Tuesday, April 17, 2012

ആന്റില

അംബാനിയുടെ ആന്റില
മുംബയിലെ മാനത്തെ നക്ഷത്രക്കൊട്ടാരം.
ആലീസിന്‍ അത്ഭുതക്കാഴ്ച്ചയല്ല
ലോകത്തിന്‍ നെറുകയിലെ അതിശയ താരകം.
 

ആകാശം ചുംബിക്കുമിരുപത്തേഴു മാളികകള്‍
മേഘവാഹിനിയിറങ്ങാന്‍ മൂന്ന് ഹെലിപ്പാടുകള്‍
ഒഴുകിയിറങ്ങുന്ന ഒന്‍പത് ലിഫ്റ്റുകള്‍
ബാല്‍ക്കണികള്‍ പോലെ ഉയരത്തിലുദ്യാനങ്ങള്‍
ആറു നിലകളില്‍ പാര്‍ക്കിംഗ് റോഡുശകടങ്ങള്‍ക്കായ്
സദാ സന്നദ്ധരായ് എഴുനൂറു വീട്ടുവേലക്കാര്‍
അറബിക്കഥകളിലെ ആശ്ചര്യമൂറ്റുന്ന
ആയിരത്തൊന്നല്ല വിസ്മയക്കാഴ്ച്ചകള്‍.

 

"ഭൂമിയിലേറ്റം വിലയേറും ഭവനം 
ജി.ഡി.പി* ഉയരുന്ന നിന്‍ നാട്ടിലാണല്ലോ!" 
അത്ഭുതം കൂറി പരദേശിയൊരുവന്‍‍
പത്രത്താളില്‍ നിന്നറിയാതെ തലയൂരി
നിറയുമാരാധനയോടെന്നെ കണ്ണെറിയുന്നങ്ങിനെ

തിളങ്ങുന്നയിന്ത്യയുടെയോമല്‍ പ്രതീകമായ്
സാകൂതം നിന്നു ഞാനൊട്ടുമഹങ്കാരമില്ലാതെ.  


പിന്നെ പത്രത്തിനിരുതാളുകള്‍ സൂത്രത്തില്‍
ചേര്‍ത്തു മറിച്ചു ഞാന്‍ മിഴി ചിമ്മിത്തുറക്കുംപോല്‍
ചെറുകോളത്തിലൊരു ചെറുവാര്‍ത്തയതിനിടയില്‍

ചത്തു ചതഞ്ഞു പ്രേതമായ് കിടക്കുന്നു;
ഇരുപത്തിരണ്ടു രൂപക്ക് കീഴോട്ട്

പട്ടിണി രേഖ പിന്നെയും താഴ്ത്തി വരച്ചതും,

മൂന്നില്‍ രണ്ടെന്നു പ്രജകളെന്നിട്ടും
പുതിയ വരയുടെയടിയില്‍ കിടപ്പതും, 

അന്നമില്ലാതെയര്‍ദ്ധനഗ്നരായവര്‍
തണുത്തുറയുന്ന പുലര്ക്കാല‍ വേളകളില്‍
നഗരപ്രാന്തങ്ങളിലഴുക്കിന്‍ ചേരികളിലെ ‍
തെരുവുതിണ്ണയിലുണരുന്ന നിര്‍വര്‍ണ്ണ ചിത്രവും.


 *GDP (Gross domestic product, മൊത്ത ആഭ്യന്തര ഉല്പാദന വളര്ച്ച)

41 comments:

 1. ആന്റിലക്ക് കീഴെ ഉടുതുണിക്ക്‌ മറു
  തുണിയില്ലാതെ മാനം നോക്കി നില്‍ക്കുന്ന
  ലക്ഷക്കണക്കിന്‌ പട്ടിണിക്കോലങ്ങളുടെ
  സ്മാരകം ആയി നമുക്കിതിനെ എക്കാലവും
  സൂക്ഷിക്കാം....

  കവിതയില്‍ അടങ്ങിയ വേദനയും നിരാശയും
  അമര്‍ഷവും നന്നായി വായിക്കുന്നു സലാം...
  അഭിനന്ദനങ്ങള്‍...

  ReplyDelete
  Replies
  1. ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി വിന്‍സെന്റ്.

   Delete
 2. ആന്റില:
  കൊട്ടാരമായാലും വിട്ടേ മതിയാവൂ കോട്ടയ്ക്കകത്തേയ്ക്കും മൃത്യു ചെല്ലും
  പതിനായിരം നില പൊക്കിപ്പണിതാലും അതിനുള്ളിലും മൃത്യു കയറിച്ചെല്ലും
  (സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ പാട്ടില്‍ നിന്ന്... )


  ദാരിദ്രരേഖ:
  സ്കൂളില്‍ പഠിക്കുന്ന കാലത്തെ തമാശയായിരുന്നു “ദാരിദ്രരേഖ ഇത്തിരി താഴ്ത്തി വരച്ചാല്‍ പോരേ..ദരിദ്രന്മാരെല്ലാരും സമ്പന്നരാകുമല്ലോ” എന്ന്. അതും കാണേണ്ടിവന്നു

  ReplyDelete
  Replies
  1. പണമുണ്ടാവാന്‍ സര്‍ക്കാരിന് നോട്ട് കൂടുതല്‍ അടിച്ചാല്‍ പോരെ എന്ന് കരുതുന്ന പോലെ. :)

   Delete
 3. വളരെ വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു.
  പലപ്പോഴും ഒരു ഗൂഡമായ ചിരി പോലെ അഭിമാനത്തിന്റെ നിഴല്‍ ആവാഹിക്കുന്നത് മനസ്സിലുള്ള അമര്‍ഷം അടക്കാനാതെ തന്നെ...ഒന്നിനും കഴിയുന്നില്ലല്ലോ എന്ന നിസ്സഹായാവസ്ഥയും.
  വളരെ ഇഷ്ടായി ഈ കവിത.

  ReplyDelete
  Replies
  1. അതെ നിസ്സഹായര്‍ നമ്മളെല്ലാം.

   Delete
 4. യജമാനന്മാരെ എതിരേല്‍ക്കാന്‍
  സ്വര്‍ണ്ണപരവതാനി വിരിക്കും
  ഭരണാധികാരികള്‍ അവരുടെ
  തണലില്‍ ഭരിക്കാം ചിരകാലം.
  ഏഴകളെന്നും ദാരിദ്ര്യരേഖ മുറിക്കാതെ
  മാനം നോക്കാന്‍ കെല്പില്ലാതെ കിടക്കട്ടേ!
  തീക്ഷ്ണമായ അമര്‍ഷവും,വേദനയും
  ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
  Replies
  1. "ഏഴകളെന്നും ദാരിദ്ര്യരേഖ മുറിക്കാതെ
   മാനം നോക്കാന്‍ കെല്പില്ലാതെ കിടക്കട്ടേ!"

   Delete
 5. ധനികന്മാര്‍ക്ക് അവരുടെ ധൂര്‍ത്തിന്റെ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിച്ച് ആശ്ചര്യപ്പെടുത്താനും സമ്പന്നതയില്‍ മുമ്പനാകാനും മാത്രമായി ഇന്നു ധനം.ഏന്നാല്‍ ധനമില്ലാതെ ദരിദ്രരായി ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാതെ പകച്ചു നില്‍ക്കുന്നു വലിയൊരു വിഭാഗം.

  ReplyDelete
  Replies
  1. ധനികര്‍ക്ക് മാത്രം അവസരം നല്‍കുമ്പോള്‍ സര്‍ക്കാര്‍ "trickle down effect" കിട്ടും ജനങ്ങള്‍ക്ക് എന്ന് പറഞ്ഞു അവരെ പറ്റിക്കുന്നു.

   Delete
 6. വ്യത്യസ്ത ധ്രുവങ്ങളില്‍ നിന്നുള്ള രണ്ടു ചിത്രങ്ങള്‍ ..നടുവില്‍ ചോദ്യചിഹ്നം പോലെ വായനക്കാരന്റെ മനസ്സ്..
  വളരെ നല്ല വരികള്‍

  ReplyDelete
  Replies
  1. പരിഹാരം തേടുന്ന ചോദ്യചിഹ്നം.

   Delete
 7. മാളികമുകളേറിയ മന്നനും, തോളില്‍ മാറാപ്പ് കേറ്റുന്നവനും..
  വ്യത്യസ്തമായ രണ്ടു ചിത്രങ്ങള്‍...
  നന്നായി യോജിപ്പിച്ചു.

  ReplyDelete
 8. പിന്നെ പത്രത്തിനിരുതാളുകള്‍ സൂത്രത്തില്‍
  ചേര്‍ത്തു മറിച്ചു ഞാന്‍ മിഴി ചിമ്മിത്തുറക്കുംപോല്‍
  ചെറുകോളത്തിലൊരു ചെറുവാര്‍ത്തയതിനിടയില്‍
  ചത്തു ചതഞ്ഞു പ്രേതമായ് കിടക്കുന്നു;
  ഇരുപത്തിരണ്ടു രൂപക്ക് കീഴോട്ട്
  പട്ടിണി രേഖ പിന്നെയും താഴ്ത്തി വരച്ചതും...
  =====================================
  സമ്പന്നന്‍ എന്നും സമ്പന്നന്‍ തന്നെ ,,

  ---------------------------
  എന്‍റെ ഇഷട്ട ബ്ലോഗര്‍ക്ക് കവിതയും വഴങ്ങുമല്ലേ ഇതൊരു പുതിയ അറിവാണ് കേട്ടോ ...

  ReplyDelete
 9. ഇന്നലെ ഇന്ത്യയെ പറ്റിയും ചൈനയെ പറ്റിയും ഒരു തുര്‍ക്കി ബിസിനസ്കാരന്‍ എന്നോട് പറഞ്ഞത് തന്നെയാണ് സലാം ഇവിടെ ആത്മരോശം തുളുമ്പുന്ന വരികളിലൂടെ പകര്‍ന്നത്... ഇന്ത്യയുടെ വികസനം എങ്കോണിച്ചു നില്‍ക്കുന്നു. ചൈനയുടെ വികസനം (മറ്റു വികസിത രാജ്യങ്ങളും) സമഗ്രവും വ്യപകവുമാണ്.

  കവിത സലാമിന് നന്നായി വഴങ്ങുന്നുണ്ട്...ആശംസകള്‍!

  ReplyDelete
 10. കവിതയും ഇടയ്ക്ക് ഗദ്യവും ചേര്‍ന്ന് ..അല്ലെങ്കില്‍ അതൊക്കെ എന്തിനു പറയണം ഈ യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ ???
  പണ്ട് സാംബശിവന്റെ ഇരുപതാം നൂറ്റാണ്ടു എന്ന കഥാ പ്രസംഗത്തില്‍ കേട്ട ഒരു സംഭാഷണം ഓര്‍ത്ത്‌ പോകുന്നു .."നമ്മുടെ നാട്ടില്‍ ജനാധിപത്യം ആണെന്ന് പറയും ..പക്ഷെ പണാധിപത്യത്തിന്റെ കൂട്ട് പിടിച്ചു ഏകാധിപത്യം നടപ്പാക്കും"
  ..നമ്മുടെ ഭരണാധികാരികളുടെ നയവും നിലപാടും എല്ലാം ദരിദ്ര ജനകോടികളുടെ ഉന്നമനത്തിനു എതിരാണ് ..ഏതാനും കോടീശ്വരന്മാര്‍ക്ക് വേണ്ടി എഴുന്നള്ളിച്ചു കൊണ്ട് നടക്കുന്ന ഭരണം ...

  ReplyDelete
 11. ഇന്ത്യ തിളങ്ങുന്നു;
  ദരിദ്രന്റെ ചെറ്റക്കുടിലിലും തെരുവിലെ അനാഥബാല്യങ്ങളുടെ നെഞ്ചത്തും!

  (ആന്റില വെച്ചവനും ആന്റിനയില്ലാത്തവനും ആറടിമണ്ണ് പോരെ സാര്‍ ?)

  ReplyDelete
 12. സലാംജി എന്തുപറയാനാണ് ശ്രമിക്കുന്നത്? അംബാനിയേപ്പോലുള്ള ധനികരും ചേരികളിലെ പട്ടിണിപ്പാവങ്ങളും വെറും മീറ്ററുകളുടെ ദൂരത്തില്‍ താമസിക്കുന്നുണ്ട് എന്നൊരു കേവലയാഥാര്‍ത്ഥ്യതിലപ്പുറം മറ്റെന്തെങ്കിലും താങ്കള്‍ ഉദ്ദേശിച്ചിരുന്നോ?

  അംബാനി സമര്‍ത്ഥനായൊരു വ്യവസായിയാണ്. ഓഹരിദല്ലാളന്മാരെപ്പോലെയോ 'വെഞ്ചര്‍ ക്യാപിറ്റലിസ്റ്റ്' എന്ന പേരില്‍ വിലസുന്ന കഴുകന്‍മാരെപ്പോലെയോ വക്കീലന്മാരെപ്പോലെയോ രാഷ്ട്രീയക്കാരേപ്പോലെയോ ആഗോള ബാങ്കുകളേപ്പോലെയോ മറ്റൂള്ളവര്‍ സൃഷ്ടിക്കുന്ന മൂല്യം ഊറ്റിയെടുത്തല്ല അംബാനി സമ്പന്നനായത്. ജനങ്ങള്‍ക്കെല്ലാം ആവശ്യമുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചും വിപണനം ചെയ്തും ഇന്ത്യയുടെ മൊത്തം സാമ്പത്തികരംഗത്തിന് മൂല്യം സമ്മാനിച്ചുമാണ് അദ്ദേഹം സമ്പന്നനായത്. അതിന്റെ നിസ്സാരമായൊരംശമേ ആന്റില്ലയ്ക്ക് ചിലവായിട്ടുണ്ടാകൂ.അദ്ദേഹം മരിച്ചാലും അദ്ദേഹം സൃഷ്ടിച്ച മൂല്യം നമ്മുടെ രാജ്യത്തുതന്നെയുണ്ടാകും, ആന്റില്ലയടക്കം.

  എന്റെ അറിവില്‍ പെട്ടിടത്തോളം അദ്ദേഹത്തിന്റെ സ്വത്തിന്റെ ബഹുഭൂരിഭാഗവും ഇന്ത്യയില്‍ത്തന്നെയുണ്ട്. അദ്ദേഹത്തിന്റെ അതേ മേഖലകളില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് പ്രതിബന്ധകമായ (അവരെ കേസില്‍ കുടുക്കുക, തകര്‍ക്കാന്‍ ശ്രമിക്കുക, സ്വന്തം ഉല്‍പന്നങ്ങള്‍ക്ക് തീരെ വിലകുറച്ചുവിറ്റ് മറ്റുള്ളവര്‍ക്ക് നിലനില്പില്ലാതാക്കുക തുടങ്ങിയ) യാതൊരുവിധ വ്യവഹാരാചാരങ്ങളും അദ്ദേഹം ചെയ്തതായി അറിയില്ല. നിങ്ങളുടെ കയ്യില്‍ മൂലധനവും ആള്‍ബലവും (I mean talent, not muscle) ഉണ്ടെങ്കില്‍ അദ്ദേഹത്തേപ്പോലെത്തന്നെ ബിസിനസ് നടത്താന്‍ ഇന്ത്യയില്‍ യാതൊരു തടസ്സവുമില്ല. അദ്ദേഹം നിയമം കയ്യിലെടുക്കുകയോ, പൊതുജനഹിതത്തിനെതിരായി പ്രവര്‍ത്തിക്കുകയോ (സോഷ്യലിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അദ്ദേഹം പണമുണ്ടാക്കുന്നു എന്നതുതന്നെ 'പൊതുജനഹിതവിരുദ്ധ'മാണ്, അക്കൂട്ടരെ ഞാന്‍ വിലവയ്ക്കുന്നില്ല), പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാക്കുകയോ ചെയ്തതായി എനിക്കറിയില്ല. പിന്നെന്തിനാണ് പുള്ളിയെ പറയുന്നത്? എന്റെ നോട്ടത്തില്‍ ഇന്ത്യയിലെ എല്ലാവരും സമ്പന്നരാകുന്നതില്‍ അംബാനിയ്ക്ക് സന്തോഷമുണ്ടാകാനേ തരമുള്ളൂ - അദ്ദേഹത്തിന് അത്രയും ഉപഭോക്താക്കളെ ലഭിക്കുമല്ലോ...

  അംബാനിയേപ്പറ്റിയല്ല, വ്യവസ്ഥിതിയേപ്പറ്റിയാണ് പരാതിയെങ്കില്‍ അതിനു വിരല്‍ ചൂണ്ടേണ്ടത് ആന്റില്ലയിലേയ്ക്കല്ല, വോട്ടര്‍മാരുടെ നേര്‍ക്കാണ് (ഞാനതില്‍ പെടില്ല, കേട്ടോ, എനിക്കു നാട്ടില്‍ വോട്ടില്ല). എല്ലാവര്‍ക്കും സമാനമായ അവസരങ്ങള്‍ സൃഷ്ടിക്കുക (ensure a level playing field) എന്നതുമാത്രമായിരിക്കണം വ്യവസ്ഥിതിയുടെ ഉത്തരവാദിത്വം - അല്ലാതെ എല്ലാവരേയും ഒരുപോലെ സമ്പന്നരാക്കുക എന്നതല്ല. അങ്ങനെ നോക്കിയാല്‍ ഏതു വ്യവസ്ഥിതി വന്നാലും അംബാനിയ്ക്ക് ഇന്നുള്ള നിയന്ത്രണാധികാരം (അതുമാത്രമാണ് അദ്ദേഹത്തിന്റെ "സമ്പത്ത്") ഉണ്ടാകും, അതൊരു സാമാന്യ നീതി മാത്രമാണ് - കാരണം അദ്ദേഹം സമര്‍ത്ഥനാണ്, ലക്ഷക്കണക്കിന് നിക്ഷേപകര്‍ അദ്ദേഹത്തെ വിശ്വസിക്കുന്നുണ്ട്.

  ReplyDelete
  Replies
  1. K.K പറഞ്ഞത് എല്ലാം ശരിയായ പോയിന്റുകള്‍ തന്നെയാണ്. അതില്‍ തര്‍ക്കമില്ല.
   അംബാനിയല്ല ഈ അവസ്ഥക്ക് കാരണം എന്നതും ശരി തന്നെ.
   ഇതൊക്കെയെങ്കിലും, ധാരാവിയിലെ പതിഞ്ഞു പരന്നു കിടക്കുന്ന, പുഴുക്കളരിക്കുന്ന ചേരികളുടെ മഹാസമുദ്രപ്പരപ്പിന്റെ പ്രതലത്തില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന, ഏതാനും അടി ചതുരത്തില്‍ മാനത്തേക്ക് ലംബമായി അറ്റമില്ലാതെ കുമിഞ്ഞു കൂടി കുതിക്കുന്ന സമ്പത്തിന്‍റെ ഈ ചിത്രത്തില്‍ വിശദീകരിക്കാനാവാത്ത ഒരു അശ്ലീലമുണ്ട് എന്ന തോന്നലുള്ളവരാന് മിക്കപേരും എന്ന് ഞാന്‍ കരുതുന്നു.

   Delete
  2. @കൊച്ചു കൊചീച്ചി,
   <>

   പ്രകൃതി നല്‍കുന്ന സമ്പത്ത് ഊറ്റിയെടുത്താണ് അയാള്‍ സംബന്നനായത്!! ഓയില്‍, പ്രകൃതി വാതകം, ഇതൊക്കെ നാടിന്റെ സ്വത്താണ്. അത് സംശുധീകരിക്കുന്നതിന് നാല്‍പ്പതു ശതമാനം സബ്സിഡിയും പാവപ്പെട്ട ഈ രാജ്യം നല്‍കുന്നു. എന്നിട്ടും ആ എണ്ണയില്‍ ഒരു തുള്ളിപോലും നമുക്ക് നല്‍കാതെ ലാഭവും ഓശാരവും വാങ്ങി ഞെളിഞ്ഞു നില്‍ക്കുന്നു. നോക്ക് ഇന്നു പെട്രോളിന് സാധാരണക്കാരന്‍ ഇത്ര മുടക്കണമെന്ന്? റിലയന്‍സിനെ സഹായിക്കാനല്ല വില ഏകീകരണം എടുത്തു മാറ്റിയത് ഇന്നു പറയാനാകുമോ? എന്നിട്ടും പാവപ്പെട്ടവന് വേണ്ടി അവര്‍ എന്ത് ചെയ്യുന്നു? വെറുതെ വക്കാലത്ത് പറയരുത് സുഹൃത്തെ.......

   Delete
 13. കമെന്റ് വല്ലാതെ നീണ്ടുപോയല്ലേ. അടുത്ത തവണ ശ്രദ്ധിക്കാം ;)

  ReplyDelete
  Replies
  1. കമന്റിന്റെ നീളക്കൂടുതല്‍ ഒരു പ്രശ്നമേയല്ല കേട്ടോ. :)
   earnest ആയ ഒരു കമന്‍റ്ന് നീളം എത്രയും ആവാം.

   Delete
 14. സുപ്രഭാതം...
  മനോഹരമായിരിയ്ക്കുന്നു അവതരണ ശൈലി..
  യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ നിസ്സംഗത മാത്രം..!
  ആശംസകള്‍...പുലരിയിലെ പുതുമ ഇഷ്ടായി...!

  ReplyDelete
 15. അംബാനിയുടെ നക്ഷത്രകൊട്ടാരനിർമ്മിതി വാസ്തുനിയമം ലംഘിച്ചുകൊണ്ടുള്ളതാകയാൽ ആവാസത്തിനു അയോഗ്യം എന്ന് ആരോപിക്ക്പ്പെടുകയാൽ അനാഥാവസ്ഥയിലാണെന്ന കൌതുകവാർത്തയും കേൾക്കുകയുണ്ടായി. പത്രത്താളുകളിൽ കുമിയുന്ന വാർത്തകളിൽ ചിലത് മറ്റൊന്നിനുനേർക്ക് കൊഞ്ഞനം കുത്തുന്ന തരത്തിൽ വസ്തുതാപരമായി പരസ്പര വിരുദ്ധമാകുമ്പോൾ വായിക്കുന്നവൻ “മിഴിചിമ്മി ഇരുതാളുകൾ ചേർത്ത് മറിച്ച്” സ്വയം ഇരുട്ടിൽ മുഖം പൂഴ്ത്തുകയല്ലാതെ എന്തുചെയ്യും..! അമ്പാനിയും ഒറ്റുകാരും ഒത്താശക്കാരും ഒത്തുചേർന്ന് ദാരിദ്ര്യരേഖയുടെ വിതാനം ഉയർത്തിയും താഴ്ത്തിയും കളിക്കുമ്പോൾ മാറാതെ നിതാന്തമായി അവശേഷിക്കുന്നത് ദർദ്രനാരായണന്മാരുടെ തലവര മാത്രം... പ്രതീകങ്ങളെ അവതരിപ്പിച്ച് ദുഖകരമായ സാമൂഹികസ്ഥിതിയുടെ നേർക്ക് വിരൽചൂണ്ടിയ കവിത ചിന്തോദ്ദീപകം. നന്ദി.

  ReplyDelete
 16. നല്ല കവിത...ചിന്തയും...ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ തലയുയർത്തി നിന്നു ഇൻഡ്യാക്കാരാന്നു പറയാൻ ചില കാഴ്ചകൾ മറച്ചു പിടിക്കേണ്ട അവസ്ഥ ചിന്തനീയം തന്നെ...

  ReplyDelete
 17. ഒാരോ രാജ്യവും നേരിടുന്ന പ്രമുഖ പ്രശ്നങ്ങളിലൊന്നാണ്‌ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം. ഈ അന്തരത്തിന്‌രെ വ്യാപ്തി വെളിവാക്കുന്നവയാണ്‌ ഈ ആന്‌റിലയും ദാരിദ്ര രേഖയും. സാമൂഹിക സമത്വം സ്വപ്നം കാണുന്നവര്‍ എത്ര മൂഢന്‍മാര്‍ എന്ന് കൂടി ഈ അവസരത്തില്‍ പറയേണ്‌ടി വരും. !!! കവിത തരക്കേടില്ല സലാം....

  ReplyDelete
 18. പേരു തന്നെ അമ്പാ...നീ എന്നല്ലേ?

  പണം കൊണ്ട് മാത്രമല്ല അധികാരം കൊണ്ടും കുറെ അമ്പാനിമാര്‍ പിറക്കുന്നുണ്ട്‌!

  ReplyDelete
  Replies
  1. vyakthamayi paranju....... bhavukangal...... blogil puthiya post...... NEW GENERATION CINEMA ENNAAL..... vayikkane...........

   Delete
 19. വളരെ വെത്യസ്തവും സാമൂഹിക അന്തരീക്ഷത്തിലേക്ക് വിരല്‍ ചൂണ്ടുന്നതുമായ വരികള്‍

  ReplyDelete
 20. അമര്‍ഷവും,വേദനയും, ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു...!
  നല്ല ചിന്ത സലാം...!!

  ReplyDelete
 21. ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 22. സാധാരണക്കാരന്റെ മനസ്സില്‍ ഉയരുന്ന വിചാരങ്ങള്‍ പലപ്പോഴും 'ഈ ലോകം ഇങ്ങനെയാണ്' എന്ന തിരിച്ചറിവില്‍ എരിഞ്ഞടങ്ങിപ്പോകും. സലാമിന് അത് ചിന്തിക്കാനുള്ള വകയാകുന്നു.എഴുത്ത് നന്നായിരിക്കുന്നു

  ReplyDelete
 23. നന്നായി സലാംജി.
  അറിയുന്ന കാര്യം ആയതു കൊണ്ട് കവിതാരൂപം ആണേലും വിഷയത്തിന്റെ പ്രത്യേകത ഉള്‍കൊള്ളാന്‍ പറ്റി.
  ആശംസകള്‍

  ReplyDelete
 24. സലാം ..
  നന്നായി പറഞ്ഞ ഈ യാഥാര്‍ത്ഥ്യം ഇഷ്ടമായി.
  ഒരിക്കല്‍ ഈ സംഭവം കാണാന്‍ ഞാന്‍ പോയിരുന്നു.
  എന്റെ ലോകം പറഞ്ഞ പോലെ തെരുവ് തെണ്ടികള്‍ നിര തീര്‍ക്കുന്ന മുംബയ്‌ നഗരത്തില്‍
  ആന്റിലക്ക് കീഴെ ഉടുതുണിക്ക്‌ മറു
  തുണിയില്ലാതെ മാനം നോക്കി നില്‍ക്കുന്ന
  ലക്ഷക്കണക്കിന്‌ പട്ടിണിക്കോലങ്ങളുടെ
  സ്മാരകം ആയി നമുക്കിതിനെ എക്കാലവും
  സൂക്ഷിക്കാം....

  വളരെ നന്നായി വരച്ചിട്ടു ഈ അമര്‍ഷത്തിന്റെ ചിത്രം .. ആശംസകള്‍

  ReplyDelete
 25. വരികളും ചൂണ്ടിക്കാണിയ്ക്കാൻ ശ്രമിച്ച സത്യവും വളരെ നന്നായി.

  ReplyDelete
 26. ഈ ബഹുനില കെട്ടിടം പണിതിട്ടിട്ടുള്ളത് ഏതൊക്കെയോ അനാഥര്‍ക്ക് അവകാശപ്പെട്ട മണ്ണിലാണ് പോലും..!

  ReplyDelete
 27. സലാംജീ, ഞാനിന്നലെ എത്തിയതേ ഉള്ളൂ...ബീഹാറിലേയുജ് ഒറീസ്സയിലേയും ബംഗാളിലെയുമൊക്കെ ഗ്രാമങ്ങളില്‍ പോയിട്ട്, എന്താ പറയണ്ടത് എന്നറിയില്ല, പുഴു ജന്മങ്ങള്‍ എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. കൊടും ദാരിദ്ര്യം, വീടില്ല, കറന്റില്ല, നേരാംവണ്ണം ഭക്ഷണമില്ല, തങ്ങളും മനുഷ്യരാണെന്നും തങ്ങള്‍ക്കും അവകാശങ്ങളുണ്ടെന്നും അവര്‍ക്ക് പോലും ബോധമില്ല. സ്കൂളോ ആശുപത്രിയോ ഇല്ല. അടുത്ത തലമുറയും കൂടി ഇങ്ങനെ തന്നെ നശിക്കും. ഓര്‍ത്ത് നോക്കൂ...അവസ്ഥ.ഭയാനകം. എന്നിട്ടും നമ്മല്‍ കേള്‍ക്കുന്നതും കാണുന്നതും ഇന്ത്യ തിളങ്ങുന്നു എന്ന അട്ടഹാസമാണു.
  വലിയ മാളികകല്‍ പണിയുന്നവരേയും പള്ളികള്‍ കെട്ടിപ്പൊക്കുന്നവരേയും കെട്ടിയിട്ട് ചാട്ടക്കടിക്കണം.

  ReplyDelete
 28. നുറുകണക്കിന് തെരുവിൻ മക്കളുടെ കണ്ണീരും പേറീ ഒരു ബഹുനില കെട്ടിടം..!!

  ReplyDelete
 29. ഇന്ത്യയുടെ ഈ വിത്യസ്ത അവസ്ഥകളുടെ നേരെ തുറന്നു വച്ച ആ കണ്ണുകള്‍ക്ക്‌ ആശംസകള്‍. ഇനിയും വരാം ഈ വഴി.
  തന്റെ കുഞ്ഞിനു വിശപ്പടക്കാന്‍ വേശ്യയാകേണ്ടി വരുന്ന ദരിദ്രസ്ത്രീകളുടെ ഭാഗത്ത് നിന്ന് കൂടി നാം ചിന്തിക്കേണ്ടതുണ്ട്. ചിലര്‍ക്കെങ്കിലും ഈ പോസ്റ്റൊരു കൈ ചൂണ്ടിയാവട്ടെ

  ReplyDelete
 30. പുതുകാലത്തിന്റെ കവിതകളില്‍ ഒന്ന്. വരികള്‍ നന്ന്. ധൂര്‍ത്ത് ചിലരുടെ ജന്മാവകാശം ആണ് എന്ന് വരുമ്പോള്‍ ഒരു ചെറു കവിതയിലൂടെ പ്രതികരിച്ച താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
 31. "കഞ്ഞി കുടിക്കാനൊന്നുമില്ലല്ലോ" എന്ന് ആവലാതി പറഞ്ഞ പാവത്തിന് കൂട്ടാനുള്ള ഉപ്പുമാങ്ങ കൊടുത്ത രാജ്ഞിയുടെ വിവരം പോലുമില്ലാത്ത ഉപരിവര്‍ഗ്ഗത്തിന് സന്തോഷിക്കാന്‍ ഇനിയും ഉയരട്ടെ അംബരചുംബികള്‍ .[ ഈ കൊട്ടാരങ്ങളിലെ "പാവങ്ങളുടെ"കാര്യം കഷ്ടമല്ലേ,പണം എന്താന്നും എന്തിനാണെന്നും അറിയാത്തവര്‍ !സ്വന്തം ഉച്ചഭക്ഷണം ഒരു പട്ടിണിപ്പാവത്തിനു നല്‍കി വിശന്നിരിക്കുന്ന ഒരു സ്കൂള്‍ കുട്ടിയുടെ സന്തോഷം പോലും അനുഭവിചിട്ടില്ലാത്തവര്‍ ..]

  മനോഹരമായ എഴുത്ത്‌ '

  ReplyDelete