Sunday, April 1, 2012

നമുക്കില്ലൊരു ലോകം


വിശാലമായ റൌണ്ടബൌട്ടിന്‍റെ  ഓരത്തുള്ള വലിയ മക്‌ഡൊനാള്‍ഡ്സ് ഫാസ്റ്റ് ഫുഡ്‌ ഭോജനശാലയും കഴിഞ്ഞു ഇടത്തോട്ടു തിരിയുന്ന റോഡില്‍ വെച്ചാണ് ആഫ്രിക്കക്കാരനായ ആ ചെറുപ്പക്കാരനെ കണ്ടത്. വിജനമായ റോഡിന്‍റെ  ഇരു വശത്തും ഒതുക്കമില്ലാതെ കാറുകള്‍ പാര്‍ക്ക് ചെയ്തു കിടന്നിരുന്നു. നെറുകയില്‍ സൂര്യന്‍ കനല്‍ പെയ്തു നിന്നു. സ്കൂള്‍ പ്രായത്തിലുള്ള ഒരു കൂട്ടം ആണ്‍പിള്ളേര്‍ സൈക്കിളിലേറി ബഹളം വെച്ചുകൊണ്ട് അരുതാത്ത വേഗത്തില്‍ അരികിലൂടെ മുന്നോട്ടു പാഞ്ഞു പോയി. റോഡരികിലുള്ള ഫ്ലാറ്റുകളില്‍ നിന്ന് പാകം ചെയ്യപ്പെടുന്ന ഉച്ചഭക്ഷണത്തിന്‍റെ മണം നാസാരന്ധ്രങ്ങളിലേക്ക് പടര്‍ന്നു കയറിയപ്പോള്‍ വയറിന്‍റെ അടിത്തട്ടില്‍ വിശപ്പ്‌ ഉറക്കമുണര്‍ന്നു.

ഈ നിരത്ത് പിന്നിട്ടാല്‍ അപ്പുറത്തെ പ്രധാന റോഡിലെത്താം. അവിടെ മികവാര്‍ന്ന നാലുവരിപ്പാതയിലൂടെ അതിവേഗത്തില്‍ ഒഴുകി നീങ്ങുന്ന വാഹന നിരകള്‍ കാണും. അവ മുന്നിലെ സിഗ്നല്‍ പോസ്റ്റില്‍ ചുവപ്പ് ലൈറ്റ് തെളിയുമ്പോള്‍ ബ്രേക്കിട്ടു ഞരങ്ങി നില്‍ക്കുന്നു. പച്ചവെളിച്ചം തെളിയാന്‍ സ്റ്റിയറിങ്ങില്‍ അക്ഷമരായി താളമിട്ടിരിക്കുന്ന മുഖങ്ങള്‍ക്കിടയിലൂടെ നടന്നു കുടിവെള്ള ബോട്ടിലുകള്‍ വില്‍ക്കുന്ന ഒന്നോ രണ്ടോ ബംഗാളികളോ മറ്റു നാട്ടുകാരോ കാണും. രണ്ടു ചുവപ്പ് തെളിച്ചങ്ങള്‍‍ക്കിടയിലെ ഇട മുറിഞ്ഞുള്ള കച്ചവടം. ഇതിനിടയിലൂടെ ഇരുണ്ട നിറവും ചുരുണ്ട മുടിയുമുള്ള ഒരു ബാലനോ ബാലികയോ ഭിക്ഷ യാചിക്കുന്ന കാഴ്ചയും കാണാം ചിലയിടങ്ങളില്‍. വിദേശ നിര്‍മിത ആഡംബര വാഹനങ്ങളുടെ തിളക്കമാര്‍ന്ന ചില്ലുജാലകത്തിലൂടെ എത്തി നോക്കി അവര്‍ മുട്ടി വിളിക്കുന്നു. വെയില്‍ കുടിച്ചു വരണ്ട മുഖവുമായി, ചെറിയ ചൂണ്ടു വിരല്‍ അല്പം വളച്ച് ഉയര്‍ത്തിക്കാണിച്ച് ഒരു റിയാലിന് കെഞ്ചുന്ന ശൂന്യമായ മിഴികള്‍. ഒരു കൈകൊണ്ട്‌ പുതിയ ഇലക്ട്രോണിക് ഗയിം കളിച്ചും മറുകൈകൊണ്ട് ബാസ്കിന്‍ റോബിന്‍സ് ഐസ്ക്രീം നുണഞ്ഞുമിരിക്കുന്ന വിടര്‍ന്ന കണ്ണുകളുമുള്ള ബാല്യ-കൌമാരങ്ങള്‍ ശീതീകരിച്ച കാറിനകത്ത്, വേറൊരു ലോകത്ത്.

പൊതു സ്ഥലത്തെ ഭിക്ഷാടനം അനുവദനീയമല്ല. ആഫ്രിക്കയില്‍ നിന്നു കുടിയേറി വന്നു തിരിച്ചു പോവാത്തവരുടെ കുട്ടികളാണ് മിക്കപ്പോഴും നിയമം ലംഘിച്ചു കാശിനു കൈ കാണിക്കുന്നത്. തൊഴിലെടുക്കാവുന്ന സാഹചര്യമുണ്ടായിരുന്നിട്ടും അതു ചെയ്യാനിഷ്ടപ്പെടാത്ത അവരുടെ രക്ഷിതാക്കള്‍ തന്നെയാവും കുട്ടികളെ ഇരക്കാനിറക്കുന്നത്. ഇതില്‍ കുറേ പേര്‍ വളരുമ്പോള്‍ പിടിച്ചുപറിക്കാരായി രൂപാന്തരപ്പെടുന്നു.

സിഗ്നലിലേക്ക് എത്താനായി ധൃതിയില്‍ നടക്കവേയാണ് അയാള്‍ എനിക്കെതിരെ വരുന്നത് ശ്രദ്ധയില്‍ പെട്ടത്. പാതയോരങ്ങളില്‍ ആളൊഴിഞ്ഞ നേരത്ത് പിടിച്ചുപറിക്കാരന്‍റെ ലക്ഷണമൊത്ത ഒരു ആഫ്രിക്കന്‍ വംശജന്‍റെ മുന്നില്‍ ചെന്ന് പെടുകയെന്നത് നഗരത്തിലെ പ്രവാസികളുടെ പേക്കിനാവുകളിലൊന്നാണ്. അറിയാത്ത പോലെ വഴി മാറി നടക്കാനാണ് സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ അതിജീവന ബോധം അവനെ ഉണര്‍ത്തുക. എന്ത് ചെയ്യണമെന്നറിയാതെ ‍ അയാളുടെ ശരീര ഭാഷ ഗ്രഹിക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ നാലു പാടും കണ്ണു പായിച്ചു. അല്പം ചടച്ച ശരീര പ്രകൃതിയാണ് അയാള്‍ക്ക്‌. ഒരു ആക്രമണം ഉണ്ടായാല്‍ അയാളെ തള്ളി മാറ്റി മുന്നോട്ടു പോകാന്‍ കഴിയുമെന്ന് തോന്നി. മാരകായുധങ്ങളൊന്നും അയാളുടെ പക്കലില്ലെങ്കില്‍. മനസ്സില്‍ അപായചിന്തകളുടെ തിരയിളക്കം.

അയാള്‍ അടുത്തെത്തി. അല്പം മഞ്ഞ നിറം കലര്‍ന്ന പല്ലുകള്‍ പുറത്തു കാണിക്കുന്ന വ്യക്തതയില്ലാത്ത വാക്കുകള്‍. പുഞ്ചിരിക്കുമ്പോള്‍ അയാളുടെ മേല്‍ ചുണ്ടിന്‍റെ ഒരു വശം അധികമായി മേലോട്ട് വിടരുന്നതിനാല്‍ അയാള്‍ ചിരിക്കും കരച്ചിലിനും ഇടയില്‍ ശങ്കിച്ച് നില്‍ക്കുന്ന പോലെ തോന്നിച്ചു. അധികം പൊക്കമില്ലാത്ത അയാളുടെ ഇന്‍ ചെയ്ത ഷര്‍ട്ടിന്‍റെ ഒരു വശം പാന്റിനു വെളിയിലേക്ക് തൂങ്ങി കിടക്കുന്നു. എന്തോ, ആരെയോ തിരയുന്ന പോലെയുള്ള മുഖഭാവം.

"അന മാഫീ ആലിബാബ, മാഫീ ഖഊഫ്, മാഫീ ഖഊഫ് , അന സുഡാനി, സുഡാനി " "ഞാന്‍ പിടിച്ചു പറിക്കാരനല്ല, പേടിക്കേണ്ട, ഞാന്‍ സുഡാന്‍കാരനാണ്." അത്ര സ്ഫുടമാല്ലാത്ത സ്വരത്തില്‍ അയാള്‍ എന്നെ സാന്ത്വനിപ്പിക്കാനെന്നപോലെ പറയുന്നു.

സുഡാനികള്‍ പൊതുവേ പിടിച്ചു പറി സംഘത്തില്‍ ഉള്‍പെ‍ടാറില്ലെന്നാണ് വെയ്പ്. അത് കൊണ്ടായിരിക്കാം അയാള്‍ സുഡാനിയാണെന്നു ആവര്‍ത്തിച്ചു പറയുന്നത്.

ആള്‍ അടുത്തേക്ക്‌ തന്നെ വരികയാണ്.

"എനിക്ക് എന്‍റെ സഹോദരനെ ഉടനെ വിളിക്കേണ്ടതുണ്ട്. എന്‍റെ ഫോണില്‍ പണം തീര്‍ന്നു പോയി. നിന്‍റെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടോ? " അയാള്‍ ചോദിക്കുന്നു.

എന്തോ വലിയ വിഷമത്തിലകപ്പെട്ടിരിക്കയാണെന്ന് അയാളുടെ മുഖഭാവം കൊണ്ടു തോന്നുന്നു. ഒരു വേള എല്ലാം അഭിനയമാവം. എന്‍റെ പോക്കറ്റിലിരിക്കുന്ന ഐഫോണുമായി ഞൊടിയിടയില്‍ ഓടി മറയുന്ന അയാളെ ഞാന്‍ മനസ്സില്‍ കണ്ടു. അല്ലെങ്കില്‍ എന്‍റെ പക്കലുള്ള പണവും കവര്‍ന്ന് ഒരു പിച്ചാത്തിയിലേക്ക് എന്നെ നിശ്ചലനാക്കി ആ ചുടുവെയിലില്‍ രക്തം വാര്‍ന്നു തീരാനിട്ട് അയാള്‍ കടന്നേക്കാം. ഒന്നിനും ഒരു നിശ്ചയമില്ല. പത്രം തുറന്നാല്‍ മുടങ്ങാതെ കാണുന്ന പിടിച്ചു പറി വാര്‍ത്തകള്‍ മനസ്സില്‍ തെളിഞ്ഞു. അടുത്ത ദിവസത്തേക്കുള്ള മറ്റൊരു കോളം വാര്‍ത്തക്കുള്ള രംഗത്തിന് വേദിയൊരുങ്ങുകയാണെന്ന് തോന്നി.

"അന മാഫീ ആലിബാബ, മാഫീ ഖഊഫ്, മാഫീ ഖഊഫ് , അന സുഡാനി, സുഡാനി" അയാള്‍ ആവര്‍ത്തിക്കുന്നു.

ഒരു നിമിഷം...

കൂടുതല്‍ ആലോചിക്കാതെ പോക്കറ്റില്‍ നിന്ന് ഫോണെടുത്തു അയാള്‍ക്ക്‌ കൊടുത്തു. ആശ്വാസത്തോടെ അയാള്‍ സഹോദരന് ഡയല്‍ ചെയ്യുന്നു. ലൈന്‍ കിട്ടാതെയോ, അതോ അറ്റന്‍ഡ് ചെയ്യപ്പെടാതെയോ ആവാം വീണ്ടും വീണ്ടും ഡയല്‍ ചെയ്യുന്നുണ്ടായിരുന്നു. എന്തും സംഭവിക്കാം. അയാള്‍ കത്തിയെടുക്കുന്നുണ്ടോ, ഭാവം മാറുന്നുണ്ടോ? പെട്ടെന്നാണ് അയാള്‍ ഫോണില്‍ സംസാരിച്ചു തുടങ്ങിയത്. കാര്യങ്ങള്‍ വേഗത്തില്‍ പറഞ്ഞു ഫോണ്‍ ഡിസ്കണക്കറ്റ് ചെയ്തു.

ഫോണ്‍ തിരികെ നല്‍കുമ്പോള്‍ അയാളുടെ മുഖത്ത് തക്ക സമയത്ത് തന്നെ സഹോദരനോട് സംസാരിക്കാന്‍ കഴിഞ്ഞതിന്‍റെ സംതൃപ്തി തെളിഞ്ഞു നിന്നിരുന്നു. എന്നാല്‍, അതിലേറെ ആ മുഖത്തു പ്രകടമായത് അയാള്‍ വിശ്വാസത്തിലെടുക്കപ്പെട്ടതിന്‍റെ ആശ്വാസനിറവായിരുന്നുവെന്ന് തോന്നി. ആ കണ്ണുകള്‍ കൂടുതല്‍ വാചാലമായിരുന്നു. തൊലി കറുത്തു പോയതിനാല്‍ വഴിയോരങ്ങളില്‍ അവിശ്വസിക്കപ്പെടുന്നവന്‍റെ നിസ്സഹായതയും നീറ്റലും. റേഷ്യല്‍ പ്രൊഫൈലിംഗ് എന്ന് വിളിക്കപ്പെടുന്ന, വര്‍ണ്ണത്തിന്‍റെയോ വംശത്തിന്‍റെയോ വിശ്വാസത്തിന്‍റെയോ അടിസ്ഥാനത്തില്‍ ആളുകളെ തരം തിരിച്ചു കുറ്റവാളികളെന്നു മുദ്ര കുത്തി പാര്‍ശ്വവത്കരിക്കുന്ന നടപ്പു ദീനം‍. തിരസ്കരണത്തിന്‍റെ വെളിമ്പുറങ്ങളില്‍ ഞാന്‍ നിരപരാധിയാണെന്ന് സ്വയം നെറ്റിയില്‍ കുറിച്ച് വെക്കേണ്ടി വരുന്ന ദുരവസ്ഥ.

അയാള്‍ പറഞ്ഞത് മുഴുവന്‍ മുഖവിലക്കെടുക്കാന്‍ മനസ്സാ കൂട്ടാക്കാതെ ഞാന്‍ പിന്നെയും എന്‍റെ മുന്‍വിധികളുടെ വേലികള്‍ക്കുള്ളിലേക്ക് മടങ്ങവേ ഏറെ പരിചിതമല്ലാത്ത വാക്-രൂപങ്ങളില്‍ നന്ദി വാചകങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ട് അയാള്‍ അകന്നകന്നു പോയി.

"അന മാഫീ ആലിബാബ...... അന........"

അവ്യക്തമായി, ഒരു വിലാപം പോലെ, പിന്നെയും ഉരുവിട്ടുകൊണ്ടിരുന്നു അയാള്‍.

ആരോടെന്നില്ലാതെ....

(നാട്ടുപച്ച ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത് )

52 comments:

 1. തീര്‍ച്ചയായും അയാളെ വിശ്വസിച്ചു എന്നത് തന്നെയാവും അയാളുടെ സന്തോഷം .
  പക്ഷെ സാഹചര്യങ്ങള്‍ മനുഷ്യനെ വിലക്കുന്നു. ആരെയും കുറ്റപ്പെടുത്താന്‍ വയ്യ.
  അപകടങ്ങളില്‍ പെടുനവരെ സഹായിക്കാന്‍ ജനങ്ങള്‍ മടിച്ചു നില്‍ക്കുന്നതിന്‍റെ മറുവശവും ഇത് തന്നെ. അതില്‍ എത്രത്തോളം ശരിയുണ്ടെങ്കിലും.
  ഇവിടത്തെ ചൂടില്‍ നെറ്റിയിലെ വിയര്‍പ്പു തുടച്ചു റോഡില്‍ വെള്ളം വില്‍ക്കുന്നവര്‍, ഭിക്ഷ എടുക്കുന്നവര്‍ , ഇവരുടെയൊക്കെ ദൈന്യത നിറഞ്ഞ മുഖങ്ങള്‍ എന്നും കാണുന്ന കാഴ്ച തന്നെ.
  റോഡിലെ ഇത്തരം കാഴ്ചകളും ജീവിതവും പറഞ്ഞ കഥ വളരെ നന്നായി സലാം ഭായ്

  ReplyDelete
 2. പ്രവാസിയുടെ നിത്യജീവിതത്തിലെ ഒരു രംഗം മനോഹരമായിപകര്‍ത്തിയെഴുതപ്പെട്ടു.മനുഷ്യമനസ്സിന്റെ വിചിത്രമായ സ്വഭാവത്തെ കഥ യുക്തിയുക്തം വെളിപ്പെടുത്തുന്നു...
  ...അയാള്‍ പറഞ്ഞത് മുഴുവന്‍ മുഖവിലക്കെടുക്കാന്‍ മനസ്സാ കൂട്ടാക്കാതെ ഞാന്‍ പിന്നെയും എന്‍റെ മുന്‍വിധികളുടെ വേലികള്‍ക്കുള്ളിലേക്ക് മടങ്ങവേ...
  .......അഭിനന്ദനങ്ങള്‍

  ReplyDelete
 3. ആരേയും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിലേക്ക് അനുഭവങ്ങള്‍ മാറിക്കൊണ്ടിരിക്കയാണ്..അപകടത്തില്‍ പെടുന്ന അപരിചിതര്‍ അവഗണിക്കപ്പെടുന്നത് അസാധാരണമല്ല..
  നമുക്കും ഇത്തരത്തിലുള്ള അവസ്ഥക്കല്‍ വരാവുന്നതല്ലേ..?
  നല്ല രചന.. ഭാവുകങ്ങള്‍

  ReplyDelete
 4. നല്ല കഥ, വേദന തീവ്രമായി എഴുത്തിലൂടെ പകര്‍ന്നു തന്നു.

  ReplyDelete
 5. സലാംജി, കറുത്തു ദരിദ്രനായവനെന്നല്ല, നല്ല പൊളപ്പന്‍ ബെന്‍സ് കാറില്‍നിന്നിറങ്ങിവരുന്ന സൂട്ടിട്ട ശിങ്കമായാല്‍പോലും എന്റെ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഞാന്‍ പരിചയമില്ലാത്ത ഒരാളെക്കൊണ്ട് തൊടീക്കില്ല. ഒരു ദിര്‍ഹം/ഡോളര്‍/റിയാല്‍ കൊടുത്ത് തൊട്ടടുത്ത പബ്ലിക് ഫോണ്‍ ചൂണ്ടിക്കാട്ടുകയാവും ഞാന്‍ ചെയ്യുക.

  സമാനമായ അനുഭവം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായ് മെട്രോയില്‍ വെച്ച് എനിക്കുണ്ടായി. നല്ല വേഷവും ടൈയുമൊക്കെ ധരിച്ച ഒരു സുന്ദരന്‍ യുവാവ് ഒരു അറബിക് വിസിറ്റിങ്ങ് കാര്‍ഡ് കാണിച്ചാണ് ഫോണിനായി അഭ്യര്‍ത്ഥിച്ചത്. ഫോണ്‍ തരില്ലെന്ന് ഞാന്‍ മാത്രമല്ല, അടുത്തിരുന്ന ഒരു ഫിലിപ്പിനോ സ്ത്രീയും തീര്‍ത്തുപറഞ്ഞു.

  ReplyDelete
 6. നമ്മള്‍ ഇവിടെ നിത്യേനം കേള്‍ക്കുന്ന വാര്‍ത്തകളില്‍ കൂടുതലും ഇപ്പോള്‍ ഇതാണ്. അതുകൊണ്ട് തന്നെ ഒരാളെയും വിശ്വസിക്കാന്‍ പറ്റാതായി. മറ്റൊരാള്‍ക്ക്‌ എന്തെങ്കിലും നല്‍കുമ്പോള്‍ അത് നഷ്ടപ്പെടുന്നു എന്ന് കരുതിയാണ് മനസ്സില്ലാതെ നല്‍കുന്നത്. തിരിച്ചു കിട്ടുമ്പോള്‍ ഇവിടെ സുടാനിക്കുണ്ടായ സന്തോഷത്തെക്കാള്‍ കൊടുത്ത സാധനം തിരിച്ച് കിട്ടിയല്ലോ എന്ന സന്തോഷമായിരിക്കും നമുക്ക്‌ എന്ന് തോന്നുന്നു.
  ഷെയര്‍ ടാക്സികളില്‍ കയറുമ്പോള്‍ ഓരോ ടാക്സിയിലും ഇരിക്കുന്നവരെ നോക്കി എത്ര ടാക്സികള്‍ വിട്ടു കളഞ്ഞാണ് ഒരു ടാക്സിയില്‍ കയറുന്നത്.

  ReplyDelete
 7. നല്ലെഴുത്തിന് നമസ്കാരം. എഴുത്തിന്റെ വിഷയം എന്തുതന്നെയായാലും അതില്‍ പൂര്‍ണ്ണപ്രതിബദ്ധതയോടെ എഴുതുന്ന രീതിയ്ക്കാണ് നമസ്കാരം. പിന്നെ പ്രതിപാദ്യവിഷയം ഒരു ചൂതാട്ടം പോലെയാണ്. സാധാരണ മനുഷ്യന്‍ ചാന്‍സെടുക്കേണ്ട എന്ന് കരുതുകയേയുള്ളു. അതാണ് ബുദ്ധിയും. പിന്നെ ചാന്‍സെടുക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഇതുപോലുള്ള നല്ല ഓര്‍മ്മകള്‍ ലഭിക്കും അല്ലെങ്കില്‍ വന്‍ നഷ്ടങ്ങള്‍ വരും. ശരിയല്ലേ?

  ReplyDelete
 8. ഒതുക്കത്തോടെയുള്ള എഴുത്തിനു നല്ല മാതൃകയാണിത്.... വളരെ സൂക്ഷമായ ഒരു കഥാതന്തുവെ പതിയെ ഒന്നുചലിപ്പിച്ച് വായനക്കാരുടെ മുന്നിലേക്ക് ഇട്ടു തരുന്നു... ബാക്കി വായനക്കാര്‍ പൂരിപ്പിച്ചു കൊള്ളണം...

  ലളിതം,സുന്ദരം, ഹൃദ്യം.....

  ReplyDelete
 9. ജീവിതത്തിന്റെ നേര്‍ കാഴ്ച കഥയില്‍ തെളിഞ്ഞു ..
  അപരിചിതര്‍ അപകടകാരികള്‍ ആകുന്നത് കൊണ്ട്
  ആകണം മുന്‍വിധികളുടെ വേലികള്‍ക്കുള്ളിലേക്ക് മടങ്ങിയത് ..

  ReplyDelete
 10. @കൊച്ചു കൊച്ചീച്ചി

  well, :))

  മൊബൈല്‍ ഫോണ്‍ സാധാരണ നിലക്ക് മിക്ക പേരും ഒരു അപരിചിതന് അങ്ങിനെ നല്‍കില്ല എന്നത് നേര് തന്നെ.

  മൊബൈല്‍ ഫോണ്‍ എന്ന പ്രതീകത്തിനപ്പുറം "നല്ലവരായ നമ്മളും വില്ലന്മാരായ അവരും " എന്ന് വേര്‍തിരിക്കുന്ന ഒരു Trust deficit വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ദൈനം ദിന ജീവിതത്തില്‍ നിലവിലുണ്ട്. അത് ഓര്‍ത്തു കൊണ്ട് എഴുതാനുള്ള ഒരു ശ്രമമായിരുന്നു.

  ReplyDelete
 11. അതെ, മുന്‍വിധികളോടെയാണ് ഓരോചലനവും..
  നമുക്കായി ഒന്നുമില്ല..!
  നന്നായി സലാം.

  ReplyDelete
 12. നന്നായി അവതരിപ്പിച്ചിരിക്കുന്നു.
  മറ്റുള്ളവരെ അപേക്ഷിച്ച് സുഡാനികള്‍
  മര്യാദക്കാരാണെന്നാണ് അനുഭവം.
  ആശംസകള്‍

  ReplyDelete
 13. ഈയിടെ അമേരിക്കയില്,‍ വെറുതെ വഴിയെ നടന്നു പോയ
  ട്രെയ്വോന്‍ മാര്‍ട്ടിന്‍ എന്ന ഒരു കൌമാരക്കാരനെ ഒരു കാരണവും
  ഇല്ലാതെ കൊലപ്പെടുത്തിയ ഘാധകന്‍ പറഞ്ഞത് അവന്റെ ജാകെറ്റ് ‌ കൊണ്ടു തല മൂടിയ നടത്തം കണ്ടു സംശയം തോന്നിയ അയാള്‍ സ്വയം പ്രതിരോധത്തിന് വേണ്ടി അങ്ങനെ ചെയ്തു എന്നാണു..ആ പാവം കുട്ടിയുടെ പോക്കറ്റില്‍ നിന്നു പോലീസിനു
  കിട്ടിയത് രണ്ടു മൂന്നു ചോകലേടുകള്‍ മാത്രം ആയിരുന്നു..!!! നിറം
  മനുഷ്യന് ദൈവം കൊടുക്കുന്നതല്ലേ?ഇത് വായിച്ചപ്പോള്‍ അത് ഓര്‍മ
  വന്നു..ഒരു കഥയെക്കാള്‍ ഉപരി നല്ല ലേഖനം പോലെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം ആണിത്...സംശയത്തിന്റെ നിഴലില്‍ പലപ്പോഴും അകപ്പെടുന്ന അവസ്ഥ വേദനാ ജനകം ആണ്‌.. "ആന മാഫി അലി ബാബാ".. എന്ന് സുഡാനി കരയുന്നത് പോലെ പലപ്പോഴും നാം കരയേണ്ടി വരാറില്ലേ?

  ഇതൊക്കെ ആണെങ്കിലും വിശ്വസിച്ചു ആരുടേയും വിസിറ്റിംഗ് കാര്‍ഡ്‌
  പോലും കയ്യില്‍ വാങ്ങരുത് എന്നാണ് അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്..അതില്‍
  വരെ പൊടി വിതറി ആളെ മയക്കി പണവും വസ്തുക്കളും കാറില്‍ നിന്നും മറ്റും കൊണ്ടു പോവുന്ന കള്ളന്മാരും ഉണ്ടത്രേ..!!

  ReplyDelete
 14. തന്നെ ഒരാളെങ്കിലും വിശ്വസിക്കുന്നു എന്ന തോന്നല്‍ തന്നെയാവും ആ സുടാനിയെ സന്തോഷിപ്പിച്ചത്.. വേറിട്ട വിഷയം തെരഞ്ഞെടുത്തു നല്ല മികവോടെ അവതരിപ്പിച്ചതിന് ഒരായിരം ലൈക്‌

  ReplyDelete
 15. നാട്ടുപച്ചയിൽ വായിച്ചിരുന്നു. അപ്പോൾ തന്നെ എഴുതണമെന്ന് കരുതിയതുമാണ്. കമ്പ്യൂട്ടർ മുഖം വീർപ്പിച്ച് പിണങ്ങിയിരുന്നതുകൊണ്ട് എഴുതാനായില്ല.

  ഹൃദയസ്പർശിയാ‍യ ഒന്നായി ഈ എഴുത്ത്. നോക്കു, നിങ്ങളുദ്ദേശിയ്ക്കുന്ന മാതിരി കുഴപ്പക്കാരിയായ ഒരുവളല്ല, ഞാൻ. ഞാൻ ...ഞാൻ... എന്നു വിക്കിവിക്കിപ്പറഞ്ഞുകൊണ്ട് ബോധ്യപ്പെടുത്താൻ പരിശ്രമിച്ചുകൊണ്ട് ഇരന്നു വാങ്ങുന്ന വിശ്വാസത്തിന്റെ ബലക്കുറവിൽ ജീവിയ്ക്കാൻ ശ്രമിയ്ക്കുന്ന എല്ലാവരേയും ഞാൻ കണ്ടു....
  ആ സുഡാനിയെപ്പോലെ......

  കണ്ണ് നനയിച്ച വരികൾ......

  ReplyDelete
 16. നേരം വെളുത്താല്‍ കേള്‍ക്കുന്നതും വായിക്കുന്നതും പിടിച്ചു പറിയും പോക്കറ്റടിയും കൊലപാതകവും ആവുമ്പോള്‍ സ്വാഭാവികമായും ഒരു അപരിചിതന് സഹായം ചെയ്യാന്‍ ആരും മടിക്കും. ഇവിടെ അയാളെ അവിശ്വസിക്കാതെ ആ ഫോണ്‍ അയാള്‍ക്ക്‌ നല്‍കിയത് അയാളുടെ വ്യക്തിത്വത്തെ മാനിച്ചു എന്നതിന് തെളിവായി അയാള്‍ കാണുകയും ആ സന്തോഷം പ്രകടമാകുകയും ചെയ്തു. ഇതൊക്കെ നൂറില്‍ ഒരു സംഭവം മാത്രം. ആയതിനാല്‍ ഈ സംഭവത്തിന്റെ ചുവടു പിടിച്ചു വഴിയില്‍ കാണുന്ന എല്ലാര്‍ക്കും ഐ ഫോണ്‍ കൊടുക്കേണ്ട... ചിലപ്പോള്‍ പണി കിട്ടിയേക്കാം.

  നിത്യജീവിതത്തിലെഒരു സാധാരണ സംഭവം ശുദ്ധമായ വായനാസുഖം തരുന്ന ശൈലിയില്‍ കുറിച്ചിട്ടത് തികഞ്ഞ സുഖത്തോടെ തന്നെ വായിച്ചു. കഥയുടെ പരിസരവര്‍ണ്ണനയും മുഹൂര്‍ത്തങ്ങളും ബിംബങ്ങളും തനതായ ഭംഗിയോടെ വായനക്കാരനില്‍ എത്തിച്ചു എന്നതാണ് ഈ എഴുത്തിന്റെ വിജയം.

  ആശംസകള്‍ സലാം

  ReplyDelete
 17. പ്രവര്‍ത്തി ദോഷം കൊണ്ട് തന്നെയാണ് കറുത്ത ആഫ്രിക്കന്‍ വംശജരെ പേടിയോടെ വീക്ഷിക്കുന്നത്. എത്രയോ പേര്‍ ഇവരുടെ ആക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്.

  എന്നാല്‍ ചിലരുടെ കാടത്തം കാരണം താന്‍ കള്ളനല്ലെന്ന് മുഖവുരയോടെ സമീപിക്കേണ്ടി വന്ന സുടാനിയുടെ ഗതികേടിന്റെ കഥ വേറിട്ട ഒരു അനുഭവമായി. സുടാനികള്‍ വളരെ നല്ലവരാണ് പൊതുവേ. നന്നായി അവതരിപ്പിച്ചു സലാം.

  ReplyDelete
 18. ബാല്യത്തിന്റെ രണ്ടു മുഖങ്ങള്‍ വല്ലാതെ നോവിച്ചു. ഐഡന്റിറ്റി നഷ്ടപ്പെട്ടവന്റെ മുഖം; ഒരു നിമിഷം.. ഞാന്‍ തീവ്രവാദിയല്ല, ഞാന്‍ കുറ്റവാളിയല്ല എന്ന് വിളിച്ചു പറയുന്നവന്റെയും മനസ്സിങ്ങനെ ആവില്ലേ. മനോഹരമായ അവതരണം.. അഭിനന്ദനങ്ങള്‍

  ReplyDelete
 19. നന്നായി എഴുതി. തമിഴ്നാട്ടിലെ ബാങ്ക് കൊള്ളയുടെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനക്കാര്‍ മുഴുക്കെ സംശയിക്കപ്പെടുന്നതും, അവിവാഹിതര്‍ക്ക്‌ താമസസൗകര്യം നല്‍കാന്‍ മടിക്കുന്നതും എല്ലാം ഇത്തരത്തിലുള്ള പ്രാദേശികപാര്‍ശ്വവല്‍ക്കരണത്തിന്റെ ഉദാഹരണങ്ങളാണ്.

  ReplyDelete
 20. നല്ല, ഭാവത്തോടെ മനസ്സിൽ തട്ടുന്ന വിധം വായിച്ച് തീർത്തു. ഇങ്ങനേയുള്ള പിടിച്ച് പറി വാർത്തകൾ, കൊലപാതക വാർത്തകൾ എല്ലാം പത്രത്തിൽ നമ്മൾ വായിക്കുന്നുണ്ടായിരിക്കാം പക്ഷെ ഒരു അപരിചിതനെ ഇങ്ങനേയൊക്കെ സംശയിക്കുന്നതിനും, മനസ്സിനെ ഇങ്ങനെ കടിഞ്ഞാണില്ലാത്ത ചിന്തയിലൂടെ മേയാൻ വിടുന്നതും അത്ര നല്ലതായി എനിക്ക് തോന്നുന്നില്ല. നമ്മൾ ഒരാളെ എത്രത്തോളം വിശ്വസിക്കുന്നൂ എന്നതിനെ ആശ്രയിച്ചിരിക്കും മറ്റാളുകൾ, അത് അയാൾ ആയിക്കൊള്ളണം എന്നില്ല, നമ്മെ വിശ്വസിക്കുന്നത്. ആശംസകൾ.

  ReplyDelete
 21. എഴുത്ത് നന്നായിടുണ്ട്...
  നല്ല വിവരണം
  സാധാരണ പ്രവാസത്തിലെ ഒരു സ്മ്പവം നല്ല ഭാവത്തിൽ എഴുതി
  നന്ദി

  ReplyDelete
 22. അപരിചതര്‍ക്ക് സ്വയം ആക്രമിയല്ലെന്ന് ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്..അല്ലെങ്കില്‍ ഉപകാരം കിട്ടാന്‍ പ്രയാസപ്പെടും.പ്രത്യേകിച്ചും പുറമേക്ക് മാന്യതയും തൊലിവെളുപ്പുമുള്ളവര്‍ പറ്റിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കറുത്തവനും ഒറ്റപ്പെട്ടവനുമായ ഒരാള്‍ക്ക് സാഹചര്യം പ്രതികൂലം തന്നെ.

  ReplyDelete
 23. അടിത്തട്ട് കാണുംവിധം അച്ഛസ്ഫടികസങ്കാശമായ ആവിഷ്ക്കാരം. കുറഞ്ഞ വാക്കുകളിൽ കൂടുതൽ ധ്വനിപ്പിക്കാനുള്ള ഈ വിരുതിനു കൂപ്പുകൈ.

  ReplyDelete
 24. എഴുത്തിന്റെ വഴികളില്‍ ജ്വലിച്ചു നില്‍ക്കുന്ന വഴിവിളക്ക് പോലെ സലാമിന്റെ രചനാ പാടവം . കാലികമായ വിഷയത്തെ കാലികള്‍ക്ക് "കാമധേനു" പോലെ വിളമ്പി സുഖിപ്പിച്ചു . ഭാവുകങ്ങള്‍ .

  ReplyDelete
 25. സ്വാഭാവികമായും കരുപ്പന്മാര്‍ ഒക്കെ കള്ളന്‍ മാര്‍ ആണെന്ന് തന്നെയാ ധാരണ അനുഭവം ഏറെകുറെ ആ ചിന്തകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു എങ്കിലും വേറിട്ട മനുഷ്യര്‍ എല്ലായിടത്തും ഉണ്ടല്ലോ അല്ലെ

  ReplyDelete
 26. >> അയാള്‍ പറഞ്ഞത് മുഴുവന്‍ മുഖവിലക്കെടുക്കാന്‍ മനസ്സാ കൂട്ടാക്കാതെ ഞാന്‍ പിന്നെയും എന്‍റെ മുന്‍വിധികളുടെ വേലികള്‍ക്കുള്ളിലേക്ക് മടങ്ങവേ <<

  ഇതാണ്, ഈ വരികളാണ് ഇതിലെ ഹൈലൈറ്റ്!

  (സാഹചര്യം നമ്മെ സത്യത്തെപ്പോലും അസത്യമായി കാണാന്‍ പ്രേരിപ്പിക്കുന്നു. എല്ലാം അവിശ്വസിക്കേണ്ടി വരുന്നു)

  ReplyDelete
 27. ഇത്തരം കാര്യങ്ങളിൽ ‘വിശ്വാസം നമ്മെ രക്ഷിക്കില്ല. അവിശ്വാസമായിരിക്കും കൂടുതൽ അഭികാമ്യം..! ആരോഗ്യത്തിനും അതായിരിക്കും നല്ലത്...’
  ആശംസകൾ...

  ReplyDelete
 28. സലാം, നല്ല ഒരു കഥ വായിച്ച പ്രതീതി... കഥയല്ലല്ലോ ഇത്‌ അനുഭവമാണല്ലോ? നമ്മള്‍ നിത്യേന കാണുന്നതും കേള്‍ക്കുന്നതുമായ സംഭവ വികാസങ്ങളാണ്‌ നമ്മെ മുന്‍ കരുതല്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നത്‌... മോട്ടോര്‍ ബൈക്കുകളില്‍ വരുന്ന കറുപ്പന്‍മാരെയാണ്‌ ഇപ്പോള്‍ ശ്രദ്ധിക്കേണ്‌ടത്‌,,, ഗലികളിലാണ്‌ അവരുടെ പ്രവര്‍ത്തന മേഖല... സുഡാനികളില്‍ പിടിച്ച്‌ പറിക്കാരില്ല എന്ന് തോന്നുന്നു... എന്നാല്‍ നൈജീരിയ, ചാദ്‌, കെനിയ, സോമാലി (നമ്മള്‍ അവരെ തക്കറോണികള്‍ എന്ന് വിളിക്കുന്നു) എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ അപകടകാരികള്‍

  ReplyDelete
 29. പുതുമയുള്ള വിഷയം ...നന്നായി അവതരിപ്പിച്ചു ..ഈ വന്ന കാലത്ത് ആരെയും വിശ്വസിക്കാന്‍ പറ്റാതായിക്കൊണ്ടിരിക്കുന്നു ...ഹൃദയത്തില്‍ വിങ്ങലുണ്ടാക്കുന്ന പോസ്റ്റ് സലാം ..:(

  ReplyDelete
 30. >>റേഷ്യല്‍ പ്രൊഫൈലിംഗ് എന്ന് വിളിക്കപ്പെടുന്ന, വര്‍ണ്ണത്തിന്‍റെയോ വംശത്തിന്‍റെയോ വിശ്വാസത്തിന്‍റെയോ അടിസ്ഥാനത്തില്‍ ആളുകളെ തരം തിരിക്കുന്ന <<

  ഇത് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രവാസി എല്ലാ ദിവസവും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണെന്ന് തോന്നുന്നു.

  ReplyDelete
 31. വെരിഗുഡ്. വളരെ നന്നായിതന്നെ എഴുതി, പ്രത്യേകിച്ചും സുഡാനിയെ വര്‍ണ്ണിച്ചതും അയാളുടെ നിസ്സഹായതയെ വായനക്കാരനിലേക്ക് സംക്രമിപ്പിക്കാന്‍ താങ്കള്‍ക്ക് വളരെയധികം കഴിഞ്ഞിട്ടുണ്ട്.
  പലപ്പോഴും നാമെല്ലാവരും കടന്നുപോയേക്കാവുന്ന ഒരു ദുര്‍ഘടസന്ധി തന്നെയാണിത് അല്ലെ, സഹായിക്കണൊ വേണ്ടേയെന്നുള്ള ശങ്ക,പറയുന്നത് മുഖവിലക്കെടുക്കാമോ എന്ന ആധി,
  എങ്കിലും രണ്ടുമൂന്ന് തവണ ഞാന്‍ എന്റെ മൊബൈല്‍ അങ്ങനെ കൊടുത്തിട്ടുണ്ട്. ചോദിക്കുന്നത് സ്ത്രീയാണു എന്ന് വെച്ച് ഇന്നത്തെ കാലത്ത് വിശ്വസിക്കാന്‍ പറ്റില്ല. എങ്കിലും ആ സമയത്ത് ഞാനത് ചെയ്തില്ലേല്‍ പിന്നെ എന്നെ പറ്റി തന്നെ ഓര്‍ക്കുമ്പോ എനിക്ക് ദേഷ്യം തൊന്നും,അതൊഴിവാക്കാന്‍ സംശയത്തോടെയാണെലും കൊടുത്തു പണ്ടാറക്കി. അല്ലാതെന്താ ചെയ്യാ..

  ReplyDelete
 32. സലാം ജി പേടിച്ചുപോയി കേട്ടോ
  ==============================
  നട്ടുച്ച നേരത്ത് റൂമിലേക്ക്‌ പോവാനായി ധ്ര്തിയില്‍ പോവുമ്പോള്‍ സിഗനലില്‍ കാണാറുണ്ട്‌ ഇത് പോലെ കുടിവെള്ള വുമായി വില്‍പ്പനക്ക് വരുന്നവരെ ,,എത്ര ദാഹമുണ്ടെങ്കില്‍ പോലും ഗ്ലാസ്‌പൊക്കി അത് വാങ്ങാന്‍ മിടിയാണ് ,,നിത്യവും കേള്‍ക്കുന്ന വാര്‍ത്തകള്‍ അങ്ങിനെയാണല്ലോ ,,ജിദ്ദയില്‍ ഇക്കാമ നഷ്ട്ടപ്പെട്ടാല്‍ ഒരു പ്രതേക സ്ഥലമുണ്ട് ,,ഇത്തരം പിടിച്ചുപറിക്കാര്‍ അവിടെയാണ് അതേല്‍പ്പിക്കാറു....അതുകൊണ്ട് തന്നെ എത്ര പറഞ്ഞാലും വിശ്വാസം വരാന്‍ പ്രയാസമാണ് ,,നല്ല കഥ ,അല്ല നല്ലൊരു വായനാസുഖം ..

  ReplyDelete
 33. ഇത് അനുഭവം ആണോ? സൌദിയില്‍ ഭിക്ഷാടനം ഉണ്ടെന്നുള്ളത് ഒരു പുതിയ അറിവാണ്. അങ്ങനെയുള്ള ആരെയും ഞാന്‍ ദുബായില്‍ കണ്ടിട്ടില്ല. വളരെ ഒതുക്കത്തോടെ പറഞ്ഞ ഈ കഥ പറച്ചില്‍ രീതി ഇഷ്ടായി...

  ReplyDelete
 34. >>വെയില്‍ കുടിച്ചു വരണ്ട മുഖവുമായി, ചെറിയ ചൂണ്ടു വിരല്‍ അല്പം വളച്ച് ഉയര്‍ത്തിക്കാണിച്ച് ഒരു റിയാലിന് കെഞ്ചുന്ന ശൂന്യമായ മിഴികള്‍. ഒരു കൈകൊണ്ട്‌ പുതിയ ഇലക്ട്രോണിക് ഗയിം കളിച്ചും മറുകൈകൊണ്ട് ബാസ്കിന്‍ റോബിന്‍സ് ഐസ്ക്രീം നുണഞ്ഞുമിരിക്കുന്ന വിടര്‍ന്ന കണ്ണുകളുമുള്ള ബാല്യ-കൌമാരങ്ങള്‍ ശീതീകരിച്ച കാറിനകത്ത്, വേറൊരു ലോകത്ത്<<

  ഏറെ മനോഹരവും കൃത്യവുമായി പറഞ്ഞു സലാം സാബ്. കട്ടാക്കടയെ ഓര്‍ത്തു പോയി

  "തെരുവിന്‍ സ്വപ്നം കരിഞ്ഞ മുഖവും
  നീട്ടിയ പിഞ്ചു കരങ്ങള്‍ കാണാം

  അരികില്‍ ശീമ കാറിന്നുള്ളില്‍
  സുഖശീതള മൃതു മാറില്‍ ചൂടില്‍
  ഒരു ശ്വാനന്‍ പാല്‍ നുണവതു കാണാം

  മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
  കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
  കണ്ണടകള്‍ വേണം... "

  ആ സുഡാനിയെ ചുരുങ്ങിയ വാക്കുകളില്‍ ഒരു നോവാക്കി താങ്കള്‍!

  ReplyDelete
 35. പ്രിയ സലാം ..കഥ മനോഹരമായി ഹൃദയത്തെ മഥിക്കുന്ന ഒരനുഭവം പോലെ പറഞ്ഞു ...ജിദ്ദയിലൂടെ കാര്‍ ഓടിച്ചു പോകുമ്പോള്‍ വഴികള്‍ അറിയാതെ തെരുവുകളിലൂടെ അലയുമ്പോള്‍ ഇത്തരം ചില ജന്മങ്ങളില്‍ എന്റെ മനസും ഉടക്കി നിന്നിട്ടുണ്ട് ..അന്യനാട്ടുകാര്‍ വന്നു പണം കൊയ്യുന്ന എണ്ണകിനിയുന്ന ഈ മരുക്കാടുകളില്‍ ബദുക്കള്‍ ആയ സ്വദേശി ബാലമാരെയും പുകക്കറ പിടിച്ച പിരിയന്‍ പല്ലുള്ള, നീട്ടി തുപ്പുന്ന സൌദികളെയും ഒരു റിയലിനായി കൈകള്‍ നീട്ടുന്ന കറുത്തു മെലിഞ്ഞ പെണ്ണുങ്ങളെയും ഞാന്‍ കണ്ടിട്ടുണ്ട് ..വളരെ വിരോധാഭാസം എന്ന് ചിന്തിച്ചിട്ടുണ്ട് ...

  ReplyDelete
 36. പല തവണ കണ്ടിട്ടുള്ള ഒരു കാര്യം ഇങ്ങനെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചതു വായിച്ചപ്പോള്‍ ഒരു സംതൃപ്തി തോന്നി. ലോകത്തെവിടെയും പറിച്ചു നടാന്‍ കഴിയുന്ന കഥയും കഥാപാത്രങ്ങളും ആണിതില്‍. .
  നിരാലംബര്‍ ലോകത്തെല്ലായിടത്തും ഉണ്ട്.

  ആശംസകളോടെ
  satheeshharipad from മഴചിന്തുകള്‍

  ReplyDelete
 37. വളരെ ചെറിയ ഒരു കഥാതന്തു ആണെങ്കില്‍ പോലും, മികച്ച രചന ആ കുറവിനെ നിഷ്പ്രഭമാക്കി.
  ഈ രചനാപാടവത്തിനു അഭിനന്ദനം.

  ReplyDelete
 38. കൊള്ളാം സുഹ്യത്തേ..... ജിദ്ദയിലും റിയാദിലുമൊക്കെയായി ഇപ്പോള്‍ കുറച്ചു മാസങ്ങള്‍ ചിലവഴിച്ച ഞാനും ഈ തരത്തില്‍ ചിന്തിച്ചിട്ടുണ്ട്... ഒന്ന് രണ്ട് ദുരനുഭവങ്ങള്‍ എനിക്കും എന്‍‌റ്റെ സുഹ്യത്തുക്കള്‍ക്കും ഉണ്ടായിട്ടുണ്ട്... വന്ന് പോയല്ലോ എന്നോര്‍ത്ത് ശരിക്കും സങ്കടപ്പെട്ട്പോയ ആദ്യത്തെ അവസ്ഥയില്‍ നിന്ന് ഇപ്പോള്‍ അതൊരു തമാശരൂപത്തില്‍ മറ്റുള്ളവരോട് പറയാവുന്ന രീതിയിലേക്ക് പൊരുത്തപ്പെട്ടു എന്ന് മാത്രം..... പക്ഷേ നിത്യേന ഇവിടെ ആക്രമണങ്ങള്‍ ഉണ്ടാവുന്നുണ്ട്... ഈയിടെ കൂടെ ഒരാള്‍ ജിദ്ദയില്‍ മോഷണശ്രമത്തില്‍ കൊല്ലപ്പെട്ടു....
  നമ്മള്‍ ഭയത്തൊടെ നോക്കുന്ന അക്കൂട്ടത്തില്‍ അവരെപ്പോലുള്ളവരുണ്ടാവാം... അവരുടെ അവസ്ഥ കഷ്ടവുമാണു..
  പക്ഷേ നമ്മള്‍ അല്പ്പം സൂക്ഷിക്കുന്നതു തന്നെയാണു നല്ലതു... ഒറ്റപ്പെട്ട ഉള്‍ഭാഗങ്ങളില്‍ തനിച്ച് യാത്ര ചെയ്യാതിരിക്കുക...

  പക്ഷേ കഥ നന്നായി....

  ReplyDelete
 39. സലാംജി ,
  ഇവിടെ ഇതാദ്യം ,വായിച്ചു കഴിഞ്ഞപ്പോള്‍ ഇത്രയും കാലം ഇവിടെ വരാഞ്ഞതില് നഷ്ടബോധം തോന്നി.ബാക്കി നിരൂപണം ചെയ്യാന്‍ എനിക്കറിഞ്ഞു കൂടാ ..

  ReplyDelete
 40. സിയാഫ്ക്ക, പറഞ അതെ വാക്കുകള്‍ നാഞും കടം എടുക്കുന്നു.......താങ്കള്‍ ”സത്യം” എഴുതി....ഞാന്‍ മനസ്സറിഞു വായിച്ചു...

  ReplyDelete
 41. പത്രവാർത്തകൾ, കേട്ടതും അനുഭവിച്ചതുമായ കഥകൾ എല്ലാം തന്നെ ഒരപരിചിതനെ സംശയിക്കാനേ ഇടനൽകാറുള്ളൂ...ഭായിയുടെ നന്മ, അല്ലെങ്കിൽ അയാളുടെ ആവശ്യം നിറവേറപ്പേടേണ്ടതാണെന്നുള്ള ദൈവനിശ്ചയം അതാവാം ഫോൺ കൊടുക്കാനുണ്ടായ തോന്നൽ..സത്യത്തിലേക്ക് കണ്ണു തുറപ്പിക്കുന്നുണ്ട് ഈ ചെറിയ ലേഖനം..നന്നായി ഭായ്..

  ReplyDelete
 42. പലപ്പോഴും ഇത് പോലെ ആവശ്യങ്ങളുമായി ആളുകള്‍ നമ്മളെ സമീപിക്കുമ്പോള്‍ ഞാന്‍ ചെയ്യുക ആ സ്ഥാനത്ത് എന്‍റെ അനുജനെയോ എന്നെത്തന്നെയോ സങ്കല്‍പിക്കുകയാണ്. അതോടെ ബാക്കി എല്ലാ ആശങ്കകളും മാറ്റിനിര്‍ത്തി പ്രായോഗികതക്കെതിരായി മനസ്സാക്ഷിയെ വിജയിക്കാന്‍ വിടും. അപകടം ഉണ്ടെന്നറിയാം. എന്നാല്‍ ഇന്ന് വരെ അപകടത്തില്‍ പെട്ടിട്ടില്ല. ഒരു പക്ഷെ അടുത്തത്‌ അപകടത്തില്‍ പെടാം എന്നാലും കാര്യമാക്കില്ല. നാം കരുതുന്നവര്‍ പോലെയാകില്ല കാര്യങ്ങള്‍. കഥ വളരെ നന്നായി.

  ReplyDelete
 43. അയാൾക്ക് ഫോൺ കൊടുത്തില്ലെങ്കിൽ മനസാക്ഷിക്കു മുന്നിൽ യുദ്ധം ചെയ്ത് തലകുനിച്ച് നടക്കാമായിരുന്നു. ഇപ്പോൾ മനസ്സിലെ നന്മ പീലിവിരച്ചാടുന്നത് അനുഭവിക്കാനാവും..

  ReplyDelete
 44. ഇതൊരു കഥയല്ല തന്നെ!
  പിടിച്ചുപറിയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന നീതിയുടെ കാവല്‍ക്കാരും ഉള്ള സമൂഹത്തില്‍ ഭയത്തിനു തന്നെ ആദ്യാസ്ഥാനം. പ്രത്യേകിച്ച് പ്രവാസികള്‍ക്ക് തദ്ദേശീയരല്ലാത്തവരെ കാണുമ്പോള്‍. എന്നാല്‍ തദ്ദേശവാസികള്‍ ഇതു തുടങ്ങിയാല്‍ എങ്ങനെയിരിക്കും? അതും അനുഭവിക്കുന്നുണ്ട് പലരും!

  എഴുത്ത് എന്നത്തെയും പോലെ ഗംഭീരം, ആ നിസ്സഹായാവസ്ഥയും തന്റെ വാക്കുകള്‍ തള്ളിക്കളയാതിരുന്നതിലെയും വികാരങ്ങള്‍ നന്നായി ഫലിപ്പിച്ചു. ആശംസകള്‍..

  ReplyDelete
 45. അപരിചിതരായ ആള്‍ക്കാരെ എങ്ങനാ വിശ്വസിക്കുക അല്ലെ. നന്നായി എഴുതിയല്ലോ.

  ReplyDelete
 46. നോവിപ്പിയ്ക്കും കാഴ്ച്ചകളെ സമ്മാനിച്ച പ്രിയ സുഹൃത്തേ...വീണ്ടും നല്ലൊരു വായന സമ്മാനിച്ച ആ തൂലികയ്ക്ക് അഭിനന്ദനങ്ങള്‍...!

  ReplyDelete
 47. സന്‍മനസ്സുളളവര്ക്ക് തന്നെയല്ലോ ഭൂമിയില്‍ സമാദാനം

  ReplyDelete
 48. പക്വതയുള്ള എഴുത്തിന്, ഒതുക്കമുള്ള സുന്ദരമായ വാക്കുകള്‍ക്ക്, നന്മ നിറഞ്ഞ ആശയങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.

  ReplyDelete
 49. അനുഭവം ആണോ എന്ന് തോന്നിപ്പിച്ചുട്ടോ ഈ എഴുത്ത്...
  ഈ ലോകത്ത് ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്ന് തിരിച്ചറിയുക പ്രയാസം തന്നെ.. അതിനിടയില്‍ ഇതുപോലെ പാവങ്ങളുടെ കാര്യമാ കഷ്ടം...

  ReplyDelete
 50. അവഗണന, അത് കറുത്തവനെ ആയാലും വെളുത്തവനെ ആയാലും അസഹനീയം.

  പതിവു പോലെ ഇതും നന്നായി മനസ്സിലേക്കു പതിഞ്ഞു..എന്റെ സഹോദരാ...

  ReplyDelete
 51. നമിച്ചു മാഷേ..!
  ഇത്ര ചെറിയ ഒരു ‘സാധനം‘ വലിച്ചുനീട്ടി മനോഹരവും ടച്ചിംഗുമാക്കി അവതരിപ്പിച്ച ഈ കഥകാരന്റെ കഴിവിനെ ആദരിക്കാതെ വയ്യ.
  ആശംസകള്‍ നേരുന്നു മാഷെ.
  സസ്നേഹം..,പുലരി

  ReplyDelete