Saturday, March 30, 2013

പർവീനക്കൊരു പാവക്കുട്ടി


ബാർബി ഡോൾ ...

അറ്റം അല്പം ചുരുണ്ട സ്വർണ്ണവർണ്ണമാർന്ന തലമുടി അവളുടെ തോളിലേക്ക് വല്ലരിപോലെ പടർന്നിറങ്ങി പിറകിലേക്ക് വളർന്നു കിടക്കുന്നു. നെറുകയിൽ അലങ്കാരത്തിനു മാറ്റ് കൂട്ടും വിധം ചെറിയ കിരീടാകൃതിയിലുള്ള ഹെയർ-ഹോൾഡർ. അതിന്മേൽ വിടർന്നു നിൽക്കുന്ന പ്ലാസ്റ്റിക്‌ റോസാപൂവ്. സ്വപ്നം മയങ്ങുന്ന വിടർന്ന നീല നയനങ്ങൾ. നീണ്ടു വളഞ്ഞ ഇരു കണ്‍പീലികൾ.  നെറുകയിലെ പൂക്കിരീടത്തിനിണങ്ങുന്ന ചന്തമാർന്ന പുഷ്പാഭരണം കഴുത്തിൽ. അതിനൊത്തു നില്ക്കുന്ന റോസ് വർണ്ണത്തിലുള്ള ഉടുപ്പ് കാല്മുട്ടിനു താഴേക്ക് നിവർത്തിയ കുഞ്ഞു വർണ്ണക്കുടപോലെ. അതേ നിറത്തിലുള്ള മനോഹരമായ പാദുകത്തിന്റെ പൂവള്ളികൾ കണങ്കാലിന്റെ പകുതി വരെ ചുറ്റിപ്പടർന്നു കിടക്കുന്നു. മടമ്പുകൾ ഉയർത്തിയ കാൽവിരലുകളിൽ, ഒരു നൃത്തം പകുതിയിൽ നിലച്ച പോലെ അവൾ നില്ക്കുന്നു. നിശ്ചലയായി, മിഴികൾ വിടർത്തിച്ചിരിക്കുന്ന പാവക്കുട്ടി. പിറകിൽ സൂക്ഷ്മമായി ഘടിപ്പിച്ച ചെറിയ സ്വിച്ച് ഒന്നു തൊടുകയെ വേണ്ടൂ, മധുരമായി പാടിക്കൊണ്ട് ബാർബി നൃത്തം നിർത്തിയേടത്തു നിന്ന് പിന്നെയും തുടങ്ങും.

ഇത് യു.ക്കെ.ജി ക്ലാസ്സുകാരി പർവീനക്കു വേണ്ടി അവളുടെ ഉപ്പ ഫിറാസ് തലേന്ന് രാത്രി വാങ്ങിച്ചതാണ്. ഫിറാസ് അവധിക്കു നാട്ടിൽ പോവുകയാണ്. മോളുടെ സ്കൂൾ അവധിയോട് ഒത്തു വരാനായി പോക്ക് അല്പം നീട്ടേണ്ടി വന്നിരുന്നു. തലേ ദിവസം കെട്ടി വെച്ച പെട്ടി വീണ്ടും തുറന്നു ബാർബിയെ ഭദ്രമായി അതിനകത്ത് വെയ്ക്കണം. അത് വരെ പെട്ടിയുടെ പുറത്ത് ചിരിച്ചു കൊണ്ട് നില്പാണ് ബാർബി പാട്ടിനും നൃത്തത്തിനും വിരൽ ഞൊടിച്ചാൽ തയ്യാർ എന്ന ഭാവത്തിൽ. തലേന്ന് വൈകീട്ട് വിളിച്ചപ്പോഴാണ് വാങ്ങേണ്ട പാവക്കുട്ടിയുടെ രൂപം പർവീന വിവരിച്ചത്. വിരുന്നു പോയ വീട്ടിൽ എവിടെയോ വെച്ച് കണ്ടതാണവൾ. അതുപോലുള്ളത് തന്നെ വേണം എന്നവൾ ഫോണിലൂടെ ശഠിച്ചു. "പെട്ടിയെല്ലാം കെട്ടിപ്പോയല്ലോ മോളെ, എന്നാലും ഉപ്പ വാങ്ങാം." ഫിറാസ് അവളെ സമാധാനിപ്പിച്ചു.

കളിപ്പാട്ടങ്ങൾ പല വിധവും പർവീനക്കു വേണ്ടി നേരത്തെ വാങ്ങി പെട്ടിയിൽ വെച്ചിരുന്നുവെങ്കിലും അവൾ ആവശ്യപ്പെട്ട പാവക്കുട്ടിയെ തന്നെ വാങ്ങാനായി ഫിറാസ് രാത്രി വൈകിയിരുന്നെങ്കിലും കൂട്ടുകാരനൊപ്പം മാർക്കെറ്റിലേക്കിറങ്ങി. നാട്ടിൽ അവളുടെ അടുത്ത് എത്തുന്ന നിമിഷം തൊട്ട്  പെട്ടി തുറന്ന് ബാർബിയെ സ്വന്തമാക്കാൻ വെമ്പൽ കൂട്ടുന്ന മോളുടെ മുഖം അയാൾ മനസ്സിൽ കണ്ടു. അകാംഷയുടെ അക്ഷമയും ആഹ്ലാദവും കൊണ്ടു വിടർന്ന കണ്ണുകളുമായി അവൾ അടുത്തു കൂടും. അതോർത്തപ്പോൾ ഫിറാസ് തനിയെ ചിരിച്ചു. നല്ല ബാർബിയെ തന്നെ തിരഞ്ഞ് കളിപ്പാട്ട വില്പനക്കടകളിൽ നിന്ന് കടകളിലേക്ക്‌ നടക്കുന്നതിനിടെ അവളുടെ കുസൃതികൾ കൂട്ടുകാരനോട് അയാൾ പങ്കു വെച്ചു. നേരം വൈകിയതുകൊണ്ട് കടകൾ ഓരോന്നായി അടച്ചുതുടങ്ങിയിരുന്നു. 

വിജന വിശാലമായി പരന്നു കിടക്കുന്ന മരുമണൽ പരപ്പുപോലെ ഊഷരമാണ് പ്രവാസിയുടെ മനസ്സ് പലപ്പോഴും. അങ്ങിനെയുള്ള ജീവിതത്തിൽ, ഋതുഭേദങ്ങൾക്കിടയിലെ ദീർഘസഞ്ചാരത്തിൽ, അറ്റമില്ലെന്നു തോന്നിപ്പിക്കുന്ന കാത്തിരിപ്പിനിടെ വീണു കിട്ടുന്ന മരുപ്പച്ചയാണ്‌ ഒരവധിക്കാലം. അതു മുന്നിലെത്തുമ്പോൾ വിമാനമേറും മുൻപേ അവൻ മനസ്സുകൊണ്ട് നാട്ടിലെത്തുന്നു. ഫിറാസിന്റെ അവസ്ഥയും അതു തന്നെയായിരുന്നു.

പെട്ടിപ്പുറത്തിരിക്കുന്ന ബാർബിയെ ഞാൻ വീണ്ടും നോക്കി. അർദ്ധവിരാമത്തിൽ നിർത്തിയ പാട്ടും നൃത്തവും വീണ്ടും തുടങ്ങാൻ അതിന്റെ സ്വിച്ചിൽ പർവീനയുടെ മൃദുവിരൽ സ്പർശം കാത്തു ചിരിച്ചു നില്ക്കുന്നു അവൾ. അവളെ പാക്ക് ചെയ്ത് പെട്ടിയിൽ വെയ്ക്കാനും പിന്നെ വിമാനമേറി അവളുടെ അവകാശിയുടെ കുഞ്ഞു കൈകളിലെത്തിക്കാനും ബാധ്യസ്ഥനായ ഫിറാസ് പക്ഷെ ആ പുലരിയിൽ പൂർണ്ണമായ ഒരുറക്കത്തിലായിരുന്നു. പാട്ടു പാടിപ്പാടി തളരാതെ നൃത്തം വെയ്ക്കുന്ന ബാർബിയുടെ സംഗീതസ്വരത്തിനൊപ്പം ഉയർന്ന് അലയടിച്ച പർവീനയുടെ നിറഞ്ഞ ആഹ്ലാദച്ചിരിയുടെ പ്രതിധ്വനിയിൽ മുങ്ങിയ ഒരു സുന്ദര സ്വപ്നം ആ പുലരിയിൽ അയാളെ തേടിയെത്തിയിരുന്നു. ആ സ്വപ്നത്തിന്റെ തേരിലേറി റ്റിക്കെറ്റില്ലാതെ നിശ്ചിത സമയത്തിനു മുൻപെ തന്നെ യാത്രയായിക്കഴിഞ്ഞിരുന്നു ഫിറാസ്. ഇനിയൊരിക്കലും പ്രവാസത്തിലേക്ക് മടങ്ങേണ്ടതില്ലാത്തൊരു ലോകത്തിലേക്ക്.

നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് എന്റെ കയ്യിലിരുന്ന മൊബൈൽ ഫോണ്‍ ശബ്ദിച്ചു. നാട്ടിൽ നിന്ന് ഫിറാസിന്റെ മകനാണ്, ബാംഗളൂരിൽ എഞ്ചിനീയറിങ്ങിനു പഠിക്കുന്നവർ. " പറഞ്ഞ പോലെ ഞാൻ പതിനൊന്ന് മണിക്ക് തന്നെ എയർപോർട്ടിൽ കാറുമായെത്തും. ഉപ്പാനോട് പറയാൻ മറക്കല്ലെ. ഉപ്പാനെ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ്‌ ആണ്. അതാണ്‌ അങ്കിളിനെ വിളിച്ചത്... "

പുറത്ത്, രാവിലെ തുടങ്ങിയ മണൽകാറ്റിൽ അന്തരീക്ഷത്തിൽ പൊടി പടലങ്ങൾ  തിങ്ങി നിറഞ്ഞു കാഴ്ചകൾ പാടെ മങ്ങിയിരുന്നു. 

32 comments:

 1. ഒന്നും പറയാൻ കഴിയുന്നില്ല ..
  കഴിഞ്ഞ അവധിക്കാലത്ത്‌ എന്റെ സഹപാഠിയും, കളി കൂട്ടുകാരിയും ആയിരുന്ന ഒരു അയൽവാസിയുടെ ഭര്ത്താവ് ഇത് പോലെ യാത്രയായി ....
  മയ്യത്ത് കൊണ്ട് വരാൻ സാധിച്ചില്ല , പക്ഷെ ആ വേദന വിട്ടു മാറും മുമ്പ് വലിയ പെരുന്നാളിന് വേണ്ടി അവൻ അയച്ച മൈലാഞ്ചിയും പിന്നെ എന്തൊക്കെയോ ചേര്ന്ന സമ്മാന പൊതി കാര്ഗോ കാരൻ കൊണ്ട് വന്നു കൊടുത്ത് എന്ന് പറയുന്നത് കേട്ടു.
  കേള്ക്കുന്ന വാർത്തകൾ കാണേണ്ടി വരുന്നത് തന്നെ അസഹനീയം ....അപ്പോൾ അനുഭവിക്കുന്നവരുടെ സ്ഥിതിയോ ?
  സർവ്വ ശക്തനിൽ രക്ഷ .........

  ReplyDelete
 2. Nazeema Nazeer commented on facebook.
  പാവക്കുട്ടിയുടെ വിവരണത്തില്‍ നേരിട്ട് അത് കണ്ടത് പോലെ തോന്നി.വയിച്ച് കഴിഞ്ഞപ്പോള്‍ ഒരു ശോകം അനുഭവപ്പെട്ടു. പിന്നെ (ഫിറാസ് പക്ഷെ ആ പുലരിയിൽ ഉണർന്നിരുന്നില്ല.)ഈ മരണത്തെ വാക്കുകള്‍ കൊണ്ട് പറയാതെ ദ്യോതിപ്പിച്ചാല്‍ മതിയായിരുന്നു.

  ReplyDelete
 3. ഓരോ ദുരന്തവാര്‍ത്തകളും കേള്‍ക്കുന്നവര്‍ക്ക് വെറും വാര്‍ത്തയത്രെ
  അനുഭവിക്കുന്നവര്‍ക്ക് അത് എന്തെന്ന് വാക്കാല്‍ പറയുക സാദ്ധ്യമല്ല
  പത്രങ്ങളില്‍ കാണുന്ന ബൈക്കപകടമരണവാര്‍ത്തകള്‍ എന്റെ ജ്യേഷ്ഠന്റെ മകന്‍ അങ്ങനെ മരിക്കുന്നതുവരെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വെറും വാര്‍ത്തകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല.

  ഈ കഥ വായിച്ചപ്പോഴും എനിയ്ക്ക് തോന്നിയത് മേലെഴുതിയ വിഷയം തന്നെയാണ്.

  കഥയെപ്പറ്റി പറഞ്ഞാലോ, വളരെ ധൃതിയില്‍ പറഞ്ഞവസാനിപ്പിച്ചതുപോലെ ഒരു ഫീലിംഗ്. ചലച്ചിത്രങ്ങളില്‍ പെട്ടെന്ന് വിഷ്വല്‍ മാറുന്നതുപോലെ കഥയില്‍ പെട്ടെന്ന് വന്‍ മാറ്റങ്ങള്‍ നടക്കുന്നത് അത്രകണ്ട് വിശ്വസനീയമാകണമെന്നില്ല. അതിനൊരു ബേസ്, അല്ലെങ്കില്‍ ഫൌണ്ടേഷന്‍ ഒരു വാചകത്തിലെങ്കിലും ഇട്ടിട്ടാണെങ്കില്‍ അധികം മിഴിവുണ്ടാകും. ഫിറാസ് ഉണരാതെ യാത്രയാകുന്നത് അവതരിപ്പിച്ചതിനെപ്പറ്റിയാണ് എന്റെ ഈ അഭിപ്രായം.

  ആശംസകള്‍

  ReplyDelete
 4. നാട്ടുപച്ചയിൽ വായിച്ചിരുന്നു . സലാം ഭായ് എഴുതിയ നിരവധി നല്ല കഥകളുടെ കൂട്ടത്തിൽ വരില്ലെങ്കിലും ഒരു നോവ് ഉണർത്തിയ കഥ

  ReplyDelete
 5. ജീവിതം അങ്ങനെയാണ്.. പ്രതീക്ഷകളുടെ പറുദീസയില്‍ നിന്ന് തന്നെ എല്ലാം അവസാനിപ്പിച്ചു വിടവാങ്ങും. നൊമ്പരമുണര്‍ത്തിയ കഥ.
  ഒരു അനുഭവക്കുറിപ്പിന് മുകളിലേക്ക് പോയില്ല

  ReplyDelete
 6. കഥ എന്നരീതിയില്‍ പറഞ്ഞു വന്നത് പൂര്‍ണം ആവാത്തത് പോലെ . എന്തുകൊണ്ടോ വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ ക്ലൈമാക്സ് ഊഹിക്കാന്‍ കഴിഞ്ഞു . കുറെയേറെ സമാന അനുഭവകഥകള്‍ കേട്ടിട്ടുള്ളതുകൊണ്ടാവും ഒരുപക്ഷേ . എപ്പോള്‍ വേണമെങ്കിലും വീണുടയാവുന്ന പളുങ്കുപാത്രം പോലെയാണ് ജീവിതം . ഒരിക്കല്‍ ഉടഞ്ഞാല്‍ മണ്ണിലേക്ക് വലിച്ചെറിയപ്പെട്ട്... :(

  ReplyDelete
 7. വല്ലാത്ത വേദനയാണ് ചില വാർത്തകൾ, ചിലപ്പൊ എന്തിനാണ് ജീവിതം എന്ന് വരേ ചിന്തിച്ച് പോകും............

  ReplyDelete
 8. നോവ് ഉണർത്തിയ കഥ .........എങ്കിലും ഒരപൂർണ്ണത നിഴലിക്കുന്നു

  ReplyDelete
 9. നോവുണര്‍ത്തിയ കഥ. അഭിനന്ദനങ്ങള്‍

  ReplyDelete
 10. നൊമ്പരം ഉണര്‍ത്തുന്ന അനുഭവം... പ്രവാസി തൊട്ടറിയുന്നത് തന്നെ. പക്ഷെ ഒരു വായനക്കാരന്‍ എന്ന നിലയില്‍ തികച്ചും നിരാശപ്പെടുത്തിയ കഥ സലാം ഭായ്.

  ReplyDelete
 11. ഒരു തിരക്കിട്ട എഴുത്തിൽ നടത്തിയ ഈ പോസ്റ്റ്‌ തീരെ ഉയർന്നു നില്ക്കില്ല എന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്. അത് തുറന്നു പറയുന്ന അഭിപ്രായങ്ങൾക്ക് സ്വാഗതം നന്ദി.

  @അംജത്‌, niDheEsH kRisHnaN @ ~അമൃതംഗമയ, ആമി അലവി, നിസാരന്‍ . മന്‍സൂര്‍ ചെറുവാടി, ajith, Nazeema Nazee

  ReplyDelete
 12. ഇതെനിക്കാവാം, അടുത്ത ബന്ധുക്കള്‍ക്കാകാം കൂട്ടുകാര്‍ക്കാകാം. ഓര്‍ക്കുമ്പോള്‍ വല്ലാത്ത തളര്‍ച്ചയനുഭവപ്പെടുന്നു. വായനയില്‍ നിന്ന് വിരമിച്ചപ്പോള്‍ ശൂന്യമായ മനസ്സ് ഒന്ന് പിടച്ചു.

  ReplyDelete
 13. ഇത്രയൊക്കെയേ ഉള്ളു ഈ ജീവിതം...!
  എന്നിട്ടും കിട്ടുന്ന നിമിഷാർത്ഥത്തിൽ എന്തെല്ലാമാണ് നാം ചെയ്തു കൂട്ടുന്നത്...?

  ReplyDelete
 14. "രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടുമുഷസ്സെങ്ങും പ്രകാശിച്ചിടും
  ദേവന്‍ സൂര്യനുദിക്കുമിക്കമലവും കാലേ വിടര്‍ന്നിടുമേവം മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടര്‍ന്നീടവേദൈവത്തിന്‍ മന
  -മാരുകണ്ടു പിഴുതാന്‍ ദന്തീന്ദ്രനപ്പദ്മിനീം"
  പെട്ടെന്ന് ഇതാണ് കഥ വായിച്ചപ്പോള്‍ ഓര്മ വന്നത്.ഒന്നിനും ഒരുറപ്പും ഇല്ല... ജീവിതത്തിലെ ദുരിതങ്ങള്‍ കഥകളെക്കാള്‍ പലപ്പോഴും ഭയങ്കരവും.

  ReplyDelete
 15. സങ്കടമായിപ്പോയല്ലോ അവസാനം. നല്ല കഥ

  ReplyDelete
 16. ഈ സലാംജി വെറുതേ ഫേസ്ബുക്കിലും ബ്ലോഗിലുമൊക്കെ എന്തൊക്കെയോ എഴുതി സമയം പാഴാക്കുകയാണ്. ആ ആദ്യത്തെ ഖണ്ഡിക നോക്കൂ. ബാര്‍ബിയുടെ പരസ്യത്തിന് ഇതിലും നല്ലൊരു സ്ക്രിപ്റ്റ് കിട്ടുമോ? ഒരു സോഫ്റ്റ് പിയാനോ ആന്റ് വയലിന്‍ മെഡ്ലിയില്‍ ആ വാചങ്ങള്‍ വായിക്കുക, പാവയുടെ അവയവങ്ങളിലൂടെ ക്യാമറ പാന്‍ ചെയ്യുക, അവസാനം സൂം ഔട് ചെയ്തിട്ട് "ബാര്‍ബി! നിങ്ങളുടെ തൊട്ടടുത്ത ഡിസ്നി സ്റ്റോറില്‍..." എന്നൊരടിക്കുറിപ്പും കൂടി ചേര്‍ത്താല്‍ പെര്‍ഫെക്റ്റ്! ഇതുപോലെത്തന്നെ സ്വര്‍ണ്ണാഭരണം, കാര്‍, ടെലിവിഷന്‍, വീടിനുള്ള പെയിന്റ്, സാരി എന്നിങ്ങനെ എന്തെല്ലാം ഉപഭോഗവസ്തുക്കളുണ്ട് വര്‍ണ്ണിക്കാന്‍. സലാംജി സൌദിയില്‍ ഇരുന്നുകൊണ്ടുതന്നെ കോടീശ്വരനാകും. മലയാളിക്കാണെങ്കില്‍ വടക്കേ ഇന്ത്യക്കാരന്റെ വികൃതമായ മലയാളത്തിലുള്ള പരസ്യങ്ങളില്‍നിന്ന് ഒരു മോചനവുമാകും.

  അപ്പൊ ആ വഴിക്കു നീങ്ങുകയല്ലേ? :)

  ബാക്കി അഭിപ്രായം നാളെ ഇമെയില്‍ ചെയ്യാം.

  ReplyDelete
 17. ഫെയ്സ്ബുക്കില്‍ സമയം കളയുന്നതിന്റെ ഗുണം ഇത് വായിച്ചപ്പോള്‍ കിട്ടി സലാം ഭായി. മടിയോടെ ആണെങ്കിലും ബ്ലോഗില്‍ ഒരു പോസ്റ്റ്‌ ഇട്ടല്ലോ. അതുമതി.
  ഫെയ്സ്ബുക്ക് സ്റ്റാറ്റസിനു വേണ്ടി തിരക്ക് പിടിച്ച് എഴുതിയതു പോലെയും പെട്ടെന്ന്‍ പറയാനുള്ള തിടുക്കവും വായനയില്‍ തോന്നും.
  ഞാന്‍ വായിച്ചു തുടങ്ങിയപ്പോള്‍ കരുതിയത് ഇപ്പോഴത്തെ സൌദിയില്‍ നിന്നുള്ള ഒഴിവാക്കലുമായി ബന്ധപ്പെട്ടായിരിക്കും പറഞ്ഞു വരുന്നത് എന്ന്. പിന്നീട് അത് പ്രവാസിയുടെ എപ്പോഴത്തേയും ഒരു കഥയായി.
  ഇനി എന്തായാലും അടുത്ത പോസ്റ്റ്‌ വേഗം വരുമല്ലോ. അല്ലാതെ പറ്റില്ലല്ലോ.

  ReplyDelete
 18. മനസ്സില്‍ വേദന സൃഷ്ടിച്ച കഥ.
  ഇതുപോലെ കുട്ടികളുടെ മനസ്സിലെ സന്തോഷം കാണാനുള്ള വ്യഗ്രതയോടെ
  മാര്‍ക്കറ്റില്‍ കളിക്കോപ്പുകള്‍ക്കായി തേടിനടന്ന അനുഭവമാകാം...

  ആശംസകള്‍

  ReplyDelete
 19. കഥ ഇഷ്ടമായി. കഥ പറഞ്ഞ രീതിയും. തുടക്കത്തിൽ കഥാപാത്രമായിരുന്നു സംസാരിച്ചത്. പിന്നെയാണു എഴുത്തുകാരൻ വരുന്നത്. പൊടുന്നനെയുള്ള ഈ ചാട്ടം നമ്മൾ മലയാളികൾക്ക് മാത്രെ ദഹിക്കാത്തുള്ളു. അവിടെ രണ്ട് പാരയെ തമ്മിൽ ബന്ധിപ്പിക്കുന്ന ലൈൻ ഒന്നും വേണമെന്നു നമുക്ക് മാത്രെ പിടിവാശി ഉള്ളു. 1955 പെഡ്രൊ പരാമൊ പോലുള്ള കൃതികൾ ഹുവാൻ റുഫോ എഴുതുന്നത്. പരസ്പര ബന്ധം നമ്മൾ കണ്ടെത്തണം അതിൽ. അത് പോലെ തന്നെ യൊസയുടെ എഴുത്ത് . അവരൊക്കെ എത്ര നന്നായിട്ടാണു അതൊക്കെ ചെയ്തിരിക്കുന്നത്. എന്ത് കൊണ്ട് നമുക്കും ആയിക്കൂട..

  ReplyDelete
 20. ചുരുങ്ങിയ വരികളോടെ ഒതുക്കം പുലര്‍ത്തുന്ന കഥകള്‍ വായനക്കാരന്‍ എന്നും പ്രിയം തന്നെ.
  ഇത്തിരി വരികളില്‍ ഒത്തിരി കാര്യം എന്ന വായനാ തൃപ്തി നേടിയില്ലെങ്കിലും നൊമ്പരമുണര്‍ത്തിയ വരികള്‍ക്ക് നന്ദി അറിയിക്കട്ടെ..
  സ്നേഹം.

  ReplyDelete
 21. വല്ലാത്ത ഒരു ഭയമുണ്ടായിരുന്നു. ആ പാവക്കുട്ടിയുടെ അവകാശിയെ മരണം റാഞ്ചിയൊ എന്ന്. പിന്നെ മനസ്സിലായി മരണത്തെക്കാൾ ഭീകരമായ ഒരു അവസ്ഥയിൽ ആണ് ആ ബാലിക ഇപ്പോൾ എന്ന്

  മിതത്വം ഉള്ള രചന.. മനോഹമരം

  ReplyDelete
 22. വാക്കുകളുംവാചകങ്ങളൂമധികം തിരുകി കയറ്റാതെ
  തന്നെ ഒതുക്കത്തിൽ പറഞ്ഞ ഒരു നല്ല കഥയാണിത് കേട്ടൊ സലാം ഭായ് ..
  പിന്നെ അവസാനം വായനക്കാർക്കൊക്കെ
  നൊമ്പരം വാരിക്കോരി കൊടുത്തിരിക്കുകയും ചെയ്തിരിക്കുന്നൂ...

  ReplyDelete
 23. പര്‍വീനക്കായി വാങ്ങിയ ആ ബാര്‍ബി ഡോള്‍ അവളുടെ കൈകളില്‍ എത്തിക്കാന്‍ കഴിയാതെ യാത്രയായ ഫിറാസ് ഒരു നോവായി. പക്ഷെ എഴുത്തില്‍ വളരെ പിശുക്ക് കാണിച്ചല്ലോ സലാം ഭായ്.

  കൊച്ചു കഥ കൊള്ളാം

  ReplyDelete
 24. എനിക്ക് ഞാനോ അവനോ പറയുന്ന സംഭവങ്ങൾ കഥകളാക്കിയതേ വായിച്ചും എഴുതിയും പരിചയമുള്ളൂ.....ഇത് വളരെ രസകരമായിരുന്നു, മൂന്നാമതൊരാൾ കഥയെ ഞങ്ങളോട് പറഞ്ഞ് മുന്നോട്ട് കൊണ്ട് പോകുന്ന രീതി. വളരെ നന്ന്ആയി എഴുതി ഫലിപ്പീച്ചിരിക്കുന്നു സലാമിക്കാ. അത് അവസാന ഒരു വരി വായിച്ചപ്പോഴേ എനിക്ക് മനസ്സിലായുള്ളൂ. ദേ ആ വരി,

  'നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് എന്റെ കയ്യിലിരുന്ന മൊബൈൽ ഫോണ്‍ ശബ്ദിച്ചു. നാട്ടിൽ നിന്ന് ഫിറാസിന്റെ മകനാണ്, ബാംഗളൂരിൽ എഞ്ചിനീയറിങ്ങിനു പഠിക്കുന്നവർ.'
  ആശംസകൾ.

  ReplyDelete
 25. നിഷ്കളങ്കരായ കുഞ്ഞുങ്ങളാണ് മരണങ്ങളുടെ നഷ്ടം ഏറ്റവും അനുഭവിക്കുന്നത്. വിദൂരങ്ങലിലിരുന്ന് ആ മരണവൃത്താന്തം കുടംബങ്ങളിലേക്ക് വിളിച്ചറിയിക്കേണ്ടി വരുന്ന കൂട്ടുകാരുടെ ദുർവ്വിധി വേദനാജനകമാണ്.......

  ReplyDelete
 26. ഒരു ദുരന്ത ചിത്രത്തില്‍ മനസ്സ് ഉടക്കിപ്പോയത് പോലെ തോന്നി.ഇതിലെ ദുരന്തകഥയേക്കാള്‍ അത് അവതരിപ്പിച്ച രീതിക്കാണ് പുതുമ അവകാശപ്പെടാനാവുക എന്നു തോന്നുന്നു.ആശംസകളോടെ..

  ReplyDelete
 27. സലാം ജി ,,വായിക്കാന്‍ വിട്ടുപോയ കഥ ,,ഒരു പ്രവാസി ആയതു കൊണ്ടാവാം വരികള്‍ ഹൃദയത്തെ തൊടുന്നു .

  ReplyDelete
 28. മനസ്സില്‍ നെയ്തു കൂട്ടിയ ഒരായിരം സ്വപ്നങ്ങള്‍ എന്നന്നേക്കും ആയി പൊലിഞ്ഞു പോയ ഹൃദയ കാരി ആയ കഥ ആശംസകള്‍ സലാം ജി

  ReplyDelete
 29. മനസ്സില്‍ വേദന ഉണ്ടാക്കിയ അനുഭവമായി തോന്നിപ്പിക്കുന്ന കഥ ..ഇതേപോലെ ഏകദേശം സാമ്യമുള്ള ഒരു സംഭവം ന്റെ കണ്മുന്നില്‍ കണ്ടിട്ടുണ്ട് ..:(

  ReplyDelete
 30. നിത്യവും കാണുന്ന വാര്‍ത്തകള്‍ കഥാരൂപത്തില്‍ വായിച്ചപ്പോള്‍ ഉള്ളിലൊരു നോവുണര്‍ന്നു ,പക്ഷെ കഥയുടെ പറഞ്ഞ ശൈലിയില്‍ എന്തൊക്കെയോ പോരായ്മകള്‍ മുഴച്ചു നില്‍ക്കുന്നില്ലേ എന്നൊരു തോന്നല്‍ , ആശയം നാന്നായി.

  ReplyDelete
 31. പർവീണയുടെ കഥ ഒരു
  തുടര്ക്കഥ ആണ് ഓരോ പ്രവാസിയുടെയും.
  കഥയെക്കാൾ ഉപരി ഒരു സംഭവം ആയി തന്നെ
  മനസ്സു വേദനിപ്പിച്ചു.

  ReplyDelete
 32. ഒറ്റവാക്ക് -ഇഷ്ടം --
  ഒരു പ്രവാസി ഇഷ്ടപ്പെടാതെങ്ങനെ ?

  ReplyDelete