..
  ഞാന്‍ വരാന്‍ ഇച്ചിരി വൈകി പോയി....
  ഞാനും അവര്‍ക്ക് ശരി വെയ്ക്കുന്നു..
  അന്ത്യത്തില്‍ എത്തിയപ്പോള്‍ ലോകാന്ത്യത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ ചെറുതായൊന്ന് പേടിപ്പിച്ചോന്ന് സംശയം..!
  എല്ലാ തവണയും പോലെ...അഭിനന്ദനങ്ങള്‍...!

  ReplyDelete
 41. ആദ്യത്തെ പാരഗ്രാഫിനു നൂറു മാര്‍ക്ക്‌... ,സുന്ദരിപ്പാടത്തിനു..പോസ്റ്റ്‌ പതിവുപോലെ 'വേറിട്ട ചിന്തകള്‍ '.(മത്സ്യം ഉപേക്ഷിച്ചു വെജിറ്റേറിയന്‍ ആകൂ :))

  ReplyDelete
 42. ലാഭകൊതി മൂത്ത് പ്രകൃതിയെ അശാസ്ത്രീയമായ രീതികളില്‍ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യര്‍ക്ക്‌ ഒരു മുന്നറിയിപ്പ്. കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടെണ്ട ഒരു വിഷയം. എഴുത്ത് നന്നായി സലാം ഭായ്..!

  ReplyDelete
 43. ഇനിയുള്ള കാലം ആയുസ്സൊടുങ്ങാനായിട്ടുള്ളതാണ്. അതിജീവന ,ആവാസ വ്യവസ്ഥകളെ പുതിയ രൂപത്തില്‍ കുപ്പികളിലും മറ്റും ഇനി നമ്മെ തേടിയെത്തും ..

  ReplyDelete
 44. ശുദ്ദ പ്രകൃതിയുടെ പ്രതീകമായ മുയ്തീന്കയില്‍ തുടങ്ങി ആധുനിക ആര്‍ത്തിയുടെ ബിംബങ്ങളില്‍ അവസാനിക്കുന്ന പോസ്റ്റ്‌ ഒരു പാട് ചിന്തകള്‍ക്ക്
  തീ പകരുന്നുണ്ട്. തുടക്കത്തില്‍ മനോഹരമായി വരച്ചു കാണിച്ച ആ ഗ്രാമം എന്റേത് കൂടിയായതിനാല്‍ വായന അനുഭവത്തിന്റെ തലത്തിലേക്ക് മാറി സലാം ബായ്. തകര്‍ച്ചയുടെ ആധുനിക കാഹളങ്ങള്‍ ഇവിടെ എമ്പാടും മുഴങ്ങുന്നുണ്ട്. ബോധപൂര്‍വ്വം സൈലന്‍സര്‍ ഘടിപ്പിച്ച് പലരും നമ്മെ പറ്റിക്കുകയാണ്!

  ReplyDelete
 45. ആര് ആരോട് എന്ത് പറയാനാണ്. അവനവന്‍റെ ലാഭാക്കാര്യം വരുമ്പോള്‍ മനുഷ്യന്‍ പിന്മുറക്കാരെയും സ്വന്തത്തെത്തന്നെയും മറന്നു പോകുന്നു. ഇതാണല്ലോ യാഥാര്‍ത്ഥ്യം. ഈ ലേഖനത്തില്‍ പറഞ്ഞ ഓരോ യാഥാര്‍ത്ഥ്യവും നാമെല്ലാവരും നെഞ്ചിലേറ്റുന്ന വേദനകള്‍ ആണ്. ഇനിയും തലമുരകള്‍ക്ക് ഇവിടെ ജീവിക്കാന്‍ വകയൊരുക്കേണ്ടത് നാമോരോരുത്തരുടെയും ബാധ്യതയാണ്.

  ReplyDelete
 46. മനുഷ്യനെ പിന്തുടരുന്ന വിപത്തുകളെക്കുറിച്ച് ഒരു ഓര്‍മ്മപ്പെടുത്തലായി.

  ReplyDelete
 47. അഭിനന്ദനം.
  ഒപ്പം: ശീര്‍ഷകത്തിനു ബഷീറിനോടുള്ള കടപ്പാട് സൂചിപ്പിക്കേണ്ടതായിരുന്നില്ലേ?

  ReplyDelete
 48. അഭിനന്ദനങ്ങള്‍

  ReplyDelete
 49. മറയുന്ന പാടവും പിടയുന്ന കടലും....

  മനുഷ്യാസ്തിത്വത്തിന്റെത്തന്നെ ഹംസഗാനമുണരുന്നതിന്റെ സൂചകങ്ങൾ അടയാളപ്പെടുത്തുന്ന ഈ കുറിപ്പ് ശ്രദ്ധേയം.

  ReplyDelete
 50. പാടത്തിനു കുറുകേ റോഡുവന്നതും തലച്ചുമടില്ലാതെ മീന്‍വില്‍പന സാധ്യമായതും മീന്‍പിടിത്തത്തിന് ആധുനിക സംവിധാനങ്ങള്‍ ലഭ്യമായതും പുരോഗതി തന്നെയാണ്. അതിന്റെ പരിണതഫലങ്ങളാണ് വിചിത്രമായത് - പാടങ്ങളും പറമ്പുകളും 'റിയല്‍ എസ്റ്റേറ്റു'കളായി, ആധുനിക സംവിധാനങ്ങള്‍ അളവറ്റ ഉപഭോഗത്തിനും അതിലുപരിയായി പാഴാക്കലിനും കാരണമായി. ഇവിടെ കാനഡയില്‍ ഏതാണ്ട് മുപ്പതുശതമാനത്തോളം ഭക്ഷ്യവസ്തുക്കള്‍ (ഏറെയും മത്സ്യമാംസാദികള്‍) പാഴാക്കപ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

  നിത്യജീവിതത്തില്‍ പണത്തിന്റെ അധിനിവേശമാണ് എല്ലാത്തിനും കാരണം. അദ്ധ്വാനത്തിന്റേയും, കൃഷിയുടേയും, വിഭവസമ്പത്തുക്കളുടേയും, സര്‍ഗ്ഗശേഷിയുടേയും മൂല്യങ്ങള്‍ ധ്വംസിച്ച് ഏതോ "കറക്കുവിദ്യകള്‍"ക്ക് മൂല്യം സമ്മാനിക്കാന്‍ പണത്തില്‍ അധിഷ്ഠിതമായ സാമൂഹികവ്യവസ്ഥയ്ക്ക് കഴിഞ്ഞിരിക്കുന്നു. പൂര്‍ണ്ണമായ തകര്‍ച്ചയല്ലാതെ ഇതിനൊരു പരിഹാരമില്ല.

  ReplyDelete
 51. ആദ്യം ഒരു ഗ്രാമ കാഴ്ച ,പിന്നെ മീന്‍ പിടിക്കുവാന്‍ ഉള്ള വിദ്യകള്‍ ,നമ്മുടെ വിഭവങ്ങള്‍ ഇല്ലതെയാകുന്നതിനെതിരെയുള്ള ജാഗ്രത ,തുടങ്ങി വൈവിധ്യ പൂര്‍ണതയുള്ള ലേഖനം .ആശംസകള്‍

  ReplyDelete
 52. ഇതു വായിക്കാന്‍ വൈകിയതില്‍ സങ്കടമുണ്ട്...
  അജിത്തേട്ടന്‍ പറഞ്ഞ പോലെ സ്വയം കുഴിതോണ്ടുന്ന മനുഷ്യ ജീവികള്‍ !!

  ReplyDelete