Saturday, July 14, 2012

അമര്‍ സിംഗ്ക്കാ ബേട്ടാ ഭീം സിംഗ്


ഭീംസിംഗ്. ഭീംസിംഗ് ബഹാദൂര്‍. പേര് കേള്‍ക്കുമ്പോള്‍ ഭീമാകാര രൂപത്തിലുള്ള ഒരു ഗൂര്‍ഖയാണെന്ന് തോന്നും. ഗൂര്‍ഖ കുടുംബത്തില്‍ നിന്നാണ് എന്നതൊഴിച്ചാല്‍ പേര് ധ്വനിപ്പിക്കുന്ന ആകാര വലിപ്പമൊന്നുമില്ല ആളെ കാണാന്‍ . റിയാദിലെ ഒരു സ്ഥാപനത്തില്‍ ജോലിയെടുക്കുന്നു. വയസ്സ് 20 കഴിഞ്ഞതേയുള്ളൂ. മെലിഞ്ഞു വെളുത്ത രൂപം, ആരോഗ്യമുള്ള ശരീരം. നേപ്പാളിലെ ബുര്‍തിബാംഗ് ആണ് സ്വദേശം. പേരിലും ഊരിലും ഒരു കൌതുകം തോന്നും. നേപ്പാളികളില്‍ ഒട്ടു മിക്ക പേര്‍ക്കും സ്വന്തം പേരിനൊപ്പം ബഹാദൂര്‍ എന്ന ഒരു വാല് കണ്ടിട്ടുണ്ട്. ബഹാദൂര്‍ എന്ന് പറഞ്ഞാന്‍ ധീരന്‍ എന്നാണല്ലോ അര്‍ത്ഥം. ഗൂര്‍ഖകള്‍ പരമ്പരാഗതമായി തന്നെ ധീരന്‍മാരാണെന്ന് ചരിത്രം പറയുന്നുണ്ട്. ഈ ധീരന്‍ ഭീം പിശുക്കില്ലാതെ പുഞ്ചിരിക്കുകയും സമൃദ്ധമായി സംസാരിക്കുകയും ചെയ്യുന്ന ഒരു ബഹാദൂര്‍ ആകുന്നു. ഹിന്ദി സംസാരിക്കാന്‍ അറിയാം.

ഇരുമ്പ് ഫാക്ടറികളും, കരിമ്പ്‌ പ്രോസസ്സിംഗ് -പഞ്ചസാര ഉത്പാദന യൂണിറ്റുകളും വന്‍കിട അരിമില്ലുകളും കൊണ്ടു സമ്പന്നമായ പഞ്ചാബിലെ ജലന്ധറിലായിരുന്നു ഭീംസിംഗ് ജനിച്ചതും വളര്‍ന്നതും. ജനസംഖ്യ കുറവുള്ള, വൃത്തിയുള്ള റോഡുകളും പരിസരങ്ങളുമുള്ള ജലന്ധര്‍ പഞ്ചാബിലെ ഏറ്റവും നല്ല നഗരം എന്നറിയപ്പെടുന്നു. അറുപതുകളിലെ ഇന്ദിരാഗാന്ധിയുടെ ഹരിത വിപ്ലവത്തിന്‍റെ പ്രധാന കേന്ദ്രം ജലന്ധറായിരുന്നു. ഭീമിന്‍റെ കുടുംബം തലമുറകള്‍ക്ക് മുന്‍പേ പഞ്ചാബിലേക്ക് കുടിയേറിയതായിരുന്നു. അച്ഛന്‍റെ പേര് അമര്‍ സിംഗ് ബഹാദൂര്‍. മുത്തച്ഛന്‍റെ പേര് വീര്‍ ബഹാദൂര്‍ സിംഗ്. അമ്മ ഫൂല്‍ മായ കുമാരി സിംഗ്. രണ്ടു സഹോദരന്‍മാരും ഒരു സഹോദരിയും. സഹോദരി കുമാരി സിംഗ് മൂത്തതാണ്. മൂത്ത സഹോദരന്‍ രാംസിംഗ്. ഇളയ സഹോദരന്‍ ദീപക് സിംഗ്. സഹോദരിയുടെയും, വലിയ സഹോദരന്‍റെയും വിവാഹം കഴിഞ്ഞു. മുത്തച്ഛന്‍ ഇന്ത്യന്‍ മിലിറ്ററിയിലെ ഗൂര്‍ഖാ പ്ലാറ്റൂണിന്‍റെ കമാന്ററായിരുന്നു. ഭീംസിംഗ് ജനിക്കുന്നതിനു മുന്‍പേ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ മുത്തച്ഛനെ ഫോട്ടോയില്‍ കണ്ട ഓര്‍മയെയുള്ളൂ. അച്ഛനും പട്ടാളത്തില്‍ തന്നെയായിരുന്നു. മുത്തച്ഛനേക്കാളും താഴ്ന്ന തസ്തികയിലായിരുന്നു അച്ഛനു ജോലി. എത്ര തലമുറ മുന്‍പാണ് ഇന്ത്യയിലെ പഞ്ചാബിലേക്ക് കുടിയേറിയത് എന്ന് ഭീമിന് നിശ്ചയമില്ല. അമ്മ പറഞ്ഞുള്ള അറിവനുസരിച്ചു തലമുറകള്‍ക്ക് മുന്‍പായിരുന്നു അത്.

ഭീമിനു പറയാനുള്ളത് നാല് വര്‍ഷം മുന്‍പ് അവര്‍ കുടുംബസഹിതം പഞ്ചാബ് വിട്ട് വീണ്ടും നേപാളിലേക്ക് തിരിച്ചു കുടിയേറിയതിനെ കുറിച്ചുള്ള വിശേഷങ്ങളാണ്. തലമുറകള്‍ക്ക് ശേഷം മാതൃഭൂമിയിലേക്കുള്ള മടക്കം. പഞ്ചാബിനെയും ജലന്ധറിനേയും ഏറെ സ്നേഹിക്കുന്നു ഭീം ഇപ്പോഴുമെങ്കിലും, നേപാളിന്‍റെ ഉഷ്ണണമറിയാത്ത ഭൂപ്രകൃതിയെ കൂടുതല്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. കരയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന നേപാള്‍ നദികളും അരുവികളും കൊണ്ട് സമ്പന്നമാണ്. ഹിമാലയത്തിന്‍റെ താഴ്വരയില്‍ അവന്‍റെ നാട്ടില്‍ വര്‍ഷാവര്‍ഷം പന്ത്രണ്ടു മാസവും പ്രകൃതിദത്തമായി തന്നെ ശീതീകൃതമായ കാലാവസ്ഥയാണ്. അത് കൊണ്ട് തന്നെ ആ പ്രദേശത്തു നിന്നുള്ള എല്ലാവരും വെളുത്ത നിറമുള്ളവരാണെന്ന് അവന്‍ പറയുന്നു. വെളുപ്പിനാണ് കൂടുതലഴകെന്ന ബോധ്യം അവന്‍റെ വാക്കുകളില്‍ പ്രകടമാകുന്നു. സ്വന്തം തൊലിയെ ഹനിച്ചിട്ടായാലും അതിന്‍റെ നിറമൊന്ന് മാറ്റിയെടുക്കാന്‍ ഇന്ത്യക്കാര്‍, വിശേഷിച്ചു മലയാളികള്‍ വാങ്ങിക്കൂട്ടുന്ന ഫെയര്‍ & ലവ്`ലി ക്രീമിന്‍റെ കണക്ക്‌ അവന്‍ അറിഞ്ഞു കാണുമോ!


എപ്പോഴും സുഖകരമായ തണുപ്പുള്ള ഇടമാണ് നേപ്പാളിലെ അവന്‍റെ പ്രദേശം. എയര്‍ കണ്ടിഷന്‍ ഓണ്‍ ആക്കിയ പോലെ പാകത്തിനുള്ള നല്ല തണുപ്പത്രെ അത്. മഴക്കാലത്ത്, ജൂലൈ മുതല്‍ തുടങ്ങുന്ന സമൃദ്ധമായ മേഘവര്‍ഷവും. വിശാലമായ പച്ചപ്പ്‌ നിറഞ്ഞ കൃഷിയിടങ്ങള്‍. പാടങ്ങളില്‍ നെല്‍കൃഷിയുണ്ട്, മേല്‍വിതാനങ്ങളില്‍ മുഖ്യമായും എള്ള്, ആപ്ള്‍ തുടങ്ങിയവയാണ് കൃഷി വിളകള്‍. അതിനുമപ്പുറത്ത് അതിര് തീര്‍ക്കുന്ന മഞ്ഞണിഞ്ഞ മാമലകള്‍, അത് ഉയര്‍ന്നുയര്‍ന്നു പോവുന്നത് ഹിമാലയ സാനുക്കളിലേക്കാണ്. വര്‍ഷക്കാലമായാല്‍ നിരന്ന പ്രദേശങ്ങളില്‍ മഴ സാധാരണ പോലെ തന്നെ പെയ്തിറങ്ങുമ്പോള്‍ പര്‍വ്വതമായി ഉയരുന്നിടം തൊട്ട് അവ പെയ്യുന്നത് വെളുത്ത മഞ്ഞു മഴയായിട്ടാണ്. ഇത് പറയുമ്പോള്‍ അവന്‍റെ കണ്ണുകളിലും കുളിര്‍മഴ. റിയാദിലുള്ള ഞങ്ങള്‍ നില്‍ക്കുന്ന ശീതീകൃത കെട്ടിടത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്നത് 50 ഡിഗ്രി സെല്‍ഷ്യസ് കൊടും ചൂടിലേക്കാണല്ലോ, മുഖം കരിഞ്ഞു പോവുന്ന തീക്കാറ്റ്. ഇവിടെയിരുന്നു കൊണ്ട് ഹിമാലയ ഗ്രാമത്തിലെ തണുത്തു വെളുത്ത മഴയെക്കുറിച്ച് പറയാനും കേള്‍ക്കാനും ഏറെ സുഖം തോന്നുക സ്വാഭാവികം.

ഇതിനൊക്കെയിടയിലും ഭീംസിംഗ് ഒരു അങ്കലാപിലാണ്. കഫീല്‍ (സ്പോണ്‍സര്‍) സമയാസമയം ഇക്കാമ (Residence permit) പുതുക്കി നല്കാത്തതിനാല്‍ ഇപ്പോള്‍ എടുക്കുന്ന പുറം ജോലിയില്‍ തുടരാനാവുമോ എന്ന അണയാത്ത ആശങ്കയിലാണ് അവന്‍ . മൂന്ന് ലക്ഷം നേപ്പാളി രൂപ ചിലവാക്കി എടുത്ത വിസയാണ്. അമ്മ ഫൂല്‍ മായ കുമാരി സിംഗിനുള്ള ചികിത്സക്ക് തന്നെ ഭാരിച്ച ചിലവുണ്ട്. അച്ഛന്‍ അമര്‍ സിംഗ് ബഹാദൂറിന്‍റെ ആരോഗ്യവും ചികിത്സ തേടുന്ന അവസ്ഥയിലാണ്. കഫീലിന് ഇതൊന്നും അറിയില്ലല്ലോ. ഇക്കാമ പുതുക്കി കിട്ടിയോ എന്നറിയാന്‍ കഫീലിന് വിളിക്കുമ്പോഴെല്ലാം നാളെ നാളെ എന്നാണ് മറുപടി. ഒരിക്കല്‍ വിളിക്കുമ്പോള്‍ കഫീല്‍ ബഹറൈനിലാണെങ്കില്‍ പിന്നെ വിളിക്കുമ്പോള്‍ ദുബായിലായിരിക്കും. ഇപ്പോള്‍ പ്രതീക്ഷ വെടിഞ്ഞ അവസ്ഥയിലാണ് ഭീംസിംഗ്. എന്നിട്ടും മായാത്ത അവന്‍റെ പുഞ്ചിരി വിടരുന്നത് അവന്‍റെ നാട്ടിലെ മഞ്ഞു മഴയെ പറ്റി പറയുമ്പോഴാണ്. പഞ്ചാബിലെ ജലന്ധറില്‍ ജനിച്ചു വളരുമ്പോഴും ആപ്ള്‍ മരങ്ങല്‍ക്കിടയിലൂടെ അങ്ങകലെ ദൃശ്യമാവുന്ന ഹിമാലയ നിരകളിലേക്ക് പടര്‍ന്നു പെയ്തിറങ്ങുന്ന വെളുത്ത മഴയും എള്ളിന്‍ പാടങ്ങളും കുഞ്ഞു നാളിലെ അവന്‍റെ അമ്മയുടെ താരാട്ടിലും നിറഞ്ഞിരിക്കണം. അതു കൊണ്ടാവാം നേപ്പാളിന്‍റെ ഹിമക്കുളിരിലേക്ക് തലമുറകള്‍ക്ക് ശേഷം വേരുകള്‍ തേടി വീണ്ടും തിരിച്ചെത്തുമ്പോള്‍ അവിടമെല്ലാം പൂര്‍വ്വ ജന്മത്തിലെന്നപോലെ അവനു പരിചിതമായി തോന്നുന്നത്. ഭീംസിംഗിന്‍റെ കുടുംബം സിക്ക് മത വിശ്വാസികളാണ്. പഞ്ചാബിലെ സാധാരണ സര്‍ദാര്‍ജിമാരുടെ കൂട്ടത്തില്‍ പെടാത്ത വേറൊരു ജാതിയത്രേ ഇവര്‍. സിക്കുകാരുടെ പുണ്ണ്യപുരാതന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ മിക്കതും പാക്കിസ്ഥാനിലാണെന്ന് പറയുന്നു അവന്‍ . ഇന്ത്യയിലെ ഹൈന്ദവരുടെ പ്രധാന തീര്‍ത്ഥാടന ഭൂമി ചരിത്രപരമായി നേപ്പാളിലാണെന്നും ഭീം പറയുമ്പോള്‍ അവന്‍ ഒരു ചരിത്ര കുതുകികൂടിയാണെന്നും അറിയുന്നു. പക്ഷെ സിക്ക് മതത്തിന്‍റെ മുഖ്യ അടയാളമായ നീണ്ട തലമുടിയോ, നിറഞ്ഞ തലപ്പാവോ ഭീംസിംഗിനില്ലായിരുന്നു. പുതിയ തലമുറക്ക്‌ അത്തരം ചട്ടവട്ടങ്ങളില്‍ വലിയ താത്പര്യമില്ലെന്ന് അവന്‍ ചിരിയ്ക്കുന്നു. ഇപ്പോള്‍ പഞ്ചാബിലും ചെറുപ്പക്കാര്‍ മിക്കപേരും മുടി നീട്ടുകയോ തലപ്പാവ് വെയ്ക്കുകയോ ചെയ്യുന്നില്ലത്രേ. രണ്ടു വര്‍ഷം മുന്‍പ് വരെ ഭീംസിംഗിനും, അരക്കെട്ടോളം എത്തുന്ന, ചുരുട്ടി മടക്കി വെച്ച തലമുടിയുണ്ടായിരുന്നു. അതാണ്‌ മുറിച്ചു കളഞ്ഞത്. അതിന് അമ്മ അന്ന് ഏറെ വഴക്കു പറയുകയും പിണങ്ങുകയും ചെയ്തു. മതത്തിന്‍റെ പ്രദര്‍ശന അടയാളങ്ങളെ തിരസ്കരിക്കുമ്പോഴും പാകിസ്ഥാനിലെ ഇത് വരെ കാണാത്ത സിക്ക്‌ മത പുണ്ണ്യ കേന്ദ്രങ്ങള്‍ ഭീംസിംഗിന്‍റെ മനസ്സിലുണ്ട്.


ഭീംസിംഗിനു വലിയ സ്വപ്‌നങ്ങള്‍ ഒന്നുമില്ല. കഫീല്‍ കനിഞ്ഞു ഇക്കാമ ഒന്ന് പുതുക്കി കിട്ടണം, ഉള്ള ജോലിയും ശമ്പളവും മുടക്കമില്ലാതെ തുടര്‍ന്ന് പോവണം. അമ്മയ്ക്ക് ചികിത്സക്കും വീട്ടിലെ ചിലവിനും തവണ തെറ്റാതെ പണമെത്തിക്കണം.


ജലന്ധറില്‍ പിന്നിട്ട ദിനങ്ങളേയും, പിരിഞ്ഞു പോന്ന കൂട്ടുകാരെയും ഓര്‍ത്ത് മനസ്സ് ഗ്രഹാതുരമാവുന്നുവെങ്കിലും, നേപ്പാളിലെ തന്‍റെ കുടുംബ വേരുകളിലേക്ക് പുനരര്‍പ്പണം ചെയ്തു പതിയെ പുതിയ പ്രതീക്ഷകളില്‍ മുഴുകുകയാണ്. ഇതു പറഞ്ഞ് ഭീംസിംഗ് പിന്നെയും പുഞ്ചിരിക്കുന്നു. ഹിമാലയത്തിന്‍റെ താഴ്വരകളിലെ വെളുത്ത മഴപോലെ, എള്ളിന്‍ പാടങ്ങളും, ആപ്ള്‍ തോട്ടങ്ങളും തലോടിയെത്തുന്ന കുളിരാര്‍ന്ന ഇളം തെന്നല്‍ പോലെ….

44 comments:

 1. ഞങ്ങളുടെ കമ്പനിയിലെ മുന്നൂറോളം നേപ്പാളികളില്‍ ഭൂരിപക്ഷത്തിന്റെ പേരിനു പിറകെ ബഹാദൂര്‍ ഉണ്ട് - മിക്കപേരുടെയും ജീവിതകഥകളും ഭീംസിങ്ങിന്റെതില്‍ നിന്നും വ്യത്യസ്തമല്ല.

  ReplyDelete
 2. ഭീംസിംഗിന്റെ പുഞ്ചിരി മായാതെ നില്‍ക്കട്ടെ, ഇക്കാമ വേഗം പുതുക്കിക്കിട്ടട്ടെ...
  കുടുംബത്തിനു കുളിര്‍ത്തെന്നലേകാന്‍ മരുഭൂമിയുടെ ചൂടില്‍ വാടിത്തളരാതിരിക്കട്ടെ...

  ReplyDelete
 3. സുപ്രഭാതം..
  വലിയ സ്വപ്നങ്ങളും മോഹങ്ങളും ഇല്ലാത്ത ആ ചെറുപ്പക്കാരനും കുടുംബത്തിനും പ്രാര്‍ത്ഥനകള്‍...!

  ReplyDelete
 4. നമുക്ക് മുന്നില്‍ ഇത്തരം നൂറു കണക്കിന് ഭീം സിംഗ് ... രാം സിംഗ് തുടങ്ങിയവര്‍ .....
  ഇത് ഒരു നേപ്പാളിയുടെ മാത്രം കഥയല്ല. ഭീം സിംഗിനെ പോലെ അതിജീവന സമസ്യയുമായി ഉഴലുന്ന ആയിരം പ്രവാഷ്യകളുടെ കഥ.

  നമുക്ക് പ്രാര്‍ഥിക്കാം... അയാളുടെ ആശകള്‍ പൂവണിയട്ടെ !!!

  ReplyDelete
 5. പ്രവാഷ്യകളുടെ എന്നത് പ്രവാസികളുടെ എന്ന് വായിക്കൂ ...

  ReplyDelete
  Replies
  1. ഒരു നേപ്പാളിയുടെ കഥ മുന്നിലേക്കിട്ടു തന്നതില്‍ സന്തോഷമുണ്ട്.
   സ്വര്‍ഗതുല്യമായ അവസ്ഥ നാട്ടിലുണ്ടായാലും ജോലി കിട്ടാന്‍ വേണ്ടി കടല്‍ കടക്കേണ്ടി വരുന്ന പ്രവാസികള്‍ക്ക് എന്റെ പ്രണാമം.

   Delete
 6. ഭീം സിങ്ങിനും ഒരിടം കൊടുത്തതു നന്നയി സലാം ബായ്
  പ്രവാസി ഏതു താഴ്വാരത്തു നിന്നായാലും അവന്‍റെ മനസ്സ് വായിക്കാന്‍
  നമുക്ക് കഴിയുന്നു!

  ReplyDelete
 7. ഭീം സിംഗിന്റെ പുഞ്ചിരി മായാതെ എന്നും നില നില്‍ക്കട്ടെ...

  ReplyDelete
 8. പ്രവാസം എന്നത് ഒരു അവസ്ഥയാണ്.
  സന്യാസം പോലുള്ള ഒരവസ്ഥ!
  ഒരു പ്രവാസിയെ മറ്റൊരു പ്രവാസിക്ക് എളുപ്പം മനസിലാകുന്നത് അവനുള്ളിലെ നീറ്റല്‍ കൊണ്ടാണ്.
  ഈ പോസ്റ്റും ഒരു നീറ്റലായി മനസിലുണ്ടാവും.

  ReplyDelete
 9. പല ആളുകൾ പലതരം ചിന്തകൾ, പല വിശ്വാസങ്ങൾ ഒറ്റ നാമത്തിൽ ഒതുങ്ങുന്നിവിടെ പ്രവാസം

  ReplyDelete
 10. "ഹിമാലയത്തിന്‍റെ താഴ്വരകളിലെ വെളുത്ത മഴപോലെ, എള്ളിന്‍ പാടങ്ങളും, ആപ്ള്‍ തോട്ടങ്ങളും തലോടിയെത്തുന്ന കുളിരാര്‍ന്ന ഇളം തെന്നല്‍ പോലെ…."
  ആ പുഞ്ചിരി വാടാതിരിക്കട്ടെ!
  ആശംസകള്‍

  ReplyDelete
 11. വിത്യസ്തമായ ഒരു രചന.പ്രവാസത്തിലെ ജീവിതാനുഭവങ്ങളില്‍ നിന്ന് പുതുമയുള്ള ഒരേട്...വളരെ ഹൃദയസ്പര്‍ശമായി ,ഈ അവതരണം

  ReplyDelete
 12. പ്രവാസത്തിന്റെ എല്ലാ ആത്മത്യാഗവും നൊമ്പരവും പ്രകടമായി കണ്ട എഴുത്ത്. വളരേയധികം നന്നായിട്ടുണ്ട്. ആശംസകൾ.

  ReplyDelete
 13. സലാംജി ഒരു 'ഡോക്യുമെന്ററി' എഴുതിയതുപോലെയാണ് തോന്നിയത്. ഒരു 'യഥാതഥകഥനം' മാത്രമാണെങ്കിലും അതിന് വൈകാരികമോ, ആശയപരമോ, രചനാപരമോ ആയ എന്തെങ്കിലും സവിശേഷതയുണ്ടെങ്കിലേ വായനാസുഖം ഉണ്ടാകൂ എന്നാണ് എന്റെ അഭിപ്രായം. ആ നിലയ്ക്ക് ഈ ലേഖനം സലാംജിയുടെ പതിവുനിലവാരത്തോളം എത്തുന്നില്ല എന്നാണെനിക്കു തോന്നിയത്.

  'ന്റെ' എന്നെഴുതേണ്ടിടത്തെല്ലാം 'ന്‍റെ' എന്നാണ് എന്റെ സ്ക്രീനില്‍ കാണുന്നത്. എന്റെ ഫോണ്ടിന്റെ കുഴപ്പമായിരിക്കുമോ?

  ReplyDelete
 14. നേപ്പാളികളിൽ സിംഗ് മാർ ഉണ്ടെന്നറിയാമെങ്കിലും സിക്കുമത വിശ്വാസികൾ ഉണ്ടെന്നുള്ളത് ഒരു പുതിയ അറിവാണട്ടൊ.. എന്നെങ്കിലും ജനിച്ചുവളർന്ന മണ്ണിലേക്ക് തിരിച്ചു പോകുന്ന കാര്യത്തിൽ നേപ്പാളികൾക്കും ഒരു മലയാളി മനസ്സ്...!
  ആശംസകൾ....

  ReplyDelete
 15. എന്റെ തൊഴിലിടത്ത് നിന്ന് പരിചയപ്പെട്ട ഏതാനും നേപ്പാളി ഗൂർഖകളുമായി അടുപ്പമുണ്ട്.. ധീരന്മാരെന്ന ഖ്യാതിയുള്ള ആ വർഗ്ഗത്തിൽ പെട്ടവരുടെ ശാന്തസ്വഭാവം എന്നെ ആകർഷിച്ചിട്ടുണ്ട്. സലാമിന്റെ കുറിപ്പിൽ പരാമർശിക്കപ്പെട്ട ഗൂർഖ കുടുംബം സിഖ് മത വിശ്വാസികളാണെന്നത് കൌതുകകരമായി തോന്നി. അവർ പഞ്ചാബിൽ കുടിയേറിയ ശേഷം ആ മതം വരിച്ചതാകാം എന്ന് ഊഹിക്കുന്നു. സലാമിന്റെ രചന വ്യത്യസ്തമാണ്. എന്റെ ഗൂർഖ സുഹ്ര്‌ത്തുക്കളെ ഓർക്കാൻ അവസരം തന്നു.

  ReplyDelete
 16. ഭീം സിംഗിനെ ഇഷ്ടപ്പെട്ടു. മാറ്റത്തിന്റെ തുടക്കം അല്ലേ...?
  ആശംസകള്‍ ..(.ഒരു ചെറിയ അഭിപ്രായമുണ്ട്.
  വലിയ ഖണ്ഡികകള്‍ വായിക്കാന്‍ അല്പം ബുദ്ധിമുട്ട് തോന്നുന്നു.)

  ReplyDelete
 17. ഇത് വായിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചത്: എന്റെ ചുറ്റിലും എത്ര നേപ്പാള്‍ സ്വദേശികളുണ്ട്? ആരുടെയെങ്കിലും എന്തെങ്കിലും വ്യക്തിപരമായോ കുടുംബപരമായോ തൊഴില്‍പരമായോ എത്ര കാര്യങ്ങള്‍ എനിക്കറിയാം? ഒന്നും തന്നെ അറിയില്ല എന്നുള്ളതാണ് വാസ്തവം.

  ആരെങ്കിലും തന്റെ പ്രശ്നങ്ങളെക്കുറിച്ച് ഒന്ന് ചോദിക്കാനോ ഇത്തിരി അലിവ് കാട്ടാനോ ഉണ്ടെന്നറിയുമ്പോള്‍ ഈ മരുഭൂമിയില്‍ ബഹാദൂറിനെപ്പോലുള്ളവര്‍ക്ക് എത്ര സന്തോഷമായിരിക്കും. ഞാന്‍ ഈ വിഷയത്തില്‍ തീര്‍ത്തും പരാജയമായിരുന്നു എന്ന് ഇന്നറിയുന്നു

  താങ്ക്സ് സലാം

  ReplyDelete
 18. ഈ ഗൂര്‍ഖേനേം കൊണ്ട് ഞാന്‍ പെട്ട പാട്. ഖുക്രി ഊരി ഒറ്റ വരവല്ലായിരുന്നോ..വെറും ഗൂര്‍ഖയായ എന്നെ നീ ഖൂര്‍ക്കയാക്കീന്നും പറഞ്ഞ്...

  അവസാനം അക്ഷരങ്ങളും നമുക്കെതിരെ വാളോങ്ങാന്‍ തുടങ്ങി സലാംജീ...

  അഭിനന്ദനങ്ങള്‍.,നല്ല കുറിപ്പിനു..

  ReplyDelete
  Replies
  1. ഏതക്ഷരമാ മുല്ലേ വാളോങ്ങിയത്? ഗൂ ആണോ ഖൂ ആണോ?
   ഞാന്‍ ഇടപെടണോ

   Delete
 19. എല്ലാം ഒത്തുചേര്‍ന്ന ഒന്നന്തരമൊരു കുറിപ്പ്.
  പുതിയ നൂലാമാലകളില്‍ ഇഖാമ പുതുക്കിക്കിട്ടാതെ ആശങ്ക തിന്നു കഴിയുന്ന എത്രയെത്ര സഹോദരങ്ങള്‍ നമുക്ക് ചുറ്റും. അവര്‍ക്കൊക്കെയും ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാന്‍ സാധിക്കട്ടെ എന്ന് ആശിക്കാം, പ്രാര്‍ഥിക്കാം.

  ReplyDelete
 20. സലാം ഭായിയുടെ ഓരോ പോസ്റ്റും അറിവ് പകര്‍ന്നു നല്‍കുന്നതാണ്.. അതിനു പ്രത്യേകം അഭിനന്ദനം
  പോസ്റ്റ് നന്നായി..

  ReplyDelete
 21. എന്നിട്ടും മായാത്ത അവന്‍റെ പുഞ്ചിരി വിടരുന്നത് അവന്‍റെ നാട്ടിലെ മഞ്ഞു മഴയെ പറ്റി പറയുമ്പോഴാണ്...... - ഈ വരികൾ ഒരുപാട് പറയുന്നുണ്ട്.

  ഒരു 'മനുഷ്യനെ' പരിചയപ്പെടുത്തി, കുറഞ്ഞ വരികളിൽ പ്രകൃതിയും, മനുഷ്യനും, ഗൃഹാതുരത്വവും, പ്രവാസവും, സംസ്കാരവും ഇവിടെ വിഷയീഭവിച്ചു,

  ReplyDelete
 22. ഇന്ന് ഇവിടെ ഭയങ്കര ചൂടാണ്. ശരീരം ചൂടുകൊണ്ട് തുളക്കുന്നത് പോലെ അനുഭവപ്പെടുന്നു.
  ഒരു ഭീംസിംഗിന്റെ കഥ എന്നതിലുപരി ഓരോ പ്രവാസിയുടെയും വേദനകള്‍, മനസ്സിന്റെ ചലനങ്ങള്‍ എല്ലാം പൊതുവായി ഒരു കുറിപ്പിലൂടെ സൂചിപ്പിക്കുന്നതായിട്ടാണ് എനിക്കനുഭവപ്പെട്ടത്. എത്ര കാലം ഇവിടെ പഴകിയാലും തിരിച്ചു പോകാന്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കഴിയാത്തവരുടെ മനസ്സ്‌ ഇതുപോലെ സ്വന്തം നാടിന്റെ സുഖത്തില്‍ ഉരുകിയുരുകി അവസാനിക്കുന്ന പ്രവാസിയുടെ നിസ്സഹായത..
  നന്നായിരിക്കുന്നു സലാം ഭായി.

  ReplyDelete
 23. ഓരോ പ്രവാസിക്കും ഓരോ കഥകള്‍ പറയാനുണ്ടാവും. അത് ചിലപ്പോള്‍ വേദനയുടെതാവും, ചിലപ്പോള്‍ ചെറിയ സന്തോഷങ്ങളുടെതാവും.


  നല്ല പോസ്റ്റ്‌..

  ReplyDelete
 24. ഭീം സിംഗിനെ പ്പോലെ ഒരു പാട് പേര്‍ ഇക്കാമയും ,നാടും സ്വപ്നം കണ്ടു വര്‍ഷങ്ങളായി വിദേശങ്ങളില്‍ ജീവിതം ഹോമിക്കുന്നു ..എത്രയും വേഗം യാത്രാ രേഖകള്‍ ശരിയാവട്ടെ എന്നാശംസിക്കുന്നു,പ്രാര്‍ഥിക്കുന്നു .

  ReplyDelete
 25. കൂടുതല്‍ നേപ്പാളികള്‍ ഇപ്പോള്‍ പ്രവാസികളായി ഗള്‍ഫ്‌ നാടുകളിലേക്ക് വരുന്നുണ്ട് എന്ന് തോന്നുന്നു. കുറഞ്ഞ കൂലിക്ക് കൂടുതല്‍ മനുഷ്യാധ്വാനം എന്നത് മിക്ക കമ്പനികളും മുതലാക്കുന്നു. നമ്മള്‍ മലയാളികള്‍ക്ക് നാടിനെക്കുറിച്ചും വീടിനെക്കുറിച്ചുമുള്ള 'നൊസ്റ്റാള്‍ജിയ ' ഇവരില്‍ കുറവായിട്ടാണ് തോന്നിയിട്ടുള്ളത്. ഭീംസിംഗിനെ പരിചയപ്പെടുത്തിയതിനോടൊപ്പം നേപ്പാളിന്റെ ഭൂപ്രക്രുതിയെക്കുറിച്ചും ഒരു ചെറിയ വിവരണം. പോസ്റ്റ്‌ നന്നായിരിക്കുന്നു സലാം ഭായ്‌ ..

  (ഓഫ്: 1991 - മുതലുള്ള ഒരു ഗൂര്‍ഖ ഇപ്പോഴും ഞങ്ങളുടെ നാട്ടിലുണ്ട്. രാത്രിയില്‍ റോഡുകളില്‍ കൂടിയുള്ള റോന്തുചുറ്റലാണ് അന്നും ഇന്നും പണി...കൂലി നാട്ടുകാര്‍ പിരിച്ചു കൊടുക്കുന്ന സംഖ്യയും )

  ReplyDelete
 26. എഴുത്ത് ഇഷ്ട്ടായീ സലാം..!
  പുതുമയുള്ള രചനകള്‍ ഇനിയുമുണ്ടാകട്ടെ.
  ആശംസകളോടെ..പുലരി

  ReplyDelete
 27. ഈ എഴുത്ത് എന്നെ സംബണ്ടിച്ചടത്തോളം അല്ലെങ്കില്‍ സൌദിയില്‍ ജോലി ചെയ്യുന്ന സാധാരണ കാര സമ്ബണ്ടിച്ചടത്തോളം ദിനം തോറും കേള്‍ക്കുന്ന സങ്കട ങ്ങളില്‍ ഒന്ന് മാത്രമാണ്
  എത്രയോ ജീവിതങ്ങള്‍ ഇവിടെ അടക്കി പിടിച്ച ആസങ്കയും ഒതുക്കി പിടിച്ച ദുഖവുമായി ജീവിക്കുന്നു
  അവര്‍ക്കെല്ലാം ആഗ്രഹ സഫലീകരനത്തിനു തമ്പുരാന്‍ കനിയട്ടെ എന്ന് മാത്രമേ പറയാന്‍ ഒള്ളൂ

  ReplyDelete
 28. പ്രതിസന്ധികളില്‍ ഉഴലുന്ന പ്രവാസികള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു... നന്നായി എഴുതി.

  ReplyDelete
 29. പ്രാര്‍ഥനകളോടെ.......

  ReplyDelete
 30. പാരഗ്രാഫ് നീളം കൂടിയ പോലെ .അക്ഷരം ചെറുതായത് വായനക്ക് ഒരു സുഖം പോര ...പോസ്റ്റ്‌ ഇഷ്ടമായി
  പ്രവാസിയുടെ ജീവിതം എന്നും പദ പ്രശ്നക്കള്ളി പോലെ തന്നെ ..............

  ReplyDelete
 31. ഏത് രാജ്യക്കാരനാണെങ്കിലും അടുത്തു നില്‍ക്കുന്നവന്റെ മനസ് അറിയാന്‍ കഴിയുക, വേദനനകള്‍ പങ്കുവെയ്ക്കുക ഒക്കെ സലാമെന്ന എഴുത്തുകാരന്റെ ഹൃദയവിശാലതയെ കാണിക്കുന്നു.

  നേപ്പാളിന്റെ സുന്ദര ഭൂപ്രകൃതിയെ കുറിച്ചുള്ള വിവരണവും നന്നായി. അതിലുപരി ആ ബഹാദൂര്‍സിങ്ങും. അദേഹത്തിന് നന്മകള്‍ നേരുന്നു.

  ReplyDelete
 32. ഭീം സിംങ്ങിന്റെ ജീവിത പ്രശ്നത്തോടോപ്പം തന്നെ ചരിത്രവും സാഹിത്യവും കൂട്ടിയുള്ള എഴുത്ത് മികവുറ്റതായി.സലാമിന്റെ എഴുത്തുകളിലെ ഈ വ്യത്യസ്തത എടുത്തു പറയേണ്ട കാര്യം തന്നെയാണ്‍.

  ReplyDelete
 33. ഈയിടെയായാണ് നേപ്പാളികൾ അന്നം തേടി മരുഭൂമിയിലേക്ക് വരുന്നതെന്ന് തോന്നുന്നു. ഭീംസിംഗിനെ പോലെ ഉറ്റവരെയും ഉടയവരേയും ജനിച്ച മനോഹരമായ നാടിനേയും പിരിഞ്ഞ് നാം ഓരോരുത്തരും, അവരിലൊരാളായി ഭീസിംഗും... ഭീസിഅംഗിന്റെ ഇഖാമ ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കാം,

  സലാമിന്റെ മനോഹരമായ വിവരണത്തിൽ എഴുതിയ പോസ്റ്റിന് അഭിനന്ദനങ്ങൾ

  ReplyDelete
 34. കഫീല്‍ കനിഞ്ഞു ഇക്കാമ ഒന്ന് പുതുക്കി എത്രയും പെട്ടെന്ന് കൊടുക്കട്ടെ ..!ഭീസിംഗിനും കുടുംബത്തിനും പ്രാര്‍ഥനകള്‍ ..!

  ReplyDelete
 35. പരിമിതമായ ആഗ്രഹങ്ങളുമായി ജീവിക്കുന്ന സാധാരണക്കാരന്റെ ജീവിതത്തിനു ആകര്ഷ ണീയത കുറവായതുകൊണ്ട് പോസ്റ്റുകളില്‍ കണ്ടിട്ടില്ല. അവരിലേക്ക് കണ്ണ് തുറപ്പിക്കാനുള്ള ഈ ശ്രമത്തിനു അഭിനന്ദനങ്ങള്‍

  ReplyDelete
 36. ഹൃദയസ്പർശിയായി ഈ കുറിപ്പ്‌. ഇവരുടെയൊക്കെ വിഷാദങ്ങൾ പ്രകൃതി തുടച്ചുനീക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  ReplyDelete
 37. ഭീം സിംഗിന്റെ വേദന പ്രവാസികളുടെ വേദനയാകുന്നു. അത് മനസ്സില്‍ തട്ടുന്നത് പോലെ തന്നെ പറഞ്ഞു. ആശംസകള്‍ സലാം ഭായ്..

  ReplyDelete
 38. നന്നായി ഭീം സിംഗിനെയും നേപ്പാളിനേയും വരച്ചു വെച്ചിരിക്കുന്നു. പ്രകൃതി രമണഈയമായ നേപ്പാള്‍ കാണാന്‍ അവസരമുണ്ടായതുകൊണ്ട് ഇതു വായിച്ചപ്പോള്‍ ഒന്നു കൂടി മനസ്സവിടെ പോയി വന്നു.

  ReplyDelete
  Replies
  1. വളരെ ഹൃദയസ്പര്‍ശിയായി അനുഭവപ്പെട്ടു..... ആശംസകള്‍,.... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... കൊല്ലാം............ പക്ഷെ തോല്‍പ്പിക്കാനാവില്ല ............... വായിക്കണേ.............

   Delete
 39. ചെറിയ സ്വപ്നങ്ങള്‍ പ്രതീക്ഷകള്‍ . മിക്ക പ്രവാസികള്‍ക്കും ഇതൊക്കെയാണുള്ളത് . നന്മകള്‍ ഉണ്ടാകട്ടെ.. കൊല്‍ക്കത്ത വരെയുള്ള യാത്ര നേപ്പാള്‍ വരെ നീട്ടാന്‍ കഴിയാത്തത് ഓര്‍മകളില്‍ നില്‍ക്കുന്നുണ്ട്.. പോകണം വീണ്ടും അവിടം കാണാന്‍

  ReplyDelete
 40. ഓരോ പ്രവാസിയും ഓരോ കഥകള്‍ ആണല്ലേ..
  അതില്‍ നിന്നും ഒരു രാജ്യത്തിന്റെ ഭൂമി ശാസ്ത്രവും
  ചരിത്രവും കൂടി കണ്ടു എടുക്കാന്‍ ശ്രമിക്കുമ്പോള്‍
  ഒരു നല്ല എഴുത്കാരന്റെ ശ്രമം പൂര്‍ണം ആവുന്നു..
  അത്തരത്തില്‍ സലാമിന്റെ ഈ രചന പൂര്‍ണത
  അവകാശപ്പെടാവുന്ന ഒന്നാണ്....
  ഒരു സാധരണക്കാരന്റെ ജീവിതത്തിലെ നേര്‍ക്കാഴ്ച
  ആകയാല്‍ അതിനു വായ്നക്കാര്‍ക്ക് പ്രത്യേകത ഒന്നും
  തോന്നാറില്ലല്ലോ..!!നന്നായി എഴുതി സലാം..

  ReplyDelete